
ദേഹം മുഴുവൻ വ്യാപിച്ച വ്രണങ്ങൾ, വേദനയും ചൊറിച്ചിലും അസഹനീയം, ആ അതികഠോര വേദനയിൽ അവൻ തൻ്റെ നല്ല കാലത്തെപ്പറ്റി ഓർത്തു നെടുവീർപ്പിട്ടു. ധാരാളം സമ്പത്ത്, ജോലിക്കാർ, കന്നുകാലികൾ, മക്കൾ, എല്ലാം കൊണ്ടും സംതൃപ്തൻ. അതുകൊണ്ടുതന്നെ ധാരാളം സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സ്നേഹം അവനെ വലയം ചെയ്തിരുന്നു. കുടുംബത്തിലെ സ്നേഹവും സന്തോഷവും കണ്ട് പലർക്കും തങ്ങളോട് അസൂയയായിരുന്നു. പക്ഷേ എല്ലാം തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു. സമ്പത്ത്, മക്കൾ, ജോലിക്കാർ എല്ലാം നഷ്ടപ്പെട്ടു. അവസാനം ശരീരത്തിൻ്റെ ആരോഗ്യവും. ജോലി ചെയ്ത് അന്നന്നത്തെ അന്നം കണ്ടെത്താൻ പോലും പറ്റാതെ നിസ്സഹായനായിത്തീർന്നു . ലൗകീക സന്തോഷം നഷ്ടപ്പെട്ടപ്പോൾ എല്ലാവരും ഉപേക്ഷിച്ചു പോയി. ആശ്വസിപ്പിക്കാൻ വന്ന ഉറ്റ സുഹൃത്തുക്കൾ പോലും കുത്തുവാക്കുകളാൽ മുറിവിൻ്റെ നീറ്റൽ വർദ്ധിപ്പിച്ചു. അവസാനം എല്ലാത്തിനും കൂടെയുണ്ടാകുമെന്ന് വിശ്വസിച്ചിരുന്ന ഭാര്യ പോലും തള്ളിപ്പറഞ്ഞു . ചുറ്റുമുണ്ടായിരുന്നവരുടെയെല്ലാം സ്നേഹം വ്യാജമായിരുന്നെന്ന് തിരിച്ചറിഞ്ഞ സമയം, എല്ലാ തരത്തിലും ഒറ്റപ്പെട്ടു, പരിഹസിക്കപ്പെട്ടു, ഏകാന്തതയുടേയും കുറ്റപ്പെടുത്തലിൻ്റേയും കണ്ണുനീർ ആവോളം കുടിച്ചു. ഒരു മനുഷ്യനിൽ നിന്നു പോലും ഒരൽപം ആശ്വാസം ലഭിച്ചില്ല. സമ്പത്ത്, ശരീരം, മനസ്സ്, ആത്മാവ് ഒന്നിനുപുറകെ ഒന്നായി എല്ലാതരത്തിലും ആക്രമിക്കപ്പെട്ട് തളർന്നു പോയവൻ. ഏതു മനുഷ്യനും ആത്മഹത്യയല്ലാതെ വേറൊരു വഴിയും ഇനി മുന്നിലില്ല എന്നു ചിന്തിച്ചു പോകുന്ന നിമിഷം. അല്ലെങ്കിൽ വിഷാദാവസ്ഥയിലേയ്ക്ക് വഴുതിപ്പോയേക്കാവുന്ന അവസ്ഥ. ഹൃദയം തകർന്ന ജോബ് ദൈവത്തോട് പരാതി പറയാൻ തുടങ്ങി. എല്ലാ ദുഖങ്ങളും ചൊരിഞ്ഞിടാൻ ഒരിടം. മനുഷ്യരിൽ ആശ്രയിച്ചിട്ട് ഒരു കാര്യവുമില്ലെന്ന് ബോധ്യപ്പെടുന്ന സമയം.
