
ഡോണ എന്നായിരുന്നു അവളുടെ പേര്.
ദിവസവും ചാപ്പലിൻ്റെ പുറകിലത്തെ കസേരയിൽ കുർബ്ബാന അർപ്പിക്കുവാൻ അവളുണ്ടായിരുന്നു. ഏതോ ഒരു സിൻഡ്രോം മൂലം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന അവളുടെ മുഖം ഒരു മാലാഖയുടേതു പോലെയായിരുന്നു. അവളെ എന്നും കുർബ്ബാനയ്ക്കു കൂട്ടിക്കൊണ്ടുവന്നിരുന്ന അവളുടെ സഹോദരിയുടെ സ്നേഹവും കരുതലുമാണ് അവളുടെ ചിരിക്ക് അത്രയ്ക്ക് പ്രകാശം നൽകിയിരുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.. ഇടയ്ക്കൊക്കെ പള്ളിയിൽ വരാൻ മടി കാണിക്കുമെങ്കിലും സഹോദരിയുടെ സ്നേഹ നിർബന്ധത്തിന് അവൾ വഴങ്ങിക്കൊടുക്കുമായിരുന്നു. കുർബ്ബാന കഴിഞ്ഞ് ഒരു ചിരിയും സമ്മാനിച്ച് good morning ഉം ആ കുഞ്ഞിന് നൽകിക്കൊണ്ടാണ് ഞാൻ എന്നും പോകുന്നത്. എൻ്റെയും മോൻ്റേയും പേര് അവൾ വേഗം പഠിച്ചെടുത്തു പിന്നീട് ഒരു ദിവസം ചാപ്പലിൽ നിന്ന് ഇറങ്ങാൻ അൽപം താമസിച്ച എന്നെയും മകനേയും കാത്ത് ഡോണ പുറത്തു നിൽക്കുന്നുണ്ടായിരുന്നു. അവർ ഇവിടെ നിന്ന് ചെന്നൈയിലേയ്ക്ക് പോവുകയാണെന്ന് പറഞ്ഞു. എന്നോടും മോനോടും യാത്ര പറയാതെ പോകാൻ അവൾക്കു മനസ്സ് വന്നില്ല . അത് അവളോട് ആരും പറഞ്ഞു കൊടുത്തതല്ല. വെറും ഒരു പുഞ്ചിരി സമ്മാനിച്ച് ഞാൻ നേടിയെടുത്ത ഒരു നിഷ്കളങ്ക സ്നേഹം. പല മനുഷ്യഹൃദയങ്ങളും കൊതിക്കുന്നത് ഇതുതന്നെയാണ്. ഒരുപക്ഷേ മഹാകാര്യങ്ങളൊന്നും ആർക്കും ചെയ്തു കൊടുക്കാൻ നമുക്കു സാധിച്ചെന്നു വരില്ല. എന്നാൽ നമ്മുടെ നോട്ടത്തിലൂടെ.. പുഞ്ചിരിയിലൂടെ… ഒരു വാക്കിലൂടെയെല്ലാം മറ്റൊരാളുടെ ഹൃദയത്തിൽ പ്രത്യാശയുടെ ഒരു തീപ്പൊരി കൊടുക്കാൻ നമുക്കാകുമെങ്കിൽ… അവരുടെ ഏകാന്തത നികത്താൻ ചെറുതായിട്ടെങ്കിലും നമുക്കു കഴിയുമെങ്കിൽ …. അതൊരു മഹത്തായ ദാനധർമ്മം അല്ലേ. ? ഈശോ ഒത്തിരി ആത്മാക്കളെ നേടിയെടുത്തതും ഇങ്ങനെ തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അൽഭുതങ്ങൾ എന്നതിലുപരി , ഹൃദയം കീഴടക്കുന്ന അവൻ്റെ നോട്ടവും പുഞ്ചിരിയും വാക്കും ധാരാളം പേരുടെ ജീവിതനവീകരണത്തിനു കാരണമായിട്ടുണ്ടെന്നുള്ളത് തീർച്ച.
“ഈ ചെറിയവരില്‍ ഒരുവന്, ശിഷ്യന് എന്ന നിലയില്‍ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.”
(മത്തായി 10 : 42)
ഒരു നിമിഷത്തെ സ്നേഹാർദ്രമായ സാന്ത്വനം മതി… സ്വയമേ അണയുന്ന ചില ചിരാതുകