ഗോളാന്തര വാർത്ത

എല്ലാവരേയും ഞെട്ടിക്കുന്ന ഒരു സംഭവുമായിട്ടാണ് ഇന്ന് വാർത്ത തുടങ്ങുന്നത്. മോഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ അവളുടെ ഭർത്താവിനെ ചതിയിൽ കൊലപ്പെടുത്തിയ നിഷ്ഠൂരവും നികൃഷ്ടവുമായ ഒരു പാതകം നടന്നിരിക്കുകയാണ്. സ്വന്തമായി വേറെ ഭാര്യമാർ ഉണ്ടായിരിക്കേത്തന്നെ ഈ കടുംകൈ ചെയ്തത് മറ്റാരുമല്ല നമ്മുടെ സ്വന്തം ദാവീദ് രാജാവ് തന്നെ. രാജാവ് തന്നെക്കൊണ്ട് ഇതു ചെയ്യിക്കുകയായിരുന്നെന്ന് യൊവാബ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. പൊതു ജനം മുഴുവനും രാജാവിനെതിരെ തിരിഞ്ഞു. ഊറിയ എങ്ങനെ വധിക്കപ്പെട്ടുവോ അതുപോലെ തന്നെ രാജാവിനെയും കൊല്ലണം എന്നാണ് ഭൂരിഭാഗം ജനങ്ങളും ആവശ്യപ്പെടുന്നത്.
ദാവീദു രാജാവിന്റെ കാലത്ത് media ഉണ്ടായിരുന്നുവെങ്കിൽ എന്തായിരുന്നു സ്ഥിതി. പിന്നീട് ഇതിന്റെ വീഡിയോ clip എടുത്ത് ഏതൊക്കെ whatsapp group ൽ ഇടാമോ അവിടെയൊക്കെ ഇട്ട് നാം ഒത്തിരി പരസഹായം ചെയ്യുകയും ചെയ്യും.
മറ്റുള്ളവരുടെ കുറവുകൾ വലുതാക്കിക്കാണിച്ച് സ്വയം മാന്യൻമാരെന്നു നടിക്കുന്ന നമ്മുടെയൊക്കെ പരദൂഷണ സ്വഭാവമല്ലേ ഇവിടെ പ്രകടമാകുന്നത്?
ഒരു പക്ഷേ ഏറ്റവും ജ്ഞാനിയായിരുന്ന സോളമനെ നമുക്ക് ലഭിക്കാൻ സാധ്യതയില്ലാത്ത വിധം ദാവീദിന്റെ ജീവിതത്തിന് ഏതെങ്കിലും തരത്തിലുള്ള ഒരന്ത്യം സംഭവിച്ചേനെ. എന്നാൽ അന്ന് അവിടെ ശരിക്കും പ്രവർത്തിച്ചത് മനുഷ്യരല്ല ദൈവമായിരുന്നതു കൊണ്ടു തന്നെ ദാവീദിന് അനുതാപം ഉണ്ടാകുകയും ലോകത്തിലെ ഏറ്റവും വലിയ ജ്ഞാനിയെന്നു പേരു കേട്ട സോളമന് ജൻമം നൽകുവാനും ദൈവം അനുവദിക്കുകയും ചെയ്തു.
പരദൂഷണം എന്നാൽ ഒരാളെക്കുറിച്ചുള്ള ഇല്ലാക്കഥകൾ പറയുന്നതു മാത്രമല്ല, ഉള്ള കുറവുകൾ പറയുന്നതും കൂടി ഉൾപ്പെടും.
പണ്ടൊക്കെ നാലാളുകൾ കൂടുന്നിടത്ത് നടത്തിയിരുന്ന ഈ കല ആധുനിക കാലത്ത് hitech പരദൂഷണമായി മാറിയിരിക്കുന്നു. എന്നതാണ് വ്യത്യാസം. അന്നൊക്കെ ഒരു വ്യക്തിയെക്കുറിച്ച് പറയുന്നത് ഒരു ഗ്രാമത്തിലോ മറ്റോ മാത്രമേ പടർന്നിരുന്നുള്ളൂവെങ്കിൽ ഇന്നത് ഒരു വീഡിയോ വഴി ലോകം മുഴുവനും നമുക്ക് എത്തിച്ച് ആ വ്യക്തിയുടെ ജീവിതം തന്നെ നമുക്ക് നശിപ്പിച്ചെടുക്കാം എന്ന അവസ്ഥയിൽ എത്തി നിൽക്കുന്നു. ചിലർ ഒരു കൗതുകത്തിനു വേണ്ടി വീഡിയോ പിടിക്കുന്നു. മറ്റുചിലരോ ഒരു മനസ്സുഖത്തിനു വേണ്ടി അത് share ചെയ്യുന്നു.
