
ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനമെന്നത് വിശ്വാസമാണ്., അത് യേശുക്രിസ്തുവില്‍ ഉള്ള വിശ്വാസമാണ്. മാമോദീസ സ്വീകരിച്ച് തിരുസഭയില്‍ അംഗമായ എല്ലാ വ്യക്തികളും ക്രിസ്തീയ വിശ്വാസം ജീവിക്കാനും പ്രഘോഷിക്കാനും കടപ്പെട്ടിരിക്കുന്നവരാണ്. ക്രിസ്ത്യാനികളായ നാമോരോരുത്തരും നാമമാത്രമായ വിശ്വാസികള്‍ ആകേണ്ടവരല്ല, മറിച്ച് വിശ്വാസം ജീവിക്കേണ്ടവരാണ്. ഒരു വ്യക്തിയുടെ ചിന്താഗതിയെയും ജീവിതശൈലിയെയും ആത്മീയതയെയും സ്വാധീനിക്കുന്ന ഒന്നാണ് ഈ വിശ്വാസം എന്നത്.
വിശ്വാസ പരിശീലനത്തില്‍ ഓരോ കുട്ടിയുടെയും ആദ്യത്തെ പാഠശാല കുടുംബവും ആദ്യത്തെ അധ്യാപകര്‍ അവരുടെ മാതാപിതാക്കളുമാണ്. ഒരു കുട്ടിയുടെ വിശ്വാസ ജീവിതം രൂപപ്പെടുന്നത് ആദ്യം കുടുംബത്തിലാണ്. ക്രിസ്തീയ ജീവിതത്തിന്റെ വിളനിലമാണ് കുടുംബം. കുട്ടികളുടെ ആദ്യ ആത്മീയശാലയാണ് കുടുംബം. ഹെബ്രാ:11:1 പറയുന്നു: ‘വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവും ആണ്’. കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ വിശ്വാസത്തില്‍ വളരുന്നതിനും നയിക്കപ്പെടുന്നതിനും അവരുടെ മാതാപിതാക്കളുടെ പങ്ക് വളരെ നിര്‍ണായകമാണ്. കുട്ടികളുടെ ജീവിതത്തില്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നവരാണ് അവരുടെ മാതാപിതാക്കള്‍. അവരുടെ വിശ്വാസങ്ങളെയും മൂല്യങ്ങളെയും രൂപപ്പെടുത്തുന്നതില്‍ മാതാപിതാക്കള്‍ക്ക് വലിയ പങ്കുണ്ട്. കുട്ടികള്‍ക്ക് ആത്മീയ മാതൃകകളായി അവരുടെ മാതാപിതാക്കള്‍ മാറേണ്ടതുണ്ട്. വിശ്വാസവും ദൈവഭക്തിയും എല്ലാം ഒരു കുട്ടി ആദ്യമായി സ്വന്തമാക്കുന്നത് തന്റെ മാതാപിതാക്കളില്‍ നിന്നും ആണ്. പ്രാര്‍ത്ഥന, ബൈബിള്‍ വായന, ആത്മീയ അനുഷ്ഠാനങ്ങള്‍, ദൈവാശ്രയ ജീവിതം തുടങ്ങിയ കാര്യങ്ങളില്‍ മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ക്ക് ഒരു മാതൃകയാകേണ്ടതുണ്ട്. അവര്‍ ജീവിക്കുന്ന ക്രിസ്തുവിന്റെ മാതൃകകള്‍ ആകണം.
കുട്ടികള്‍ക്കുവേണ്ടി ഒരു നല്ല വിശ്വാസപരമായ അടിത്തറ ഉണ്ടാക്കുന്നതില്‍ മാതാപിതാക്കള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളെ വളര്‍ത്തുക എന്നുള്ളത് വെറുമൊരു ശാരീരിക പ്രക്രിയ മാത്രമല്ല, മറിച്ച് മാനസികവും വൈകാരികവും ആത്മീയവുമായ ഒരുപാട് കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. മക്കളുടെ വിശ്വാസ പരിശീലനത്തില്‍ മാതാപിതാക്കള്‍ക്ക് ഒഴിച്ചുകൂടാന്‍ ആവാത്ത പങ്കാണുള്ളത്. കുട്ടികളുടെ പ്രഥമ ഗുരുക്കന്മാരാണ് അവരുടെ മാതാപിതാക്കള്‍. മാതാപിതാക്കളെ നോക്കി അനുകരിക്കുന്നവരാണ് അവര്‍. മാതാപിതാക്കള്‍ ആത്മീയ ചൈതന്യത്തില്‍ ജീവിക്കുമ്പോള്‍ മക്കളിലും ആത്മീയ അവബോധം വളര്‍ന്നു വരാന്‍ ഇടയാകുന്നു. അതുകൊണ്ട് ആരോഗ്യകരമായ ആത്മീയ ശീലങ്ങള്‍ മക്കളില്‍ വളര്‍ത്തേണ്ട ഉത്തരവാദിത്വം മാതാപിതാക്കളുടേതാണ്. മുടങ്ങാതെ എല്ലാ ദിവസവും ബൈബിള്‍ വായിക്കുന്ന ഒരു ശീലവും വ്യക്തിപരമായി പ്രാര്‍ത്ഥിക്കുന്ന ഒരു ശീലവും മാതാപിതാക്കള്‍ തങ്ങളുടെ മക്കളില്‍ വളര്‍ത്തിക്കൊണ്ടു വരണം. മാതാപിതാക്കളുടെ നേതൃത്വത്തില്‍ ഇങ്ങനെയുള്ള ശീലങ്ങള്‍ കുട്ടികളില്‍ സ്ഥിരപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ സമൂഹം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ സാങ്കേതികവിദ്യകളും ആശയങ്ങളും കുട്ടികളെ ഒത്തിരിയേറെ സ്വാധീനിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ശരിയും തെറ്റും തിരിച്ചറിയാനും, നല്ല തീരുമാനങ്ങള്‍ എടുക്കാനും, പ്രതിസന്ധികളെ നേരിടാനും വിശ്വാസപരമായ അറിവ് അവരെ സഹായിക്കും. ആന്തരികമായ ശക്തിയും സമാധാനവും ലഭിക്കുന്നതിന് വിശ്വാസം അവരെ സഹായിക്കുന്നു. അതുകൊണ്ട് കുട്ടികള്‍ക്ക് വിശ്വാസ പരിശീലനം കൊടുക്കുക എന്നുള്ളത് വളരെ അത്യന്താപേക്ഷിതമായിട്ടുള്ള ഒരു കാര്യമാണ്.
കുട്ടികളുടെ വിശ്വാസ പരിശീലനത്തില്‍ മാതാപിതാക്കള്‍ക്ക് പലതലത്തില്‍ ഇടപെടാന്‍ സാധിക്കും. ഒന്നാമതായി, കുട്ടികളുടെ വിശ്വാസ പരിശീലനത്തില്‍ നല്ല മാതൃകയാകാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കണം. കുട്ടികള്‍ മാതാപിതാക്കളെ നിരീക്ഷിച്ചാണ് വളരുന്നത്. മാതാപിതാക്കളുടെ വാക്കുകളേക്കാള്‍ പ്രവര്‍ത്തികള്‍ക്കാണ് അവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ട്, മാതാപിതാക്കള്‍ എങ്ങനെ വിശ്വാസത്തില്‍ ജീവിക്കുന്നു എന്നത് മക്കള്‍ക്ക് ഒരു വലിയ പാഠമാണ്. പ്രാര്‍ത്ഥനാ കാര്യങ്ങളിലും കൂദാശ ജീവിതത്തിലും ആത്മീയ ഭക്താനുഷ്ഠാനങ്ങളിലും നന്മ പ്രവര്‍ത്തികള്‍ ചെയ്യുന്നതിലും മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ക്ക് ഒരു മാതൃകയാകേണ്ടതുണ്ട്. മാതാപിതാക്കളുടെ ദൈവഭക്തിയോടെയുള്ള ജീവിതമാണ് കുട്ടികള്‍ കണ്ടു പഠിക്കുന്നത്. അതോടൊപ്പം തന്നെ, കുട്ടികളെ ആത്മീയമായി വളര്‍ത്തുന്നതിന് ഒരുക്കമായി മാതാപിതാക്കള്‍ സ്വയം വിശ്വാസം പരിശീലിക്കേണ്ടത് അനിവാര്യമായ ഒരു കാര്യമാണ്. ദൈവത്തോട് കൂടുതല്‍ അടുത്ത് ജീവിക്കാനും വിശ്വാസപാഠങ്ങള്‍ അഭ്യസിക്കാനും സഭായോഗങ്ങളിലും ആത്മീയ കൂട്ടായ്മകളിലും കഴിവതും പങ്കുചേരാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. മാതാപിതാക്കള്‍ നല്ല വിശ്വാസ ജീവിതം നയിക്കുന്നവരാണെങ്കില്‍ അത് മക്കളെയും നല്ല രീതിയില്‍ സ്വാധീനിക്കുന്നതിന് ഇടയാകുന്നു.
