
കർത്താവിന്റെ നാമം വിളിച്ചു പ്രാർത്ഥിക്കുന്ന ഏവനും രക്ഷ പ്രാപിക്കും (റോമാ 10-13)
ഇന്നത്തെ അത്യന്താധുനിക കാലഘട്ടത്തിൽ പലരും സൗകര്യപൂർവ്വം മാറ്റിവയ്ക്കുന്ന ഒന്നായി തീർന്നിരിക്കുകയാണ് പ്രാർത്ഥന. പ്രാർത്ഥന ദൈവത്തിങ്കലേക്കുള്ള ആത്മാവിന്റെ ഒരു ഉയർത്തൽ ആണെന്ന് വിശുദ്ധ ജോൺ പറയുന്നു. ആത്മാവും ദൈവവുമായുള്ള സ്നേഹസംഭാഷണം മുറിച്ച് മാറ്റി മരണ സംസ്കാരത്തിലൂടെ മുന്നേറുന്ന ഒരു കാലഘട്ടത്തിലൂടെയല്ലേ നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത് ലോകത്തിലെ ജീവിതസൗഭാഗ്യങ്ങൾ അൽപകാലികവും അപൂർണ്ണവുമാണെങ്കിലും ഇന്നും മനുഷ്യന്റെ പ്രയാണം അതിനു പുറകെയാണ് എന്നത് വളരെ സങ്കടകരമായ ഒരു സത്യമാണ്. യഥാർത്ഥ സൗഭാഗ്യത്തിന്റെ ഔന്നിത്യത്തിലേക്കുള്ള വാതിൽ ഇടുങ്ങിയതും ഞെരുക്കമുള്ളതും ആണെന്ന് നമ്മുടെ ഗുരുവും നാഥനുമായവന് അറിയാമായിരുന്നു . എങ്കിലും അത് തരണം ചെയ്യുമ്പോൾ ലഭിക്കുന്ന നിത്യാനന്ദത്തിന്റെ അചിന്ത്യമായ ആനന്ദത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ പ്രാർത്ഥനയിലൂടെ മാത്രമേ സാധിക്കൂ എന്ന് അവൻ എന്നും പഠിപ്പിച്ചിരുന്നു

ദൈവം തന്റെ അനുഗ്രഹങ്ങൾ നൽകുവാനും തന്റെ നിക്ഷേപങ്ങൾ കൊണ്ട് നമ്മെ എല്ലാവരെയും സമ്പന്നരാക്കുവാനും സ്വീകരിക്കുന്ന നീർച്ചാലാണ് പ്രാർത്ഥന എന്ന് പറയാം പ്രാർത്ഥനയുടെ സഹായം കൂടാതെ പുണ്യജീവിതം നയിക്കുക തികച്ചും അസാധ്യമാണെന്ന് വിശുദ്ധ ക്രിസോസ്തോം പറയുന്നു അതുകൊണ്ടുതന്നെ ജീവനിലേക്കുള്ള യാത്രയിൽ പ്രാർത്ഥന നമുക്ക് ശക്തി നൽകുന്നു നമ്മുടെ കർത്തവ്യ നിർവഹണത്തിൽ ഉണ്ടാകുന്ന പ്രയാസങ്ങളെ നേരിടുന്നതിനുള്ള ശക്തി നൽകുന്നു. ഈ ലോകത്തിൽ സഹനകാരണങ്ങൾ ധാരാളമുണ്ട് ചിലത് സഹിക്കാൻ വളരെ പ്രയാസമായിരിക്കും എങ്കിലും കുരിശിന്റെ വഴിയാണ് രക്ഷയുടെ ശരിയായ മാർഗം എന്നതിനാൽ അനുദിന പ്രാർത്ഥനയിൽ പതറാതെ മുന്നേറാം

രചയിതാവ് : ജീന അന്ന