അമിതമായ സ്വാതന്ത്ര്യം നമ്മുടെ കുട്ടികളെ നയിക്കുന്നത് നാശത്തിലേക്കാണോ?

നാമെല്ലാവരും തന്നെ സ്വാതന്ത്ര്യം അനുഭവിക്കാനായിട്ട് ആഗ്രഹിക്കുന്നവരാണ്. സ്വതന്ത്രരായി നടക്കാൻ നാമേറെ ഇഷ്ടപ്പെടുന്നവരാണ്. ആരുടെയും ഒന്നിന്റെയും അടിമത്തം അനുഭവിക്കാനായിട്ട് സാധാരണയായി നാം ആഗ്രഹിക്കാറില്ല., അങ്ങനെ ആഗ്രഹിക്കുന്നവർ ആരും തന്നെ ഉണ്ടാകണമെന്നില്ല. അതിനാൽ, നാം അനുഭവിക്കുന്ന എല്ലാ തരത്തിലുമുള്ള  അടിമത്തങ്ങളിൽ നിന്നും വിടുതൽ പ്രാപിക്കുവാനായിട്ട് നാം ആഗ്രഹിക്കുകയും അടിപ്പെട്ടുപോകുമ്പോൾ അസ്വസ്ഥപ്പെടുകയും ചെയ്യുന്നവരാണ്. പക്ഷേ, നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം അനിയന്ത്രിതമാണെങ്കിൽ, അതു നമ്മുടെ  ജീവിതത്തിന്റെ സമസ്ത മേഖലകളെയും  ദോഷകരമായിട്ട് ബാധിക്കുന്നതിന് ഇടയാകാൻ സാധ്യതയുണ്ട്., അതു നമ്മെ നാശത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് നമുക്കുള്ള സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാതെ ശരിയായ വിധത്തിൽ അത് വിനിയോഗിക്കുന്നതിൽ നാം ശ്രദ്ധയുള്ളവരായിരിക്കണം.

കുട്ടികളുടെ കാര്യത്തിലും സ്വാതന്ത്ര്യത്തിന്റെ വിനിയോഗം പ്രധാനപ്പെട്ട ഒരു കാര്യമാണ്. സ്വാതന്ത്ര്യം നിയന്ത്രണവിധേയമല്ലാതാകുമ്പോൾ കുട്ടികൾ വഴിതെറ്റി പോകുന്നതിന് ഇടയാകുന്നു. അതിനാൽ, അർഹിക്കുന്ന സ്വാതന്ത്ര്യം കുട്ടികൾക്ക് കൊടുക്കാനും അർഹതയില്ലാത്ത സ്വാതന്ത്ര്യം നിയന്ത്രിക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ന് പല കുട്ടികളും നാശത്തിലേക്ക് പോകുന്നതിന്റെ ഒരു പ്രധാന കാരണം നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യം ആണ്. അതിനാൽ, അത് വിവേകപൂർവ്വം  നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. ഫ്രാൻസിസ് മാർപാപ്പ പറയുന്നു: “കുട്ടികളുടെ സ്വാതന്ത്ര്യം കവർന്നെടുക്കുന്നത് അവരുടെ ഭാവിയെ കവർന്നെടുക്കുന്നതിന് തുല്യമാണ്”. കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായിട്ടുള്ള ഒരു കാര്യമാണ് സ്വാതന്ത്ര്യം എന്നത്. എന്നാൽ, അത് അമിതമാകുമ്പോൾ ദോഷകരമാകാനും സാധ്യതയുണ്ട്. സ്വാതന്ത്ര്യം എന്നാൽ സ്വന്തം തീരുമാനങ്ങൾ എടുക്കാനും തെറ്റുകൾ വരുത്താനും സ്വന്തം വഴികൾ അന്വേഷിക്കാനുമുള്ള ഒരു അവസരമാണ്. സ്വാതന്ത്ര്യം നൽകേണ്ടത് ഒരു പടിപടിയായ പ്രക്രിയയാണ്. കുട്ടികളുടെ പ്രായവും പഠനശേഷിയും അനുസരിച്ച് നാം അവർക്ക് അത് നൽകേണ്ടതുണ്ട്. പല മാതാപിതാക്കളും കുട്ടികൾക്ക് സ്വാതന്ത്ര്യം നൽകുന്നതിൽ ഒത്തിരിയേറെ ഭയവും അസ്വസ്ഥതകളും പ്രകടിപ്പിക്കാറുണ്ട്. എന്നാൽ, അങ്ങനെയുള്ള അവസരങ്ങളിൽ ഭയപ്പെടാതെ ജാഗരൂകതയോടെയും വിവേകത്തോടെയും പെരുമാറാൻ നമുക്ക് സാധിക്കണം. സ്വാതന്ത്ര്യം നൽകുക  എന്നാൽ ശിക്ഷയല്ല, അത് കുട്ടികളെ ജീവിതത്തിന് തയ്യാറാക്കുന്ന സ്നേഹപൂർവ്വമായ ഒരു കൊടുക്കലാണ്.  സ്വാതന്ത്ര്യം നൽകുക എന്നാൽ അതിരുകൾ ഇല്ലാതാക്കുക എന്നതല്ല., മറിച്ച്  വ്യക്തമായ അതിരുകൾ വഴി സുരക്ഷയും ഭദ്രതയും ഉറപ്പുവരുത്തുക എന്നതാണ്. സുരക്ഷിതമായ അതിരുകൾക്കുള്ളിൽ കുട്ടികൾക്ക് ചിറകുകൾ വിരിക്കാൻ അനുവദിക്കുന്ന ഒന്നാകണം സ്വാതന്ത്ര്യം. കുട്ടികളുടെ മാനസികാരോഗ്യത്തിന് സ്വാതന്ത്ര്യം അനിവാര്യമായിട്ടുള്ള ഒരു കാര്യമാണ്. അതിനാൽ, കുട്ടികളെ വഴിതെറ്റിക്കാതെ അവർക്കുള്ള അമിതമായ സ്വാതന്ത്ര്യം നിയന്ത്രിക്കേണ്ടതിനെക്കുറിച്ച് മാതാപിതാക്കൾ അവബോധമുള്ളവരാകേണ്ടതുണ്ട്.

യോഹ 8:32 ൽ ഈശോ പറയുന്നു: “നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും”. കുട്ടികൾക്ക് കൊടുക്കുന്ന സ്വാതന്ത്ര്യത്തിൽ വ്യക്തമായ അതിരുകൾ നിശ്ചയിക്കാൻ മാതാപിതാക്കൾ തയ്യാറാകേണ്ടതുണ്ട്. എന്ത് ചെയ്യാം, എന്ത് ചെയ്യാൻ പാടില്ല എന്നതിനെക്കുറിച്ച് വ്യക്തമായ നിയമങ്ങൾ മാതാപിതാക്കൾക്കുണ്ടായിരിക്കണം. ഈ നിയമങ്ങൾ എന്തുകൊണ്ടാണെന്നും അവ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മാതാപിതാക്കൾ കുട്ടികളുമായി സംസാരിക്കേണ്ടതുണ്ട്. കുട്ടികളുടെ ആശയവിനിമയം പ്രോത്സാഹിപ്പിച്ചുകൊണ്ട് അവരുമായി തുറന്നതും സത്യസന്ധവുമായ സംഭാഷണങ്ങൾ മാതാപിതാക്കൾ നടത്തേണ്ടതുണ്ട്. അവർക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തുറന്നു സംസാരിക്കാനുള്ള സ്വാതന്ത്ര്യം നാം അവർക്ക് കൊടുക്കണം. അവരുടെ അഭിപ്രായങ്ങളെ മാനിക്കുകയും തെറ്റായ തീരുമാനങ്ങൾ എടുക്കുമ്പോൾ അവരെ തിരുത്തുകയും വേണം. കുട്ടികൾക്ക് സ്വാതന്ത്ര്യം കൊടുക്കുന്നതോടൊപ്പം വീട്ടുജോലികളിലും പഠന കാര്യങ്ങളിലും മറ്റു വ്യക്തിപരമായ ഉത്തരവാദിത്വങ്ങളിലും അവരെ ഏർപ്പെടുത്താനും അങ്ങനെ അവരെ വളർത്താനും നാം പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്ക് സ്വാതന്ത്ര്യം കൊടുക്കുന്നതോടൊപ്പം മോശമായ കൂട്ടുകെട്ടുകളിലേക്ക് അവർ പോകാതിരിക്കാൻ നമ്മൾ മാതാപിതാക്കൾ ശ്രദ്ധിക്കണം. അവരുടെ നല്ല കൂട്ടുകെട്ടുകളെ നമ്മൾ പ്രോത്സാഹിപ്പിക്കുകയും തെറ്റായ കൂട്ടുകെട്ടുകളിൽ നിന്നും അവരെ പിന്തിരിപ്പിക്കുകയും വേണം. അവരുടെ സുഹൃത്തുക്കളെക്കുറിച്ചും അവർ ചെലവഴിക്കുന്ന സ്ഥലങ്ങളെക്കുറിച്ചുമുള്ള ഒരു ധാരണ നമുക്കുണ്ടാകണം. ശരിയായ സ്വാതന്ത്ര്യ ബോധത്തിൽ ജീവിക്കുന്നതിൽ നമ്മൾ മാതാപിതാക്കൾ ആയിരിക്കണം നമ്മുടെ മക്കൾക്ക് ഉദാത്ത മാതൃകയാകേണ്ടത്. കുട്ടികൾ സ്വന്തം തീരുമാനങ്ങൾ  എടുക്കാൻ നമ്മൾ അവരെ പഠിപ്പിക്കണം. ചെറിയ കാര്യങ്ങളിൽ സ്വന്തം തീരുമാനങ്ങൾ എടുക്കുന്നതു വഴി അവരുടെ ആത്മവിശ്വാസം വളർത്താനും ശരിയായ തിരഞ്ഞെടുപ്പുകൾ നടത്താനും അവർക്ക് സാധിക്കുന്നു. എന്നാൽ, പ്രധാനപ്പെട്ട തീരുമാനങ്ങളിൽ നാം അവർക്ക് മാർഗ്ഗനിർദ്ദേശം കൊടുക്കേണ്ടതുണ്ട്. പൗലോശ്ലീഹ ഗലാ 5:1 ൽ പറയുന്നു: “സ്വാതന്ത്ര്യത്തിലേക്ക് ക്രിസ്തു നമ്മെ മോചിപ്പിച്ചു. സ്ഥിരതയോടെ നിൽക്കുവിൻ. അടിമത്തത്തിന്റെ നുകത്തിന് ഇനിയും നിങ്ങൾ വിധേയരാകരുത്”.

