
ഒരിക്കൽ ഒരു ശില്പി വലിയ മാർബിളിൽ കൊത്തുപണികൾ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അയൽപക്കത്തുള്ള കുട്ടിക്ക് അത് വളരെ കൗതുകമായി തോന്നി. എല്ലാ ദിവസവും ആ കുട്ടികൾ ശില്പി ചെയ്യുന്ന പണി നോക്കി നിൽക്കും. ഒരിക്കൽ ഒരു കുട്ടി ശില്പിയോട് ചോദിച്ചു ‘നിങ്ങൾ എന്തു പണിയാണ് ഈ മാർബിൾ കൊണ്ട് ചെയ്യുന്നത്?’ ശില്പി ഉത്തരം നൽകിയില്ല. എന്നാൽ പതുക്കെ പതുക്കെ മാർബിളിൽ ഒരു പ്രതിമ തെളിഞ്ഞു വരാൻ തുടങ്ങി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ പ്രതിമയ്ക്കു വ്യക്തമായ രൂപമായി. സൂക്ഷിച്ചുനോക്കിയപ്പോൾ യേശുവിന്റെ പുഞ്ചിരിക്കുന്ന ഒരു രൂപമായി. പണി പൂർത്തിയാക്കി കഴിഞ്ഞപ്പോൾ കുട്ടി വീണ്ടും ചോദിച്ചു ‘എങ്ങനെ അറിയാമായിരുന്ന ഈ മാർബിളിൽ യേശു മറഞ്ഞിരിക്കുന്നു എന്ന്?’ ശില്പി മറുപടി പറഞ്ഞു:
“വളരെ പ്രയാസമുള്ള ഒരു ജോലിയാണ് ഈ മാർബിളിൽ ചെയ്യേണ്ടിയിരുന്നത്. മറഞ്ഞിരിക്കുന്ന യേശുവിനെ പുറത്തുകൊണ്ടുവരുവാൻ ആവശ്യമില്ലാത്തതെല്ലാം എടുത്തു കളയേണ്ടിയിരുന്നു. അങ്ങനെ പലരീതിയിൽ ആവശ്യമില്ലാത്തതിനെ എടുത്തു കളഞ്ഞപ്പോൾ മാർബിൾ യേശുവിന്റെ രൂപമായി മാറി.”
പ്രിയമുള്ള സഹോദരി, സഹോദരങ്ങളെ നമ്മുടെ ജീവിതത്തിലും മറഞ്ഞിരിക്കുന്ന യേശുവിനെ പുറത്തുകൊണ്ടുവരാനും മറഞ്ഞിരിക്കുന്ന ദൈവാനുഗ്രഹങ്ങളെ അനുഭവിക്കാനും ആവശ്യമില്ലാത്ത ചിലതൊക്കെ നമ്മുടെ ജീവിതത്തിൽ നിന്ന് ഒഴിവാക്കേണ്ടതായിട്ടുണ്ട്. വിശുദ്ധ ഗ്രന്ഥത്തിൽ സക്കേവൂസ് ചുങ്കക്കാരനായി ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത പണം മൊത്തം ക്രിസ്തുവിനെ അനുഭവിക്കാനും കണ്ടെത്തുന്നതിനും വേണ്ടി തിരിച്ചു കൊടുക്കുന്ന രംഗം കാണുന്നു. തന്റെ ജീവിതത്തിലെ അനാവശ്യമായിരുന്ന ചുങ്ക പിരിവ് അവസാനിച്ചപ്പോൾ അവന്റെ ജീവിതത്തിൽ ദൈവത്തിൻ്റെ അനുഗ്രഹവും സമാധാനവും കടന്നുവന്നു. നമ്മളൊക്കെ സാമ്പത്തികമായും സാമൂഹ്യപരമായും വിദ്യാഭ്യാസപരമായുമൊക്കെ മുന്നിട്ടുനിൽക്കുമ്പോൾ ജീവിതത്തിൻ്റെ സന്തോഷ നിമിഷങ്ങളും നന്മകളും ആസ്വദിക്കാൻ കഴിയാതെ പോകുന്നത് ഈ ക്രിസ്തുവിൻ്റെ അനുഗ്രഹത്തെ അനുഭവിക്കാൻ കഴിയാത്ത വിധത്തിലുള്ള ചില അനാവശ്യമായിട്ടുള്ള സാധ്യതകൾ നിലനിൽക്കുന്നത് കൊണ്ടാണ്. അതുകൊണ്ട് നമ്മുടെ ജീവിതത്തിൻ്റെ അനുഗ്രഹത്തിന് തടസ്സമാകുന്ന അനാവശ്യമായ സാധ്യതകളെ- വസ്തുതകളെ – ഇല്ലാതാക്കാനും അതുപോലെ തന്നെ ദൈവത്തെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ സാധിക്കുന്ന ദൈവാനുഗ്രഹത്തിന്റെ വ്യക്തിത്വങ്ങൾ ആയി മാറാനും നമുക്ക് സാധിക്കണം.
അതിന് ആവശ്യമില്ലാത്ത ചില വസ്തുതകൾ -സാധ്യതകൾ – നമ്മളിൽ നിന്നും എടുത്തു മാറ്റേണ്ടതായിട്ടുണ്ട്. ദൈവം അതിനു നിങ്ങളെ അനുഗ്രഹിക്കട്ടെ.
നിങ്ങളുടെ ജോർജച്ചൻ