അതിനിടയിൽ ജനിച്ച ദിവസത്തെപ്പോലും ജോബ് ശപിക്കുന്നുണ്ട്. മൂന്നാം അദ്ധ്യായത്തിൽ ഉടനീളം അതു വ്യക്തമാണ്. ദുഃഖാവസ്ഥയിലൂടെ കടന്നു പോകുമ്പോൾ ഉപയോഗിക്കുന്ന ഇത്തരത്തിലുള്ള പദ പ്രയോഗത്തിലൂടെ പരോക്ഷമായിട്ടാണെങ്കിലും ദൈവത്തിനെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. അത് ദൈവം ജോബിനെ ബോധ്യപ്പെടുത്തി കൊടുക്കുന്നുമുണ്ട്.
“നീ എൻ്റെ വിധി അനീതിപരമെന്നു പറയുമോ? നിന്നെത്തന്നെ നീതീകരിക്കാൻ നീ എന്നെ കുറ്റക്കാരനാക്കുമോ?”(ജോബ് 40:8). ദൈവത്തിൻ്റെ ചോദ്യങ്ങൾ അവൻ്റെ ഹൃദയത്തിൻ്റെ ആഴങ്ങളിൽ തട്ടി. തൻ്റെ ബുദ്ധിയും ശക്തിയും എല്ലാം അവൻ അവിടുത്തെ മുൻപിൽ അടിയറവച്ചു. തൻ്റെ നന്മയല്ല ദൈവത്തിൻ്റെ കരുണയാണ് എല്ലാ അനുഗ്രഹങ്ങളുടേയും നിദാനം എന്ന് ജോബ് തിരിച്ചറിഞ്ഞ നിമിഷം, അവൻ്റെ കണ്ണുകൾ ശരിയായി തുറക്കപ്പെട്ട സമയം, അവൻ്റെ ഐശ്വര്യമെല്ലാം പുനസ്ഥാപിക്കപ്പെട്ടു. ഒരു പക്ഷേ താൻ നീതിമാനായതുകൊണ്ടാണ് ദൈവം തന്നെ ഇത്രയും സമൃദ്ധമായി അനുഗ്രഹിച്ചത് എന്ന ചെറിയൊരു അഹങ്കാരചിന്ത ജോബിൻ്റെ വിശുദ്ധിയെ കളങ്കപ്പെടുത്തിയിട്ടുണ്ടായിരിക്കാം. ചെറിയൊരു കറ പോലും തൻ്റെ വിശ്വസ്ത സ്നേഹിതനിൽ ഉണ്ടാകാൻ ദൈവം ആഗ്രഹിച്ചില്ല. അതിൽ നിന്നും അവനെ മോചിപ്പിച്ച് പൂർണ്ണ വിശുദ്ധിയിലേയ്ക്ക് വീണ്ടെടുക്കാനായിരിക്കണം ഇത്തരത്തിലുള്ള പരീക്ഷണങ്ങളിലൂടെ ദൈവം ജോബിനെ കടത്തിവിട്ടത്.
ഇന്നത്തെ കാലഘട്ടത്തെ ഇതുമായി ഒന്നു താരതമ്യപ്പെടുത്തിയാലോ? എല്ലാം ഒരുമിച്ച് നഷ്ടപെട്ടിട്ടുള്ള പലരും ജീവിതത്തോടു പടവെട്ടി മുന്നേറുമ്പോഴും ഒരേയൊരു നഷ്ടത്തിൻ്റെ പേരിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടി വരുന്നു. ആത്മഹത്യ ചെയ്യുന്നവരെ വിധിക്കുവാൻ നമുക്കവകാശമില്ല. അവരുടെ അപ്പോഴത്തെ മാനസികാവസ്ഥയെ മനസ്സിലാക്കുവാനോ വിലയിരുത്തുവാനോ നമുക്കാർക്കും കഴിയില്ല. എങ്കിലും ജീവിച്ചിരിക്കുന്ന നമുക്ക് ഇതിൽ നിന്നും എന്തെങ്കിലും പഠിക്കുവാനുണ്ടോ എന്നു ചിന്തിക്കാം. ഇപ്പോൾ പല സഹനങ്ങളിലൂടെയും കടന്നു പോകുന്ന നമുക്ക് ആത്മഹത്യാചിന്തകൾ പലപ്പോഴും കടന്നുവരാറുണ്ട്. ഏതെങ്കിലുമൊക്കെ സാധ്യതകൾ മുന്നിലുള്ളപ്പോഴും ഒരേയൊരു കാരണത്തിൻ്റെ പേരിൽ ആത്മഹത്യ ചെയ്യുന്നവരുണ്ട്. സഹനങ്ങളിൽ നമ്മൾ ദൈവത്തെ കുറ്റക്കാരനാക്കുന്നതാണ് പലപ്പോഴും കണ്ടുവരുന്നത്. “ഞാൻ എന്തുമാത്രമാണ് പ്രാർത്ഥിക്കുന്നത്? എല്ലാ ദിവസവും കുർബ്ബാനയ്ക്കും പോകുന്നില്ലേ? എന്തു തെറ്റു ചെയ്തിട്ടാണ് എനിക്ക് ഇത്രയും സഹനങ്ങൾ?” ഈ ചോദ്യത്തിൽ പ്രകടമാകുന്നതു തന്നെ ഞാൻ വിശുദ്ധ ജീവിതം നയിക്കുന്ന ആളാണെന്നും തനിക്ക് ഒന്നും സഹിക്കേണ്ട ആവശ്യമില്ലെന്നും സഹനങ്ങൾ എനിക്കനുവദിക്കുക വഴി ദൈവത്തിന് തെറ്റുപറ്റിയിരിക്കുകയാണെന്നുള്ളതുമാണ്. ചുരുക്കത്തിൽ ദൈവമാണ് കുറ്റക്കാരനെന്ന് നാം പരോക്ഷമായി പറഞ്ഞു വയ്ക്കുന്നു.
ആ ചിന്ത ഉള്ളതുകൊണ്ട് സഹന സമയങ്ങളിൽ ദൈവത്തിൽ ആശ്രയിക്കുവാൻ പലപ്പോഴും നമുക്കു കഴിയാറില്ല. മനുഷ്യരിൽ നിന്നുള്ള ആശ്വാസത്തിനായി നാം ഓടി നടക്കും . അവരുടെ സഹതാപം നേടുവാൻ ശ്രമിക്കും. പക്ഷേ നമ്മുടെ ഹൃദയത്തിലേയ്ക്ക് ആശ്വാസം ഒഴുക്കാൻ നാം ആശ്രയിക്കുന്ന മനുഷ്യർക്ക് സാധിച്ചെന്നു വരില്ല. കാരണം, ഓരോ മനുഷ്യരുടേയും സഹനങ്ങൾ വ്യത്യസ്തമാണ്. നമ്മുടേത് മറ്റൊരാൾക്ക് മനസ്സിലാക്കാൻ കഴിയണമെന്നില്ല. ആവർത്തിച്ചു പറഞ്ഞാൽ അവർക്ക് ബോറടിച്ചെന്നും വരാം.”ഓ..ഇതാണോ ഇത്ര വലിയ സഹനം? ഇതിലും വലിയ സഹനങ്ങളാണ് എനിക്കുള്ളത് ” എന്നു പറഞ്ഞ് നമ്മെ വീണ്ടും നിരാശയിലേയ്ക്ക് തള്ളി വിട്ടേക്കാം. രഹസ്യമായ നമ്മുടെ സഹനങ്ങൾ പരസ്യമാക്കപ്പെട്ടേക്കാം. മറ്റുള്ളവരിൽ നിന്ന് നാമാഗ്രഹിക്കുന്ന പോലെയുള്ള ആശ്വാസമോ സഹായമോ കരുതലോ ലഭിക്കാതെ വരുമ്പോൾ കൂടുതൽ മനോദുഃഖത്തിലേയ്ക്കും വിദ്വേഷത്തിലേയ്ക്കും നാം വീണു പോയേക്കാം. ഇവിടെയാണ് ജോബിൻ്റെ മഹത്വം.
