
എവിടെയോ കേട്ട് മറഞ്ഞ ഒരു കഥ ഇങ്ങനെയാണ്, ഒരിക്കൽ ദൈവം ഒരു മാലാഖയെ മനുഷ്യരൂപത്തിൽ അത്ഭുതം പ്രവർത്തിക്കാനുള്ള വരവും നൽകി ഭൂമിയിലേക്ക് അയച്ചു. ഭൂമിയിൽ എത്തിയ മാലാഖ ഒരു ദിവസം രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ ഒരു കുഷ്ഠരോഗിയെ കണ്ടുമുട്ടി. മാലാഖയ്ക്ക് അയാളോട് അനുകമ്പ തോന്നി അയാളെ സുഖപ്പെടുത്തിയിട്ട് ഇങ്ങനെ പറഞ്ഞു; “7 വർഷത്തിനുശേഷം ഞാൻ വീണ്ടും വരും നിനക്ക് ലഭിച്ചിരിക്കുന്ന ഈ അനുഗ്രഹം കൊണ്ട് നീ എന്തു ചെയ്തു എന്ന് എന്നോട് പറയണം.”
മാലാഖ മുന്നോട്ട് യാത്ര തുടർന്നു. വഴിയരികിൽ ഭിക്ഷ യാചിക്കുന്ന ഒരു കുരുടനെ കണ്ടെത്തി അയാളെയും സുഖപ്പെടുത്തിയിട്ട് പറഞ്ഞു; “ഏഴു വർഷത്തിനുശേഷം ഞാൻ വീണ്ടും വരും അപ്പോൾ നിനക്ക് കാഴ്ച ലഭിച്ചത് വഴി നിന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ അന്ന് എന്നോട് പറയണം.” തുടർ യാത്രയിൽ മാലാഖ ഒരു മുടന്തനെ കണ്ടുമുട്ടി അയാൾക്കും മാലാഖ സൗഖ്യം നൽകി, എന്നിട്ട് അയാളോട് പറഞ്ഞു; “ഏഴു വർഷത്തിനുശേഷം ഞാൻ വീണ്ടും വരും നിനക്ക് ലഭിച്ചിരിക്കുന്ന ഈ കാലുകൾ കൊണ്ട് നീ എന്ത് ചെയ്തു എന്ന് എന്നോട് പറയണം.”
ഏഴു വർഷങ്ങൾക്കു ശേഷം മാലാഖ സന്ദർശനത്തിനായി ആ മൂന്നുപേരുടെയും അടുത്തെത്തി. താൻ സൗഖ്യം കൊടുത്ത കുഷ്ഠരോഗിയുടെ അടുത്തേക്കാണ് മാലാഖ ആദ്യം പോയത്. ഒരു കുഷ്ഠരോഗിയുടെ രൂപം സ്വീകരിച്ച മാലാഖ താൻ സൗഖ്യം കൊടുത്ത കുഷ്ഠരോഗിയുടെ വീടിന്റെ പടിവാതിൽക്കൽ നിന്ന് സഹായത്തിനായി യാചിച്ചു. “നേരം വെളുക്കുന്നതിനു മുമ്പ് സഹായം സഹായം എന്ന് പറഞ്ഞ് ഓരോന്ന് വന്നു കയറും” എന്ന് പറഞ്ഞ് കൊണ്ട് അയാൾ മാലാഖയിൽ നിന്നും മുഖം തിരിച്ചു. തന്നോട് ഇപ്രകാരം പെരുമാറിയ കുഷ്ഠരോഗിയെ മാലാഖ വീണ്ടും കുഷ്ഠരോഗിയാക്കി മാറ്റി. അടുത്തതായി താൻ സൗഖ്യം കൊടുത്ത അന്ധനായ മനുഷ്യൻ എന്തെടുക്കുന്നു എന്നറിയാൻ മാലാഖ അയാളുടെ അടുത്തേക്ക് പോയി. സഹായം ചോദിച്ചെത്തുന്ന ഒരു അന്ധനായ മനുഷ്യന്റെ രൂപത്തിലായിരുന്നു മാലാഖ ചെന്നത്. മാലാഖ വാതിലിൽ മുട്ടി, അന്ധനായ മനുഷ്യൻ തന്നെ വാതിൽ തുറക്കാൻ എത്തി. അന്ധന്റെ രൂപം ധരിച്ച മാലാഖയെ കണ്ട ഉടനെ ആ മനുഷ്യൻ “ശല്യങ്ങൾ വന്നിരിക്കുന്നു” എന്ന് പറഞ്ഞ് മാലാഖയെ ആട്ടിപായിച്ചു. വീണ്ടും മാലാഖ അയാളെ അന്ധൻ ആക്കി മാറ്റി.
