
മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്, അതോടൊപ്പം തന്നെ ഒരു വൈകാരിക ജീവിയും ആണ്. കോപം മനുഷ്യന്റെ ഒരു സ്വാഭാവിക വികാരമാണ്. അത് നമ്മുടെ സ്വാഭാവികമായ ഒരു മാനസിക പ്രതികരണമാണ്. എന്നാൽ, അത് നിയന്ത്രണാധീതമായാൽ നമുക്കും മറ്റുള്ളവർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. അമിതമായ കോപം നമ്മുടെ വ്യക്തിത്വത്തെയും മനസമാധാനത്തെയും ബന്ധങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതിന് കാരണമാകുന്നു. അത് നാം നിയന്ത്രിച്ചില്ലെങ്കിൽ അത് നമുക്കും സമൂഹത്തിനും ഒരു ഭീഷണിയായിത്തീരുന്നു.
വലിയ ആളുകളുടെ ദേഷ്യവും കുട്ടികളുടെ ദേഷ്യവും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. സാധാരണ മുതിർന്ന ആളുകൾ ദേഷ്യപ്പെടുന്നത് രണ്ട് സാഹചര്യങ്ങൾ കൊണ്ടാണ്. ഒന്ന്, അവർക്ക് ഇഷ്ടപ്പെടാത്ത പ്രവർത്തിയോ പെരുമാറ്റങ്ങളോ മറ്റുള്ളവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമ്പോൾ അവർക്ക് ഇഷ്ടമായില്ലെന്ന് ബോധ്യപ്പെടുത്താനായിട്ട് അവര് ഉപയോഗിക്കുന്ന ഒരു ടെക്നിക്കാണ് ദേഷ്യം. അതോടൊപ്പം തന്നെ, മാനസികമായ പല പ്രശ്നങ്ങളും ദേഷ്യത്തിന് കാരണമാകുന്നു. പ്രത്യേകിച്ച്, വിഷാദരോഗമോ ഉൽക്കണ്ഠയോ മറ്റുതരത്തിലുള്ള മാനസികവിഭ്രാന്തികളോ മനോരോഗമോ അമിതമായിട്ടുള്ള ദേഷ്യത്തിന് കാരണമാകാം. കുട്ടികൾ മിക്കവാറും ദേഷ്യപ്പെടുന്നത് അവർക്ക് സങ്കടം, ഭയം, ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ, മാതാപിതാക്കൾ അവരെ മറ്റുള്ളവരുടെ മുമ്പിൽ വച്ച് കുറ്റപ്പെടുത്തുകയൊ ചെയ്യാത്ത തെറ്റിന് വഴക്ക് പറയുകയോ ചെയ്യുന്നത്, നാണക്കേട്, അസൂയ, പിരിമുറുക്കം എന്നിങ്ങനെയുള്ള കാരണങ്ങൾ കൊണ്ടാകാം. അത് സാഹചര്യങ്ങൾ കൊണ്ടാണെങ്കിൽ, പല തരത്തിലുള്ള മെഡിക്കൽ കണ്ടീഷൻസ് കൊണ്ടും കോപം ഉണ്ടാകാം. ഫിക്സ് ഒരു കാരണമാണ്. ഹൈപ്പർ ആക്ടിവിറ്റി ആണെങ്കിൽ അറ്റൻഷൻ ഡെഫിസിറ്റി ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർ കൊണ്ടും കുട്ടികളിൽ അമിതമായ ദേഷ്യത്തിന് കാരണമാകാം. സ്വഭാവ വൈകല്യങ്ങൾ, പെരുമാറ്റ വൈകല്യങ്ങൾ, ആന്റി സോഷ്യൽ പേഴ്സണാലിറ്റി നേച്ചർ ഉള്ള കുട്ടികളിലും അമിതമായ ദേഷ്യം ഉണ്ടാകാം. പരമ്പരാഗതമായും കുട്ടികളിൽ ദേഷ്യം ഉണ്ടാകും. കുട്ടികളുടെ മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ അമിതമായ ദേഷ്യം ഉള്ളവരാണെങ്കിൽ അത് കുട്ടിയെയും ബാധിക്കാം. കുട്ടികളുടെ ഈ അമിതമായ ദേഷ്യത്തെ, ഈ പ്രശ്നത്തെ കുട്ടിക്കാലത്ത് തന്നെ നാം പരിഹരിച്ചില്ലെങ്കിൽ ഭാവിയിൽ അത് അവരെ പല മേഖലകളിൽ ബാധിക്കാനുള്ള സാധ്യതകളുണ്ട്. അങ്ങനെ ഒരു വ്യക്തിയുടെ വ്യക്തിപരമായ ജീവിതത്തെ, സാമൂഹിക ജീവിതത്തെ, ജോലി മേഖലയെ, വൈവാഹിക ജീവിതത്തെ, കുടുംബ ജീവിതത്തെ ഒക്കെ ബാധിച്ച് അവസാനം അതൊരു വലിയ പ്രശ്നമായി മാറും. എന്നാൽ, ഇതിനെ നമുക്ക് വളരെ എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കുന്നതാണ്.
