
കൂടെ നടക്കുന്ന ഈശോ നാഥനെക്കുറിച്ചുള്ള ബോധം നഷ്ടപ്പെട്ട ഒരു കാലത്താണ് നമ്മള് ജീവിക്കുന്നത്. ആധുനിക ലോകത്തിന്റെ തിരക്കില്‍പ്പെട്ട് സര്‍വ്വതിനെയും സെക്കലുറായും തെറ്റിദ്ധാരണാജനകമായും ഒക്കെ കാണുന്ന ആധുനിക ലോകം. ഇവിടെ വാസ്തവത്തെപ്പോലും തിരിച്ചറിയാതെ പോകുന്നുവെന്നതാണ് സങ്കടകരം. അത്തരമൊരു അനുഭവം വിശുദ്ധ ഗ്രന്ഥത്തിലും കാണാന്‍ കഴിയും. എമ്മാവൂസിലേക്കുള്ള വഴി മധ്യേ കര്‍ത്താവിനെ തിരിച്ചറിയാതെ പോകുന്ന ശിഷ്യന്മാര്. ഈശോയോടൊപ്പം നടക്കുകയും അവിടുത്തെ അത്ഭുത പ്രവര്‍ത്തികള്‍ കാണുകയും അവന്റെ പഠനങ്ങള്‍ ശ്രവിക്കുകയും ഉയിര്പ്പിന് സാക്ഷികളാവുകയുമൊക്കെ ചെയ്തിട്ടും ഇനി എന്ത് എന്ന ആകുലതയില്‍ മുന്നോട്ട് പോകുമ്പോള്‍ കൂടെ നടന്ന കര്‍ത്താവിനെ ഒരു വേള ശിഷ്യന്മാര് തിരിച്ചറിയാതെ പോകുന്നു.
പ്രിയമുള്ളവരെ, ഈ ശിഷ്യന്മാരുടെ ജീവിതത്തില്‍ ഒരു നിമിഷം കര്‍ത്താവിനെ തിരിച്ചറിയാതെ പോയെങ്കില്‍ നമ്മുടെ ജീവിതത്തില്‍ അനുനിമിഷം കര്‍ത്താവിനെ തിരിച്ചറിയാതെ പോയിക്കൊണ്ടിരിക്കുകയാണ്. ജീവിതത്തില്‍ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വരുമ്പോള്‍ കൂടെയുള്ള കര്‍ത്താവിനെ കാണാതെ നിരാശയിലേക്കും അവിശ്വാസത്തിലേക്കും ജീവിത നാശത്തിലേക്കും വീണുപോകുന്നവരെ നമുക്ക് ഇന്ന് കാണാന്‍ കഴിയും. നമ്മളെ രക്ഷിക്കാന്‍ കഴിയാത്തവിധം നീട്ടപ്പെടാത്ത കൈകളല്ല കര്ത്താവിൻ്റേത് എന്ന് നാം ഓര്‍ക്കണം. ‘രക്ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല’ (ഏശയ്യാ. 59:1). കൂടെ നടക്കുന്ന കര്‍ത്താവിനെ തിരിച്ചറയാതെ പോകുന്നതാണ് നമ്മുടെ തകർച്ചയുടെ കാരണം. ദിവ്യകാര്യണ്യത്തിലൂടെ നമ്മുടെ ജീവിതത്തിലേക്ക് എഴുന്നള്ളി വരുന്ന കര്‍ത്താവിനെ നാം ആത്മീയ നേത്രങ്ങളിലൂടെ കാണണം. പ്രശ്നങ്ങളിലും പ്രതിസന്ധിയിലും അവിടുത്തെ സ്വരം കേള്‍ക്കണം. അങ്ങനെ വന്നാല്‍ ജീവിതം കൂടുതല്‍ പ്രതീക്ഷയുള്ളതായും സുന്ദരമായും തീരും.
കൂടെ നടന്ന ക്രിസ്തുവിനെ തിരിച്ചറിഞ്ഞ ശിഷ്യന്മാരുടെ ജീവിതത്തില്‍ പ്രതീക്ഷയും വിശ്വാസവും ഉടലെടുക്കുന്നത് കാണാം. ആ പ്രതീക്ഷയാണ് അവരെ മുന്നോട്ട് കൊണ്ടുപോയത്. ഇതുപോലെ നമ്മുടെ ജീവിതത്തിലും കണ്ടെത്തിയ ക്രിസ്തുവിനെ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കാനും അവന് നിന്റെ പ്രതിസന്ധിയുടെ തീരത്തുണ്ടെന്ന ബോധ്യം നല്‍കാനും നമുക്ക് സാധിക്കണം. ക്രിസ്തുവിനെ കാണുകയും കാട്ടിക്കൊടുക്കയും ചെയ്യുന്ന ജീവിതത്തിൻ്റെ ഉടമകളായി നമുക്ക് മാറാം. ‘നിങ്ങള്‍ ഞങ്ങളെയും കര്‍ത്താവിനെയും അനുകരിക്കുന്നവരായി. കാരണം വളരെ ക്ലേശങ്ങള്‍ക്കിടയിലും പരിശുദ്ധാത്മാവിനാല്‍ പ്രചോദിതമായ ആനന്ദത്തോടെ നിങ്ങള്‍ വചനം സ്വീകരിച്ചു’ (1 തെസ. 1:6)