എന്തുകൊണ്ടാണ് മറ്റുള്ളവരുടെ കുറവുകൾ പ്രചരിപ്പിക്കാൻ നാമിത്ര വ്യഗ്രത കാണിക്കുന്നത് ?
ഒന്ന് : നമ്മുടെ പാപങ്ങളെക്കുറിച്ച് നാം തീരെ  ബോധവാൻമാരല്ല.
രണ്ട് : നമ്മുടെ പാപം മറച്ചുപിടിക്കാൻ നാം മറ്റുള്ളവരുടേത് വലുതാക്കി കാണിക്കൂകയും ചെയ്യുന്നു.
” അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോള്‍ നിനക്ക്ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോള്‍, നീ നിന്നെത്തന്നെയാണു വിധിക്കുന്നത്. എന്തെന്നാല്‍, വിധിക്കുന്ന നീയും അതേ കുറ്റങ്ങള്‍ ചെയ്യുന്നു.” (റോമാ 2 : 1)
ഫരിസേയൻ ചുങ്കക്കാരന്റെ കുറവുകളെപ്പറ്റി പറയാനാണ് ദൈവത്തിന്റെ അടുത്തു പോയത് തന്നെ, സ്വന്തം പാപങ്ങൾ ആ മനുഷ്യൻ തിരിച്ചറിഞ്ഞിട്ടുപോലുമില്ലായിരുന്നു. എന്നാൽ  ഫരിസേയന്റെ ആ വാക്കുകൾ ദൈവം കേട്ടഭാവം പോലും നടിച്ചില്ല. ചുങ്കക്കാരനോ തന്റെ തന്നെ കുറ്റം പറയാനാണ് ദൈവത്തിന്റെ അടുത്തു പോയത്. അതുകൊണ്ടു മാത്രമാണ്, ദൈവത്തിന്  ചുങ്കക്കാരനെ ഇഷ്ടപ്പെട്ടത്. ദൈവത്തിന്റെ സ്ഥാനത്ത് നമ്മളാണെങ്കിലോ നേരേ തിരിച്ചായിരിക്കും സംഭവം. മറ്റുള്ളവരുടെ കുറവുകൾ പറഞ്ഞു വരുന്നവരെ വളരെ സ്നേഹത്തോടെ സ്വീകരിക്കുകയും സ്വന്തം കുറവുകൾ പറഞ്ഞു കൊണ്ടുവരുന്നവരെ ആ കുറവുകളുടെ പേരിൽത്തന്നെ അവഗണിക്കുകയും വിധിക്കുകയും ചെയ്യും.
നാം പറയുന്നതൊക്കെ അംഗീകരിക്കുകയും അതുപോലെ പ്രവർത്തിക്കുകയും ചെയ്യുന്നവരെ നല്ലവരായും നമ്മുടെ ചിന്താഗതികൾക്ക് എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ തിൻമയുള്ളവരായും ചിത്രീകരിക്കുക എന്നുളളതാണ് പൊതുവേ കാണുന്നത്. ആത്മപ്രശംസ കൊണ്ട് നാം തന്നെ സൃഷ്ടിച്ചെടുത്ത സ്വന്തം സൽപേരിന്റെ ഉന്നത ശ്യംഗത്തിൽ നിന്നുകൊണ്ട് മറ്റുള്ളവരെ വിലയിരുത്തുന്ന സ്വഭാവമാണ് നമ്മുടെ സമ്പാദ്യം.
മറ്റു വ്യക്തികളെ  മനസ്സിലാക്കാനോ അവരുടെ ഭാഗത്തു നിന്നു ഒന്ന് ചിന്തിക്കാനോ ഇന്നാർക്കും കഴിയുന്നില്ല. താൻ മാത്രം വളരെ നന്നായി കാര്യങ്ങളൊക്കെ ചെയ്യുന്നുവെന്നും താൻ പറയുന്നത് മാത്രമാണ് ശരിയെന്നുമാണ് നമ്മുടെയൊക്കെ ചിന്ത. ഇതിന്റെ ഫലമോ നമ്മുടെ കുറവുകൾ തിരിച്ചറിയാൻ പറ്റാത്ത വിധം കണ്ണുകൾ അന്ധമായിപ്പോകുന്നു. പിന്നീട് മറ്റുള്ളവരുടെ കുറവുകൾ മാത്രം കാണുക, അതു മറ്റുള്ളവരോട് പറഞ്ഞു കൊണ്ടു നടക്കുക എന്ന തഴക്കദോഷത്തിലേയ്ക്ക് നാം വീഴുന്നു.