നമ്മുടെ കുട്ടികളിലുള്ള അമിതമായ കോപം അവരെ പലതരത്തിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നതിന് കാരണമാകുന്നു. അത് അവരെ ശാരീരികമായും മാനസികമായും ദോഷകരമായി ബാധിക്കുന്നതിന് ഇടയാകുന്നു. അത് അവരുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നു.നിയന്ത്രിക്കപ്പെടാനാവാത്ത ദേഷ്യം ശാരീരികമായ വേദനകൾക്ക് കാരണമായേക്കാം. അത് തലവേദന, വയറുവേദന, ഉറക്കമില്ലായ്മ, ക്ഷീണം, രക്തസമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. അമിതമായ കോപം ശരീരത്തിലെ ഹോർമോൺ മാറ്റങ്ങളേയും അവയവങ്ങളുടെ പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിച്ചേക്കാം. ദേഷ്യം മൂലം സ്വയമായോ മറ്റുള്ളവർക്കോ ശാരീരികമായ ഉപദ്രവങ്ങൾ ഉണ്ടാകാൻ ഇടയാക്കിയേക്കാം. അത് അപകടങ്ങളും പരിക്കുകളും ഉണ്ടാകാൻ കാരണമായേക്കാം. ദീർഘകാലം നിയന്ത്രിക്കപ്പെടാൻ ആവാത്ത കോപം കുട്ടികളിൽ മാനസികമായ സമ്മർദ്ദങ്ങൾക്കും ആത്മവിശ്വാസക്കുറവിനും നിരാശയ്ക്കും സാമൂഹ്യ ബന്ധങ്ങളിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾക്കും കാരണമായേക്കാം. സ്കൂളുകളിലും കുടുംബങ്ങളിലും പുലർത്തേണ്ട ബന്ധങ്ങൾക്ക് ഒരു തടസ്സമായി മാറാനും പഠന മേഖലയെ ദോഷകരമായി ബാധിക്കാനും അത് ഇടയാക്കിയേക്കാം. നിയന്ത്രിക്കപ്പെടാൻ ആവാത്ത ദേഷ്യം കുട്ടികളിൽ മാനസികമായ പ്രശ്നങ്ങളിലേക്കും വികാരങ്ങളെ നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ടിലേക്കും നയിച്ചേക്കാം. കുട്ടികളുടെ ഉത്സാഹക്കുറവ്, ലക്ഷ്യബോധ്യം ഇല്ലായ്മ, സാമൂഹ്യ കാര്യങ്ങളിൽ ഉണ്ടാവുന്ന വിമുഖത, ആത്മഹത്യാ പ്രവണത തുടങ്ങിയ പല പ്രശ്നങ്ങൾക്കും അമിതമായ കോപം കാരണമായേക്കാം. എന്നാൽ, അതിനെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ മാതാപിതാക്കൾ തന്നെ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. അതിനുവേണ്ടി മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതായ കുറച്ചു കാര്യങ്ങൾ ഉണ്ട്.
ഒന്നാമതായി, പെരുമാറ്റത്തിന്റെ കാര്യത്തിൽ മാതാപിതാക്കൾ കുട്ടികൾക്ക് നല്ല മാതൃകയാകണം. കുട്ടികൾ പലപ്പോഴും അനുകരിക്കാറുള്ളത് മാതാപിതാക്കളുടെ പെരുമാറ്റമാണ്. അതിനാൽ, നല്ല അച്ചടക്കമുള്ള ശീലം വളർത്തിക്കൊണ്ടു വരാനും സ്വയം ദേഷ്യം നിയന്ത്രിക്കാനും സ്വന്തം തെറ്റുകളെ അംഗീകരിക്കാനും മറ്റുള്ളവരെ ബഹുമാനിക്കാനും മാതാപിതാക്കൾ തങ്ങളുടെ മക്കളെ പഠിപ്പിക്കണം. കുട്ടികൾ ദേഷ്യപ്പെട്ടാലും ക്ഷമയോടെയും ആത്മ സംയമനത്തോടെയും അവരോട് ഇടപഴകാൻ മാതാപിതാക്കൾക്ക് സാധിക്കണം. നല്ല പെരുമാറ്റം വഴി കുട്ടികൾ വികാരം എങ്ങനെ പ്രകടിപ്പിക്കണമെന്ന് മാതാപിതാക്കൾ അവർക്ക് മനസ്സിലാക്കി കൊടുക്കണം. വികാരങ്ങളെ നിയന്ത്രിക്കാൻ പഠിക്കുമ്പോൾ കുട്ടികൾക്ക് നല്ല തീരുമാനങ്ങൾ എടുക്കാനും പ്രശ്നങ്ങളെ നന്നായി നേരിടാനും സാധിക്കും.
രണ്ടാമതായി, ദേഷ്യം നിയന്ത്രിക്കാൻ സുരക്ഷിതമായ മാർഗ്ഗങ്ങൾ മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് പഠിപ്പിച്ചു കൊടുക്കണം. കുട്ടികൾക്ക് ചെയ്യാൻ പറ്റുന്ന ചെറിയ കാര്യങ്ങൾ വഴി അവരുടെ ദേഷ്യത്തെ നിയന്ത്രിക്കാൻ മാതാപിതാക്കൾ അവരെ പഠിപ്പിക്കണം. പടം വരയ്ക്കുന്നതോ, പുസ്തകങ്ങൾ വായിക്കുന്നതോ, ഡയറി എഴുതുന്നതോ, നടക്കുന്നതോ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുന്നത് വഴി അവരുടെ അമിതമായ ദേഷ്യത്തെ നിയന്ത്രിക്കാൻ സാധിക്കും. അതോടൊപ്പം തന്നെ, തങ്ങളുടെ വികാരങ്ങളെക്കുറിച്ച് തിരിച്ചറിയാനും ആ വികാരങ്ങളെ ശാന്തമാക്കേണ്ട വഴികളെക്കുറിച്ചും മാതാപിതാക്കൾ തങ്ങളുടെ മക്കളെ പഠിപ്പിക്കണം. കുട്ടികൾക്ക് ദേഷ്യം ഉണ്ടാകുമ്പോൾ സാധനങ്ങളോ വസ്തുക്കളോ നശിപ്പിക്കാൻ ഇടയാകാത്ത വിധം വാക്കുകൾ കൊണ്ട് അവരുടെ ദേഷ്യത്തെ പ്രകടിപ്പിക്കാൻ മാതാപിതാക്കൾ അവരെ സഹായിക്കണം. അങ്ങനെ തങ്ങളുടെ ദേഷ്യം പ്രകടിപ്പിക്കാനുള്ള അനുവദനീയമായ വഴികൾ മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് പറഞ്ഞു കൊടുക്കണം.
