
ഒരു പുതിയ സൃഷ്ടിയാവുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യമായ ദൈവവിളിയാണ്. അതാതു കാലങ്ങളില്‍ കൃത്യമായ സമയത്ത് ഈ വിളി തിരിച്ചറിഞ്ഞവരാണ് നമുക്ക് മുന്‍പേ സ്വര്‍ഗ്ഗത്തിലേക്ക് യാത്ര ചെയ്ത വിശുദ്ധരായിട്ടുള്ള ആത്മാക്കള്‍. വിശുദ്ധ ഗ്രന്ഥത്തിലൂടെ കടന്നുപോകുമ്പോള്‍ ജലത്താലും പരിശുദ്ധാത്മാവിനാലും പുതിയ സൃഷ്ടിയായവരെ കുറിച്ചുള്ള വിവരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഈശോയുടെ ശിഷ്യന്മാരെല്ലാം ഈ വിളിയെ തിരിച്ചറിഞ്ഞ് അവനോടൊപ്പം ചേര്‍ന്നവരല്ലെ. അപ്പോള്‍ പുതിയ സൃഷിടിയാവുക എന്നത് കാലാന്തരമായി മനുഷ്യരാശിയിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്ന അല്ലെങ്കില്‍ സംഭവിച്ചുകൊണ്ടിരിക്കേണ്ട ഒന്നാണ്. എങ്കില്‍ മാത്രമെ വ്യക്തിയും, കുടുംബവും സമൂഹവുമെല്ലാം നവീകരണത്തിന് വിധേയമാകു. ബൈബിളില്‍ ചുങ്കക്കാരില്‍ പ്രധാനിയായിരുന്ന സക്കേവൂസിന്റെയും പാപത്തില്‍ പിടിക്കപ്പെട്ട സ്ത്രീയുടെയുമൊക്കെ ജീവിതത്തില്‍ ഒരു പുതിയമാറ്റം ഉണ്ടാകുന്നതായി കാണാന്‍ കഴിയുന്നു. ഒരു പുതിയ സൃഷ്ടിയായ തീര്‍ന്ന അവര്‍ നല്ല വ്യക്തികളായി വചനത്തിന്റെ സാക്ഷികളായി മാറുന്നു. ഈ മാറ്റം സാധ്യമാകുന്നത് ക്രിസ്തുവിന്റെ വചനത്തില്‍ കേന്ദ്രീകൃതമായി അവനില്‍ നവീകരിക്കപ്പെടുമ്പോഴാണ്. അതുകൊണ്ട് പരിശുദ്ധ പിതാവ് പത്താം പിയൂസ് മാര്‍പ്പാപ്പ പറയുക ‘ക്രിസ്തുവില്‍ സര്‍വ്വവും നവീകരിക്കണമെന്ന്’. ക്രിസ്തു ജീവിതം പുതിയ വ്യക്തികളായി തീരാനുള്ള വിളിയാണ്. കാലഘട്ടത്തിനനുസൃതമായി അതാതു സാഹചര്യങ്ങളെ മനസ്സിലാക്കികൊണ്ട് ആ സാഹചര്യങ്ങളുടെ സാധുതയെ പ്രയോജനപ്പെടുത്തി ആത്മീയ, ഭൗതീക ജീവിതത്തില്‍ നവീകരണങ്ങള്‍ കൊണ്ടുവരാന്‍ നമുക്ക് സാധിക്കണം അതിനായി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
പ്രിയമുള്ളവരെ, മറ്റൊരു സന്തോഷവാര്‍ത്തയ്ക്ക് നിങ്ങള്‍ ഇപ്പോള്‍ സാക്ഷ്യം വഹിച്ചിരിക്കുകയാണ്. കൊറോണവിതച്ച ദുരന്തത്തില്‍ നമ്മുടെ റിന്യൂവല്‍ വോയിസിന്റെ പ്രവര്‍ത്തനം നിലച്ചുപോയ വിവരം നിങ്ങള്‍ക്കറിവുള്ളതാണല്ലോ. എന്നാല്‍ കര്‍ത്താവ് തന്റെ കൃപയുടെ സമൃദിയില്‍ നിന്ന് ഉചിതമായ സമയത്ത് കാലത്തിനനുസൃതമായി നമുക്കിപ്പോള്‍ റിന്യൂവല്‍ വോയ്സ് ഓണ്‍ലൈന്‍ രൂപത്തില്‍ ലഭിച്ചിരിക്കുകയാണ്. പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ കര്‍ദ്ധിനാള്‍മാരുമായുള്ള ആദ്യത്തെ കോണ്‍ഫറന്‍സില്‍ ഇങ്ങനെ പറയുകയുണ്ടായി ‘സഭ ശരിയായ രീതിയില്‍ ഡിജിറ്റല്‍ വിപ്ലവത്തോട് പ്രതികരിക്കണം’
നാം ആയിരിക്കുന്ന സമൂഹത്തില്‍ ഡിജിറ്റല്‍ രംഗം വിപ്ലവാത്മകമായ രീതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. നിര്‍മ്മതബുദ്ധിയെ ആശ്രയിക്കുകയും മാനുഷിക ബന്ധങ്ങളെ തള്ളിക്കളയുകയും ചെയ്യുന്ന കാലം ഇനി വിതൂരമല്ല. സാങ്കേതികവിദ്യയിലൂടെ ആര്‍ജ്ജിച്ചെടുത്ത കരുത്തില്‍ മുന്നേറുന്ന മാധ്യമലോകം മനുഷ്യമനസ്സുകളുടെ നിലപാടുകളെ തന്നെ സ്വാധീനിക്കാന്‍ കഴിയുന്നവിധം വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇത്തരം ഭൗതീക വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ അവയോടൊപ്പം എത്തിച്ചേരാന്‍ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കും കഴിയണം. അതിനുള്ള തുടക്കമാണ് നാം റിന്യൂവല്‍ വോയ്സ് ഓണ്‍ലൈനിലൂടെ നടത്തിയിരിക്കുന്നത്. നാം കാല് വെച്ചിരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. നമുക്കിനി നിവര്‍ന്ന് നില്‍ക്കാനും ഈ വിപ്ലവത്തോടൊപ്പം പൊരുതാനും സാധിക്കണം. അതിന് വായനക്കാരായ നിങ്ങളുടെ കരുതല്‍ അനിവാര്യമാണ്. നമ്മുടെ വരും തലമുറയെ ക്രിയാത്മകവും ക്രിസ്തുകേന്ദ്രീകൃതവുമാക്കാന്‍ കഴിയണമെങ്കില്‍ ആധുനിക മാധ്യമ സാധ്യതയെ നാം കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കണം. നിങ്ങളുടെ ഓരോരുത്തരുടെയും ശക്തമായ പ്രാര്‍ത്ഥനയും സഹകരണവും നമ്മുടെ പുതിയ തുടക്കത്തിന് ബലമേകുമെന്ന് എനിക്കുറപ്പുണ്ട്. എല്ലാവരേയും റിന്യൂവല്‍ വോയ്സിന്റെ വായനാനുഭവത്തിലേക്ക് ക്ഷണിക്കുന്നു. ഇനി എല്ലാ ആഴ്ചയിലും നമുക്ക് ഗുരുമൊഴിയിലൂടെ കണ്ടുമുട്ടാം…
ഈശോയുടെ സ്‌നേഹത്തില്‍
നിങ്ങളുടെ ജോര്‍ജ്ജച്ചന്‍