പന്തക്കുസ്താത്തിരുനാളും ക്രൈസ്തവജീവിതവും

ഇസ്രായേൽജനം ആചരിച്ചുപോന്ന മൂന്ന് പ്രധാനപ്പെട്ട തിരുനാളുകളിൽ ഒന്നായിരുന്നു പന്തക്കുസ്താത്തിരുനാൾ. പെസഹായ്ക്ക് ശേഷം അൻപതാം ദിനം ആചരിച്ചിരുന്നതിനാലാണ് ഇതിനെ പന്തക്കുസ്താത്തിരുനാൾ എന്ന് വിളിച്ചിരുന്നത്. ഇത് വിളവെടുപ്പുത്സവത്തിന്റെ, ആദ്യഫലങ്ങൾ ദൈവത്തിന് സമർപ്പിക്കുന്നതിന്റെ തിരുനാൾ ദിനമായിരുന്നു. എന്നാൽ അതേസമയം ക്രിസ്തുവിന്റെ തിരുവുത്ഥാനത്തിന് ശേഷം യഹൂദരെയും, ക്രൈസ്തവവിശ്വാസത്തെ എതിർത്തിരുന്നവരെയും ഭയന്നിരുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെയും യേശുവിന്റെ ശിഷ്യന്മാരുടെയും മേൽ അൻപതാം നാൾ പരിശുദ്ധാത്മാവ് ഇറങ്ങിവന്നതിനെ അനുസ്മരിക്കുന്നതിനാലാണ് കത്തോലിക്കാസഭയിൽ പന്തക്കുസ്താത്തിരുനാൾ ആചരിക്കുന്നത്. കത്തോലിക്കാസഭയിലെ വിവിധ വ്യക്തിഗതസഭകളുടെ പാരമ്പര്യമനുസരിച്ചുള്ള വായനകൾ വ്യത്യസ്തമാകുമ്പോഴും, ക്രിസ്തു തന്റെ ശിഷ്യർക്ക് വാഗ്ദാനം ചെയ്ത സഹായകനും ഉദ്‌ബോധകനും നയിക്കുന്നവനുമായ പരിശുദ്ധാത്മാവിന്റെ വരവിനെയും, അവൻ ശിഷ്യരുടെ ജീവിതത്തിലുണ്ടാക്കിയതും, ഇന്ന് നമ്മിലുണ്ടാക്കേണ്ടതുമായ മാറ്റങ്ങളെയും കുറിച്ച് വിചിന്തനം ചെയ്യാനാണ് കത്തോലിക്കാസഭ നമ്മെ ആഹ്വാനം ചെയ്യുന്നത്.

സ്ഥൈര്യം നൽകുന്ന പരിശുദ്ധാത്മാവ്

പരിശുദ്ധാത്മാവ് പരിശുദ്ധ കന്യകാമറിയത്തിന്റെയും ക്രിസ്തുശിഷ്യരുടേയും മേൽ ഇറങ്ങിവന്നതിന് ശേഷം അവരിൽ ഉണ്ടായ ഏറ്റവും പ്രധാനപ്പെട്ട ഒരു മാറ്റമെന്നത്, ക്രിസ്തുവിന് വേണ്ടി സാക്ഷ്യം വഹിക്കാൻ, അവനെ ജനതകളുടെയിടയിൽ പ്രഘോഷിക്കാൻ അവർക്ക് ധൈര്യമുണ്ടായി എന്നതാണ്. ക്രിസ്തു തന്റെ പരസ്യജീവിതകാലത്ത് ശിഷ്യന്മാരെ പഠിപ്പിച്ച പല കാര്യങ്ങളും വ്യക്തമായി മനസ്സിലാക്കാനും, സത്യത്തിന്റെ പൂർണതയിലേക്ക് എത്താനും, പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ഒക്കെയുള്ള ശരിയായ ബോധ്യങ്ങളോടെ സംസാരിക്കാനും ശിഷ്യർക്ക് സാധിച്ചത് പരിശുദ്ധാത്മാവിന്റെ ആഗമനത്തോടെയാണെന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഐക്യമേകുന്ന പരിശുദ്ധാത്മാവ്

