സമകാലീനലോകഗതി ആശങ്കയും പ്രതീക്ഷകളുമുണർത്തുന്നതാണെന്ന് ലിയോ പതിനാലാമൻ പാപ്പാ

സമകാലീനലോകത്തിന്റെ നിലവിലെ പ്രയാണം ഒരേ സമയം ആശങ്കയുളവാക്കുന്നതും, എന്നാൽ അതേസമയം ഏവർക്കും ദൈവികപദ്ധതിയനുസരിച്ച് സമാധാനത്തിലും സ്വാതന്ത്ര്യത്തിലും പൂർണ്ണതയിലും ജീവിക്കാൻ സാധിക്കുന്ന യഥാർത്ഥ മാനവികപുരോഗതിയെക്കുറിച്ചുള്ള പ്രതീക്ഷകളും ഉണർത്തുന്നതാണെന്ന് ലിയോ പതിനാലാമൻ പാപ്പാ. “നവലോകഗതി: വൻകിടശക്തികളുടെ നയങ്ങൾ, അന്താരാഷ്ട്രകമ്പനികളുടെ ആധിപത്യം, മാനവികപുരോഗതിയുടെ ഭാവി” എന്ന പേരിൽ “അന്താരാഷ്ട്ര കത്തോലിക്കാ നിയമജ്ഞരുടെ ശ്രംഖല” നടത്തുന്ന പതിനാറാമത് വാർഷികസമ്മേളനത്തിൽ സംബന്ധിച്ചവർക്ക് ഓഗസ്റ്റ് 23-ന് വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിൽ നടത്തിയ പ്രഭാഷണത്തിലാണ് സമകാലീനലോകത്തിന്റെ പ്രയാണവുമായി ബന്ധപ്പെട്ട തന്റെ ചിന്തകൾ പാപ്പാ പങ്കുവച്ചത്.

സാമൂഹികമായ തീവ്ര പ്രതിസന്ധികളെ അഭിമുഖീകരിച്ച വിശുദ്ധ അഗസ്റ്റിൻ, പ്രത്യാശയുടെ കാഴ്ചപ്പാടോടെ എഴുതിയ “ദൈവത്തിന്റെ നഗരം” എന്ന പുസ്തകത്തെ പരാമർശിച്ചുകൊണ്ട്, മനുഷ്യചരിത്രമെന്നത്, ദൈവത്തിന്റെയും മനുഷ്യരുടെയും നഗരങ്ങൾ കണ്ടുമുട്ടുന്ന ഇടമാണെന്ന് പാപ്പാ പറഞ്ഞു. യഥാർത്ഥ മാനവികപുരോഗതി സാധ്യമാക്കുന്നതിനായി പരിശ്രമിക്കുന്നതിനിടയിൽത്തന്നെ ഭൗമികമായ ഈ ജീവിതത്തിലും സമൂഹത്തിലും ദൈവരാജ്യത്തിന്റെ മൂല്യങ്ങൾ ഉൾച്ചേർത്തും പ്രവർത്തികമാക്കിയും, ചരിത്രത്തെ ദൈവത്തിലുള്ള അതിന്റെ പൂർത്തീകരണത്തിലേക്ക് നയിക്കേണ്ടതിന്റെ പ്രാധാന്യം ഈ സഭാപിതാവ് നമ്മെ ഓർമ്മിപ്പിക്കുന്നുണ്ടെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

പുതിയ ശക്തികേന്ദ്രങ്ങളുടെയും, പഴയകാല ഐക്യശക്തികളുടെ അസ്ഥിരതയുടെയും, അന്താരാഷ്ട്രകമ്പനികളുടെയും സാങ്കേതികവിദ്യകളുടെയും മുൻപില്ലാത്തവിധത്തിലുള്ള സ്വാധീനം, നിരവധിയായ തീവ്രസംഘർഷങ്ങൾ തുടങ്ങിയവയ്ക്ക് മുന്നിൽ വിശുദ്ധ അഗസ്റ്റിൻ മുന്നോട്ടുവയ്ക്കുന്ന ദൈവിക-മാനുഷികമൂല്യങ്ങൾ ഒത്തുചേർന്ന ചിന്തകൾക്ക് പ്രാധാന്യമുണ്ടെന്ന് പാപ്പാ പറഞ്ഞു.

ഇന്നത്തെ സമൂഹത്തിൽ പലപ്പോഴും ഭൗമികമായ സമ്പത്തും, അനിയന്ത്രിതമായ സ്വയപരതയുമാണ് മാനവികപുരോഗതിയായി കണക്കാക്കപ്പെടുന്നതെന്ന് അനുസ്‌മരിച്ച പാപ്പാ, സാങ്കേതികസൗകര്യങ്ങളും ഉപഭോക്താവിന്റെ സംതൃപ്തിയുമാണ് ആദർശപരമായ ഭാവിയെന്ന് പരിഗണിക്കപ്പെടുന്നതെന്ന് ഓർമ്മിപ്പിച്ചു. എന്നാൽ ഇത് ശരിയായ കാഴ്ചപ്പാടല്ലെന്ന്, “ഉയർന്ന സമ്പദ്‌വ്യവസ്ഥയുള്ള” സമൂഹങ്ങളിൽപ്പോലും ഏകാന്തതയയ്ക്കും, നിരാശയ്ക്കും, അർത്ഥശൂന്യതയ്ക്കുമെതിരെ പോരാടുന്ന ഒരുപാട് മനുഷ്യരുണ്ടെന്ന സത്യം നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു.

സഭ നിർവ്വചിക്കുന്നതുപോലെയുള്ള മനുഷ്യന്റെ ശാരീരിക, സാമൂഹിക, സാംസ്‌കാരിക, ധാർമ്മിക, ആദ്ധ്യാത്മിക മാനങ്ങൾ ഉൾക്കൊള്ളുന്ന സമ്പൂർണ്ണവളർച്ചയിലൂടെയാണ് യഥാർത്ഥ മാനവികപുരോഗതിയുണ്ടാകുന്നതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. മനുഷ്യന്റെ ഉള്ളിൽ ദൈവമെഴുതിയിരിക്കുന്ന ധാർമ്മികതയെക്കുറിച്ചുള്ള നിയമത്തിൽ ഇത്തരമൊരു കാഴ്ചപ്പാടാണുള്ളതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

മനുഷ്യർ ആരോഗ്യകരമായ ഒരു സമൂഹത്തിൽ മൂല്യങ്ങളോടെ തങ്ങൾക്കുള്ള സമ്പത്തും സ്വത്തും ഉപയോഗിച്ച് മാത്രമല്ല, തങ്ങൾ ആയിരിക്കുന്ന ദൈവമക്കൾ എന്ന അസ്തിത്വം ജീവിക്കുമ്പോഴാണ് യഥാർത്ഥ മാനവികപുരോഗതിയിൽ ജീവിക്കുന്നതിനെക്കുറിച്ച് പറയാൻ നമുക്ക് സാധിക്കുക. അവിടെ സത്യം അന്വേഷിക്കാനുള്ള സ്വാതന്ത്ര്യവും, ദൈവത്തെ ആരാധിക്കാനുള്ള അവകാശവും, സമാധാനപൂർണ്ണമായി ഒരു കുടുംബത്തെ വളർത്തിക്കൊണ്ടുവരാനുള്ള സാധ്യതകളുമുണ്ടായിരിക്കണമെന്ന് പാപ്പാ കൂട്ടിച്ചേർത്തു. പ്രകൃതിയുമായുള്ള ഇണക്കവും, സമൂഹത്തിലെ വിവിധ സമൂഹങ്ങൾക്കിടയിലും ദേശങ്ങൾക്കിടയിലുമുള്ള ഐക്യത്തിന്റെ മനോഭാവവും യഥാർത്ഥ മാനവികവളർച്ചയിൽ ഉണ്ടാകേണ്ടവയാണെന്ന് പാപ്പാ വിശദീകരിച്ചു.

മാനവികതയുടെ പുരോഗതിയെ നിയന്ത്രിക്കുന്നത്, നമ്മുടെ സ്നേഹം അവനവനോടുതന്നെ ഉള്ളതാണോ അതോ ദൈവത്തോടും മറ്റുള്ളവരോടുമുള്ള സ്നേഹം ഉൾക്കൊള്ളുന്നതാണോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

“മനുഷ്യരുടെ നഗരവും ദൈവത്തിന്റെ നഗരവും” തമ്മിലുള്ള പാലം പണിയുന്നവരായിരിക്കണം കത്തോലിക്കാ നിയമജ്ഞരും പൊതുമേഖലയിലെ ജീവനക്കാരുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. മനഃസാക്ഷിയാൽ നിയന്ത്രിക്കപ്പെടുന്ന അധികാരവും, മനുഷ്യാന്തസ്സിന്റെ സേവനത്തിനായി പ്രവർത്തിക്കുന്ന നിയമവും ഉള്ള ഒരു സമൂഹത്തിനായി പ്രവർത്തിക്കാൻ പാപ്പാ ആഹ്വാനം ചെയ്‌തു. മാറ്റങ്ങൾ സാധ്യമാകില്ലെന്ന അപകടകരമായ മനോഭാവത്തെ പുറന്തള്ളേണ്ടതിന്റെ പ്രാധാന്യവും പാപ്പാ ഓർമ്മിപ്പിച്ചു.

ഫ്രാൻസിസ് പാപ്പാ 2025 ജനുവരിയിൽ നയതന്ത്രജ്ഞരോട് നടത്തിയ പ്രഭാഷണത്തിന്റെ പശ്ചാത്തലത്തിൽ, പ്രത്യാശ ഉയർത്തുന്ന നയതന്ത്രജ്ഞതയും രാഷ്ട്രീയ നയങ്ങളും, സാമ്പത്തികവ്യവസ്ഥകളുമാണ്  നമുക്ക് ആവശ്യമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

  • Renewal Voice

    Renewal Voice serves as the voice of RRC. The magazine provides spiritual food for the faithful with reflections and spiritual articles. It strengthens the effort of RRC in leading millions to experience the power and salvation of Christ.

    Related Posts

    കൂദാശകളിൽ കർത്താവിന്റെ സാന്നിധ്യം കണ്ടെത്തണം: പാപ്പാ

     “അങ്ങാണ് ഞങ്ങളുടെ പ്രത്യാശ. ആരാധനക്രമം: ധ്യാനാത്മകതയിൽ നിന്നും കർമ്മപഥത്തിലേക്ക്” എന്ന പ്രമേയത്തിൽ, ആഗസ്റ്റ് മാസം 25 മുതൽ ഇരുപത്തിയെട്ടു വരെ ഇറ്റലിയിലെ നേപ്പിൾസിൽ വച്ചു  നടക്കുന്ന എഴുപത്തിയഞ്ചാമത്, ദേശീയ ആരാധനക്രമ വാരത്തിൽ പങ്കെടുക്കുന്നവർക്ക് ലിയോ പതിനാലാമൻ പാപ്പാ ആശംസകൾ അർപ്പിച്ചു.   പ്രത്യാശയുടെ…

    Read more

    Continue reading
    പ്രാർത്ഥനയിലും ശുശ്രൂഷയിലും ഒരുമിച്ച് മുന്നേറി ക്രൈസ്തവഐക്യത്തിലേക്ക് വളരാൻ ലിയോ പാപ്പായുടെ ആഹ്വാനം

    കത്തോലിക്കരും ലൂഥറൻ സഭയുമുൾപ്പെടെ, ക്രൈസ്തവർ എല്ലാവരും സമാധാനവും നീതിയും പൊതുനന്മയും മുന്നിൽക്കണ്ട്, പ്രവർത്തിക്കാൻ ലിയോ പതിനാലാമൻ പാപ്പായുടെ ആഹ്വാനം. 325-ൽ നടന്ന നിഖ്യ ഒന്നാം എക്യൂമെനിക്കൽ സൂനഹദോസിന്റെ ആയിരത്തി എഴുനൂറാം വാർഷികത്തിന്റെയും, 1925-ൽ സ്വീഡനിൽ നടന്ന ആഗോള ക്രൈസ്തവ കോൺഫറൻസിന്റെ നൂറാം…

    Read more

    Continue reading

    One thought on “സമകാലീനലോകഗതി ആശങ്കയും പ്രതീക്ഷകളുമുണർത്തുന്നതാണെന്ന് ലിയോ പതിനാലാമൻ പാപ്പാ

    Leave a Reply

    Your email address will not be published. Required fields are marked *