
പ്രിയരേ, “ആൽഫയും ഒമേഗയും”, “ആദിയും അന്തവും” (വെളിപാട് 22:13 കാണുക) ആയ ക്രിസ്തുവാകുന്ന അടിത്തറയിൽ, നാം ഇതുപോലെ പരസ്പരം സ്നേഹിക്കുന്നുവെങ്കിൽ, സമൂഹത്തിലും ലോകത്തിലും എല്ലാവർക്കും സമാധാനത്തിൻറെ അടയാളമായിരിക്കും. നാം മറക്കരുത്: ജനതകളുടെ ഭാവി ഉരുവാകുന്നത് കുടുംബങ്ങളിൽ നിന്നാണ്.
സമീപ ദശകങ്ങളിൽ നമുക്ക് സന്തോഷദായകവും ഒപ്പം ചിന്തോദ്ദീപകവുമായ ഒരു അടയാളം ലഭിച്ചിട്ടുണ്ട്: ദമ്പതികൾ, വിവാഹിതരെന്ന നിലയിൽ അവർ, വെവ്വേറെയല്ല, ഒരുമിച്ച്, വാഴ്ത്തപ്പെട്ടവരും വിശുദ്ധരുമായി പ്രഖ്യാപിക്കപ്പെട്ട വസ്തുതയെക്കുറിച്ചാണ് ഞാൻ പരാമർശിക്കുന്നത്. ഉണ്ണിയേശുവിൻറെ വിശുദ്ധ ത്രേസ്യയുടെ മാതാപിതാക്കളായ ലൂയിസും സെലി മാർട്ടിനും; അതുപോലെ തന്നെ കഴിഞ്ഞ നൂറ്റാണ്ടിൽ റോമിൽ കുടുംബജീവിതം നയിച്ച വാഴ്ത്തപ്പെട്ടവരായ ലൂയിജിയും മരിയ ബെൽത്രാമെ ക്വാത്രോക്കിയും. പോളിഷ് ഉൽമ കുടുംബത്തെ നമുക്ക് മറക്കാനാകില്ല: മാതാപിതാക്കളും മക്കളും സ്നേഹത്തിലും രക്തസാക്ഷിത്വത്തിലും ഒന്നിച്ചു. ഇത് നമ്മെ ചിന്തിപ്പിക്കുന്ന ഒരു അടയാളമാണെന്ന് ഞാൻ പറഞ്ഞു. അതെ, ദമ്പതികളെ മാതൃകാ സാക്ഷികളായി ഉയർത്തിപ്പിടിച്ചുകൊണ്ട്, സഭ നമ്മോടു പറയുന്നത് ദൈവസ്നേഹം അറിയാനും അതിനെ സ്വാഗതം ചെയ്യാനും ബന്ധങ്ങളെയും സമൂഹങ്ങളെയും ശിഥിലമാക്കുന്ന ശക്തികളെ ദൈവസ്നേഹത്തിൻറെ ഐക്യദായകവും അനുരഞ്ജനാത്മകവുമായ ശക്തിയാൽ മറികടക്കാനും ഇന്നത്തെ ലോകത്തിന് ദാമ്പത്യ ഉടമ്പടി ആവശ്യമാണ് എന്നാണ്.
ഇക്കാരണത്താൽ, നന്ദിയും പ്രത്യാശയും നിറഞ്ഞ ഹൃദയത്തോടെ ഞാൻ ദമ്പതികളോടു പറയുന്നു: വിവാഹം ഒരു ആദർശമല്ല, മറിച്ച് പുരുഷനും സ്ത്രീയും തമ്മിലുള്ള യഥാർത്ഥ സ്നേഹത്തിൻറെ പ്രമാണമാണ്: സമ്പൂർണ്ണവും വിശ്വസ്തവും ഫലപ്രദവുമായ സ്നേഹം (cf. ST. PAUL VI, Encyclical Letter Humanae vitae, 9) നിങ്ങളെ ഏക ശരീരമാക്കി മാറ്റുമ്പോൾത്തന്നെ, അതേ സ്നേഹം നിങ്ങളെ, ദൈവസാദൃശ്യത്തിൽ, ജീവൻ പ്രദാനം ചെയ്യാൻ പ്രാപ്തരാക്കുന്നു.
അതുകൊണ്ട്, നിങ്ങളുടെ മക്കൾക്ക് നിങ്ങൾ സംസക്തിയുടെ മാതൃകകളായിരിക്കാൻ ഞാൻ നിങ്ങൾക്ക് പ്രചോദനമേകുന്നു. അവർ എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെ നിങ്ങൾ പെരുമാറുക, അനുസരണത്തിലൂടെ സ്വതന്ത്രരായിരിക്കാൻ അവരെ പഠിപ്പിക്കുക, എല്ലായ്പ്പോഴും അവരിൽ നന്മയും അത് വർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങളും തേടുക. കുട്ടികളേ, നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളോട് നന്ദിയുള്ളവരായിരിക്കുക: ജീവൻറെ ദാനത്തിനും അതിലൂടെ എല്ലാ ദിവസവും നമുക്ക് നൽകപ്പെടുന്ന സകലത്തിനും “നന്ദി” പറയുക എന്നതാണ് നിങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കാനുള്ള ആദ്യ മാർഗ്ഗം (പുറപ്പാട് 20:12 കാണുക). അവസാനമായി, പ്രിയപ്പെട്ട മുത്തശ്ശീമുത്തശ്ശന്മാരേ, വയോധികരേ, നിങ്ങൾ സ്നേഹിക്കുന്നവരെ ജ്ഞാനത്തോടും കാരുണ്യത്തോടും കൂടി, വർഷങ്ങൾ പകർന്നുതന്ന എളിമയോടും ക്ഷമയോടും കൂടി പരിപാലിക്കാൻ ഞാൻ ശുപാർശ ചെയ്യുന്നു.
കുടുംബത്തിൽ, വിശ്വാസം, ജീവിതത്തോടൊപ്പം തലമുറതലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു: ഭക്ഷണ മേശയിലെ ആഹാരവും ഹൃദയത്തിൻറെ സ്നേഹവും പോലെ അത് പങ്കിടപ്പെടുന്നു. നമ്മെ സ്നേഹിക്കുകയും നമ്മുടെ നന്മ ആഗ്രഹിക്കുകയും ചെയ്യുന്ന യേശുവിനെ എപ്പോഴും കണ്ടുമുട്ടാൻ പറ്റിയ സവിശേഷ സ്ഥാനമായി കുടുംബത്തെ ഇത് മാറ്റുന്നു.