” മറ്റുള്ളവരുടെ ജീവിതത്തെ വിമർശനം ചെയ്ത് ആനന്ദമനുഭവിക്കുക അലസൻമാരുടെ പ്രത്യേക ലക്ഷണമാണ്. എന്നാൽ ആത്മിയോപദേഷ്ടാക്കൾ , കുടുംബ നേതാക്കൻമാർ , ന്യായാധിപൻമാർ തുടങ്ങിയവർ തങ്ങളുടെ അധികാരസീമയിൽപ്പെട്ടവരുടെ ജീവിതത്തെ പരിശോധിച്ച് നിയന്ത്രിക്കേണ്ടതു തന്നെയാണ്. പക്ഷേ  ആർദ്രതയോടും പരസ്നേഹത്തോടും കൂടെ തങ്ങളുടെ കടമകളെ അവർ നിർവ്വഹിക്കണം. ഇവരും തങ്ങളെത്തന്നെ പരിശോധിക്കുകയും വിധിക്കയും ചെയ്യുന്നതിൽ അനാസ്ഥ പ്രദർശിപ്പിക്കരുത്. ” (വി. ഫ്രാൻസീസ് ഡി സാലസ് )
ഒരാൾ ആദ്യമായി ഒരു തെറ്റിൽ വീണു പോയെന്നിരിക്കട്ടെ. പിന്നീടൊരിക്കലും ആ വ്യക്തി അതേ തെറ്റ് ആവർത്തിച്ചിട്ടില്ലെങ്കിലും  എല്ലായിടത്തും അയാൾ അറിയപ്പെടുന്നത് ആ തെറ്റുകാരനായിട്ടായിരിക്കും. അങ്ങിനെയുള്ള വിലയിരുത്തൽ തീർത്തും അനീതിപരമാണെന്ന് ദാവീദ് രാജാവ് തെളിയിക്കുന്നു. ഇനി കഠിന പാപികളുടെ കാര്യമെടുത്താലും നമ്മുടെ വിധി ഒരിക്കലും ശരിയാവണമെന്നില്ല. അതിനൊരു ഉദാഹരണമാണ് മഗ്ദലന മറിയം. ദൈവത്തിന്റെ കരുണ ഒരു വ്യക്തിയെ എങ്ങനെ കടാക്ഷിക്കുമെന്ന് നമുക്കറിയില്ലാത്തതു കൊണ്ടു തന്നെ ഒരാളെപ്പോലും വിധിക്കാനോ ഒരു തെറ്റിനെ വിലയിരുത്താനോ നമുക്ക് അവകാശമില്ല. അടുത്ത നിമിഷം നാം എന്തായിത്തീരുമെന്നോ ഭാവിയിൽ ഏതൊക്കെ പാപത്തിൽ നാം വീണു പോകുമെന്നോ ഒക്കെ അറിയാവുന്ന ഒരേ ഒരാൾ ദൈവമാണെന്നിരിക്കേ, നമ്മെ പോലെ തന്നെയുള്ള വേറൊരാളെ  വിധിക്കാൻ നമുക്കെങ്ങനെ സാധിക്കും.” പൊടിയും ചാരവുമായ മനുഷ്യന്അഹങ്കരിക്കാന്‍ എന്തുണ്ട്?ജീവിച്ചിരിക്കെത്തന്നെ അവന്റെ ശരീരം ജീര്‍ണിക്കുന്നു.”(പ്രഭാഷകന്‍ 10 : 9)
” അതിനാല്‍, മുന്‍കൂട്ടി നിങ്ങള്‍ വിധി പ്രസ്താവിക്കരുത്. കര്‍ത്താവ് വരുന്നതുവരെ കാത്തിരിക്കുവിന്‍. അന്ധകാരത്തില്‍ മറഞ്ഞിരിക്കുന്നവയെ വെളിച്ചത്തുകൊണ്ടുവരുന്നവനും ഹൃദയരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നവനും അവനാണല്ലോ. അപ്പോള്‍ ഓരോരുത്തര്‍ക്കും ദൈവത്തില്‍ നിന്നു പ്രശംസ ലഭിക്കും. ” (1 കോറിന്തോസ് 4 : 5)

