
മക്കളിലെ ലഹരി ഉപയോഗം തടയാൻ മാതാപിതാക്കന്മാർ പുലർത്തേണ്ട ജാഗ്രത
ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ലഹരിവസ്തുക്കളുടെ അമിതമായ ഉപയോഗം. ഇതിനെപ്പറ്റി പഠന റിപ്പോർട്ടുകൾ കൃത്യമായ വിവരം നമുക്ക് നൽകുന്നുണ്ട്. കുട്ടികളിൽ ഉണ്ടാകുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. അതുകൊണ്ട് തുടക്കത്തിൽ കണ്ടെത്തിയാൽ വലിയ ബുദ്ധിമുട്ടില്ലാതെ ഈ ദുശീലത്തിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കാൻ ആയിട്ട് നമുക്ക് സാധിക്കും. ലഹരിവസ്തുക്കളുടെ ഉപയോഗം കുട്ടികളുടെ സ്വഭാവരീതിയിലും പെരുമാറ്റത്തിലും ഒരുപാട് മാറ്റങ്ങൾക്ക് കാരണമാകാറുണ്ട്. സ്വഭാവ വൈകൃതങ്ങൾ, ഹൈപ്പർ ആക്ടിവിറ്റി അല്ലെങ്കിൽ കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള പ്രവണത, ലൈംഗിക വൈകൃതങ്ങൾ, കൂടാതെ മാനസിക രോഗാവസ്ഥയിലേക്ക് പോലും ഇത് കുട്ടികളെ എത്തിക്കുന്നു. ഈ ഒരു ലഹരി ഉപയോഗത്തിൽ ആൺകുട്ടികൾ മാത്രമല്ല പെൺകുട്ടികളും ഒട്ടും സുരക്ഷിതരല്ല. സ്വന്തം വീട്ടിൽ നിന്നാണ് എഴുപത് ശതമാനം കുട്ടികളും ലഹരിവസ്തുക്കളുടെ ആദ്യപാഠം പഠിക്കുന്നത് എന്നാണ് പഠന റിപ്പോർട്ടുകൾ പറയുന്നത്. വീട്ടിലുള്ള മാതാപിതാക്കന്മാരിൽ നിന്നും മറ്റ് മുതിർന്നവരിൽ നിന്നൊക്കെ പല കുട്ടികളും ലഹരിവസ്തുക്കളുടെ പലതരത്തിലുള്ള അഡിക്ഷനിലേക്ക് പോകാറുണ്ട്. സോഷ്യൽ മീഡിയയുടെ അനാവശ്യമായ ഉപയോഗം ഇന്ന് പലതരത്തിലുള്ള മോശപ്പെട്ട ഗ്രൂപ്പുകളിലേക്കും കുട്ടികളെ എത്തിക്കുന്നതിന് കാരണമാകാറുണ്ട്. അതുപോലെ തന്നെ സ്കൂളുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് മയക്കു മരുന്നുകളുടെ റാക്കറ്റുകൾ ഇന്നത്തെ കാലഘട്ടത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് എല്ലാം മാതാപിതാക്കന്മാർ അവബോധമുള്ളവരാകേണ്ടതുണ്ട്.
ലഹരിവസ്തുക്കളുടെ അടിമത്തത്തിലേക്ക് നയിക്കുന്ന കാരണങ്ങളെ കുറിച്ചുള്ള ശരിയായ ഒരു അവബോധം മാതാപിതാക്കന്മാർക്ക് ഉണ്ടായിരിക്കുന്നത് മക്കളുടെ സുരക്ഷയ്ക്ക് അനിവാര്യമാണ്. തങ്ങളുടെ മക്കളുടെ ഭാവി സുരക്ഷിതമാണ് എന്ന് എല്ലാ മാതാപിതാക്കന്മാരും ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനായി മാതാപിതാക്കന്മാർ തങ്ങളുടെ മക്കളുടെ കാര്യത്തിൽ ശരിയായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. അനാവശ്യമായിട്ടുള്ള പോക്കറ്റ് മണി കുട്ടികൾക്ക് നൽകാതിരിക്കുക, ലഹരിവസ്തുക്കൾ ക്കടിപ്പെട്ട കുട്ടികൾക്ക് കൗൺസലിങ്ങ് കൊടുക്കുക, കുട്ടികളുടെ കൂട്ടുകെട്ടുകൾ ശ്രദ്ധിക്കുക., അങ്ങനെ കുട്ടികൾക്ക് വേണ്ട പരിഗണനയും ശ്രദ്ധയും മാതാപിതാക്കന്മാർ കൊടുക്കണം. കുട്ടികളെ ഭീഷണിപ്പെടുത്തിയോ, അടിച്ചൊ, ഉപദേശിച്ചൊ, ശകാരിച്ചൊ, ഇത്തരത്തിലുള്ള ദുശീലങ്ങളിൽ നിന്നും