
7,000 കോടി രൂപയുടെ കടമുണ്ടായിരുന്നു, അയാൾക്ക്. രക്ഷപെടാൻ വേറെ വഴിയില്ലെന്ന് വിചാരിച്ച് സ്വയം മരണം വരിച്ച പ്രശസ്ത Coffee Shop ആയ cafe coffee day യുടെ സ്ഥാപകൻ സിദ്ധാർത്ഥ. ഭർത്താവിൻ്റെ വേർപാടിൻ്റെ ദുഃഖത്തിനൊപ്പം അയാൾ വരുത്തി വച്ച കടത്തിൻ്റെ ഭാരവും പേറി CEO സ്ഥാനത്തേയ്ക്ക് അവരോധിക്കപ്പെട്ട ഭാര്യ, മാളവിക. “ഇവളെക്കൊണ്ട് എന്താകാനാണ്” എന്ന് പലരും മാറിനിന്ന് പരിഹസിച്ചിട്ടുണ്ടാകും “പാവം സ്ത്രീ അതിൻ്റെയൊരു വിധി” എന്നു പലരും സഹതപിച്ചിട്ടുമുണ്ടാകും. എന്നാൽ വെറും രണ്ടു വർഷം കൊണ്ട് 5,500 കോടിയുടെ കടം വീട്ടി ബിസിനസ്സിനെ അവർ മുന്നോട്ടു കൊണ്ടു പോയി. സിദ്ധാർത്ഥ പോലും അവളുടെ മൂല്യം തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല.
കൂടെയുള്ള രത്നത്തെ തിരിച്ചറിയാതെ ബുദ്ധിമോശത്തിലേയ്ക്കും അബദ്ധങ്ങളിലേയ്ക്കും ചതിയിലേയ്ക്കുമെല്ലാം വീണു പോകുന്നവർ ധാരാളമുണ്ട്. ലൗകീക കാര്യങ്ങൾ ദൈവത്തിൽ നിന്ന് വാങ്ങിയെടുക്കാനുള്ള തത്രപ്പാടിൽ ജ്ഞാനത്തിനു വേണ്ടി നാമാരും തന്നെ പ്രാർത്ഥിക്കാറില്ല. കൂടെയുള്ള ജ്ഞാനമുള്ളവരെ തിരിച്ചറിയാറുമില്ല. കുടുംബങ്ങളിൽ തന്നെ നോക്കിയാൽ, ചിലയിടത്ത് ഭർത്താവിനും മറ്റു ചിലയിടത്ത് ഭാര്യയ്ക്കും ചിലപ്പോൾ മക്കൾക്കുമായിരിക്കും ജ്ഞാനമുണ്ടാവുക. ചില കുടുംബങ്ങൾ കടക്കെണിയിലേക്കും ദാരിദ്രത്തിലേക്കും വീണു പോകുന്നത്, ജ്ഞാനമില്ലാതെ എടുക്കുന്ന തീരുമാനങ്ങൾ നിമിത്തമാണ്. ഇത്തരത്തിലുള്ള ചില തെറ്റായ തീരുമാനങ്ങൾ പലപ്പോഴും സഹോദര ബന്ധങ്ങളെയും സമൂഹ ബന്ധങ്ങളെയും ശിഥിലമാക്കാറുണ്ട്. ജ്ഞാനമില്ലാത്ത കുടുംബ നാഥൻമാരെ പാട്ടിലാക്കി സ്വത്തുക്കൾ അടിച്ചു മാറ്റുന്നവരും ജ്ഞാനമില്ലാത്ത നേതാക്കൻമാരെ പാട്ടിലാക്കി സ്ഥാനമാനങ്ങൾ കൈക്കലാക്കുന്നവരും നമ്മുടെ ചുറ്റിനുമുണ്ട്. ജ്ഞാനമില്ലാത്തതിൻ്റെ അപകടം ആത്മീയ മേഖലകളിലും പ്രകടമായി കണ്ടുവരുന്നുണ്ട് എന്നതും നിഷേധിക്കാനാവില്ല. മറ്റുള്ളവരുടെ വാക്കുകേട്ട് വേറെ പലരേയും നാം വിധിക്കുകയും മാറ്റിനിർത്തുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിൽ അതിൻ്റെ കാരണവും ജ്ഞാനത്തിൻ്റെ കുറവു തന്നെ. എന്നാൽ കൂടെയുള്ളവരുടെ ജ്ഞാനത്തെ വിലമതിച്ചതുമൂലം രക്ഷപ്പെട്ടിട്ടുള്ള കുടുംബങ്ങളും സുഹൃത് ബന്ധങ്ങളുമൊക്കെ മറുവശത്തുണ്ട്.
