
കുട്ടികളുടെ വളർച്ചയിൽ ഏറ്റവും പ്രാധാന്യമേറിയ കാര്യമാണ് അവരുടെ വിദ്യാഭ്യാസം. ഒരു നല്ല വ്യക്തിയാകുന്നതിനും ജീവിതത്തിൽ വിജയിക്കാനുമുള്ള അടിസ്ഥാനം ഈ വിദ്യാഭ്യാസമാണ്. ഇതിലേക്കുള്ള ആദ്യപടി വീട്ടിൽ നിന്നാണ് ആരംഭിക്കേണ്ടത്. അതുകൊണ്ടാണ് കുട്ടികളുടെ പഠനമേഖലയിൽ മാതാപിതാക്കളുടെ പങ്ക് വളരെ പ്രാധാന്യമുള്ളതായിത്തീരുന്നത്. കുട്ടികളുടെ പഠനകാര്യങ്ങളിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. അത് തിരിച്ചറിഞ്ഞ് നിറവേറ്റാൻ എല്ലാ മാതാപിതാക്കളും പരിശ്രമിക്കേണ്ടതുണ്ട്.
വി. ജോൺപോൾ രണ്ടാമൻ മാർപാപ്പ പറയുന്നു: “കുടുംബമാണ് വിദ്യാഭ്യാസത്തിന്റെ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ സ്കൂൾ”. കുട്ടികളുടെ പഠന കാര്യത്തിൽ അവരുടെ മാതാപിതാക്കൾക്ക് ഒരുപാട് സ്വാധീനം ചെലുത്താൻ കഴിയും. കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ ആദ്യപാഠശാലയെന്നു പറയുന്നത് അവരുടെ വീട് തന്നെയാണ്. അതുകൊണ്ട്, കുട്ടികൾ പഠനത്തിൽ മികച്ചവരാകണമെങ്കിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ഒന്നാമത്തെ കാര്യമെന്നത് അവർക്ക് പഠിക്കാൻ അനുയോജ്യമായ രീതിയിലുള്ള വളരെ സ്വസ്ഥവും സമാധാനപരവും ഏകാന്തവും ശാന്തവുമായിട്ടുള്ളൊരു കുടുംബാന്തരീക്ഷം ഒരുക്കി കൊടുക്കുക എന്നതാണ്. പഠനത്തിന് അനുയോജ്യമായ ശാന്തമായൊരന്തരീക്ഷം കുട്ടികൾക്കുവേണ്ടി മാതാപിതാക്കൾ ഒരുക്കേണ്ടത് നിർബന്ധം ആയിട്ടുള്ള ഒരു കാര്യമാണ്. അതിനായി ടെലിവിഷൻ, മൊബൈൽ ഫോണുകൾ എന്നിങ്ങനെ പഠനത്തിൽ തടസ്സങ്ങൾ ഉണ്ടാക്കുന്ന എല്ലാ കാര്യങ്ങളും ഒഴിവാക്കേണ്ടതുണ്ട്. കാരണം, വളരെ ശാന്തമായൊരന്തരീക്ഷത്തിൽ വളർന്നുവരുന്ന കുട്ടികൾക്കാണ് പഠനത്തിൽ അവരുടെ കഴിവ് തെളിയിക്കാൻ സാധിക്കുന്നത്. എന്നാൽ, പ്രശ്നകലുഷിതമായ അന്തരീക്ഷത്തിൽ വളർന്നുവരുന്ന കുട്ടികൾക്ക് പഠന കാര്യങ്ങളിൽ ന്യൂനത ഉണ്ടാകുമെന്ന് മാത്രമല്ല, സ്കൂളിലും കുടുംബത്തിലും സമൂഹത്തിലും അവർ ഒരു തലവേദനയായി മാറാനും സാധ്യതയുണ്ട്. അതുകൊണ്ട്, കുട്ടികളെ പഠനത്തിൽ അറിഞ്ഞു സഹായിക്കുന്നതിന് അവർക്ക് അനുയോജ്യമായതും വളരെ ശാന്തവുമാ യൊരു കുടുംബാന്തരീക്ഷം ഒരുക്കി കൊടുക്കേണ്ടത് മാതാപിതാക്കളുടെ ഒരു പ്രധാനപ്പെട്ട കടമയാണ്.
രണ്ടാമതായി, നമ്മുടെ കുട്ടികളെ മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തി നാം കുറ്റപ്പെടുത്താൻ ശ്രമിക്കരുത്. ഒരിക്കലും അവരുടെ കുറവുകളെ നോക്കി മാതാപിതാക്കൾ അവരെ കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തുന്നവരാകരുത്. കാരണം, നമ്മുടെ മക്കൾക്ക് ഒരിക്കലും മറ്റു കുട്ടികളെ പോലെ ആവാൻ കഴിയില്ല. അങ്ങനെ താരതമ്യപ്പെടുത്തിയാൽ അതൊരിക്കലും കുട്ടികൾക്ക് ഗുണം ചെയ്യില്ല., മറിച്ച്, കുട്ടികളെ അത് കൂടുതൽ സമ്മർദ്ദത്തി ലാക്കാനും ദോഷത്തിലേക്ക് നയിക്കാനും ഇടയാക്കുന്നു. അതുകൊണ്ട്, നമ്മുടെ മക്കളെ മികവുറ്റവരാക്കി മാറ്റാൻ നമുക്ക് സാധിക്കണമെങ്കിൽ, അവരെ താരതമ്യപ്പെടുത്തി കുറ്റപ്പെടുത്താതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച്, എന്തെങ്കിലും തരത്തിലുള്ള പഠന വൈകല്യമുള്ള കുട്ടികളാണെങ്കിൽ അവർക്ക് പ്രത്യേകമായ ശ്രദ്ധയും പരിഗണനയും കൊടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. അവരെ തളർത്താതെ ആത്മവിശ്വാസം നൽകി അവർക്കുള്ള നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കാൻ മാതാപിതാക്കൾക്ക് സാധിക്കണം. അങ്ങനെ പഠനകാര്യങ്ങളിൽ ഒരു പോസിറ്റീവ് സമീപനം മാതാപിതാക്കൾ പുലർത്തേണ്ടത് അനിവാര്യമായിട്ടുള്ള ഒരു കാര്യമാണ്.
മൂന്നാമതായി, നമ്മുടെ കുട്ടികൾക്ക് കളിച്ചും ആസ്വദിച്ചും പഠിക്കാനുള്ള ഒരു സൗകര്യം ഒരുക്കിക്കൊടുക്കുക എന്നുള്ളത് മാതാപിതാക്കളുടെ ഒരു കടമയാണ്. എന്നാൽ, പല മാതാപിതാക്കളും കുട്ടികളെക്കുറിച്ച് കൂടുതലായി ഉൽക്കണ്ടാകുലരാകുന്നതുകൊണ്ട് അവരെ കളിക്കാൻ വിടാതെ മുഴുവൻ സമയവും പഠനത്തിൽ കേന്ദ്രീകരിക്കാൻ നിർബന്ധിക്കുന്നു. അങ്ങനെയുള്ള പിരിമുറുക്കം കുട്ടികൾക്ക് കൊടുക്കാതെ കളികൾക്കും പഠനകാര്യങ്ങൾക്കും ഒരു നിശ്ചിത സമയം ക്രമീകരിച്ചുകൊണ്ട് കൂട്ടുകാരോടുകൂടെ കൂട്ടുകൂടാനും കളിക്കാനും രസിക്കാനും ആസ്വദിച്ച് പഠിക്കാനും ഉള്ള ഒരു സൗകര്യം ഒരുക്കി കൊടുക്കുക എന്നുള്ളതാണ് മാതാപിതാക്കളുടെ പ്രധാനപ്പെട്ട മറ്റൊരു കടമയാണ്. എന്നാൽ, കുട്ടികളുടെ കൂട്ടുകെട്ടുകളെക്കുറിച്ചും കുട്ടികൾ സമയം ചെലവഴിക്കുന്നതിനെക്കുറിച്ചുള്ള ഒരു വ്യക്തമായ ധാരണ മാതാപിതാക്കൾക്ക് ഉണ്ടാകേണ്ടതുണ്ട്.
നാലാമതായി, കുട്ടികളുടെ പഠനകാര്യത്തിൽ കൃത്യമായൊരു സമയക്രമം ആസൂത്രണം ചെയ്യാൻ മാതാപിതാക്കൾ അവരെ സഹായിക്കേണ്ടതുണ്ട്. കുട്ടികളെ സമയ നിഷ്ഠ പാലിക്കാൻ പഠിപ്പിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഓരോ ദിവസവും ഓരോ സമയവും എന്തെല്ലാം ചെയ്യണം എന്നുള്ള ഒരു ടൈംടേബിൾ തയ്യാറാക്കി അതനുസരിച്ച് പ്രവർത്തിക്കാൻ സഹായിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. ഇതിലൂടെ ഉത്തരവാദിത്വമുള്ളവരായി, സ്വയം നിയന്ത്രിക്കുന്നവരായി, മുൻഗണനാ നിർണയമുള്ളവരായി കുട്ടികൾ വളർന്നുവരുന്നതിന് സഹായിക്കും.
അഞ്ചാമതായി, കുട്ടികളുടെ പഠനകാര്യങ്ങളിൽ മനശാസ്ത്രപരമായ പിന്തുണ നൽകാൻ മാതാപിതാക്കൾക്ക് സാധിക്കണം. പഠന കാര്യങ്ങളിൽ എല്ലാ കുട്ടികളും ഒരുപോലെ ആകണമെന്നില്ല. ശ്രദ്ധയില്ലായ്മയും ഓർമ്മക്കുറവും അധികമായിട്ടുള്ള മാനസിക സമ്മർദ്ദങ്ങളു മൊക്കെ പല കുട്ടികളിലും കണ്ടെന്നു വരാം. അത്തരം സാഹചര്യങ്ങളിൽ ക്ഷമയോടെ അവരെ സമീപിക്കാനും, അവരുടെ മനസ്ഥിതി മനസ്സിലാക്കാനും, ആവശ്യമെങ്കിൽ ട്യൂഷനോ കൗൺസിലിങ്ങ് സഹായമോ കൊടുക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ആറാമതായി, പഠനത്തിൽ മാത്രം കുട്ടികളെ ശ്രദ്ധ കേന്ദ്രീകരിപ്പിക്കാതെ അവരുടെ മറ്റു കഴിവുകളും പ്രോത്സാഹിപ്പിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. കായികം, കല, സംഗീതം, ചിത്രരചന, അഭിനയം എന്നീ മേഖലകളിലൊക്കെ കുട്ടികൾക്ക് അവസരം നൽകി ആ തരത്തിലും വളരാൻ മാതാപിതാക്കൾ അവരെ സഹായിക്കേണ്ടതുണ്ട്. വെറും പാഠപുസ്തകങ്ങളിലെ അറിവ് മാത്രമല്ല., വിമർശനാത്മക ചിന്ത, പ്രശ്നപരിഹാര ശേഷി, ആശയവിനിമയ കഴിവുകൾ, വൈകാരികമായ വളർച്ച എന്നിവയും പ്രധാനപ്പെട്ടതാണ്. അതുവഴി, അവരുടെ പഠനം അവർക്ക് ഒരു ബോറടിയോ ഭാരമോ ആയി മാറാതെ കൂടുതൽ കഴിവും ആത്മവിശ്വാസവുമുള്ളവരായി അവരെ വളർത്തിക്കൊണ്ടു വരാൻ നമുക്ക് സാധിക്കും.
ഏഴാമതായി, പഠനകാര്യങ്ങളിൽ നിരന്തരമായി കുട്ടികളോട് ആശയവിനിമയം നടത്താൻ മാതാപിതാക്കൾക്ക് സാധിക്കണം. കുട്ടികൾ പഠിക്കുന്നത് എങ്ങനെയാണെന്നും, ക്ലാസിൽ അവരുടെ പ്രകടനം എങ്ങനെയാണെന്നും, പഠന കാര്യങ്ങളിലുള്ള അവരുടെ ബുദ്ധിമുട്ടുകൾ എന്തൊക്കെയാണെന്നതിനെക്കുറിച്ചുമുള്ളൊരു വ്യക്തത മാതാപിതാക്കൾക്ക് ഉണ്ടാകണം. തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ കുട്ടികളോട് നിരന്തരമായി അന്വേഷിക്കാനും സംസാരിക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണം. ഈ കാര്യങ്ങളിൽ സ്കൂളിലെ അധ്യാപകരുമായി ഒരു സഹകരണം നിലനിർത്തുന്നതും നല്ലതാണ്.
എട്ടാമതായി, മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് കൃത്യമായ ഒരു ഗോൾ സെറ്റ് ചെയ്തു കൊടുക്കണം. കുട്ടികളുടെ ശരിയായ ലക്ഷ്യം സെറ്റ് ചെയ്തു കൊടുക്കാൻ, അതനുസരിച്ച് പഠിക്കാൻ മാതാപിതാക്കൾ അവരെ സഹായിക്കണം. കാരണം, കുട്ടികൾക്ക് തന്നെ അവരുടെ ലക്ഷ്യം തിരിച്ചറിയാൻ സാധിച്ചു എന്ന് വരില്ല. കാരണം, ഒരു ലക്ഷ്യമില്ലാത്ത ജീവിതം എന്ന് പറയുന്നത് ഒരു കപ്പിത്താൻ ഇല്ലാത്ത കപ്പൽ പോലെയാണ്. അതുകൊണ്ട്, കുട്ടികളുടെ ലക്ഷ്യം സെറ്റ് ചെയ്തു കൊടുക്കാൻ അവരെ സഹായിക്കേണ്ടത് മാതാപിതാക്കളുടെ പ്രധാനപ്പെട്ട മറ്റൊരു കടമയാണ്.
സുഭാ:4:7 പറയുന്നു: “ജ്ഞാനം സമ്പാദിക്കുകയാണ് സർവ്വപ്രധാനം. എന്തു ത്യജിച്ചും ജ്ഞാനം സമ്പാദിക്കുക”. ഭൗതികമായ അറിവിനോടൊപ്പം തന്നെ ദൈവികമായ അറിവിലും തങ്ങളുടെ മക്കളെ വളർത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആത്മീയ വളർച്ചയ്ക്കും ദൈവിക ജീവിതത്തിനും ആവശ്യമായ പാഠങ്ങൾ കൂടി മാതാപിതാക്കൾ തങ്ങളുടെ മക്കളെ പഠിപ്പിക്കേണ്ടതുണ്ട്.ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പറയുന്നു: “യഥാർത്ഥ വിദ്യാഭ്യാസം എന്നത് അറിവ് പകരൽ മാത്രമല്ല, സത്യത്തെയും നന്മയെയും സൗന്ദര്യത്തെയും സ്നേഹിക്കുവാനും കണ്ടെത്തുവാനും പഠിപ്പിക്കലാണ്”.
അതിനാൽ, കുട്ടികളുടെ പഠനകാര്യങ്ങളിൽ മാതാപിതാക്കളെന്ന നിലയിൽ നല്ല മാതൃക വഴി നിർണായകമായ പങ്കുവഹിക്കാൻ നമുക്ക് പരിശ്രമിക്കാം. കൃത്യമായ ഇടപെടലുകളിലൂടെയും പിന്തുണകളിലൂടെയും കാത്തിരിപ്പുകളിലൂടെയും കുട്ടികളുടെ പഠനകാര്യങ്ങളെ നമുക്ക് കൂടുതൽ എളുപ്പമാക്കാം. കുട്ടികളുടെ പഠനം എന്നത് അറിവ് നേടുക എന്നതിനേക്കാൾ ഉപരിയായി അവരുടെ വ്യക്തിത്വ വികസനത്തിനും ഭാവി ജീവിതത്തിനും അത്യന്താപേക്ഷിതമായിട്ടുള്ള ഒരു കാര്യമാണ്. ഓരോ കുട്ടിയും വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടും, അവരുടെ അഭിരുചികൾക്കും പഠന രീതികൾക്കും അനുസരിച്ചുള്ള പിന്തുണ നൽകിക്കൊണ്ടും, ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി അവരെ നയിച്ചു കൊണ്ടും കുട്ടികളുടെ മുഴുവൻ കഴിവുകളും വികസിപ്പിക്കാനും ഭാവിയിൽ വിജയകരമായ ഒരു ജീവിതം കെട്ടിപ്പടുക്കാനും നമുക്ക് സാധിക്കും. അങ്ങനെ പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയും നമ്മുടെ മക്കളെ വളർത്താനും നല്ലൊരു വ്യക്തിത്വം അവരിൽ വളർത്തിക്കൊണ്ടുവരാനും നമുക്ക് സാധിക്കട്ടെ.