പരിശുദ്ധാത്മാവിന്റെ ആഗമനശേഷം നഗരത്തിലേക്ക് പരസ്യമായി ഇറങ്ങി യേശുവിനെ പ്രഘോഷിച്ച അപ്പസ്തോലൻമാരെ വിവിധ ഭാഷകൾ സംസാരിച്ചിരുന്നവരും വിവിധ ദേശങ്ങളിൽനിന്ന് വന്നവരുമായ ആളുകൾക്ക് മനസ്സിലാക്കാനും യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലേക്ക് കടന്നുവരാനും സാധിച്ചു എന്ന് നമുക്കറിയാം (അപ്പ. 2, 1-13). സഭയുടെ ആരംഭവും വളർച്ചയും കൂടിയാണ് ഇവിടെ നടക്കുന്നത്. വിവിധ ആശയങ്ങൾ കൊണ്ടുനടക്കുന്നവരെ, വിവിധ ഭാഷകൾ സംസാരിക്കുന്നവരെ, വിവിധ ദേശക്കാരെ ഒരുമിച്ചുകൂട്ടുന്നത്, സഭയാക്കി വളർത്തുന്നത് ദൈവാത്മാവിന്റെ ശക്തിയാണ്. ദൈവം വിളിച്ച് തന്റെ സ്വന്തജനമായി മാറ്റിയ ഇസ്രായേൽ ജനത, ചിതറി വിവിധ ദേശക്കാരും ഭാഷക്കാരുമായി മാറിയപ്പോൾ, പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ സുവിശേഷം പ്രഘോഷിക്കുന്ന അപ്പസ്തോലന്മാരിലൂടെയും, അവരുടെ പിന്ഗാമികളിലൂടെയും, ക്രിസ്തുവിലുള്ള വിശ്വാസവും ദൈവത്തെക്കുറിച്ചുള്ള ശരിയായ ബോധ്യവും ലഭിക്കുന്ന വിശ്വാസികൾ ഒരുമിച്ച് ചേരുകയും സഭയായി വളരുകയും ചെയ്യുന്നു.

സ്നേഹത്തിന്റെ അടയാളമായ പരിശുദ്ധാത്മാവ്

ക്രിസ്തു തന്റെ പരസ്യജീവിതത്തിന്റെ അവസാനം പീഡാനുഭവ, കുരിശുമരണങ്ങളിലൂടെ കടന്നുപോയതിന് ശേഷം ഉത്ഥിതനായി, തിരികെ പിതാവിന്റെ സന്നിധിയിലേക്ക് പോകുന്നതിന് മുൻപായാണ് പരിശുദ്ധ അമ്മയുടെയും ശിഷ്യന്മാരുടേയും മേൽ പരിശുദ്ധാത്മാവ് വർഷിക്കപ്പെടുന്നത്. ഇതൊരു സ്നേഹത്തിന്റെ പ്രവൃത്തിയാണെന്ന് നമുക്കറിയാം. താൻ അകലുമ്പോൾ തന്റെ ശിഷ്യരെ, തന്നിൽ വിശ്വസിക്കുന്നവരെ അനാഥരായി വിടാൻ ആഗ്രഹിക്കാത്ത ദൈവപുത്രൻ, അവർക്ക് ആശ്വാസദായകനും സഹായകനുമായ ആത്മാവിനെ നൽകുകയാണ്. വിശ്വാസിയുടെ ദുഃഖങ്ങളിലും വേദനകളിലും ഒറ്റപ്പെടലുകളിലും ആശ്വാസദായകനും, സഹായകനുമായി കൂടെ നിൽക്കുന്ന ദൈവസാന്നിദ്ധ്യമായി, ലോകത്തിന്റേതായ കഷ്ടപ്പാടുകൾക്കും നഷ്ടപ്പെടലുകൾക്കും വേദനകൾക്കും ഉപരിയായി സ്വർഗ്ഗത്തിന്റെ സന്തോഷം ഉള്ളിൽ നിറയ്ക്കുന്ന, ക്രിസ്തുവിലുള്ള വിശ്വാസത്തിന് മാത്രം നൽകാൻ കഴിയുന്ന സന്തോഷത്തിന്റെ പൂർണ്ണത നൽകുന്ന ആത്മാവിനെയാണ് പന്തക്കുസ്താദിനത്തിൽ ദൈവപുത്രൻ നൽകുന്നത്.

കാതോലിക്കാവിശ്വാസവും നമ്മുടെ അനുദിനജീവിതവും

ക്രിസ്തുവിന്റെ പീഡാനുഭവ, മരണ, ഉത്ഥാന അനുഭവങ്ങൾക്ക് ശേഷം ഭയചകിതരായിരുന്ന ശിഷ്യർക്ക് ആത്മാവിന്റെ അഭിഷേകമുണ്ടായതും, അവർ ഏകസ്വരത്തിലും ഐക്യത്തിലും ക്രിസ്തുവെന്ന സുവിശേഷത്തെ ലോകത്തോട് പ്രഘോഷിച്ചതും അനുസ്മരിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം പന്തക്കുസ്താത്തിരുനാൾ വിചിന്തനത്തിനുള്ള ഒരു അവസരമാണ്. മാമ്മോദീസായിൽ ആരംഭിച്ച് വിവിധ കൂദാശകളിലൂടെ ആത്മാവിന്റെ വരദാനങ്ങൾ ലഭിച്ച, അഭിഷേകം ലഭിച്ച നമ്മിൽ ആത്മാവ് നൽകുന്ന സ്ഥൈര്യം, ക്രിസ്തുവിനെ പ്രഘോഷിക്കാനുള്ള ധൈര്യം, എന്തുമാത്രമുണ്ട് എന്ന ഒരു ചിന്തയാണ് ഇന്ന് നമുക്ക് മുന്നിൽ ആദ്യമുണ്ടാകേണ്ടത്. ലോകം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും അൽപ്പപ്രകാശത്തിന് മുന്നിൽ ഒരിക്കലും ഒളിമങ്ങാത്ത ക്രിസ്തുവിന്റെ ആശയങ്ങളുടെ പ്രസക്തി തിരിച്ചറിയാനാകാത്ത മനുഷ്യരായിട്ടില്ലേ നമ്മൾ? സ്നേഹത്തിലും ഐക്യത്തിലും ദൈവപിതാവിന്റെ മക്കളായി, സ്വർഗ്ഗത്തെ ലക്ഷ്യമാക്കി നന്മയിൽ ജീവിക്കാൻ നമ്മെ ആഹ്വാനം ചെയ്യുന്ന ക്രിസ്തുസുവിശേഷം മറ്റുള്ളവർക്ക് മുന്നിൽ പ്രഘോഷിക്കാൻ നമുക്ക് പലപ്പോഴും ലജ്ജയാണെന്നത് തിരിച്ചറിയാം. ക്രിസ്തുവിന് വേണ്ടി, ജറുസലേമിൽ മാത്രമല്ല, ലോകമെങ്ങും പോകാനും, ജീവൻ പോലും നൽകാനും അപ്പസ്തോലന്മാർക്കും, അവരുടെ പിൻഗാമികൾക്കും കരുത്ത് നൽകിയ അതേ പരിശുദ്ധാത്മാവിനെ സ്വീകരിച്ച, ആത്മാവിന്റെ അഭിഷേകം ലഭിച്ച നമുക്ക് എന്തുകൊണ്ടാണ് ഇന്ന് ക്രിസ്തുവിന് സാക്ഷ്യമേകാൻ സാധിക്കാത്തത്?

ക്രിസ്തുവിലുള്ള വിശ്വാസവും, പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യവും പരസ്പരം ഐക്യത്തിലും സ്നേഹത്തിലും ജീവിക്കാൻ ശിഷ്യന്മാർക്ക് പ്രചോദനം നൽകുന്നത് നാം തിരിച്ചറിയുന്നുണ്ട്. എന്നാൽ ഇന്ന് കാതോലിക്കാസഭയ്ക്കുള്ളിൽ ഉൾപ്പെടെ ക്രൈസ്തവർക്ക് എന്തുകൊണ്ടാണ് പരസ്പരം ഐക്യത്തിൽ ജീവിക്കാൻ, ഒരുമയുടെയും സ്നേഹത്തിന്റെയും സാക്ഷ്യം നൽകാൻ സാധിക്കാത്തത് എന്ന ഒരു ചിന്തയും നമുക്കുണ്ടാകണം. അപ്പസ്തോലന്മാർ തങ്ങളുടെ ഭാഷയിൽ ക്രിസ്തുവിനെ പ്രഘോഷിച്ചപ്പോൾ വിവിധ ദേശക്കാർക്ക് അവരെ മനസ്സിലാക്കാനും, ക്രിസ്തുവിനെ ദൈവമായി തിരിച്ചറിയാനും അംഗീകരിക്കാനും സാധിച്ചതുപോലെ, ഉള്ളിൽ ഏകസത്യദൈവവിശ്വാസമുണ്ടെങ്കിൽ, ആ വിശ്വാസമനുസരിച്ച് ജീവിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ, പിതാവും പുത്രനും പരിശുദ്ധാത്മാവുമാകുന്ന ഏകദൈവത്തെ ലോകത്തോട് പ്രഘോഷിക്കാനും, സ്വജീവിതം കൊണ്ട് സാക്ഷ്യമേകാനും നമുക്കും സാധിക്കുമെന്ന് തിരിച്ചറിയാം.