രണ്ടാമതായി, ലളിതമായ രീതിയില്‍ വിശ്വാസപരമായ കാര്യങ്ങള്‍ തങ്ങളുടെ മക്കള്‍ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. വിശ്വാസപരമായിട്ടുള്ള അവരുടെ സംശയങ്ങള്‍ പരിഹരിക്കാനും കഥകളിലൂടെയും ഉദാഹരണങ്ങളിലൂടെയും ഒക്കെ വിശ്വാസ സത്യങ്ങളെക്കുറിച്ചും ബോധ്യങ്ങളെക്കുറിച്ചും ഉള്ള വ്യക്തത അവര്‍ക്ക് കൊടുക്കണം. വിശ്വാസ സംബന്ധമായ കാര്യങ്ങളില്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ക്ഷമയോടെയും സ്നേഹത്തോടെയും മറുപടി നല്കാന് മാതാപിതാക്കള്‍ തയ്യാറാകണം. അവരുടെ സംശയങ്ങള്‍ തള്ളിക്കളയാതെ വിശ്വാസപരമായ കാര്യങ്ങളെക്കുറിച്ചുള്ള കൂടുതല്‍ അറിവില്‍ വളരാന്‍ അവരെ നാം സഹായിക്കണം. വിശ്വാസമുള്ളവരോടുള്ള നമ്മുടെ മക്കളുടെ കൂട്ടുകെട്ടുകള്‍ വളര്‍ത്താന്‍ നാം അവരെ സഹായിക്കണം. വിശ്വാസപരമായ കാര്യങ്ങളില്‍ അവര്‍ക്ക് ഉണ്ടാകുന്ന സംശയങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കാന്‍ അവര്‍ക്ക് സാധിക്കണം. അതിനുള്ള അവസരം നാം അവര്‍ക്ക് കൊടുക്കണം.
മൂന്നാമതായി, കുടുംബങ്ങളില്‍ നടത്തപ്പെടുന്ന കുടുംബ പ്രാര്‍ത്ഥനകള്‍ നമ്മുടെ മക്കളുടെ വിശ്വാസം വളര്‍ത്തുന്നതിന് സഹായിക്കുന്നു. ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്നത് വിശ്വാസ ബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. ചെറുപ്പത്തിലെ തന്നെ നമ്മുടെ കുട്ടികളെ പ്രാര്‍ത്ഥനകള്‍ പഠിപ്പിക്കാന്‍ നാം ശ്രദ്ധിക്കണം. ഇതുവഴി പ്രാര്‍ത്ഥനയിലും ദൈവവുമായുള്ള ബന്ധത്തിലും വളരാന്‍ കുട്ടികള്‍ക്ക് സാധിക്കുന്നു. എല്ലാദിവസവും കുടുംബ പ്രാര്‍ത്ഥനകള്‍ മുടങ്ങാതെ കുടുംബങ്ങളില്‍ നടത്തേണ്ടതുണ്ട്. ഓരോ ദിവസവും ഒരു നിശ്ചിത സമയം പ്രാര്‍ത്ഥനയ്ക്കായി നമ്മള് മാറ്റിവയ്ക്കുന്നത് നല്ലതാണ്. ഇത് കുട്ടികളിലും പ്രാര്‍ത്ഥന ശീലം വളര്‍ത്തുന്നതിന് സഹായിക്കുന്നു.
