
കൂണുപോലെ വളരെ പെട്ടെന്ന് കെട്ടിപ്പടുക്കുകയും ഇല്ലാതാവുകയും ചെയ്യുന്ന ഒന്നായി കുടുംബ ജീവിതങ്ങൾ മാറുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. സഭാ കോടതികളിലും സിവിൽ കോടതികളിലും പെരുകുന്ന വിവാഹമോചന കേസുകൾ അനവധിയാണ്. സാക്ഷരമായ നമ്മളുടെ മലയാള സമൂഹത്തിന് എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നത് നമ്മൾ ചിന്തിക്കേണ്ടതുണ്ട്. ക്രിസ്തുവിൽ വിശ്വസിക്കുകയും അവൻറെ പാത പിന്തുടരുകയും ചെയ്യുന്ന നമുക്ക് എന്തുകൊണ്ടാണ് ഇത്തരം ഒരു അവസ്ഥ ഉണ്ടായതെന്ന് ചിന്തിച്ച് മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.
കുടുംബങ്ങളുടെ തകർച്ച ദൈവാശ്രയ ബോധത്തിലുള്ള കുറവിൽ നിന്ന് ആരംഭിക്കുന്നു എന്നാണ് തിരുവചനം പറയുക. ദൈവത്തിൻറെ വചനങ്ങളും ദൈവത്തിൻറെ കൽപ്പനകളും ആശ്രയിക്കാതെ സ്വന്തമായുള്ള ആശ്രയത്തിലേക്ക് കുടുംബത്തിലെ വ്യക്തി ബന്ധങ്ങൾ കടന്നുപോകുമ്പോൾ അവിടെയാണ് തകർച്ചയുടെ സാധ്യതകൾ ആരംഭിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയും വിശുദ്ധമായ കുടുംബങ്ങൾ കെട്ടിപ്പടുക്കാൻ ദൈവം നമ്മളോട് ആവശ്യപ്പെടുകയാണ്. വിവാഹം എന്ന കൂദാശയിലൂടെ ഒന്നിക്കുന്ന ദമ്പതികൾ ദൈവത്തെ സാക്ഷിയാക്കി എല്ലാ പ്രതിസന്ധിയിലും സന്തോഷത്തിലും നിന്നെ ആശ്രയിച്ച് ഞങ്ങൾ ഒരുമിച്ച് നീങ്ങി കൊള്ളാമെന്ന് ഉറപ്പാണ് സഭാസമക്ഷം നൽകുന്നത്. ഈ ഉറപ്പിന്റെ ലംഘനം അല്ലെങ്കിൽ പാലിക്കപ്പെടാൻ സാധിക്കാതെ പോകുന്ന അവസ്ഥയാണ് കുടുംബ തകർച്ചകളിലേക്ക് നയിക്കുന്നത്. സ്വാതന്ത്ര്യം എന്ന മായ പ്രപഞ്ചത്തിന്റെ നടുവിലാണ് ഭാര്യയും ഭർത്താവും. സമ്പൂർണ്ണവും വീതിക്കപ്പെടുന്നതുമായ സ്വാതന്ത്ര്യം വേണമെന്നാണ് പരസ്പരം അവകാശപ്പെടുന്നത്. എന്നാൽ ബൈബിൾ പറയുന്നു ഭാര്യമാരെ നിങ്ങൾ ഭർത്താക്കന്മാരെ അനുസരിക്കുവിൻ. ക്രിസ്തു സഭയുടെ ശിരസ്സ് ആയിരിക്കുന്ന പോലെ നിങ്ങൾ ഭർത്താക്കന്മാർക്ക് വിധേയമായിരിക്കുക എന്ന്. ഈ വചനത്തെ വളച്ചൊടിച്ച് എപ്രകാരമാണ് പരസ്പരം വിധേയരായിരിക്കാൻ തക്ക വിധത്തിൽ ആക്കി തീർക്കുന്നത്? ഈ കാലഘട്ടത്തിൻറെ തെറ്റായ പ്രവണതയാണ് ഏറെയും. ഒരുപോലെ ഇരിക്കുന്ന ഒന്നും തന്നെ ഇന്ന് പ്രപഞ്ചത്തിൽ ഇല്ല. അങ്ങനെയെങ്കിൽ ഒരുപോലെ ഇരിക്കുന്ന ഒരേ അധികാരത്തിൽ ഇരിക്കുന്ന ഒരേ സ്വാതന്ത്ര്യം നൽകുന്ന രണ്ടു വസ്തുക്കൾ എങ്ങനെയാണ് അപ്രായോഗികരമാകുന്നത്, അതുപോലെ കുടുംബത്തിലെ ഭാര്യയുടെയും ഭർത്താവിന്റെയും താളവും തെറ്റും.
കുടുംബത്തെ തിന്നുന്ന മറ്റൊരു വിപത്താണ് മൊബൈൽ. പരസ്പരം സംസാരിച്ചുകൊണ്ട് സന്തോഷം കണ്ടെത്താൻ കഴിയുന്ന ഇടങ്ങൾ പരസ്പരം ശത്രുതയുടെ ഇടങ്ങളായി മാറുകയാണ്. സഭ നമുക്ക് മുന്നിൽ വയ്ക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യായുടെ കുടുംബം, സമ്പൂർണ്ണമായ വിശുദ്ധ കുടുംബത്തിന്റെ മാതൃകയാണ് . ഒരു തിരുകുടുംബത്തെ പോലെ പരസ്പരം സ്നേഹത്തിലും ബഹുമാനത്തിലും ആശ്രയ ബോധത്തിലും ദൈവത്തോടുള്ള ഭക്തിയിലും ജീവിച്ച വിശുദ്ധ തെരേസയുടെ കുടുംബം. സഭ നമുക്ക് മുന്നിൽ വെക്കുന്ന ഒരു ചോദ്യചിഹ്നമാണ് എന്തുകൊണ്ടാണ് നമ്മുടെ കുടുംബങ്ങളും ഈ വിശുദ്ധരുടെ കുടുംബത്തെ പോലെ ചിരികുടുംബങ്ങളായി തിരുകുടുംബങ്ങൾ ആയി മാറാത്തത്!?
Gurumozhi