മാലാഖ പിന്നീട് മുടന്തന്റെ അടുക്കൽ എത്തി. ഒരു മുടന്തൻ ആയിട്ടാണ് മാലാഖ അയാളുടെ അടുത്തേക്ക് പോയത്. മാലാഖ താൻ സൗഖ്യം കൊടുത്ത മുടന്തന്റെ വാതിൽക്കൽ തട്ടി, മുടന്തനെ കണ്ട ഉടനെ അദ്ദേഹം അനുകമ്പ പൂർവ്വം അയാളെ വിളിച്ച് അകത്തു കയറ്റി. മുടന്തൻ മാലാഖയോട് പറഞ്ഞു; “പണ്ടൊരിക്കൽ എന്നെ സുഖപ്പെടുത്തിയ ഒരു മാലാഖ ഇവിടെ ഈ ദിവസങ്ങളിൽ വരുമായിരിക്കും, അതുകൊണ്ട് താങ്കൾ ഇവിടെ വന്നത് വളരെ നന്നായി. മാലാഖ വരുമ്പോൾ താങ്കളെയും ഞാൻ സുഖപ്പെടുത്താൻ പറയാം.” താൻ സൗഖ്യം കൊടുത്ത മുടന്തന്റെ മനോഭാവം മാലാഖയേറെ സന്തോഷിപ്പിച്ചു. അയാൾക്ക് പതിന്മടങ്ങ് അനുഗ്രഹവും ഐശ്വര്യവും നൽകി മാലാഖ മടങ്ങിപ്പോയി.
ഈ കഥ നമ്മളെ ചില കാര്യങ്ങൾ ചിന്തിപ്പിക്കുന്നു. ദൈവം നമുക്കു താലന്തു കണക്കെ നൽകിയ അനുഗ്രഹങ്ങൾ മറ്റുള്ളവരുടെ നന്മക്കായി ഉപയോഗിക്കാൻ മറന്നു പോകുന്നിടത്ത് ദൈവത്തിന്റെ തുടരെ തുടരെ ഉള്ള അനുഗ്രഹങ്ങളും ഇല്ലാതാകും. വിശുദ്ധ ഗ്രന്ഥത്തിൽ താലന്തുകൾ വർധിപ്പിച്ചവന് ഇരട്ടിയായി ദൈവം നൽകി. ഉള്ളത് കൊണ്ട് മാത്രം ഇരുന്നവന് ഉള്ളത് കൂടി നഷ്ടപ്പെട്ടു. നമുക്ക് ഒന്ന് ചിന്തിച്ചു നോക്കാം, നമ്മുടെ ജീവിതത്തിൽ നല്ലത് നഷ്ടപ്പെട്ട നാളുകളെ കുറിച്ച്; അങ്ങനെ നഷ്ടപ്പെട്ട അവസ്ഥകൾ ഉണ്ടെങ്കിൽ നമ്മളെ തന്നെ നാം പരിശോധിക്കാൻ തയ്യാറാകണം. കാരണം ദൈവം നമുക്ക് നൽകിയത് അപരന് കൂടി കൊടുക്കാൻ മറന്നു കാണും.
ഫാ. ജോർജ് കുഴിക്കാട്ട് സി. എസ്. ടി