പ്രതിസന്ധികളെ തകര്‍ക്കുന്ന ശക്തിയേറിയ ആയുധം

ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു. യോഹന്നാൻ 1: 1.

ദൈവമായ ഈ വചനത്തെ വഹിക്കാൻ യാതൊരു യോഗ്യതയില്ലാതിരുന്നിട്ടുകൂടി അവിടുന്ന് നമ്മിലേക്കിറങ്ങിവന്ന് നമ്മോടുകൂടെ പാർത്തു. ദിവസവും ഒരു കുഞ്ഞപ്പമായി നമ്മുടെ നാവിൻ തുമ്പിലേക്കിറങ്ങിവന്നു. വചനസംഹിതയായി ബൈബിളിന്റെ രൂപത്തിൽ നമ്മുടെ അഴുക്കുപുരണ്ട കൈപ്പത്തികളിലമർന്നു . ചിലരതിനെ സ്വന്തം ജീവിതത്തെ രക്ഷിക്കാനുതകുന്ന ശക്തിയേറിയ ആയുധമായി കണ്ടപ്പോൾ മറ്റുചിലർക്ക് നിത്യോപയോഗ വസ്തുപോലെ, അല്ലെങ്കിൽ പറയത്തക്ക പുതുമായൊന്നുമില്ലാത്ത ഒരു സാധാരണ ജീവിതശൈലിയായി അതു മാറി.

കയ്യിലൊരു തോക്കിരുന്നിട്ട് കറികത്തി കാട്ടി പേടിപ്പിക്കുന്നവനെ പേടിച്ചോടുന്ന ഒരു ഭോഷന് സമനാണ് ഇന്ന് നാമെല്ലാവരും. പേടിച്ചരണ്ട് ഓടുന്ന വേളയിൽ പെട്ടെന്നൊരു തിരിച്ചറിവ്.. കയ്യിലിരിക്കുന്ന സാധനത്തിൻ്റെ യഥാർത്ഥ പവറിനെ പറ്റി. അപ്പോൾ ഒന്നു തിരിഞ്ഞ്നിന്നു. കയ്യിലിരിക്കുന്ന തോക്കുയർത്തിക്കാട്ടി ഒരു ചോദ്യം.ഇനി ആരുണ്ടെടാ എന്നെ തൊടാൻ? പിന്നെ ഓട്ടം എതിർദിശയിൽ ആയി. കത്തിയുള്ളവൻ മുന്നെയും തോക്കുള്ളവൻ പിന്നാലെയും.

നമ്മെ പിന്തുടരുന്ന പ്രശ്‌നങ്ങളെ പേടിപ്പിച്ചോടിക്കാൻ വചനമെന്ന ആയുധത്തിന്റെ യഥാർത്ഥശക്തിയെക്കുറിച്ച് ഇടക്കിടക്ക് നമ്മെത്തന്നെ ഓർമിപ്പിക്കേണ്ടതുണ്ട്. മജ്ജയിലും മാംസത്തിലും തുളച്ചുകയറി മനുഷ്യൻ്റെ ആത്മശരീര അന്തരംഗങ്ങളിലെല്ലാം വലിയ പരിവർത്തനം നടത്താൻ തിരുവചനത്തിന് കഴിയും. എന്നാൽ കണ്ണുള്ളവൻ അതിന്റെ വിലയറിയില്ലെന്നതുപോലെ ഈ വലിയ നിധിയുടെ മൂല്യം ചുരുക്കം ചിലർക്കുമാത്രം വെളിപ്പെടുന്നു.വചനം ദൈവത്തിന്റെ സ്വരമത്രെ.പിതാവായ ദൈവം തന്റെ മക്കളോട് സംസാരിക്കുന്ന മാധ്യമം. വലിയ ആഗ്രഹത്തോടെ അത് കേൾക്കാനാഗ്രഹിച്ച് ബൈബിൾ തുറക്കുന്നവനോട് അത് നിശ്ചയമായും സംസാരിക്കും.ജീവിത യാത്രയിൽ വഴിത്തൂണുകളാവുകയും പ്രതിസന്ധിഘട്ടങ്ങളിൽ സാന്ത്വനമാവുകയും ചെയ്യും. പഴകാലങ്ങളെ അപേക്ഷിച്ച് ഇന്ന് ഈ വചനം വളരെക്കൂടുതൽ പ്രാപ്യമാണ്. അല്ലെങ്കിൽ നമ്മുടെയൊക്കെ വിരൽത്തുമ്പിലാണ്. വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം സമൂഹമാധ്യമങ്ങളുടെ സാധ്യതകൾ വർദ്ധിപ്പിക്കുകയും ലോകത്തിന്റെ എല്ലാ അറ്റങ്ങളിലേക്കും വചനത്തെ അയക്കുവാൻ സഹായിക്കുകയും ചെയ്‌തു.പണ്ട് ഒരു ധ്യാനം കൂടണമെങ്കിൽ താണ്ടേണ്ട വഴികളും പങ്കപ്പാടുകളൊന്നും ഇന്ന് ഇല്ല. വേണ്ടത് വചനം കേൾക്കാനുള്ള മനസ്സ് മാത്രം. നല്ല തമ്പുരാൻറെ വലിയ കൃപയൊന്നുകൊണ്ട് ആത്മീയരായ ഇടയരെയും ബൈബിൾ പണ്ഡിതരെയും നമുക്ക് തന്നനുഗ്രഹിച്ചു. ഇന്ന് നമ്മുടെ സ്മാർട്ട്ഫോണുകൾ വഴി വചനം പഠിക്കാനും ധ്യനിക്കാനും അവസരങ്ങൾ ഒട്ടേറെയാണ്. പൂർവപിതാവായ ജോസഫിലൂടെ ദൈവം വ്യാഖ്യാനിച്ച ഈജിപ്‌തിലെ ക്ഷമത്തേക്കുറിച്ചുള്ള സ്വ‌പ്നം നാമോർക്കുന്നുണ്ടല്ലോ. നദിയിൽനിന്നു കയറിവന്ന ആദ്യത്തെ 7 കൊഴുത്ത പശുക്കൾ സുഭിക്ഷതയെയും പിന്നീട് വന്ന 7 മെലിഞ്ഞുണങ്ങിയ പശുക്കൾ വരാനിരുന്ന കടുത്ത ക്ഷാമത്തെയും സൂചിപ്പിച്ചു. അതേപോലെത്തന്നെ നാം ഇപ്പോളുള്ളത് വചനം സമീപസ്ഥമായ, നമ്മുടെ വിരൽത്തുമ്പിലുള്ള ഒരു കാലഘട്ടത്തിലാണ്. ഇനി വരാനിരിക്കുന്നത് കൊടിയ മതമർദ്ധങ്ങളുടെയും വചനക്ഷാമത്തിൻ്റെയും നാളുകൾ.വെള്ളം പോലെ നാമത് തേടും. എന്നാൽ കിട്ടിയെന്നുവരില്ല.അതുകൊണ്ട് ബുദ്ധിമാനായ ജോസഫ് സമൃദ്ധിയുടെ അഞ്ചിലൊന്ന് ശേഖരിച്ചുവച്ചതുപോലെ നമുക്കും വചനം വിരൽത്തുമ്പിൽ ഉള്ള ഈ പരിമിത സമയത്തെ പൂർണമായും പ്രയോജനപ്പെടുത്താം. തിരുവെഴുത്തുകളെ ഹൃദ്യസ്ഥമാക്കാം. അവ നമ്മെ ക്രിസ്തുവിലേക്ക് നയിക്കട്ടെ.

  • Renewal Voice

    Renewal Voice serves as the voice of RRC. The magazine provides spiritual food for the faithful with reflections and spiritual articles. It strengthens the effort of RRC in leading millions to experience the power and salvation of Christ.

    Related Posts

    ഒന്നും ചെയ്യാത്ത മടിയന്മാരാകരുത്‌

    വിജയത്തിലേക്കുള്ള പടവുകള്‍ – 1 ജീവിതത്തില്‍ പരാജയം സംഭവിക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒരു കാര്യത്തെക്കുറിച്ചാണ് ഇന്ന് നാം ചിന്തിക്കുക. ജീവിതത്തില്‍ ചെയ്യാന്‍ ഒരുപാട് സമയം ഉണ്ടായിരിക്കെ ഒന്നും ചെയ്യാതെ പോകുന്ന ഉദാസീനമായ നിലപാടുകളും സ്വഭാവ രീതികളും വെച്ചുപുലര്‍ത്തുന്നവര്‍. വിശുദ്ധ…

    Read more

    Continue reading
    കൊഴിഞ്ഞുപ്പോകുന്ന സന്തോഷങ്ങള്‍

    ഏറെ സന്തോഷത്തോടെ പറന്നുയരുന്ന ഈയമ്പാറ്റകള്‍ ഏതാനും നിമിഷങ്ങള്‍ക്കപ്പുറം ചിറകുകള്‍ അറ്റ് നിലത്തുവീഴുകയും ജീവിതം തന്നെ പരിങ്ങലിലാവുകയും ചെയ്യുന്നത് നമുക്കറിയാം. ഈ ഈയമ്പാറ്റകള്‍ ജീവിതം നമുക്ക് ചിലതൊക്കെ പഠിപ്പിച്ചു തരുന്നുണ്ട്. ദൈവം ആഗ്രഹിക്കാത്ത കാര്യങ്ങളിലൂടെ ചില സന്തോഷങ്ങളൊക്കെ അനുഭവിക്കുന്നവരും അനുഭവിച്ചവരുമായവരാണ് എങ്കില്‍ നിമിഷ…

    Read more

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *