
ഒരു പാട്ട് അതു ഒരു ദിവസം തന്നെ പല പ്രാവശ്യം കേട്ടുകൊണ്ടിരുന്നാൽ ആരുടെ ചുണ്ടിലും അതു മൂളും. അതു തന്നെ ദിവസങ്ങളോളവും മാസങ്ങളോളവും കേട്ടുകൊണ്ടിരുന്നാലോ. അതു ഹൃദിസ്ഥമാകും. ശരിയല്ലേ? അപ്പോൾ നാം സ്ഥിരമായി കേൾക്കുന്നവയും കാണുന്നവയും നമ്മെ നന്നായി സ്വാധീനിക്കുമെന്നതു നിശ്ചയം.. ഒരു കുഞ്ഞു ജനിച്ചു വീഴുമ്പോൾ തുടങ്ങി അവൻ/അവൾ കേൾക്കുന്നതും കാണുന്നതും എന്താണ്? ടി.വിയുടെയും മൊബൈലിൻ്റേയും മുൻപിലാണ് അവരുടെയൊക്കെ വളർച്ച നടക്കുന്നത്. കൊലപാതകങ്ങൾ, ആത്മഹത്യകൾ, ആക്രമണങ്ങൾ അവിഹിതവും അശ്ലീലവുമായ വാർത്തകൾ അതിനെ വിശദീകരിച്ചു കൊണ്ടുള്ള ചർച്ചകൾ’ . .. സെൻസർ ബോർഡ് cut ചെയ്യാത്ത വയലൻസും അശ്ലീലങ്ങളും നിറഞ്ഞ സിനിമകൾ. ഇതെല്ലാം കൂടി ഒരിലയിൽ വിളമ്പി കുഞ്ഞു ജനിക്കുമ്പോൾ മുതൽ കൂട്ടിക്കുഴച്ച് കഴിക്കുവാൻ കൊടുക്കുകയാണ് ടി.വി. എന്ന വസ്തു… കുട്ടികളുടെ കുസൃതികളും ശല്യവും ഒഴിവാക്കാൻ വേണ്ടി മാതാപിതാക്കൾ കണ്ടെത്തുന്ന ഒരാശ്വാസം. ദിവസവും ഈ വക കാര്യങ്ങൾ കണ്ടും കേട്ടും വളരുന്ന കുഞ്ഞുങ്ങളുടെ ഉപബോധമനസ്സ് ഇതെല്ലാം store ചെയ്തു വയ്ക്കുന്നു ഏതെങ്കിലും ഒരു സാഹചര്യം വരുമ്പോൾ അവരുടെ ഓർമ്മകൾ അവരെക്കൊണ്ട് ഇതെല്ലാം ചെയ്യിപ്പിക്കുന്നു. യുവത്യത്തിൻ്റെ അവസ്ഥയെത്തുമ്പോഴേയ്ക്കും അവരുടെ തലച്ചോറിൻ്റെ നിയന്ത്രണം ഇവ ഏറ്റെടുക്കുന്നു. പിന്നെ അവർ ചെയ്യുന്നതെന്തെന്ന് അവർക്കു തന്നെ ബോധ്യമില്ലാതാകുന്നു. കുഞ്ഞു പ്രായത്തിൽ തന്നെ mobile Phone. കുഞ്ഞുങ്ങളുടെ കൈയിൽ കൊടുത്ത് അവരെ നാശത്തിലേയ്ക്ക് തള്ളിവിടുന്നതും സ്വന്തം മാതാപിതാക്കൾ തന്നെ. mobile phone. കൂടുതൽ ഉപയോഗിക്കുന്ന കുട്ടികൾ വിഷാദരോഗികളായിത്തിരുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു. വിഷാദ രോഗമുള്ളവർ ചിലർ ആക്രമണ സ്വഭാവമുള്ളവരും മറ്റു ചിലർ ഉൾവലിയുന്ന സ്വഭാവമുള്ളവരും ആയിത്തീരുന്നു. കൂട്ടത്തിൽ ലഹരിയോ മദ്യമോ കൂടിയുണ്ടെങ്കിൽ ആദ്യം തലച്ചോറിൽ store