
കൃത്യസമയത്ത് ചായ ലഭിക്കാത്തതിന്റെ പേരിൽ ഭാര്യയോട് ദേഷ്യപ്പെട്ട് ഒന്നും കഴിക്കാതെയാണ് അയാൾ ഓഫീസിലേക്ക് പോയത്. ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ എല്ലാത്തിനെയും തല്ലി തകർക്കാനുള്ള ദേഷ്യം നിയന്ത്രിക്കാൻ അയാൾ പാടുപെട്ടു. ബസ് കാത്ത് അസ്വസ്ഥതയോടെ നിൽക്കുമ്പോൾ ഒരു ഭിക്ഷക്കാരൻ അയാളുടെ കണ്ണിൽപ്പെട്ടു. ഒരു മരച്ചുവട്ടിൽ ഇരുന്ന് ഭിക്ഷയാചിക്കുന്ന അയാളെ ആരും ശ്രദ്ധിയ്ക്കുക പോലും ചെയ്യാതെ കടന്നുപോയിക്കൊണ്ടിരുന്നു. ഒരു പ്രയോജനവും ഇല്ലാതെ വെറുതെയിരിക്കുന്ന ആ ഭിക്ഷക്കാരനോട് അയാൾക്ക് അകാരണമായ പുച്ഛവും വെറുപ്പും തോന്നി. ജോലി കഴിഞ്ഞ് വൈകിട്ട് തിരിച്ച് വീട്ടിലേക്ക് വരുന്ന സമയത്തും ആ ഭിക്ഷക്കാരൻ ആ മരച്ചുവട്ടിൽ തന്നെ ഉണ്ടായിരുന്നു. അയാൾ ആ ഭിക്ഷക്കാരന്റെ അടുത്തെത്തി ഇങ്ങനെ ചോദിച്ചു; ” രാവിലെ മുതൽ ഇവിടെയിരുന്നിട്ട് നിങ്ങൾക്കൊരു പ്രയോജനവും ഉണ്ടായതായി എനിക്ക് തോന്നുന്നില്ല, വെറുതെ സമയം മെനക്കെടുത്തിയല്ലാതെ എന്ത് നേട്ടം ആണ് നിങ്ങൾക്കുണ്ടായത് ?. തൻറെ കൈയിലെ കാലിയായ പാത്രത്തിലേക്ക് നോക്കിയശേഷം അയാൾ ഇപ്രകാരം മറുപടി പറഞ്ഞു;” ഇന്ന് എന്നെ സഹായിക്കുവാനായി ദൈവം ഒരു മാലാഖയെ ഭൂമിയിലേക്ക് അയച്ചിട്ടുണ്ട്. ആ മാലാഖ എപ്പോൾ ഏതു സമയത്ത് വരുമെന്ന് എനിക്കറിഞ്ഞുകൂടാ. അതുകൊണ്ട് ആ മാലാഖ വരുന്നത് വരെ ഞാൻ കാത്തിരിക്കും”. ഹൃദയത്തിൽ തറച്ച ആ വാക്കുകൾ അയാളുടെ കണ്ണുകളെ ഈറൻ അണിയിച്ചു. തന്റെ പേഴ്സിൽ നിന്നും കാശ് എടുത്ത് ആ സഹോദരൻറെ കരങ്ങളിൽ കൊടുത്ത ശേഷം അയാൾ വീട്ടിലേക്ക് നടന്നു പതിവുപോലെ ഉമ്മറപ്പടിയിൽ അയാളെയും കാത്തുനിൽപ്പ് ഉണ്ടായിരുന്നു അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ തന്റെ ജീവിതകാലം മുഴുവൻ തന്നെ സഹായിക്കുവാൻ ദൈവം തന്ന മാലാഖയാണെന്ന് അവളന്ന് ബോധ്യം അയാൾക്ക് ഉണ്ടായി. അവളുടെ ആന്തരിക സൗന്ദര്യം അപ്പോൾ അയാൾ തിരിച്ചറിഞ്ഞു ഒരിക്കൽപോലും ദേഷ്യപ്പെടാതെ നിശബ്ദമായി സഹിക്കുന്ന അവളുടെ സ്നേഹത്തിനു മുമ്പിൽ അയാൾ പുതിയൊരു മനുഷ്യനായി മാറുകയായിരുന്നു
കണ്ണുണ്ടായിട്ടും കാഴ്ചയില്ലാത്ത ചില വ്യക്തികളെ നമുക്ക് കാണാം. വെറുപ്പും വിദ്വേഷവും വൈരാഗ്യവും കൊണ്ട് അടഞ്ഞുപോയ സ്നേഹത്തിൻറെ കണ്ണുകൾ തുറക്കപ്പെടാൻ നമുക്ക് ആഗ്രഹിച്ചു പ്രാർത്ഥിക്കാം. അന്ധമായി പോയ നമ്മുടെ കണ്ണുകളെ സ്നേഹത്തിൻറെ തൈലം പൂശി സുഖമാക്കാൻ ദൈവം ഒരുപാട് മാലാഖമാരെ പല രൂപത്തിൽ ഭൂമിയിലേക്ക് അയച്ചിട്ടുണ്ട് . ഒരുപക്ഷേ അത് നാം ഏറ്റവും കൂടുതൽ വെറുക്കുന്ന വ്യക്തികളുമാവാം. ക്ഷമയെന്ന പുണ്യം അഭ്യസിച്ചു തുടങ്ങുമ്പോൾ സ്നേഹത്തിൽ പരിപൂർണ്ണത പ്രാപിച്ച് ക്രിസ്തുവായി തീരാൻ നമുക്ക് സാധിക്കും. ഇത് സാധ്യമാക്കുവാൻ പരിശുദ്ധ കുർബാനയിൽ പരിപൂർണ്ണമായി നാം ആശ്രയിക്കണം. ഒരു വ്യക്തിയെ ദൈവമകനായി ദൈവമകളായി രൂപാന്തരപ്പെടുത്തുന്നത് പരിശുദ്ധ കുർബാന മാത്രമാണെന്ന സത്യം ഒരിക്കലും നാം മറക്കരുത്. ആ ബലിപീഠത്തിൽ നിന്ന് ഒഴുകുന്ന കൃപയുടെ അഭിഷേകത്താൽ രൂപാന്തരപ്പെടുവാൻ കർത്താവീശോമിശിഹാ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