വിധവയായിരുന്ന യൂദിത്തിൻ്റെ ജ്ഞാനമാണ് ഹോളോഫർണസിനെ വധിച്ച് തൻ്റെ ജനത്തെ രക്ഷിക്കാൻ ദൈവം ഉപയോഗിച്ചത്. ചുറ്റുമുള്ളവർ അവളെ നിസ്സാരയായി തള്ളിക്കളഞ്ഞിരുന്നെങ്കിൽ അത് സാധ്യമാകുമായിരുന്നില്ല. “ഇന്ന് ആദ്യമല്ല നിൻറെ ജ്ഞാനം വെളിപ്പെടുന്നത്. നിൻറെ ഹൃദയം സത്യസന്ധമായതിനാൽ ജനമെല്ലാം ആദിമുതലേ നിൻറെ ജ്ഞാനം അംഗീകരിച്ചിട്ടുണ്ട്.” (യൂദിത്ത് 8 : 29)
ദലീലയുടെയും സാംസണിൻ്റെയും കാര്യത്തിൽ നടന്നതെന്താണ്? പല പ്രാവശ്യവും ദലീല സാംസനെ വശീകരിച്ച് അവൻ്റെ ശക്തിയുടെ രഹസ്യം അറിയാൻ ശ്രമിക്കുന്നു. ആദ്യമൊന്നും ശരിയായിട്ടുള്ള രഹസ്യം അവൻ പറഞ്ഞു കൊടുക്കുന്നില്ല. അതുകൊണ്ട് സാംസനെ ഫിലിസ്ത്യർക്ക് ബന്ധിക്കാൻ കഴിയുന്നില്ല. പക്ഷേ ഇത്രയൊക്കെ ആയിട്ടും ദലീല തന്നെ ചതിക്കുകയാണെന്ന് മനസ്സിലാക്കാൻ സാധിക്കാതെ വീണ്ടും അവളുടെ വശീകരണത്തിൽ മയങ്ങി തൻ്റെ ശക്തിയുടെ രഹസ്യം വെളിപ്പെടുത്തി ബന്ധനസ്ഥനായിത്തീർന്ന സാംസൺ. അവൻ രഹസ്യം തുറന്നുപറഞ്ഞു: “ക്ഷൗരക്കത്തി എൻറെ തലയിൽ സ്പർശിച്ചിട്ടില്ല. ജനനംമുതലേ ഞാൻ ദൈവത്തിനു നാസീർവ്രതക്കാരനാണ്. മുടിവെട്ടിയാൽ എൻറെ ശക്തി നഷ്ടപ്പെട്ട് ഞാൻ മറ്റു മനുഷ്യരെപ്പോലെയാകും” (ന്യായാധിപൻമാർ 16 : 17). പിന്നീട് സംഭവിച്ചതൊക്കെ നമുക്കറിയാം. അതുകൊണ്ട് ജ്ഞാനം സമ്പാദിക്കാൻ നാം ഉൽസുകരാകേണ്ടിയിരിക്കുന്നു.” ജ്ഞാനം ഉപേക്ഷിക്കരുത്. അവൾ നിന്നെ കാത്തു കൊള്ളും. അവളെ സ്നേഹിക്കുക. അവൾ നിന്നെ സംരക്ഷിക്കും”( സുഭാ – 4:6).
പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്. ചിലർ തൻ്റെ യുവത്വത്തിലും മധ്യവയസ്സിലുമെല്ലാം നല്ല പക്വതയോടെ സംസാരിക്കുന്നു. എന്നാൽ പ്രായമാകുമ്പോൾ ഭോഷത്തത്തോടെയായിരിക്കും സംസാരം. ചിലരാണെങ്കിൽ പ്രായമേറും തോറും ജ്ഞാനത്തോടെ സംസാരിക്കും. നമ്മുടെ ഫ്രാൻസിസ് പാപ്പായും മദർ തെരേസയുമൊക്കെ അതിനൊരു ഉദാഹരണമാണ്. അതിൻ്റെ പിന്നിലെ രഹസ്യവും ഈ ജ്ഞാനം തന്നെയാണ്. “ജ്ഞാനം വീടു പണിയുന്നു ഭോഷത്തം സ്വന്തം കൈ കൊണ്ട് അത് ഇടിച്ചു നിരത്തുന്നു” (സുഭാ – 14:1).
ജ്ഞാനമുള്ളവർക്കു മാത്രമേ മറ്റുള്ളവരുടെ ദുഃഖങ്ങൾ തൻ്റേതെന്നപോലെ മനസ്സിലാക്കാൻ കഴിയൂ. മറ്റുള്ളവരുടെ വേദനകളോ പാപങ്ങളോ കാണുമ്പോൾ കരയുന്നവരുണ്ട്. അങ്ങനെയുള്ളവരെ പലരും കളിയാക്കാറുമുണ്ട്. എന്നാൽ ജ്ഞാനത്താൽ ഈശോയുടെ വ്യഥ തിരിച്ചറിഞ്ഞ ആത്മാക്കളാണവർ എന്നതാണു സത്യം. കാരണം, “ദൈവം എന്തിനെയുംകാളുപരി ജ്ഞാനികളെ സ്നേഹിക്കുന്നു” (ജ്ഞാനം 7 : 28).