എല്ലാ തരത്തിലുമുള്ള സഹനങ്ങൾ ചുറ്റിലും നിന്ന് ആക്രമിച്ചപ്പോൾ, ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാതെ, മനുഷ്യരിൽ നിന്ന് ആശ്വാസം അന്വേഷിക്കാതെ , ദൈവത്തിൽ മാത്രം ആശ്രയം വച്ചു. അതിനാൽ ദൈവം അവനുള്ളതെല്ലാം ഇരട്ടിയായി തിരിച്ചു നൽകി. അതുകൊണ്ട് സഹനനേരങ്ങളിൽ ദൈവത്തിൽ മാത്രം ശരണം വയ്ക്കുക; അപ്പോൾ ദൈവം തന്നെയോ അവിടുന്ന് അയയ്ക്കുന്നവരോ നമുക്ക് ആശ്വാസമായി മാറും. നാം പ്രതീക്ഷിക്കാത്തവരിൽ നിന്നായിരിക്കും പലപ്പോഴും നമുക്ക് ആശ്വാസം ലഭിക്കുന്നത്. അത് ദൈവം അയക്കുന്നവർ തന്നെ. സറേഫാത്തിലെ വിധവയുടെ അടുക്കലേയ്ക്ക് ഏലിയായെ അയച്ചതുപോലെ ( 1 രാജാ 17 ). സിംഹക്കുഴിയിൽ എറിയപ്പെട്ട ദാനിയേലിനടുത്തേയ്ക്ക് ഹബക്കുക്ക് പ്രവാചകനെ അയച്ചതുപോലെ ( ദാനി:14 ). സൂസന്നയുടെ അടുത്തേയ്ക്ക് ദാനിയേലിനെ അയച്ച പോലെ,
(ദാനിയേൽ 13 : 45).
കഴിഞ്ഞ കാലഘട്ടങ്ങളിൽ നാം കടന്നു വന്നിട്ടുള്ള സഹനങ്ങളെ ദൈവത്തോടൊന്നിച്ചു വിശകലനം ചെയ്താൽ നമുക്കു മനസ്സിലാകും, അതെല്ലാം ഓരോ പാഠങ്ങൾ പഠിപ്പിക്കാൻ ദൈവം നമുക്കു തന്ന practical ക്ലാസ്സുകളാണെന്ന്. ഹൃദയമാകുന്ന പാത്രത്തെ വൃത്തിയാക്കി അതിലേയ്ക്ക് കൃപയൊഴിച്ചു തരാൻ ദൈവം നടത്തിയ അടിച്ചുവാരൽ. ഇനിയോ, അതിൽ നിന്നൊക്കെ ഒരു പാഠവും നമ്മൾ പഠിച്ചിട്ടില്ലെങ്കിൽ, കൃപ നമ്മൾ തിരിച്ചറിഞ്ഞിട്ടില്ലെങ്കിൽ ,അതു നമ്മുടെ മാത്രം കുഴപ്പമാണെന്നു മനസ്സിലാക്കാം. അതിനാൽ സഹോദരങ്ങളേ, വി. ഫൗസ്റ്റീനയെപ്പോലെ നമുക്കും പ്രാർത്ഥിക്കാം.
” എൻ്റെ ശക്തിക്കതീതമായ ഭാരത്താൽ വലയുമ്പോഴും എൻ്റെ പ്രയത്നങ്ങൾ ഫലരഹിതമായിത്തോന്നുമ്പോഴും, അസ്വസ്ഥതകളാൽ എൻ്റെ ഹൃദയം പ്രക്ഷുബ്ധമാകുമ്പോഴും ഭീതിപൂണ്ട എൻ്റെ ആത്മാവ് നിരാശയിലേയ്ക്ക് കൂപ്പുകുത്തുമ്പോഴും, ഓ, ദിവ്യകാരുണ്യമേ ! ഞാൻ അങ്ങിൽ ശരണപ്പെടുന്നു, ആമ്മേൻ “.