മൂന്നാമതായി, കുട്ടികളിലെ ദേഷ്യം നിയന്ത്രിക്കുന്നതിന് വീടുകളിൽ വ്യക്തവും സ്ഥിരതയും ഉള്ള നിയമങ്ങൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇത് കുട്ടികളിൽ സുരക്ഷിതത്വ ബോധം വളർത്താനും അവരുടെ വികാരങ്ങളെ ആരോഗ്യകരമായ രീതിയിൽ കൈകാര്യം ചെയ്യാനും സഹായിക്കുന്നു. കുട്ടികളുടെ ദേഷ്യപ്രകടനത്തിന് അതിരുകൾ നിശ്ചയിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ദേഷ്യപ്പെടുമ്പോൾ എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്നുള്ള വ്യക്തമായ നിയമങ്ങൾ ഉണ്ടാകണം. ഇനി, ഇങ്ങനെയുള്ള നിയമങ്ങൾ ഉണ്ടാക്കിയാൽ അത് വീട്ടിലുള്ള എല്ലാവരും നിർബന്ധമായും പാലിക്കും എന്ന് ഉറപ്പുവരുത്തുകയും വേണം. കുട്ടികളെ ശാന്തമാക്കാൻ സഹായിക്കുന്ന മറ്റ് പല വിദ്യകൾ അവരെ പഠിപ്പിച്ചു കൊണ്ടും അവർക്ക് ആവശ്യമായ ശിക്ഷണവും പ്രോത്സാഹനവും നൽകിക്കൊണ്ടും അവരുടെ അമിതമായ കോപത്തെ നിയന്ത്രിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.
നാലാമതായി, കുട്ടികൾക്ക് തുറന്നു സംസാരിക്കാനുള്ള അവസരം മാതാപിതാക്കൾ ഒരുക്കി കൊടുക്കുന്നതു വഴി അവരിലെ കോപത്തെ കുറച്ചു കൊണ്ടുവരാൻ സാധിക്കും. കുട്ടികളിലെ ദേഷ്യം നിയന്ത്രിക്കാൻ മാതാപിതാക്കൾ അവരുമായി തുറന്നു സംസാരിക്കേണ്ടത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇത് കുട്ടികളിലെ വികാരങ്ങളെ തിരിച്ചറിഞ്ഞ് ആരോഗ്യകരമായ രീതിയിൽ അത് പ്രകടിപ്പിക്കാൻ അവരെ സഹായിക്കുന്നു. അവരുടെ വികാരങ്ങളെല്ലാം തുറന്നുപറയാനും പ്രകടിപ്പിക്കാനും മാതാപിതാക്കൾ അവർക്ക് സ്വാതന്ത്ര്യം കൊടുക്കണം. അവർ പറയുന്ന കാര്യങ്ങൾ മാതാപിതാക്കൾ ശ്രദ്ധയോടെ കേൾക്കണം. അങ്ങനെ അവരെ ദേഷ്യപ്പെടാൻ ഇടയാക്കുന്ന കാരണങ്ങളെ ഒഴിവാക്കി നല്ല കാര്യങ്ങളിലേക്ക് അവരുടെ ശ്രദ്ധ തിരിച്ചുവിടാനും അവരുടെ ദേഷ്യത്തെ നിയന്ത്രിക്കാനുള്ള കഴിവ് വളർത്തിക്കൊണ്ടു വരാനും നമുക്ക് സാധിക്കും.
അഞ്ചാമതായി, കുട്ടികളുടെ കോപത്തെ നിയന്ത്രിക്കാൻ മാതാപിതാക്കൾ ശാന്തമായ സമീപനം സ്വീകരിക്കണം. കുട്ടികൾ ദേഷ്യം കാണിക്കുമ്പോൾ മാതാപിതാക്കൾ അവരെ അവഗണിക്കുകയോ കയർത്തു സംസാരിക്കുകയോ ചെയ്യാൻ പാടില്ല. അപ്പോൾ നാം നമ്മെ തന്നെ ശാന്തമാക്കുകയാണ് വേണ്ടത്. ശാന്തമായ അന്തരീക്ഷം മാതാപിതാക്കൾ കുട്ടികൾക്ക് നൽകണം. കുട്ടികളിലെ കോപത്തെ നിയന്ത്രിക്കാൻ മാതാപിതാക്കൾ അവരെ പഠിപ്പിക്കേണ്ടതുണ്ട്., ശരിയായ രീതിയിൽ അവരെ നിയന്ത്രിക്കേണ്ടതുണ്ട്. അവരുടെ കോപം തിരിച്ചറിയാൻ മാതാപിതാക്കൾ അവരെ സഹായിക്കണം. അവരുടെ കോപത്തെക്കുറിച്ച് മാതാപിതാക്കൾ ചോദിച്ചു മനസ്സിലാക്കണം. കോപത്തിന് കാരണമായ പ്രശ്നങ്ങളെ മനസ്സിലാക്കി കോപം നിയന്ത്രിക്കാൻ ആരോഗ്യകരമായ വഴികൾ മാതാപിതാക്കൾ തങ്ങളുടെ മക്കളെ പഠിപ്പിക്കണം. കോപം വരുമ്പോൾ മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ മാതാപിതാക്കൾ തങ്ങളുടെ മക്കളെ പഠിപ്പിക്കണം. കുട്ടികൾ പലതരത്തിലുള്ള കളികളിലും ശാരീരിക പ്രവർത്തനങ്ങളിലും ഏർപ്പെടുന്നത് കോപത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
ആറാമതായി, കുട്ടികളുടെ നല്ല രീതിയിലുള്ള പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികൾ അവരുടെ ദേഷ്യസ്വഭാവത്തെ നിയന്ത്രിക്കുന്ന പക്ഷം അവരെ കൂടുതൽ അതിനു വേണ്ടി പ്രോത്സാഹിപ്പിക്കാനും അവർക്ക് ചെറിയ സമ്മാനങ്ങൾ നൽകാനും മാതാപിതാക്കൾ ശ്രദ്ധിക്കണം. കുട്ടികൾ ദേഷ്യപ്പെട്ടതിനെ ചൊല്ലി അവരെ ശിക്ഷിക്കാതെ, ശിക്ഷയിൽ ജാഗ്രത പാലിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. അവർ ദേഷ്യപ്പെട്ടതിന് ശാരീരികമായി അവരെ ശിക്ഷിക്കാൻ പാടില്ല., മറിച്ച്, ശാന്തമായ രീതിയിൽ തെറ്റുകൾ തിരുത്താൻ മാതാപിതാക്കൾ അവരെ സഹായിക്കണം. അങ്ങനെ നല്ല രീതിയിലുള്ള പെരുമാറ്റം ആവർത്തിക്കാൻ മാതാപിതാക്കൾ തങ്ങളുടെ മക്കളെ പ്രോത്സാഹിപ്പിക്കണം.
ഏഴാമതായി, കുട്ടികൾക്ക് ദേഷ്യം ഉണ്ടാക്കുന്ന സാഹചര്യങ്ങളെ തിരിച്ചറിഞ്ഞ് അത് ഒഴിവാക്കാനും അവരുടെ വികാരങ്ങളെയും അംഗീകരിക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണം. കുട്ടികൾ അനുഭവിക്കുന്ന വിശപ്പും ഉറക്കക്കുറവും ശ്രദ്ധയില്ലായ്മയും ഒക്കെ അവർ ദേഷ്യപ്പെടാൻ കാരണമായേക്കാവുന്ന സാഹചര്യങ്ങളാണ്. അതോടൊപ്പം തന്നെ, കുട്ടികളുടെ ദേഷ്യം വളരുന്നതും ഒരു വളർച്ചയുടെ ഭാഗമാണെന്ന് നമ്മൾ മനസ്സിലാക്കണം. അവരുടെ വികാരങ്ങളെ അവഗണിക്കാതിരിക്കാനും ശരിയായ രീതിയിൽ അത് കൈകാര്യം ചെയ്യാനും മാതാപിതാക്കൾ ശ്രദ്ധിക്കണം. ദേഷ്യം വരുമ്പോൾ കുട്ടികളെ ഒറ്റയ്ക്ക് ഇരിക്കാൻ അനുവദിച്ചു കൊണ്ടും, ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്തുകൊണ്ടും, ക്രമീകൃതമായ ഒരു ദിനചര്യ അവരെ പരിശീലിപ്പിക്കാൻ പരിശ്രമിച്ചു കൊണ്ടും, അവർക്ക് വേണ്ട സ്നേഹവും പിന്തുണയും നൽകിക്കൊണ്ടുമൊക്കെ മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ വികാരങ്ങളെ മാനിക്കാനും അവരുടെ ദേഷ്യത്തെ നിയന്ത്രിക്കാനും പരിശ്രമിക്കണം.
എട്ടാമതായി, കുട്ടികളുടെ ദേഷ്യം നിയന്ത്രിക്കുന്ന കാര്യത്തിൽ ആവശ്യമെങ്കിൽ മാതാപിതാക്കൾ വിദഗ്ധരുടെ സഹായം തേടേണ്ടതുണ്ട്. അവരുടെ ദേഷ്യം നിയന്ത്രിക്കാൻ മാതാപിതാക്കൾക്ക് സാധിക്കുന്നില്ലെങ്കിൽ വിദഗ്ധരുടെ സഹായം തേടേണ്ടത്, അല്ലെങ്കിൽ ഒരു കൗൺസിലറുടെ സഹായം തേടേണ്ടത് അത്യന്താപേക്ഷിതം ആയിട്ടുള്ള ഒരു കാര്യമാണ്. ഒരു വിദഗ്ധന്റെ സഹായം തേടുന്നത് കുട്ടിക്കും കുടുംബത്തിനും ഒരുപോലെ പ്രയോജനപ്പെടും. അമിതമായ കോപം, സ്ഥിരമായ കോപം, വികാരങ്ങൾ പ്രകടിപ്പിക്കാൻ പറ്റാത്ത അവസ്ഥ, മറ്റ് സ്വഭാവ വൈകല്യങ്ങൾ തുടങ്ങിയ കാരണങ്ങൾ കുട്ടികളിൽ കാണുകയാണെങ്കിൽ നിർബന്ധമായും അവർക്ക് വൈദ്യ സഹായമോ കൗൺസിലിങ്ങ് സഹായമോ നൽകേണ്ടതുണ്ട്. കുട്ടികളുടെ കോപം നിയന്ത്രിക്കുന്നതിന് സഹായിക്കാൻ നിരവധി വിദഗ്ധരുണ്ട്. ഒരു പീഡിയാട്രീഷ്യനെ സമീപിച്ചു കൊണ്ടും, നല്ല വിദഗ്ധരുടെ ചികിത്സ തേടിക്കൊണ്ടും, കുട്ടികളെ തെറാപ്പികളിൽ പങ്കെടുപ്പിച്ചുകൊണ്ടും, അവർക്ക് നല്ല തുടർ ചികിത്സകൾ നൽകിക്കൊണ്ടുമൊക്കെ തങ്ങളുടെ മക്കളുടെ കോപത്തെ പരിഹരിക്കാൻ മാതാപിതാക്കൾ പരിശ്രമിക്കണം.
വി. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പറയുന്നു: “കോപം നമ്മുടെയുള്ളിൽ അഗ്നി പോലെയാണ്. അത് നമ്മെയും മറ്റുള്ളവരെയും ചുട്ടുകരിക്കും. അതിനാൽ, ശാന്തത പാലിക്കാൻ ശ്രമിക്കുക”. മാതാപിതാക്കൾ തങ്ങളുടെ മക്കളെ അനാവശ്യമായി പ്രകോപിപ്പിക്കാതെ ദൈവികമാർഗ്ഗങ്ങളിലും സ്നേഹത്തിലും ദൈവഭയത്തിലും വളർത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളോട് അമിതമായി ദേഷ്യപ്പെടുന്നതും അവരെ ശിക്ഷിക്കുന്നതും അവരെ നിരുത്സാഹത്തിലേക്കും കോപത്തിലേക്കും നയിക്കാൻ ഇടയാക്കുന്നു. അതിനാൽ, അങ്ങനെയുള്ള കാര്യങ്ങൾ ഒഴിവാക്കപ്പെടേണ്ടതുണ്ട്. കോപത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും അത് ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും നമ്മെ ഓർമ്മപ്പെടുത്തുന്ന പല ദൈവവചനങ്ങളും ബൈബിളിൽ നമുക്ക് കണ്ടെത്താൻ സാധിക്കും. പൗലോശ്ലീഹ എഫേ:4:26 ൽ പറയുന്നു: “കോപിക്കാം., എന്നാൽ, പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യൻ അസ്തമിക്കുന്നത് വരെ നീണ്ടു പോകാതിരിക്കട്ടെ”. നമ്മിൽ ദുഃഖവും ദോഷവും ഉണ്ടാക്കുന്ന ഒരു മാനസിക അവസ്ഥയാണ് കോപം. കോപം മനുഷ്യന്റെ സ്വാഭാവിക ദൃഷ്ടിയും പാപത്തിന്റെ ഫലവും ആണെന്നും, അതിനാൽ കോപത്തെ ഒഴിവാക്കി ക്ഷമയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വാഹകരാകാനുള്ള ആഹ്വാനം ദൈവത്തിന്റെ വചനം നമുക്ക് നൽകുകയാണ്. സങ്കീ:37:8 പറയുന്നു: “കോപത്തിൽ നിന്ന് അകന്നു നിൽക്കുക, ക്രോധം വെടിയുക, പരിഭ്രമിക്കാതിരിക്കുക., അത് തിന്മയിലേക്ക് മാത്രമേ നയിക്കൂ”. കോപത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് മനസ്സിലാക്കുവാനും ക്ഷമയിലൂടെയും സ്നേഹത്തിലൂടെയും സഹാനുഭൂതിയിലൂടെയും അതിന് അതിജീവിക്കുവാനും നമുക്ക് സാധിക്കണം. വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ പറയുന്നു: “കോപം ദൈവത്തിൽ നിന്നുള്ള കൃപയെ നശിപ്പിക്കുന്നു. സമാധാനവും സന്തോഷവും കണ്ടെത്താൻ കോപത്തെ ഉപേക്ഷിക്കുക”.
അതിനാൽ, കോപത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് മനസ്സിലാക്കി ശരിയായ രീതിയിൽ അതിനെ കൈകാര്യം ചെയ്യാൻ നമുക്ക് പരിശ്രമിക്കാം., അതിനുവേണ്ടി നമ്മുടെ കുട്ടികളെയും നമുക്ക് പ്രചോദിപ്പിക്കാം. കോപത്തിന്റെ മേലുള്ള ബോധവൽക്കരണവും ശരിയായ സമീപനവും നമ്മുടെ സാമൂഹ്യ ബന്ധങ്ങൾക്കും വ്യക്തിവളർച്ചയ്ക്കും ഒരു മികച്ച പാത സൃഷ്ടിക്കുന്നതിനിടയാക്കുന്നു. കുട്ടികളുടെ ദേഷ്യമെന്ന വികാരത്തെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുമ്പോൾ മാത്രമേ നല്ലൊരു വ്യക്തിത്വം ഭാവിയിൽ അവർക്ക് വളർത്തിക്കൊണ്ടു വരാൻ സാധിക്കുകയുള്ളൂ. കുട്ടികളുടെ കോപത്തെ നമുക്ക് പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കുകയില്ല. എന്നാൽ, അതിനോടുള്ള ആരോഗ്യകരമായ സമീപനം വൈകാരികമായി കുട്ടികളെ വളർത്താൻ സഹായിക്കുന്നു. അതിനുവേണ്ടി മാതാപിതാക്കളുടെ ക്ഷമയോടെയും സ്നേഹത്തോടെയും ത്യാഗ മനോഭാവത്തോടെയും സ്ഥിരതയോടെയും ഉള്ള സമീപനം പ്രധാനപ്പെട്ട ഒരു കാര്യമാണ്. കോപം നമ്മെ നിയന്ത്രിക്കാതെ നാം കോപത്തെ നിയന്ത്രിക്കുന്നവരായി മാറണം. നമ്മുടെ ജീവിതം സന്തോഷകരവും സമാധാനപൂർണ്ണവും ആകണമെങ്കിൽ നമ്മുടെ കോപത്തെ നിയന്ത്രിക്കുന്നതിൽ നാം ശ്രദ്ധിക്കണം. നമ്മുടെ മക്കളെ നമുക്ക് നല്ല സ്വഭാവമുള്ളവരായി വളർത്താം., അങ്ങനെ നല്ല ബന്ധങ്ങൾ ഉള്ളവരായി, നല്ല വ്യക്തിത്വമുള്ളവരായി അവർ വളരട്ടെ.