അതുകൊണ്ട് സഹോദരരേ, വിവേചിച്ചറിയുവാൻ കഴിയണം. ദൈവം നീതി നടത്തുന്നവൻ എന്നതിലുമധികമായി കാരുണ്യവാനാണ്. അവൻ നല്ലവനാണ്, ഒരു പിതാവാണ്, അവൻ സ്നേഹമാണ്, അതാണ് സത്യദൈവം. അവൻ തന്റെ ഹൃദയം എല്ലാവർക്കുമായി തുറക്കുന്നു. പാപികളെന്നു ലോകം മുദ്രകുത്തിവച്ചിരിക്കുന്നവരേയും അവൻ തന്റെ രാജ്യത്തിലേയ്ക്ക് ക്ഷണിക്കുന്നു. അങ്ങനെ ചെയ്യാൻ അവന് സ്വാതന്ത്ര്യവും അധികാരവുമുണ്ട്. കാരണം അവൻ മാത്രമാണ് എല്ലാറ്റിന്റേയും സ്രഷ്ടാവും നിത്യനായ കർത്താവും.

മേരി റിൻസി

  • Renewal Voice

    Renewal Voice serves as the voice of RRC. The magazine provides spiritual food for the faithful with reflections and spiritual articles. It strengthens the effort of RRC in leading millions to experience the power and salvation of Christ.

    Related Posts

    ഒന്നും ചെയ്യാത്ത മടിയന്മാരാകരുത്‌

    വിജയത്തിലേക്കുള്ള പടവുകള്‍ – 1 ജീവിതത്തില്‍ പരാജയം സംഭവിക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒരു കാര്യത്തെക്കുറിച്ചാണ് ഇന്ന് നാം ചിന്തിക്കുക. ജീവിതത്തില്‍ ചെയ്യാന്‍ ഒരുപാട് സമയം ഉണ്ടായിരിക്കെ ഒന്നും ചെയ്യാതെ പോകുന്ന ഉദാസീനമായ നിലപാടുകളും സ്വഭാവ രീതികളും വെച്ചുപുലര്‍ത്തുന്നവര്‍. വിശുദ്ധ…

    Read more

    Continue reading
    കൊഴിഞ്ഞുപ്പോകുന്ന സന്തോഷങ്ങള്‍

    ഏറെ സന്തോഷത്തോടെ പറന്നുയരുന്ന ഈയമ്പാറ്റകള്‍ ഏതാനും നിമിഷങ്ങള്‍ക്കപ്പുറം ചിറകുകള്‍ അറ്റ് നിലത്തുവീഴുകയും ജീവിതം തന്നെ പരിങ്ങലിലാവുകയും ചെയ്യുന്നത് നമുക്കറിയാം. ഈ ഈയമ്പാറ്റകള്‍ ജീവിതം നമുക്ക് ചിലതൊക്കെ പഠിപ്പിച്ചു തരുന്നുണ്ട്. ദൈവം ആഗ്രഹിക്കാത്ത കാര്യങ്ങളിലൂടെ ചില സന്തോഷങ്ങളൊക്കെ അനുഭവിക്കുന്നവരും അനുഭവിച്ചവരുമായവരാണ് എങ്കില്‍ നിമിഷ…

    Read more

    Continue reading

    One thought on “ഗോളാന്തര വാർത്ത

    Leave a Reply

    Your email address will not be published. Required fields are marked *