അവരെ മാറ്റാൻ നമുക്ക് കഴിയില്ല. പുറത്തറിയും എന്നോർത്തിട്ടോ, നാണക്കേടാകും എന്നോർത്തിട്ടൊ ഒരിക്കലും കുട്ടികളെ വീട്ടിൽ തന്നെ അടച്ചുപൂട്ടി നമ്മൾ തന്നെ ശിക്ഷണം നൽകി നന്നാക്കാം എന്ന് വിചാരിക്കരുത്. അതുകൊണ്ട് കുട്ടികളുടെ ഭാവിയും തുടർന്നുള്ള ജീവിതവും ഓർത്തിട്ട് വേണ്ട തരത്തിലുള്ള ഒരു ഉപദേശം തേടി എല്ലാ മാതാപിതാക്കന്മാരും മുമ്പോട്ട് പോകേണ്ടതുണ്ട്. തങ്ങൾ അവരുടെ കൂടെയുണ്ടെന്നുള്ള വിശ്വാസം എല്ലാ മാതാപിതാക്കന്മാരും തങ്ങളുടെ കുട്ടികൾക്ക് നൽകേണ്ടതായിട്ടുണ്ട്. മാതാപിതാക്കന്മാർ വളരെ ശ്രദ്ധയോടെ തങ്ങളുടെ മക്കളെ നിരീക്ഷിച്ചു കൊണ്ടിരിക്കേണ്ടതായിട്ടുണ്ട്. മയക്കു മരുന്നുകളുടെ ഉപയോഗം നമ്മുടെ ജീവന് ഭീഷണി ആണെന്നും നമ്മെ മാനസിക രോഗാവസ്ഥയിലേക്ക് എത്തിക്കുമെന്നും എല്ലാ മാതാപിതാക്കന്മാരും തങ്ങളുടെ മക്കളെ പറഞ്ഞു മനസ്സിലാക്കേണ്ടതായിട്ടുണ്ട്. അങ്ങനെയുള്ള രോഗാവസ്ഥയിലേക്ക് എത്തിയിട്ടുള്ളവരാണെങ്കിൽ ആ മക്കൾക്ക് വിദഗ്ധരുടെ സേവനങ്ങൾ ലഭ്യമാക്കാൻ മാതാപിതാക്കന്മാർ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാര്യത്തിൽ മാതാപിതാക്കന്മാർ തങ്ങളുടെ മക്കളെ പിന്തുണയ്ക്കേണ്ടതുണ്ട്. നമ്മുടെ ശരീരം ദൈവത്തിന്റെ ആലയമാണെന്നും നമ്മുടെ വിശുദ്ധി ദൈവം ആഗ്രഹിക്കുന്നുണ്ടെന്നും മാതാപിതാക്കന്മാർ മക്കളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. 1 തെസ:4:3 ൽ പൗലോശ്ലീഹ പറയുന്നു: ” നിങ്ങളുടെ വിശുദ്ധികരണമാണ് ദൈവം അഭിലഷിക്കുന്നത്., അസന്മാർഗികതയിൽ നിന്നും നിങ്ങൾ ഒഴിഞ്ഞു മാറണം”. നല്ലൊരു ക്രിസ്തീയ ജീവിതം നയിക്കാനും വിശുദ്ധിയിലും വിശ്വാസത്തിലും വളർന്നു വരാനും മാതാപിതാക്കന്മാർ തങ്ങളുടെ മക്കളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അത് മാതാപിതാക്കന്മാരുടെ ഭാഗത്തുനിന്നും നിറവേറ്റേണ്ട സുപ്രധാനമായ ഒരു കടമയാണ്.
അതിനാൽ മക്കളുടെ ഭാവി സുരക്ഷിതമാക്കുവാനും അവരോടുള്ള കടമകൾ വിശ്വസ്തതയോടെ നിറവേറ്റാനും എല്ലാം മാതാപിതാക്കന്മാരും തയ്യാറാകേണ്ടതുണ്ട്. അവരുടെ ഭാവി നിർണയിക്കപ്പെടുന്നത് മാതാപിതാക്കന്മാരായ നിങ്ങളുടെ കരങ്ങളിലൂടെ ആണെന്ന് നിങ്ങൾ തിരിച്ചറിയണം. തങ്ങളുടെ മക്കളോട് കൂടെ ആയിരിക്കാനും അവർക്ക് വേണ്ട പരിചരണങ്ങൾ നൽകാനും എല്ലാ മാതാപിതാക്കന്മാരും തയ്യാറാകണം. കുട്ടികളെ ലഹരിവസ്തുക്കളുടെ ഉപയോഗങ്ങളിലേക്ക് നയിക്കുന്ന എല്ലാ തരത്തിലുള്ള കാരണങ്ങളും മനസ്സിലാക്കാനും അതനുസരിച്ച് വേണ്ട ശരിയായ മാർഗ്ഗനിർദ്ദേശങ്ങളും പരിചരണങ്ങളും കുട്ടികൾക്ക് നൽകാനും എല്ലാ മാതാപിതാക്കന്മാരും പരിശ്രമിക്കണം. അതുവഴി ലഹരിവസ്തുക്കളുടെ ഉപയോഗത്തിൽ നിന്നും കുട്ടികളെ വിമുക്തരാക്കാനും നല്ലൊരു ലഹരി വിമുക്തമായ തലമുറയെ വാർത്തെടുക്കാനും നമുക്ക് സാധിക്കും.