നാലാമതായി, മതപരമായ ആഘോഷങ്ങളിലും അനുഷ്ഠാനങ്ങളിലും തങ്ങളുടെ മക്കളെ പങ്കെടുപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ വേദപാഠ ക്ലാസുകളിലും പ്രാര്‍ത്ഥനാ കാര്യങ്ങളിലും ദൈവാരാധനങ്ങളിലും പങ്കെടുപ്പിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികളുമായി ചേര്‍ന്ന് സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും മാതാപിതാക്കള്‍ പരിശ്രമിക്കണം. ഇങ്ങനെയുള്ള കാര്യങ്ങള്‍ കുട്ടികളുടെ ഹൃദയത്തില്‍ വിശ്വാസത്തിന്റെ അടിസ്ഥാനം ഉറപ്പിക്കുന്നത് ഇടയാകുന്നു. അങ്ങനെ അവരുടെ വിശ്വാസപരമായ താല്പര്യങ്ങളെ നാം വളര്‍ത്തിക്കൊണ്ടു വരണം.
അഞ്ചാമതായി, നമ്മുടെ മക്കളെ മൂല്യങ്ങളില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. വിശ്വാസ പരിശീലനം എന്നത് കേവലം ആചാരാനുഷ്ഠാനങ്ങള്‍ പഠിപ്പിക്കുന്നത് മാത്രമല്ല, നല്ല മൂല്യങ്ങള്‍ വളര്‍ത്തുന്നതും കൂടിയാണ്. സത്യസന്ധത, ദയ, ബഹുമാനം, സ്നേഹം, പങ്കുവെക്കല്‍, ക്ഷമ, സഹാനുഭൂതി തുടങ്ങിയ മൂല്യങ്ങള്‍ കുട്ടികളില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഈ മൂല്യങ്ങളില്‍ അവര്‍ ജീവിക്കുമ്പോള്‍ നല്ല വ്യക്തികളായി മാറാന്‍ അവര്‍ക്ക് സാധിക്കും.
വിശ്വാസ പരിശീലനം ശിക്ഷയോ കടമ്പയോ ആകാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ദൈവം സ്നേഹത്തിന്റെ പ്രതിരൂപമാണെന്ന് അനുഭവത്തിലൂടെ കുട്ടികള്‍ തിരിച്ചറിയണം. പാപം, ക്ഷമ, വിശ്വാസം തുടങ്ങിയുള്ള ആശയങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ അവതരിപ്പിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. ഒരിക്കലും നമ്മുടെ മക്കളെ വിശ്വാസത്തില്‍ വളരാന്‍ നാം നിര്‍ബന്ധിക്കരുത്. അങ്ങനെ ചെയ്താല്‍ ഒരുപക്ഷേ വിപരീതഫലങ്ങള്‍ക്ക് കാരണമായേക്കാം. വിശ്വാസം എന്നത് ഹൃദയത്തില്‍ നിന്നും വരുന്ന ഒന്നാണ്. അതുകൊണ്ട് വിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മുടെ മക്കളെ മനസ്സിലാക്കാനും അതില്‍ വളരാന്‍ അവരെ പ്രോത്സാഹിപ്പിക്കാനും ആണ് നാം ശ്രമിക്കേണ്ടത്. സ്നേഹത്തോടെയുള്ള സമീപനവും ഉപദേശവും ആണ് ആത്മീയ കാര്യങ്ങളില്‍ വളര്‍ന്നു വരാന്‍ നമ്മുടെ മക്കളെ സഹായിക്കുന്നത്. വിശ്വാസത്തിന്റെ കാര്യത്തില്‍ സ്വന്തമായി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ശരിയായ ദിശാബോധവും നമ്മുടെ മക്കള്‍ക്ക് നാം കൊടുക്കണം. പൗലോസ് ശ്ലീഹാ റോമാ:10:9 ല്‍ പറയുന്നു: ‘ ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരം കൊണ്ട് ഏറ്റു പറയുകയും ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയര്‍പ്പിച്ചു എന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷ പ്രാപിക്കും’.
