
ഒരിക്കൽ ബിഷപ്പ് ഫുൾടൈൻ ജെ ഷീൻ ഒരു സ്വപ്നം കണ്ടു. സ്വപ്‌നം ഇതായിരുന്നു: അദ്ദേഹം മരിച്ച് ‘വലിയ കാര്യങ്ങൾ ചെയ്തു എന്ന ഭാവത്തോടെ’ സ്വർഗ്ഗ കവാടത്തിൽ പ്രവേശിക്കാൻ ചെന്നപ്പോൾ പത്രോസ് അദ്ദേഹത്തെ തടഞ്ഞു നിർത്തിക്കൊണ്ട് ചോദിച്ചു, ‘നിങ്ങൾ ആരാണ്?’ ചിരിച്ചുകൊണ്ട് അദ്ദേഹം അല്പം ഗമയോടെ ‘ഞാൻ ഫുൾടെൻ ജെ ഷീൻ എനിക്കായി സ്വർഗ്ഗ വാതിൽ തുറക്കുക’ എന്ന് പറഞ്ഞു. ഇത് കേട്ട പത്രോസ് പറഞ്ഞു ഒരു മിനിറ്റ് സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കുന്നവരുടെ ലിസ്റ്റിൽ താങ്കളുടെ പേര് ഉണ്ടോ എന്ന് നോക്കട്ടെ. നോക്കിയിട്ട് പത്രോസ് പറഞ്ഞു ക്ഷമിക്കണം ഈ കൂട്ടത്തിൽ നിങ്ങളുടെ പേര് ഇല്ല, ആയതിനാൽ അകത്തേക്ക് പ്രവേശിക്കാൻ കഴിയില്ല. അപ്പോൾ അദ്ദേഹം അല്പം ദേഷ്യത്തോടെ പത്രോസിനോട് ചോദിച്ചു സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കുന്നവരുടെ ലിസ്റ്റിൽ എൻറെ പേര് ഇല്ലെന്നോ…. ഭൂമിയിൽ ഇത്രയധികം വലിയ കാര്യങ്ങൾ ചെയ്ത എൻ്റെ പേരില്ലെങ്കിൽ പിന്നെ ആർക്കാണ് അതിനുള്ള അർഹതയുള്ളത്. അദ്ദേഹം പത്രോസുമായി തർക്കിക്കാൻ തുടങ്ങി. ഈ ബഹളം കേട്ട് ഈശോ പുറത്തേക്ക് വന്നു. ഈശോയ്ക്ക് തന്നെ മനസ്സിലാകും എന്ന് കരുതി ഷീൻ പുഞ്ചിരിച്ചുകൊണ്ട് നിന്നു. എന്നാൽ പേരില്ലാത്തവരെ അകത്തേക്ക് പ്രവേശിപ്പിക്കാൻ ആവില്ലെന്നും താങ്കളെ എനിക്കറിയില്ലെന്നും താങ്കൾ ആരാണെന്നും ഈശോ ചോദിച്ചു. ഇത് കേട്ട് അദ്ദേഹം വളരെ ദുഃഖിതനായി. ഒത്തിരി ഭയ പരവശനായി ഷീൻ മറുപടി പറഞ്ഞു, ഞാൻ ഫുൾടെൻ. പെട്ടെന്ന് ഈശോയുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി കടന്നുവന്നു ഈശോ പറഞ്ഞു താങ്കളാണോ ഫുൾടെൻ ജെ ഷീൻ. താങ്കളെ എനിക്ക് നേരിട്ട് അറിയില്ല…. പക്ഷേ എൻ്റെ അമ്മ എന്നെ ഊട്ടുമ്പോഴും മറ്റും താങ്കളെക്കുറിച്ച് പറഞ്ഞത് ഞാൻ ഓർക്കുന്നു. നമുക്ക് സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കാം. സ്വർഗ്ഗത്തിലേക്ക് കടക്കുമ്പോൾ അദ്ദേഹം വാവിട്ട് നിലവിളിച്ചു പോയി. കാരണം പരിശുദ്ധ അമ്മ ഇല്ലായിരുന്നെങ്കിൽ എൻ്റെ സ്ഥിതി എന്താകുമായിരുന്നു എന്ന് അദ്ദേഹം ചിന്തിച്ചു.
പ്രിയമുള്ള സഹോദരി സഹോദരന്മാരെ ഒരു സ്വപ്നത്തിന്റെ കഥയാണ് നാം വായിച്ച് കേൾക്കുന്നത്… നമ്മുടെ ജീവിതത്തിൽ പരിശുദ്ധ അമ്മ നമ്മെ പ്രത്യേകമാംവിധം സഹായിക്കുന്നുണ്ടെന്ന വലിയ തിരിച്ചറിവാണ് ഇത് സമ്മാനിക്കുക. പലപ്പോഴും നമ്മുടെ ജീവിതത്തിന്റെ രണ്ട് അറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ വേണ്ടിയുള്ള ദ്രുതഗതിയിലുള്ള ഓട്ടത്തിനിടയിൽ നിരാശരായി പരിഭ്രാന്തരായി നഷ്ടബോധത്തോടെ ഇരിക്കേണ്ടി വരുമ്പോൾ പരിശുദ്ധ അമ്മയെ കൂട്ടുപിടിച്ച് മുന്നോട്ടു പോകുന്നവർക്ക് യാത്ര സുഖമാണ് എന്ന വലിയ ബോധ്യം കൂടി ഇത് സമ്മാനിക്കുന്നുണ്ട്. പലപ്പോഴും നമ്മുടെ പ്രാർത്ഥന ജീവിതത്തിൽ പരിശുദ്ധ അമ്മയോടുള്ള ഭക്തിയും അമ്മയോടുള്ള സ്നേഹവും ഒക്കെ എത്രത്തോളം വിരളമായി മാറിയിരിക്കുന്നു എന്ന് ഈ കാലം നമ്മെ ഓർമിപ്പിക്കുകയാണ്. നിസ്സാരമായ സങ്കടങ്ങളുടെ പേരിൽ നിസ്സാരമായ ചില പ്രശ്നങ്ങളുടെ പേരിൽ നിരാശയിലേക്കും ജീവിതാന്ത്യത്തിലേക്കും ഒക്കെ കടന്നു പോകുന്ന നിരവധി പേരുണ്ട്. അവരോടൊക്കെ ഈ കഥ ഓർമ്മിപ്പിക്കുന്നത് പരിശുദ്ധ അമ്മയെ കൂട്ടുപിടിച്ചുകൊണ്ട് മുന്നോട്ടുപോകാൻ തന്നെയാണ്. ദൈവം നിങ്ങളുടെ ജീവിതത്തിലും പരിശുദ്ധ അമ്മ വഴി നിരവധി അനുഗ്രഹങ്ങൾ പ്രധാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
നിങ്ങളുടെ ജോർജച്ചൻ