മിലാനിലെ വി. അംബ്രോസ് പറയുന്നതുപോലെ “ജ്ഞാനം അടിത്തറയും നീതി പ്രവൃത്തിയുമാണ്. ആ അടിത്തറയില്ലാതെ ഒന്നിനും നിലനിൽക്കാൻ കഴിയുകയില്ല.” ജ്ഞാനത്തിൻ്റെ നിറകുടമായിരുന്ന പരിശുദ്ധ അമ്മ. ജ്ഞാനം തന്നെ മാംസം ധരിച്ചവളായിരുന്നു മറിയം എന്നു വേണമെങ്കിൽ പറയാം. ദൈവഹിതം തിരിച്ചറിയാനും അതിനു കീഴ്വഴങ്ങാനും അവളെ പ്രാപ്തയാക്കിയ ജ്ഞാനം, അതികഠിന സഹനങ്ങളിൽ പോലും അതിൻ്റെ അർത്ഥമെന്തെന്ന് ഗ്രഹിക്കാനും അതിൽ നിന്നുമുള്ള കൃപകളെ സ്വീകരിക്കുവാനും അമ്മയെ ശക്തമാക്കിയ ജ്ഞാനം. 30 വർഷം ഈശോയുടെ രഹസ്യ ജീവിതത്തിൽ കൂടെത്തന്നെയായിരുന്ന അവൾ എത്രയധികം അൽഭുതങ്ങൾക്ക് സാക്ഷിയായിരുന്നിട്ടുണ്ടായിരിക്കും. പക്ഷേ അതൊന്നും പൊങ്ങച്ചമായി പറയാതെ മൗനമായിരിക്കാൻ അവളെ പ്രേരിപ്പിച്ചതും ജ്ഞാനം തന്നെ .
ആത്മാക്കൾ നശിക്കുന്നതു കാണുമ്പോൾ, ലോകത്തിൽ തിന്മ വർദ്ധിക്കുന്നതു കാണുമ്പോൾ ഹൃദയം നോവുകയും കണ്ണു നിറയുകയും ചെയ്യുന്നത് ജ്ഞാനത്തിൻ്റെ ഫലം തന്നെ. ജ്ഞാനമുള്ളവരിലേയ്ക്കാണ് ഈശോ തൻ്റെ ഹൃദയത്തിൻ്റെ വേദന അല്പം വച്ചു കൊടുക്കുന്നതെന്ന് നിസ്സംശയം പറയാം. അതാണ് അവിടുത്തെ സ്നേഹത്തിൻ്റെ ചുംബനം. “ജ്ഞാനം ഏറുമ്പോൾ ദുഃഖവും ഏറുന്നു”( സഭാ 1:18). എന്ന് സഭാപ്രസംഗകൻ പറയുന്നതും ഇതേ വേദനയെക്കുറിച്ചായിരിക്കില്ലേ?. അതുകൊണ്ട് ഈ ലോക സമ്പത്തിൻ്റെ പുറകെ ഓടി തളരാതെ ജ്ഞാനത്തിൻ്റെ പുറകേ ഓടി ശക്തി പ്രാപിക്കാം. “ജ്ഞാനം സമ്പാദിക്കുകയാണ് സർവപ്രധാനം. എന്തു ത്യജിച്ചും ജ്ഞാനം സമ്പാദിക്കുക” (സുഭാഷിതങ്ങൾ 4 : 7). വരും തലമുറകൾക്കു വേണ്ടി സമ്പത്തു കൂട്ടി വയ്ക്കുന്ന കാര്യത്തിൽ വ്യാഗ്രചിത്തരാകാതെ ജ്ഞാനം കുമിഞ്ഞുകൂടാൻ വേണ്ടി പ്രാർത്ഥിക്കാം. “വിശുദ്ധ സ്വർഗത്തിൽനിന്ന്, അങ്ങയുടെ മഹത്വത്തിൻറെ സിംഹാസനത്തിൽനിന്ന്, ജ്ഞാനത്തെ അയച്ചുതരണമേ. അവൾ എന്നോടൊത്തു വസിക്കുകയും അധ്വാനിക്കുകയും ചെയ്യട്ടെ! അങ്ങനെ അങ്ങയുടെ ഹിതം ഞാൻ മനസ്സിലാക്കട്ടെ!” (ജ്ഞാനം 9 : 10) ആമ്മേൻ.
മേരി റിൻസി