കുട്ടികളുടെ വിശ്വാസ പരിശീലനത്തില്‍ മാതാപിതാക്കള്‍ ചില വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. അതുകൊണ്ട് അങ്ങനെയുള്ള വെല്ലുവിളികളെ തരണം ചെയ്യാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സമയമില്ലായ്മ ഒരു പ്രധാനപ്പെട്ട കാരണമാണ്. തിരക്കേറിയ ജീവിതശൈലി കാരണം മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കളോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കാതെ വരുന്നതിനാല്‍ വിശ്വാസ പരിശീലനത്തിനായി ഒരു നിശ്ചിത സമയം മാറ്റിവയ്ക്കേണ്ടത് അത്യാവശ്യമായ ഒരു കാര്യമാണ്. വിശ്വാസ പരിശീലനം എന്നത് പള്ളികളില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ട ഒന്നല്ല, കുടുംബങ്ങളിലും വിശ്വാസം പരിശീലിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. കുട്ടികളുടെ മുഖ്യ വിശ്വാസ വേദി വീട് തന്നെയാണ്. ഇന്നത്തെ കാലത്ത് ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ തുടങ്ങിയവ കുട്ടികളെ പലവിധത്തില്‍ തെറ്റായ രീതിയില്‍ സ്വാധീനിക്കാറുണ്ട്. അതുകൊണ്ട് ഇങ്ങനെയുള്ള സ്വാധീനങ്ങള്‍ നിന്നും കുട്ടികളെ സംരക്ഷിക്കാനും ശരിയായ കാഴ്ചപ്പാടുകള്‍ അവര്‍ക്ക് കൊടുക്കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അടുത്തതായി, വിശ്വാസപരമായ ഭിന്നതകള്‍ മാതാപിതാക്കള്‍ക്ക് ഉണ്ടെങ്കില്‍, അല്ലെങ്കില്‍ മാതാപിതാക്കള്‍ വ്യത്യസ്ത മതവിശ്വാസികള്‍ ആണെങ്കില്‍, കുട്ടികളെ എങ്ങനെ പഠിപ്പിക്കണം എന്നതില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാം. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ മാതാപിതാക്കള്‍ പരസ്പരം ഒരു പൊതുവായ ധാരണയില്‍ എത്തുന്നത് നല്ലതാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ ഇപ്രകാരം പറയുന്നു: ‘വിശ്വാസം ഒരു മതവിശ്വാസം മാത്രമല്ല, ജീവിതത്തിന്റെ ഒരു വഴിയാണ്’.
വിശ്വാസം എന്നത് ഒരു വിത്ത് പോലെയാണ്. മാതാപിതാക്കളുടെ അനുദിന ജീവിതവും സംസാരവും മാതൃകയും പ്രചോദനവും ആ വിത്ത് വളരുന്നതിന് ആവശ്യകമായ പോഷകങ്ങളാണ്. വെള്ളവും വളവും ഉപയോഗിച്ച് ശ്രദ്ധയോടെയും കരുതലോടെയും നാം അതിനെ വളര്‍ത്തുകയാണെങ്കില്‍ ശക്തിയുള്ള വേരുള്ളൊരു മരമായി അത് വളരും. കുട്ടികളുടെ വിശ്വാസ പരിശീലനത്തില്‍ മാതാപിതാക്കളുടെ പങ്ക് വളരെ വലുതാണ്. അത് അനിവാര്യവും അതിമഹത്വവും ആണ്. അവരുടെ നല്ല ജീവിത മാതൃകയും പ്രാര്‍ത്ഥനാ ചൈതന്യവും ദൈവവചനത്തോടുള്ള ശരിയായ സമീപനവും തങ്ങളുടെ മക്കളെ വിശ്വാസത്തില്‍ വളര്‍ന്നു വരാന്‍ സഹായിക്കുന്നു. ഇത് കുട്ടികള്‍ക്ക് ഒരു നല്ല ജീവിതം കെട്ടിപ്പടുക്കാനും, ധാര്‍മികമായ അടിസ്ഥാനം ഇടാനും, സമൂഹത്തില്‍ നല്ല വ്യക്തികളായി വളര്‍ന്നുവരുന്നതിനും സഹായിക്കുന്നു. മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ ക്ഷമയോടെയും സ്നേഹത്തോടെയും നല്ല മാതൃകയില്‍ നയിക്കുകയാണെങ്കില്‍ കുട്ടികള്‍ക്ക് വിശ്വാസത്തില്‍ ഉറച്ച ഒരു ജീവിതം നയിക്കാന്‍ സാധിക്കും. അതിനുവേണ്ടി നമ്മുടെ മക്കളെ നമുക്ക് പ്രോത്സാഹിപ്പിക്കാം. വിശ്വാസ സ്ഥിരതയില്‍ നമുക്ക് അവരെ വളര്‍ത്താം. അവര്‍ക്ക് വേണ്ടി പ്രത്യേകം നമുക്ക് പ്രാര്‍ത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.