ക്രൈസ്തവവിശ്വാസം ജീവിക്കുന്ന, ക്രിസ്തുവിനെ സ്നേഹിക്കുകയും അവൻ മുന്നോട്ടുവയ്ക്കുന്ന രക്ഷയുടെ പാതയിൽ സഞ്ചരിക്കുകയും ചെയുന്ന നമുക്ക്, നമ്മോടുകൂടെയായിരിക്കാൻ (യോഹ. 14, 15-16) അവൻ നൽകുന്ന സഹായകന്റെ സാന്നിദ്ധ്യത്തിനായും, ദാനങ്ങൾക്കായും പ്രാർത്ഥിക്കാം. ക്രിസ്തുവിന്റെ വചനങ്ങൾ പാലിച്ചുകൊണ്ടും, അതനുസരിച്ച് ജീവിച്ചുകൊണ്ടും, ലോകത്തിന് മുന്നിൽ നമ്മുടെ വിശ്വാസം ഏറ്റുപറയാം (യോഹ. 14, 23-24). പരിശുദ്ധാത്മാവിന്റെ വെളിച്ചം നമ്മുടെ ആത്മാവിലുണ്ടാകാൻ, യഥാർത്ഥ ക്രൈസ്തവവിശ്വാസം ജീവിക്കാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. പരിശുദ്ധ അമ്മയുടെയും, അപ്പസ്തോലന്മാരുടെയും അവരുടെ പിൻഗാമികളുടെയും മാതൃകയിൽ ഒരുമയിലും ഐക്യത്തിലും സ്നേഹത്തിലും ദൈവമക്കളായി, സ്വർഗ്ഗോന്മുഖരായി ജീവിക്കുകയും, ലോകത്തിന് മുന്നിൽ നമ്മുടെ ജീവിതത്തെയും ക്രൈസ്തവവിശ്വാസത്തിന്റെ സാക്ഷ്യങ്ങളാക്കി മാറ്റാം. ദൈവം പരിശുദ്ധാത്മാവിന്റെ അഭിഷേകം നമ്മിൽ പ്രോജ്ജ്വലിപ്പിക്കട്ടെ, നമ്മെ അനുഗ്രഹിക്കട്ടെ.

മോൺസിഞ്ഞോർ ജോജി വടകര

  • Renewal Voice

    Renewal Voice serves as the voice of RRC. The magazine provides spiritual food for the faithful with reflections and spiritual articles. It strengthens the effort of RRC in leading millions to experience the power and salvation of Christ.

    Related Posts

    ഒന്നും ചെയ്യാത്ത മടിയന്മാരാകരുത്‌

    വിജയത്തിലേക്കുള്ള പടവുകള്‍ – 1 ജീവിതത്തില്‍ പരാജയം സംഭവിക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒരു കാര്യത്തെക്കുറിച്ചാണ് ഇന്ന് നാം ചിന്തിക്കുക. ജീവിതത്തില്‍ ചെയ്യാന്‍ ഒരുപാട് സമയം ഉണ്ടായിരിക്കെ ഒന്നും ചെയ്യാതെ പോകുന്ന ഉദാസീനമായ നിലപാടുകളും സ്വഭാവ രീതികളും വെച്ചുപുലര്‍ത്തുന്നവര്‍. വിശുദ്ധ…

    Read more

    Continue reading
    കൊഴിഞ്ഞുപ്പോകുന്ന സന്തോഷങ്ങള്‍

    ഏറെ സന്തോഷത്തോടെ പറന്നുയരുന്ന ഈയമ്പാറ്റകള്‍ ഏതാനും നിമിഷങ്ങള്‍ക്കപ്പുറം ചിറകുകള്‍ അറ്റ് നിലത്തുവീഴുകയും ജീവിതം തന്നെ പരിങ്ങലിലാവുകയും ചെയ്യുന്നത് നമുക്കറിയാം. ഈ ഈയമ്പാറ്റകള്‍ ജീവിതം നമുക്ക് ചിലതൊക്കെ പഠിപ്പിച്ചു തരുന്നുണ്ട്. ദൈവം ആഗ്രഹിക്കാത്ത കാര്യങ്ങളിലൂടെ ചില സന്തോഷങ്ങളൊക്കെ അനുഭവിക്കുന്നവരും അനുഭവിച്ചവരുമായവരാണ് എങ്കില്‍ നിമിഷ…

    Read more

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *