വി. ഫെലിക്സ് നിക്കോസിയ

അനുസരണയുടെ ആൾരൂപമായിരുന്ന ബ്രദർ ഫെലിക്സ് ഇറ്റലിയിലെ നിക്കോസിയ എന്ന സ്ഥലത്ത് ഒരു ദരിദ്ര കുടുംബത്തിൽ ഫിലിപ്പ് – കാർമൽ ദമ്പതികളുടെ മകനായി 1715 നവംബർ അഞ്ചിന് ജനിച്ചു. ചെരുപ്പ് കുത്തിയായ പിതാവ് മകനെ ആധുനിക രീതിയിലുള്ള ചെരുപ്പ് നിർമ്മാണം പഠിപ്പിച്ചതിനു ശേഷം പട്ടണത്തിലുള്ള ഒരു ചെരിപ്പ് ഫാക്ടറിയിൽ പരിശീലനത്തിനായി അയച്ചു. ഫാക്ടറിയിൽ വളരെ മികച്ച നിലയിൽ തന്റെ ജോലിയിൽ ശോഭിച്ചിരുന്ന അദ്ദേഹം കടയിൽ വരുമ്പോൾ ആദ്യം പറയുന്നത് ‘പരിശുദ്ധ പരമ ദിവ്യകാരുണ്യം എല്ലായിടത്തും എല്ലാ സമയവും സ്തുതിക്കപ്പെടട്ടെ’ എന്നായിരുന്നു. ദേവാലയ മണി മുഴങ്ങുമ്പോൾ ഫെലിക്സ് മുട്ടിമേൽ നിന്ന് ജപമാല ചൊല്ലുകയും, ചീത്ത വാക്കുകളോ ഉതപ്പ് നൽകുന്ന പ്രവൃത്തികളോ ഉള്ള സ്ഥലങ്ങളിൽ നിന്നും ഓടി അകലുകയും ചെയ്യുമായിരുന്നു. ജോലി ചെയ്തിരുന്ന തൊഴിൽ ശാലയുടെ അടുത്തുണ്ടായിരുന്ന കപ്പൂച്ചിൻ ദേവാലയവും ആശ്രമവും അദ്ദേഹത്തെ ദൈവവിളിയിലേക്ക് എത്തിച്ചു. കപ്പൂച്ചിൻ സന്യാസിമാരുടെ ജീവിതരീതിയിലും പ്രാർത്ഥനാ രീതിയിലും ആകൃഷ്ടനായ അദ്ദേഹം പുണ്യ പൂർണത പ്രാപിക്കാൻ സന്യാസജീവിതം ഉചിതമാണെന്ന് തിരിച്ചറിഞ്ഞ് കപ്പൂച്ചിൻ സഭയിലേക്ക് ചേരാനുള്ള അനുമതിക്കായി അധികാരികളെ സമീപിച്ചെങ്കിലും ആശ്രമാധികാരികൾ അദ്ദേഹത്തെ  നിരുത്സാഹപ്പെടുത്തി തിരിച്ചയക്കുകയാണ് ചെയ്തത്. പ്രത്യാശ കൈവിടാതെ വീണ്ടും വീണ്ടും അദ്ദേഹം അധികാരികളെ സമീപിച്ചു കൊണ്ടിരുന്നു. നീണ്ട എട്ടു വർഷത്തെ കാത്തിരിപ്പിന് ശേഷം അദ്ദേഹത്തിന് കപ്പൂച്ചിൻ സഭയിൽ പ്രവേശനം ലഭിച്ചു. തന്നെ ഏൽപ്പിച്ചിരുന്ന ഏത് നിസ്സാര ജോലിയും വളരെ തീക്ഷ്ണതയോടും സ്നേഹത്തോടും കൂടി ചെയ്തിരുന്ന ബ്രദർ ഫെലിക്സ് ആശ്രമത്തിലെ മറ്റ് അംഗങ്ങളുടെ ജോലികളിൽ കൂടി അവരെ സഹായിച്ചിരുന്നു. ഇത്രയേറെ ജോലികൾ ചെയ്തിട്ടും സുകൃതങ്ങളിൽ വളർന്നിട്ടും അദ്ദേഹം പലപ്പോഴും പരിഹസിക്കപ്പെട്ടിരുന്നു. ആശ്രമ അധികാരി പോലും അദ്ദേഹത്തെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. പട്ടണത്തിലൂടെ ഭിക്ഷ സഞ്ചിയുമായി ചുറ്റി നടന്നിരുന്ന ഈ സഹോദരൻ ആബാലവൃന്ദം ജനങ്ങൾക്ക് പ്രിയപ്പെട്ടവൻ ആയിരുന്നു. കുട്ടികൾ അദ്ദേഹത്തെ ഏറെ സ്നേഹിച്ചിരുന്നു. ‘ആശ്രമത്തിലെ കഴുത’ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്. കുട്ടികളെ വളരെ ലളിതമായ രീതിയിൽ ക്രിസ്തീയ സത്യങ്ങൾ അദ്ദേഹം പഠിപ്പിച്ചിരുന്നു. ‘ദൈവസ്നേഹത്തെ പ്രതി’ എന്നു പറഞ്ഞു കൊണ്ടായിരുന്നു ബ്രദർ ഫെലിക്സ് എന്തും ചെയ്തിരുന്നത്. ദിവ്യകാരുണ്യത്തോടുള്ള അഗാധമായ ഭക്തിയായിരുന്നു സ്വയം ശൂന്യവൽക്കരണത്തിനും സ്വയം ദാനത്തിനുമുള്ള ഈ സഹോദരൻ്റെ ശക്തിസ്രോതസ്സ്. ഒഴിവുസമയങ്ങളിൽ ദിവ്യകാരുണ്യ സന്നിധിയിൽ ചെലവഴിക്കുകയും ദൈവമാതാവിനോടുള്ള ഭക്തിയിൽ ജീവിക്കുകയും ചെയ്ത വി. ഫെലിക്സ് രോഗികളോട് കരുണ കാണിക്കുകയും ജയിലിൽ കഴിയുന്നവരെ സന്ദർശിക്കുകയും അവർക്കാവശ്യമുള്ള ഭക്ഷണസാധനങ്ങൾ കൊടുക്കുകയും ചെയ്തിരുന്നു. വലിയ ഭാരവുമായി പോകുന്ന വഴിയാത്രക്കാരുടെ ചുമടു പോലും എടുത്ത് അദ്ദേഹം അവരെ സഹായിച്ചിരുന്നു. അധികാരികളെ മാത്രമല്ല സഭയിലെ ഏറ്റവും ചെറിയ അംഗത്തെ പോലും അനുസരിക്കുന്നതിൽ അദ്ദേഹത്തിന് ലജ്ജ തോന്നിയിരുന്നില്ല. അവസാന നാളുകളിൽ രോഗാവസ്ഥയിൽ പോലും അദ്ദേഹം ജനങ്ങളുടെ ഇടയിൽ നന്മ ചെയ്തു സഞ്ചരിച്ചു. തീരെ അവശനായപ്പോൾ പൂർണ്ണമായും പ്രാർത്ഥനയിൽ മുഴുകി. 1787 മെയ് മാസത്തിന്റെ അവസാന ദിവസം തോട്ടത്തിൽ കാറ്റു കൊണ്ടിരിക്കുമ്പോൾ അദ്ദേഹം കുഴഞ്ഞുവീണു. അനുസരണത്തിന്റെ ആൾരൂപമായ വിശുദ്ധ ഫെലിക്സ് മരണത്തോട് അടുത്തപ്പോൾ തന്റെ ആശ്രമം അധികാരിയോട് മരിക്കാൻ അനുവാദം ചോദിച്ച് കാത്തു കിടന്നു.നീണ്ട 34 വർഷക്കാലം തന്റെ അധികാരിയായിരുന്ന ആശ്രമ ശ്രേഷ്ഠൻ ആദ്യമായി ബ്രദറിന്റെ പേര് വിളിച്ചു കൊണ്ട് അദ്ദേഹത്തിന് മരിക്കാനുള്ള അനുവാദം നൽകി. അനുവാദം ലഭിച്ച അദ്ദേഹം യേശു-മേരി നാമം ഉരുവിട്ടു കൊണ്ട് സ്വർഗ്ഗത്തിലേക്ക് യാത്രയായി.1888 ൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ഫെലിക്സിനെ 2005 ഒക്ടോബറിൽ ബനഡിക്റ്റ് പതിനാറാമൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. പരിശുദ്ധ കത്തോലിക്ക സഭ വി. ഫെലിക്സിൻ്റെ തിരുനാൾ ജൂൺ 2 ന് ആചരിക്കുന്നു.

