
വിശുദ്ധി എന്ന് പറയുന്നത് കേവലം ശുദ്ധതയോ അല്ലെങ്കിൽ ലൈംഗിക വിശുദ്ധിയോ അല്ല. അത് വിശുദ്ധിയുടെ ഒരു ഘടകം മാത്രമാണ്. വിശുദ്ധി എന്നുവെച്ചാൽ സ്നേഹ പരിപൂർണ്ണതയാണ്. “വിധി ദിനത്തിൽ നമുക്ക് ആത്മധൈര്യം ഉണ്ടാകുന്നതിന് സ്നേഹം നമ്മിൽ പൂർണ്ണത പ്രാപിച്ചിരിക്കുന്നു. എന്തെന്നാൽ ഈ ലോകത്തിൽത്തന്നെ നാം അവനെപോലെ ആയിരിക്കുന്നു. “(1 യോഹ 4: 17). ഇതിന്റെ അർത്ഥം ഇതാണ്; നാം സ്നേഹത്തിൽ പൂർണ്ണത പ്രാപിച്ചിട്ടുണ്ടെങ്കിൽ വിധി ദിവസത്തിൽ ഭയപ്പെടേണ്ടതില്ല. കാരണം നമ്മൾ വിശുദ്ധരാണ്. “മനുഷ്യൻ സ്നേഹത്താൽ ആണ് രക്ഷ പ്രാപിക്കുന്നത്. പരിപൂർണ്ണമായ സ്നേഹം തികഞ്ഞ ഉറപ്പോടെ ഉണ്ടെങ്കിൽ അവൻ രക്ഷ പ്രാപിക്കും. അതുണ്ടെങ്കിൽ മാത്രമേ രക്ഷപ്രാപിക്കുകയുള്ളൂ” (Pope Benedict XVI പ്രത്യാശയിൽ രക്ഷ NO. 26 ).
# സത്യവിശ്വാസം നമ്മെ എങ്ങനെ വിശുദ്ധിയിലേക്ക് നയിക്കുന്നു?
വിശുദ്ധ ഗ്രന്ഥവും വിശുദ്ധ പാരമ്പര്യവും
യേശു പഠിപ്പിച്ച എല്ലാ കാര്യങ്ങളും വിശുദ്ധ ഗ്രന്ഥത്തിൽ എഴുതിയിട്ടില്ല. എഴുതിയവ ശ്ലീഹന്മാർ വഴി സഭയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അവയാണ് വിശുദ്ധ പാരമ്പര്യം. വിശ്വാസ സത്യങ്ങൾ, വിശുദ്ധരുടെ സാക്ഷ്യങ്ങൾ, മാർപാപ്പമാരുടെ ചാക്രിക ലേഖനങ്ങൾ എല്ലാം ഉൾക്കൊള്ളുന്ന സഭയുടെ വിശ്വാസ ഭണ്ഡാരത്തിൽ നിന്ന് സ്വീകരിച്ചു അത് ഒരു ജീവിതശൈലി ആക്കി മാറ്റുമ്പോൾ ഒരുവൻ വിശുദ്ധി പ്രാപിക്കുന്നു.
സഭ ക്രിസ്തുവിന്റെ ശരീരമാണ്. നാം ഓരോരുത്തരും അവയുടെ അംഗങ്ങളും ആണ്. പരമ പരിശുദ്ധനായ യേശു തന്റെ ശരീരമാകുന്ന സഭയെ തന്റെ പീഡാനുഭവം കുരിശു മരണവും ഉത്ഥാനവുംവഴി സംജാതമായ കൃപയാൽ നിറച്ചിരിക്കുന്നു. വിശുദ്ധ ജോവാൻ ഓഫ് ആർക്ക് പറയുന്നതുപോലെ; “ക്രിസ്തുവും സഭയും അവർ രണ്ടല്ല ഒന്നാണ്, അവൻ സഭയെ വിശുദ്ധീകരിക്കുന്നതിന് ജലം കൊണ്ട് കഴുകി വചനത്താൽ വെൺമയുള്ളതാക്കി. ഇത് അവളെ കറയോ, ചുളിവോ, മറ്റു കുറവുകളോ ഇല്ലാത്ത മഹത്വപൂർണ്ണയായി തനിക്ക് തന്നെ പ്രതിഷ്ഠിക്കുന്നതിനും, അവൾ കളങ്കരഹിതയും പരിശുദ്ധയും ആയിരിക്കുന്നതിനും വേണ്ടിയാണ്” (എഫേ 5:26-27).
“അതുകൊണ്ടാണ് സഭ അവളിൽ പാപികൾ ഉണ്ടെങ്കിലും വിശുദ്ധയാണ്. കാരണം അവൾക്ക് കൃപാവരത്തിന്റെ ജീവനല്ലാതെ മറ്റു ജീവനില്ല. അവളുടെ അംഗങ്ങൾ അവളുടെ ജീവിതം നയിച്ചാൽ അവർ വിശുദ്ധരാക്കപ്പെടും അവളുടെ ജീവിതത്തിൽ നിന്ന് അവർ അകന്നു പോയാൽ അവളുടെ വിശുദ്ധിയുടെ പ്രസരണത്തെ തടയുന്ന പാപങ്ങളിലേക്കും ക്രമക്കേടുകളിലേക്കും അവർ വീഴും” (CCC 827).
ഇവിടെ യേശു പറഞ്ഞത് ഓർമ്മിക്കാം; “ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ് ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല. എന്നിൽ വസിക്കാത്തവൻ മുറിച്ച് ശാഖ പോലെ പുറത്തെറിയപ്പെടുകയും ഉണങ്ങി പോവുകയും ചെയ്യുന്നു” (യോഹ 15:6).
മുന്തിരി ചെടിയുടെ ശാഖകൾ മുന്തിരി ചെടിയിൽ നിന്ന് ജീവരസം സ്വീകരിച്ച് ധാരാളം ഫലം പുറപ്പെടുവിക്കുന്നത് പോലെ ഓരോ വിശ്വാസിയും ക്രിസ്തുവിനെയും സഭയെയും സ്നേഹിച്ചുകൊണ്ട് സഭയിൽ നിന്ന് സത്യവിശ്വാസവും കൂദാശകളും സ്വീകരിച്ച് വിശുദ്ധിയിലേക്ക് വളരുന്നു. അതുകൊണ്ട് ക്രിസ്തുവിനെ സ്നേഹിക്കുകയും സഭയെ സ്നേഹിക്കാതിരിക്കുകയും ചെയ്യുന്നത് മൗഢ്യമാണ്. മാമ്മോദീസ സ്വീകരിച്ചു സഭയുടെ അംഗമായി തീർന്ന ഓരോ വിശ്വാസിക്കും സഭയിലൂടെ മാത്രമേ രക്ഷ സാധ്യമാകൂ.
മാത്യു വാഴേപറമ്പിൽ
വിശുദ്ധി പ്രാപിക്കാനുള്ള ചില മാർഗനിർദേശങ്ങൾ സഭ പഠിപ്പിക്കുന്നത് അടുത്ത ലക്കത്തിൽ……