
മനുഷ്യജീവിതത്തിൽ പ്രാർത്ഥനയുടെ സമയം എന്ന് പറയുന്നത് ഒരു ദിവസത്തിൽ പ്രഭാതത്തിലും പ്രദോഷത്തിലുമാണ്. പ്രഭാതത്തിൽ എല്ലാം ദൈവകരങ്ങളിൽ ഏൽപ്പിച്ച് സായാഹ്നത്തിൽ യേശുവിന് നന്ദി പറഞ്ഞ് അവസാനിക്കുന്നു. AI ലോകത്തിൽ ജീവിക്കുന്നവരാണ് നമ്മൾ. ആളുകളെ ഇന്ന് കണ്ടെത്തണമെങ്കിൽ എയറിൽ നോക്കണം (Internet). ഈ ലേഖനം നിങ്ങൾ വായിക്കുന്നതും ഇന്റർനെറ്റിൽ ആണെന്നത് വാസ്തവം. എന്റെ ഒരു ദിവസത്തെ ജീവിതം ആരംഭിക്കുന്നതും അവസാനിക്കുന്നതും എങ്ങനെയെന്ന് വിലയിരുത്താം. തിരക്കുപിടിച്ച ലോകത്ത് വ്യഗ്രതയോടെ ഞാൻ ഉണരുന്നു. ആകുലതയോടെ ഉറങ്ങുന്നു. എന്റെ ആശ്രയം എന്താണ്? ദൈവത്തിൽ ആരംഭിച്ച് ദൈവത്തിൽ അവസാനിപ്പിക്കുന്ന ജീവിതം അതിസുന്ദരമായിത്തീരും. വചനം പറയുന്നു: “നിന്റെ എല്ലാ പ്രവർത്തികളും ദൈവവിചാരത്തോടെ ആകട്ടെ, അവിടുന്ന് നിനക്ക് വഴി കാണിച്ചു തരും” ( സുഭാ:3:6). സങ്കീർത്തകൻ പാടുന്നു: “ഞാൻ ശാന്തമായി കിടന്നുറങ്ങുന്നു, ഉണർന്നെഴുന്നേൽക്കുന്നു, എന്തെന്നാൽ ഞാൻ കർത്താവിന്റെ കരങ്ങളിലാണ്” ( സങ്കീ:3:5). എന്റെ ജീവിതം നിരന്തരം ദൈവത്തിലായിരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ? ജീവിതത്തിന്റെ വ്യഗ്രത എന്റെ മനസ്സിനെ ദുർബലപ്പെടുത്തി ഞാൻ സദാ ലോകത്തിൽ തന്നെ കുടുങ്ങിപ്പോകുന്നു. യേശുവിനെ ധ്യാനിക്കാം. “അവൻ അതിരാവിലെ ഉണർന്ന് ഒരു വിജനപ്രദേശത്തേക്ക് പോയി, അവിടെ അവൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു” (മർക്കോ: 1:35). എന്നെപ്പറ്റി ചിന്തിക്കാം. ഞാൻ ഒരുപാട് താമസിച്ചുണർന്ന് കട്ടിലിൽ തന്നെ കിടന്ന് മൊബൈൽ ഉപയോഗിക്കുന്നു. യേശുവിനെ ധ്യാനിക്കാം. “അവൻ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനുശേഷം ഏകാന്തതയിൽ പ്രാർത്ഥിക്കാൻ മലയിലേക്ക് കയറി, രാത്രിയായപ്പോഴും അവൻ അവിടെ തനിച്ചായിരുന്നു” ( മത്താ:14:22). എന്നെപ്പറ്റി ചിന്തിക്കാം. ഞാൻ ജോലിയെല്ലാം തീർത്ത് മുറിയിൽ കയറി അവിടെ മൊബൈൽ ഉപയോഗിച്ചു കൊണ്ടിരുന്നു. നേരം വൈകിയിട്ടും അങ്ങനെ തന്നെ.
പ്രാർത്ഥന ഒരു യുദ്ധമാണ്. യേശുവിൽ നോക്കി പ്രഭാതത്തിലും പ്രദോഷത്തിലും പ്രാർത്ഥിച്ചു ശക്തി ആർജ്ജിക്കണം. “ഗോലിയാത്ത് നാൽപ്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും യുദ്ധത്തിന് വെല്ലുവിളിച്ചു” (1 സാമു:17:16). പഴയ നിയമത്തിൽ ഇസ്രായേൽ ജനത്തെ നശിപ്പിക്കാനായി വെല്ലുവിളിച്ച തിന്മയുടെ പ്രതീകമാണ് ഗോലിയാത്ത്. ഈ കാലഘട്ടത്തിൽ സുഖലോലുപതയായും ദുശ്ശീലങ്ങളായും മദ്യാസക്തിയായും സോഷ്യൽ മീഡിയയായും ഗോലിയാത്തിനെ പരിഗണിക്കാം. ഗോലിയാത്തിനെ നശിപ്പിക്കാൻ ദാവീദ് ആശ്രയിച്ചത് സൈന്യങ്ങളുടെ കർത്താവായ ദൈവത്തിന്റെ നാമമാണ്. എന്റെ ജീവിതത്തിന്റെ ഓരോ ദിവസത്തെയും, പ്രഭാതത്തെയും പ്രദോഷത്തെയും ദൈവസാന്നിദ്ധ്യമാക്കിയില്ലെങ്കിൽ ജീവിത സായാഹ്നത്തിൽ ഇസ്രായേൽ ജനം പകച്ചുനിന്നത് പോലെ നിൽക്കേണ്ടിവരും. പരിപൂർണ്ണമായി ദൈവത്തിൽ ആശ്രയിച്ച് ജീവിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം, പരിശ്രമിക്കാം.