അതിനാൽ, ശരിയായ സ്വാതന്ത്ര്യ അവബോധത്തിൽ നമ്മുടെ മക്കളെ വളർത്താനും നന്മയുടെ പാതയിലൂടെ അവരെ നയിക്കാനും മാതാപിതാക്കൾ എന്ന നിലയിൽ നമുക്ക് പരിശ്രമിക്കാം. സ്വാതന്ത്ര്യം നൽകുക എന്നത് ഒരു യാത്രയാണ്, ഒരു ലക്ഷ്യമല്ല. ഇതിന് ക്ഷമയും ബോധവൽക്കരണവും സജീവമായ ശ്രദ്ധയും ആവശ്യമാണ്. ഓരോ ചെറിയ സ്വാതന്ത്ര്യവും കുട്ടികളെ ലോകത്തിനെതിരെ ശക്തരാക്കുന്നു. അവരുടെ വളർച്ചയ്ക്കുവേണ്ടി ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ, അവരുടെ ആത്മവിശ്വാസത്തിനും സ്വാതന്ത്ര്യ ബോധത്തിനും വേണ്ടി ചിറകുകൾ നൽകാനും നാം ശ്രദ്ധിക്കണം. അങ്ങനെ ആത്മവിശ്വാസമുള്ളവരായി, ഉത്തരവാദിത്വമുള്ളവരായി നമ്മുടെ മക്കൾ വളർന്നു വരട്ടെ.

ഫാ. ജോസഫ് മുണ്ടുപറമ്പിൽ സി. എസ്. ടി

  • Renewal Voice

    Renewal Voice serves as the voice of RRC. The magazine provides spiritual food for the faithful with reflections and spiritual articles. It strengthens the effort of RRC in leading millions to experience the power and salvation of Christ.

    Related Posts

    ഒന്നും ചെയ്യാത്ത മടിയന്മാരാകരുത്‌

    വിജയത്തിലേക്കുള്ള പടവുകള്‍ – 1 ജീവിതത്തില്‍ പരാജയം സംഭവിക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒരു കാര്യത്തെക്കുറിച്ചാണ് ഇന്ന് നാം ചിന്തിക്കുക. ജീവിതത്തില്‍ ചെയ്യാന്‍ ഒരുപാട് സമയം ഉണ്ടായിരിക്കെ ഒന്നും ചെയ്യാതെ പോകുന്ന ഉദാസീനമായ നിലപാടുകളും സ്വഭാവ രീതികളും വെച്ചുപുലര്‍ത്തുന്നവര്‍. വിശുദ്ധ…

    Read more

    Continue reading
    കൊഴിഞ്ഞുപ്പോകുന്ന സന്തോഷങ്ങള്‍

    ഏറെ സന്തോഷത്തോടെ പറന്നുയരുന്ന ഈയമ്പാറ്റകള്‍ ഏതാനും നിമിഷങ്ങള്‍ക്കപ്പുറം ചിറകുകള്‍ അറ്റ് നിലത്തുവീഴുകയും ജീവിതം തന്നെ പരിങ്ങലിലാവുകയും ചെയ്യുന്നത് നമുക്കറിയാം. ഈ ഈയമ്പാറ്റകള്‍ ജീവിതം നമുക്ക് ചിലതൊക്കെ പഠിപ്പിച്ചു തരുന്നുണ്ട്. ദൈവം ആഗ്രഹിക്കാത്ത കാര്യങ്ങളിലൂടെ ചില സന്തോഷങ്ങളൊക്കെ അനുഭവിക്കുന്നവരും അനുഭവിച്ചവരുമായവരാണ് എങ്കില്‍ നിമിഷ…

    Read more

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *