
ശാസ്ത്ര പുരോഗതിയുടെ പാരമ്യത്തിന്റെ കാലത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ് നാം. പ്രത്യേകിച്ച് AI ടെക്നോളജിയുടെ കടന്നുവരവോടെ മനുഷ്യന്റെ അധ്വാനവും കുറഞ്ഞു കാര്യങ്ങൾ എളുപ്പത്തിൽ സാധ്യമാവുകയും ചെയ്യുന്നു. ശാസ്ത്ര വളർച്ചയുടെ എല്ലാം പിന്നിൽ ഏതെങ്കിലും ഒരു മനുഷ്യന്റെ ബുദ്ധിവൈഭവം ഉണ്ട്. മനുഷ്യബുദ്ധിയിൽ ഉദിക്കാതെ ഒന്നും ശാസ്ത്ര ലോകത്ത് രൂപം പ്രാപിക്കില്ല. എന്നാൽ അവയെല്ലാം നന്മയായി പരിണമിക്കുന്നുണ്ടോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
മനശാസ്ത്ര വിദഗ്ധർ മനുഷ്യ ബുദ്ധിയെ നിർവചിക്കുന്നത്; കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും, അതുപോലെതന്നെ പ്രശ്നങ്ങളെ തിരിച്ചറിയാനും അവയെ ശരിയായ രീതിയിൽ സമീപിക്കാനും പരിഹരിക്കാനും ഉള്ള കഴിവ് എന്നാണ്. എന്നാൽ ഇന്ന് മനുഷ്യൻ തന്റെ ബുദ്ധിയെ കൃത്യമായി ഉപയോഗപ്പെടുത്തുന്നുണ്ടോ? എന്റെ പ്രശ്നങ്ങളെ ശരിയായി പരിഹരിക്കുന്നുണ്ടോ?
മനുഷ്യൻ ഇതര സൃഷ്ടികളിൽ നിന്നും വ്യത്യസ്തനാവുന്നത് അവന്റെ ബുദ്ധിമണ്ഡലം കൊണ്ടുതന്നെയാണ്. എന്തിനെയും തിരിച്ചറിയാനുള്ള ഇന്ദ്രിയം എന്നാണ് ബുദ്ധിയെ വിശേഷിപ്പിക്കുന്നത്. ഈ മഹാപ്രപഞ്ചത്തിന്റെ നിഗൂഢ രഹസ്യങ്ങളിലേക്കും ടെക്നോളജിയുടെ അന്തർവാഹിനിയിലേക്കും മനുഷ്യ ബുദ്ധി ഇഴുകിച്ചേർന്നിരിക്കുന്നു. ഒരേസമയം വൈവിധ്യമാറന്ന കാര്യങ്ങളിൽ ഏർപ്പെട്ട് നന്മയെ നിലനിർത്തി തിന്മയെ വെട്ടിവീഴ്ത്താനും ബുദ്ധിയെന്ന ആയുധത്തിന് കഴിയും!
കത്തോലിക്കാ സഭയുടെ രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയിൽ സഭ ആധുനികയുഗത്തിൽ എന്ന പാസ്റ്ററൽ കോൺസ്റ്റിറ്റ്യൂഷനിൽ ഇപ്രകാരം നാം കാണുന്നു “മനുഷ്യ വ്യക്തിത്വത്തിന്റെ ബൗദ്ധിക സ്വഭാവം വിജ്ഞാനം വഴി പൂർണ്ണമാക്കപ്പെടുന്നു, ഈ വിജ്ഞാനം മനുഷ്യമനസിനെ നന്മയും തിന്മയും തിരിച്ചറിയുന്നതിനും തിരഞ്ഞെടുക്കുന്നതിനും സഹായിക്കുന്നു.”
പക്ഷേ ചിലപ്പോഴൊക്കെ മനുഷ്യബുദ്ധിയിൽ അന്ധകാരം നിറഞ്ഞ് നന്മയും തിന്മയും തിരിച്ചറിയാൻ കഴിയാതെ പോകുന്നുണ്ട്. കഴിഞ്ഞ നൂറ്റാണ്ടുകൾ എന്നതിനേക്കാൾ ഈ ആധുനിക കാലത്ത് മനുഷ്യൻ പുതിയതായി കണ്ടുപിടിക്കുന്നവയെല്ലാം മനുഷ്യയോചിതമാണോ എന്ന് തിരിച്ചറിയാൻ നമുക്ക് ദൈവീക ജ്ഞാനം ആവശ്യമാണ്. ഭൗതിക വസ്തുക്കൾ മനുഷ്യജീവിതത്തിന് ആവശ്യമാണ് എന്നാൽ ഏതാണ് എനിക്കാവശ്യമുള്ളതും ആവശ്യമില്ലാത്തതും എന്ന് മനസ്സിലാക്കാൻ ജ്ഞാനം ആവശ്യമാണ്. ഞാൻ ഉപയോഗിക്കുന്നതെല്ലാം എനിക്ക് ആവശ്യമുള്ളതാണോ ഉപകാരപ്രദമുള്ളതാണോ എന്ന് ഞാൻ വിലയിരുത്തേണ്ടിയിരിക്കുന്നു.
വിശുദ്ധ പൗലോസ് ശ്ലീഹാ ഓർമിപ്പിക്കുന്നു; “എല്ലാം എനിക്ക് നിയമാനുസൃതമാണ് എന്നാൽ ഒന്നും എന്നെ അടിമപ്പെടുത്താൻ ഞാൻ സമ്മതിക്കുകയില്ല”(1 കൊറി 6:12).
മനുഷ്യന്റെ നന്മയായ പുരോഗതി വലിയ നേട്ടം ആണെങ്കിലും വലിയ പ്രലോഭനവും സൃഷ്ടിക്കുന്നുണ്ട്. നന്മയും തിന്മയും കൂടിക്കുഴഞ്ഞാൽ ഓരോ മനുഷ്യനും സമൂഹവും തൻ കാര്യം മാത്രം പരിഗണിക്കുകയും മറ്റുള്ളവരുടെ കാര്യം ചിന്തിക്കാതിരിക്കുകയും ചെയ്യുന്നു തന്മൂലം ലോകം യഥാർത്ഥമായ സാഹോദര്യത്തിന്റെ സ്ഥലമല്ലാതായി തീരുന്നു മനുഷ്യകുലത്തിന്റെ വർദ്ധിതമായ ശക്തി മനുഷ്യകുലത്തെ തന്നെ തകർക്കാൻ ഭീഷണിയാകുന്നു.
ബൈബിൾ ഓർമ്മപ്പെടുത്തുന്നു; “ജ്ഞാനിയെന്ന് സ്വയം ഭാവിക്കരുത് കർത്താവിനെ ഭയപ്പെട്ട് തിന്മയിൽ നിന്ന് അകന്നു നിൽക്കുക” (സുഭാ1.7).
എന്റെ പ്രവർത്തികളെല്ലാം ദൈവീകമല്ലാതാവുകയും അതിൽ സ്വാർത്ഥത കലരുകയും ചെയ്യുമ്പോൾ തിന്മ ജന്മം എടുക്കുന്നു. അത് എന്റെയും അപരന്റെയും സമാധാനവും സന്തോഷവും നഷ്ടപ്പെടുത്തും. അതുകൊണ്ട് നമ്മുടെ ഓരോ പ്രവർത്തികളും ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് ദൈവീകമായി പ്രവർത്തിക്കാൻ ശ്രമിക്കാം.