
രാവിലെ പതിവുപോലെ ടൂവീലറുമായി അവൾ ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു. നല്ല മഴയുള്ള ദിവസമായിരുന്നു അത്. എന്നാൽ പോകുന്ന വഴിക്ക് അവരുടെ വണ്ടി അവിചാരിതമായി കേടായി. ആ കോരിച്ചൊരിയുന്ന മഴയത്ത് ആരും അവളെ സഹായിക്കാൻ തയ്യാറായില്ല. അവൾ ഉടൻ തന്നെ തന്റെ ഭർത്താവിനെ വിളിച്ചു; അയാൾ തൻ്റെ ജോലിത്തിരക്കിനിടയിലും ഓടിയെത്തി അവളെ തൻ്റെ വാഹനത്തിൽ കയറ്റി ജോലിസ്ഥലത്ത് കൊണ്ടുചെന്നെത്തിച്ചു. എന്നാൽ പോകുന്ന വഴിയിൽ വാഹനം കേടായതിനെ ചൊല്ലി അയാൾ അവളെ ശകാരിക്കുകയും കുറ്റപ്പെടുത്തി സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു. അകാരണമായി തന്നെ കുറ്റപ്പെടുത്തിയത് അവൾക്ക് സഹിക്കാനായില്ല; അവൾ തിരിച്ച് അയാളോട് ദേഷ്യപ്പെട്ട് സംസാരിച്ചു. അന്ന് വളരെ വിഷമത്തോടും സങ്കടത്തോടും കൂടിയാണ് അവൾ ജോലിസ്ഥലത്ത് കഴിച്ചുകൂട്ടിയത്. തൻ്റെ ജീവിതത്തിലെ പ്രതിസന്ധിയിൽ അത്താണി ആകും എന്ന് വിചാരിച്ച വ്യക്തി പോലും തന്നെ ഒറ്റപ്പെടുത്തിയ അവസ്ഥ അവളെ ഒരുപാട് വേദനിപ്പിച്ചു.
പ്രിയപ്പെട്ടവരെ, നമ്മുടെ ജീവിതത്തിലും അത്താണി ആകേണ്ടവർ നമ്മെ അവഗണിക്കുന്ന അവസ്ഥ ഉണ്ടാകാം. നാം ആ സമയത്ത് നമുക്ക് അവരോടു ദേഷ്യവും വെറുപ്പും തോന്നാറുണ്ട്. ജീവിതത്തിൽ അത്താണി ആകേണ്ട മകൻ പിതാവിന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി തീർന്ന ധൂർത്ത പുത്രന്റെ കഥ ബൈബിൾ പറയുന്നുണ്ട്. ഒരു വശത്ത് പിതാവിന്റ പ്രതീക്ഷിക്കൊത്ത് ഉയരാതെ പോയ മകൻ, മറുവശത്ത് ജീവിത പ്രതിസന്ധിയിൽ തൻ്റെ പിതാവിന്റെ അടുത്തേക്ക് പ്രതീക്ഷയോടെ മടങ്ങി വരുന്ന മകനും, മകനെ സ്വീകരിക്കുന്ന പിതാവും. മകൻ, മനുഷ്യരായ നമ്മുടെ പരിമിതിയെ തുറന്നു കാട്ടുമ്പോൾ, അപ്പൻ പരിമിതികൾ ഇല്ലാത്ത സ്വർഗ്ഗസ്ഥനായ പിതാവിനെ നമുക്ക് കാണിച്ചുതരുന്നു. നമ്മുടെ പ്രതിസന്ധിയിൽ, ദുഃഖത്തിൽ, വേദനയിൽ, നമ്മുടെ എല്ലാ പ്രശ്നങ്ങളിലും നമ്മെ കൈവിടാതെ തുണയാകുന്ന നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവിനെ നമ്മുടെ ജീവിതത്തിൽ ചേർത്തു പിടിക്കാൻ മറക്കരുത്. ഒപ്പം ആ പിതാവിനെ പോലെ നമ്മുടെ ജീവിതം മറ്റുള്ളവർക്കും ഒരു പ്രതീക്ഷയായി, തുണയായി മാറാൻ അല്ലെങ്കിൽ മാറ്റിയെടുക്കാൻ നാം പരിശ്രമിക്കണം. സാവൂൾ തന്റെ ജീവിതത്തെ മറ്റുള്ളവർക്ക് അത്താണിയായ ഒരു ജീവിതം ആക്കി മാറ്റി. ക്രിസ്തുവിന്റെ അനുയായികളെ കൊന്നു നടന്നവൻ, ക്രിസ്തുവിനു വേണ്ടി ആത്മാക്കളെ നേടിയെടുക്കുന്നവനായി മാറുകയും, മറ്റുള്ളവരെ സ്നേഹം കൊണ്ടും കാരുണ്യപ്രവർത്തി കൊണ്ടും വീണ്ടെടുക്കുകയും ചെയ്തു.
ഒരിക്കൽ സാവൂളിനെ പേടിച്ച് ഓടി ഒളിച്ചവർ, വചനം കേട്ട് കൃപയിൽ വളരാൻ അവൻ്റെ അടുത്തേക്ക് ഓടി എത്തുന്നവരായിത്തീർന്നു. ക്രിസ്തുവിന്റെ അടുത്തേക്ക് പാപിനിയായ സ്ത്രീയും, അന്ധനും, മുടന്തനും, സാവൂളും, ലാസറിന്റെ സഹോദരിയും എല്ലാം, ഓടി വന്നത് വലിയ പ്രതീക്ഷയോടെയാണ്. തങ്ങളുടെ ഈ അവസ്ഥയിൽ ഈശോ തങ്ങളെ സഹായിക്കുമെന്നും, കൂടെയുണ്ടാകും എന്ന ബോധ്യം അവർക്കുണ്ടായിരുന്നു. അവരെ ഒരാളെപ്പോലും ദൈവം കൈവിട്ടില്ലെന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഞാൻ അത്താണിയായിത്തീരുമെന്ന പ്രതീക്ഷയോടെ എന്റെ അടുക്കലേക്ക് വരാൻ, എന്റെ മക്കൾക്ക്, ജീവിതപങ്കാളിക്ക്, സഹോദരങ്ങൾക്ക്, മാതാപിതാക്കൾക്ക്, സ്നേഹിതർക്ക് സാധിക്കുന്നുണ്ടോ? ഇല്ലായെങ്കിൽ, നമുക്ക് ഒരു മാറ്റം അനിവാര്യമാണ്. അല്ലെങ്കിൽ ജീവിതത്തിൽ വെറുപ്പിന്റെ കണക്കുകൾ മാത്രമാണ് ഉണ്ടാവുക. നമ്മുടെ ജീവിതം സ്നേഹത്തിന്റെ കണക്കുകൾ രേഖപ്പെടുത്തുന്നതായി തീരട്ടെ.