നമുക്ക് പ്രാർത്ഥിക്കാം, സ്നേഹനിധിയും കാരുണ്യവാനും ആയ ദിവ്യകാരുണ്യ ഈശോയെ, വിശുദ്ധ ഫെലിക്സ് നിക്കോസിയയെപ്പോലെ ദിവ്യകാരുണ്യ സന്നിധിയിൽ അങ്ങയോടൊപ്പം ആയിരിക്കുവാനും, അനുസരണയും എളിമയും നിറഞ്ഞ ജീവിതം നയിച്ച് താഴ്മയോടെ ജീവിക്കാനും, മറ്റുള്ളവരുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കുവാനും സ്നേഹിക്കുവാനും ഞങ്ങൾ എല്ലാവരെയും അനുഗ്രഹിക്കണമേ. വിശുദ്ധ ഫെലിക്സ് നിക്കോസിയായെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ, ആമേൻ.

  • Renewal Voice

    Renewal Voice serves as the voice of RRC. The magazine provides spiritual food for the faithful with reflections and spiritual articles. It strengthens the effort of RRC in leading millions to experience the power and salvation of Christ.

    Related Posts

    ഒന്നും ചെയ്യാത്ത മടിയന്മാരാകരുത്‌

    വിജയത്തിലേക്കുള്ള പടവുകള്‍ – 1 ജീവിതത്തില്‍ പരാജയം സംഭവിക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒരു കാര്യത്തെക്കുറിച്ചാണ് ഇന്ന് നാം ചിന്തിക്കുക. ജീവിതത്തില്‍ ചെയ്യാന്‍ ഒരുപാട് സമയം ഉണ്ടായിരിക്കെ ഒന്നും ചെയ്യാതെ പോകുന്ന ഉദാസീനമായ നിലപാടുകളും സ്വഭാവ രീതികളും വെച്ചുപുലര്‍ത്തുന്നവര്‍. വിശുദ്ധ…

    Read more

    Continue reading
    കൊഴിഞ്ഞുപ്പോകുന്ന സന്തോഷങ്ങള്‍

    ഏറെ സന്തോഷത്തോടെ പറന്നുയരുന്ന ഈയമ്പാറ്റകള്‍ ഏതാനും നിമിഷങ്ങള്‍ക്കപ്പുറം ചിറകുകള്‍ അറ്റ് നിലത്തുവീഴുകയും ജീവിതം തന്നെ പരിങ്ങലിലാവുകയും ചെയ്യുന്നത് നമുക്കറിയാം. ഈ ഈയമ്പാറ്റകള്‍ ജീവിതം നമുക്ക് ചിലതൊക്കെ പഠിപ്പിച്ചു തരുന്നുണ്ട്. ദൈവം ആഗ്രഹിക്കാത്ത കാര്യങ്ങളിലൂടെ ചില സന്തോഷങ്ങളൊക്കെ അനുഭവിക്കുന്നവരും അനുഭവിച്ചവരുമായവരാണ് എങ്കില്‍ നിമിഷ…

    Read more

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *