
ഡോമിനിക് സാവിയൊ 7-ാമത്തെ വയസ്സിൽ ദിവ്യകാരുണ്യം സ്വീകരിച്ച സമയത്ത് എടുത്ത തീരുമാനങ്ങൾ ഇവയായിരുന്നു;
“ഞാൻ ഇടയ്ക്കിടയ്ക്ക കുമ്പസാരിക്കും; കുമ്പസാരക്കാരൻ അനുവദിക്കുന്നിടത്തോളം പ്രാവശ്യം ഞാൻ ദിവ്യകാരുണ്യം സ്വീകരിക്കും; തിരുനാൾ ദിവസങ്ങൾ ഞാൻ വിശുദ്ധമായി ആചരിക്കും; ഈശോയും മാതാവുമാണ് എന്റെ സ്നേഹിതർ; പാപം ചെയ്യുന്നതിനെക്കാൾ നല്ലതു മരിക്കുന്നതാണ്.”
ഡോമിനിക് സാവിയൊ വിശുദ്ധ ഡോൺബോസ്കോയുടെ ഓറട്ടറിയിൽ ചേർന്നു. ആറുമാസം കഴിഞ്ഞ് ഒരു ദിവസം വിശുദ്ധിയെപ്പറ്റി ഒരു പ്രസംഗം കേട്ടു. പ്രസംഗകൻ പ്രധാനമായി മൂന്നു കാര്യങ്ങളാണ് അവതരിപ്പിച്ചത്.
“നമ്മൾ പുണ്യവാന്മാരാകണമെന്നതു ദൈവനിശ്ചയമാകുന്നു;
പുണ്യവാന്മാരാകുക എളുപ്പമാണ്;
പുണ്യവാന്മാർക്കു വലിയ സമ്മാനങ്ങൾ സ്വർഗ്ഗത്തിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.”
ഈ പ്രസംഗം ഒരു തീപ്പൊരിപോലെ ഡോമിനിക്കിൻ്റെ ഹൃദയത്തിൽ പതിഞ്ഞു. സന്തോഷത്തോടെ നടന്നു വിശുദ്ധനാകാൻ സാധിക്കുമെന്ന് അദ്ദേഹം മനസ്സിലാക്കി. ഡോമിനിക്ക് സാവിയോയുടെ ജീവിതം മുഴുവൻ മരണത്തിനുള്ള ഒരുക്കമായിരുന്നു. ആരോഗ്യം മോശമായപ്പോൾ അവൻ പറഞ്ഞത് അതിനു തെളിവാണ്. “ഇനി ഓടണം, അല്ലെങ്കിൽ വഴിയിൽ വച്ച് ഇരുട്ടാകും.”
ഡോമിനിക്കിന്റെ്റെ ആരോഗ്യം തകർന്നമട്ടിലായി. വിടാത്ത ചുമ ബാധിച്ചു. ഇക്കാരണത്താൽ പഠനം നിറുത്തി, വീട്ടിലേക്കു പോയി. മാതാപിതാക്കളുടെ പരിചരണവും ചികിത്സയും കൊണ്ടു രോഗിക്കു കുറെ സുഖം കിട്ടി. രക്ഷപ്പെടുമെന്ന് എല്ലാവരും കരുതി. പക്ഷേ, ഡോമിനി ക്കിനു തോന്നിയതു നേരെ മറിച്ചാണ്. അവൻ അപ്പച്ചനോടു പറഞ്ഞു. “ഇനി ആത്മീയ ഡോക്ടറെ കൊണ്ടുവരൂ. കുമ്പസാരിച്ചു പരിശുദ്ധ കുർബാന സ്വീകരിക്കാൻ ആഗ്രഹിക്കുന്നു.”
ഡോമിനിക് മരണത്തെ സ്വീകരിച്ചത് ഇങ്ങനെയാണ്. അവൻ ഉറങ്ങിയതുപോലെ കിടക്കുകയായിരുന്നു. എന്നാൽ, ഉണർന്ന് അപ്പച്ചനേയും അമ്മച്ചിയേയും നോക്കി പറഞ്ഞു. “എനിക്കു സമയമായി അപ്പച്ചാ, എൻ്റെ പ്രാർത്ഥനപുസ്കം എടുത്തു നല്ല മരണത്തിനുള്ള പ്രാർത്ഥന എനിക്കു ചൊല്ലിത്തരൂ.” ഇതുകേട്ടപ്പോൾ അമ്മ പൊട്ടിക്കരഞ്ഞു മുറിയിൽ നിന്നു പോയി. പിതാവിനും അത്യധികം ദുഃഖമുണ്ടായി.
“എൻ്റെ ആത്മാവ് അങ്ങയുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ആദ്യമായി അങ്ങയുടെ അമർത്യപ്രാഭവം ദർശിക്കുമ്പോൾ എന്നെ അങ്ങയുടെ സന്നിധിയിൽ നിന്നു തള്ളിക്കളയരുതേ. എന്നെന്നും അങ്ങയുടെ സ്തുതിഗീതങ്ങൾ ആലപിക്കുന്നതിനായി ആ കരുണയുടെ ഹൃദയത്തിലേക്ക് എന്നെ സ്വീകരിക്കണമേ.” എന്ന പ്രാർത്ഥന അപ്പച്ചൻ ചൊല്ലിക്കൊടുത്തു. വിശുദ്ധിയോടു കൂടെ മരിക്കാൻ ആ കൊച്ചു വിശുദ്ധന് ദൈവകരുണയാൽ സാധിച്ചു.
വിശുദ്ധി പ്രാപിക്കാൻ പ്രായ പരിധിയല്ല. നിഷ്കളങ്കതയും സമ്പൂർണ്ണമായ ആത്മസമർപ്പണവും ദൈവപ്രീതിയുമാണ് അതിനുവേണ്ടത്. യേശുവിനെയും അവിടുത്തെ മാതാവിനെയും സുഹൃത്തുക്കളായി കാണുക. യേശുവിനെ അനുകരിക്കുക, മറിയത്തിന്റെ മാധ്യസ്ഥം അപേക്ഷിക്കുക, സർവ്വോപരി പാപം ചെയ്യുന്നതിനേക്കാൾ മരിക്കുകയാണു നല്ലതെന്ന സത്യത്തിൽ ഉറച്ചു നിൽക്കുക. പുണ്യവാനാകുക എന്ന ജീവിതലക്ഷ്യമുള്ള ഒരു വ്യക്തിക്ക് മറ്റൊരാഗ്രവും ഈ ഭൂമിയിൽ ഉണ്ടായിരിക്കുകയില്ല. സ്വർഗം മാത്രമായിരിക്കും അവരുടെ ലക്ഷ്യം.
https://shorturl.fm/Fj9mw
https://shorturl.fm/vUN7c