
കത്തുന്ന ചൂടിൽ നിന്നും തണൽ തേടി പറന്നുവന്ന ഒരു കാക്ക, പടർന്നു പന്തലിച്ച ഒരു വൻ വൃക്ഷത്തിൻ്റെ ചെറിയ ഉണക്കക്കൊമ്പിൽ വന്നിരുന്നു. അപ്പോൾ ആ വൻമരം കാക്കയോട് ഇങ്ങനെ ചോദിച്ചു; ” സഹോദരാ ഉറപ്പും വലിപ്പവും ഉള്ള മറ്റ് അനേകം ചില്ലകൾ എനിക്കുണ്ട്, പിന്നെ നീ എന്തിനാണ് ഏതു നിമിഷവും ഒടിഞ്ഞു പോകാൻ സാധ്യതയുള്ള ഈ ഉണക്ക ചില്ലയിൽ വന്നിരിക്കുന്നത്. ” അപ്പോൾ കാക്ക കൊടുത്ത മറുപടി ഇപ്രകാരം ആയിരുന്നു. ” ഇരുന്നാൽ ഒടിയുകയില്ല എന്ന ഉറപ്പും, ഇനി ഈ കൊമ്പൊടിഞ്ഞാലും, താഴെ വീഴാതിരിക്കാൻ, പറന്ന് രക്ഷപ്പെടാൻ എനിക്കുള്ള ഈ ചിറകും ആണ് ഉണക്കൊമ്പിലിരിക്കുമ്പോൾ എൻ്റെ ധൈര്യം. “
വിശ്വാസവും പ്രതീക്ഷയും തകർന്ന് നാം പലപ്പോഴും വീണു പോകാറുണ്ട്. താങ്ങും എന്ന് കരുതിയവർ നമ്മെ കൈവിടുന്ന ജീവിതാനുഭവങ്ങളിലൂടെ നാം കടന്നു പോകേണ്ടി വരും. ഇവിടെ ദൈവം മാത്രമാണ് നമ്മുടെ ആശ്വാസവും സമാധാനവും. ദൈവത്തിൽ ആശ്രയിച്ച് മുന്നോട്ടുപോകുന്ന അടിയുറച്ച വിശ്വാസം ജീവിക്കുന്ന ഒരു വ്യക്തിക്ക് ആശ്വാസവും സമാധാനവും ദൈവത്തിൽ നിന്ന് മാത്രമാണ് ലഭിക്കുക. മറ്റുള്ളവർ തന്നെ കൈവിടുന്ന നിമിഷത്തിൽ ആ വ്യക്തി ആദ്യം ഒന്ന് പതറുമെങ്കിലും അടുത്ത നിമിഷത്തിൽ അവർ ഉയർത്തെഴുന്നേൽക്കുന്നത് ദൈവകൃപ കൊണ്ടാണ്. എൻ്റെ ബലവും കോട്ടയും പാറയും ദുർഗവും ദൈവമാണെന്ന് സങ്കീർത്തകൾ പറയുന്നത്, ദൈവം കൂടെയില്ലെങ്കിൽ തനിക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല എന്ന ബോധ്യം ഉണ്ടായിരുന്നതുകൊണ്ടാണ്. എന്നെ സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവത്തിന് മാത്രമേ എൻ്റെ വേദനകളും ദുഃഖങ്ങളും മറ്റും മനസ്സിലാക്കി എന്നെ സ്നേഹിക്കാൻ സാധിക്കുകയുള്ളൂ. ഈയൊരു ബോധ്യത്തോടുകൂടി ആ ദൈവത്തിൽ ആശ്രയിക്കാൻ നമുക്ക് സാധിക്കണം. ഞാൻ ഇരിക്കുന്ന മരക്കൊമ്പ് ഒടിഞ്ഞു വീണാലും ദൈവ വിശ്വാസത്തിന്റെ ചിറകിലേറി പറന്നുയരാൻ ദൈവകൃപ നമ്മെ എല്ലാവരെയും സഹായിക്കട്ടെ, ആമ്മേൻ.
ബസാലേൽ