ചെയ്തു വച്ചിരിക്കുന്നത് നടപ്പിലാക്കാനുള്ള ധൈര്യവും ആയി. പിന്നെ എല്ലാം പൂർത്തിയാകുന്നു. ചെറുപ്രായത്തിൽ തന്നെ മക്കൾ കുറ്റവാളികളായിപ്പോകുന്നതിൻ്റെ കാരണമന്വോഷിച്ച് ആരും എങ്ങോട്ടും പോകേണ്ടതില്ല. മാതാപിതാക്കൾ മാധ്യമപ്രവർത്തകർ, സർക്കാർ എല്ലാവരും കുറ്റക്കാർ തന്നെ. കുട്ടികൾ കാണുന്നവയും കേൾക്കുന്നവയും നിയന്ത്രിക്കാൻ മാതാപിതാക്കൾക്കാവുന്നില്ല. വാർത്തകൾ ശരിയായ രീതിയിൽ നിയന്ത്രിച്ച് ജനങ്ങളിലെത്തിക്കാൻ മാധ്യമങ്ങൾക്കാകുന്നില്ല. ലഹരിയും മദ്യവും നിയന്ത്രിക്കാൻ സർക്കാരിനും ആകുന്നില്ല. തലമുറകളെ കുറ്റുപ്പെടുത്താൻ ചൂണ്ടുന്ന വിരൽ നമ്മിലേയ്ക്ക് തന്നെ തിരിയേണ്ടിയിരിക്കുന്നു. കുറ്റം ചെയ്തവരെ തൂക്കിക്കൊല്ലണം എന്നു പറയാൻ ആർജ്ജവം കാണിക്കുന്ന നാം അവർ അങ്ങനെ ആകാതിരിക്കാൻ എന്തു ചെയ്യണം എന്നാലോചിച്ചിട്ടുണ്ടോ? ഒരു കുറ്റവാളിയെ കൊന്നാൽ തീരുമോ പ്രശ്നം?? ഇല്ല ..ആരും അങ്ങനെയാകാതിരിക്കാനുള്ള മുൻകരുതൽ എടുക്കണം. രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ നല്ലതല്ലേ രോഗം വരാതെ നോക്കുന്നത്?
കാഴ്ചയ്ക്കും കേൾവിക്കും ഇമ്പമുള്ളവയിലേയ്ക്ക് മക്കൾ ആകർഷിക്കപ്പെടുന്നു. (2 തിമോ:4-3) ഒരു നിമിഷത്തെ സന്തോഷത്തിനും നേരംപോക്കിനും വേണ്ടി കുഞ്ഞുങ്ങൾ കാണുന്നവ അവരുടെ ജീവിതത്തെത്തന്നെ മാറ്റി മറിക്കുമെന്ന് അവർ ചിന്തിക്കുന്നു പോലുമില്ല. അവരെ നയിക്കേണ്ട മാതാപിതാക്കളാകട്ടെ ഒത്തിരി തിരക്കുകളിലാണു താനും. നമ്മൾ കൂടുതൽ കാണുന്നവയും കേൾക്കുന്നവയും നമ്മെ വളരെയധികം സ്വാധീനിക്കുന്നു എന്നാണ് പൗലോസ് ശ്ലീഹായും പറയുന്നത്. “ആകയാൽ വിശ്വാസം കേൾവിയിൽ നിന്നും കേൾവി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തിൽ നിന്നുമാണ്.” (റോമാ:10:17)
അതുകൊണ്ട് നമ്മുടെ വീട്ടിലെ ടിവിയും മാധ്യമങ്ങളുമെല്ലാം നമുക്കു തന്നെ സെൻസർ ചെയ്യാം. മക്കളുടെ…നമ്മുടെ …. സമൂഹത്തിൻ്റെ…നാടിൻ്റെ … നൻമയ്ക്കു വേണ്ടി കരങ്ങൾ കോർക്കാം…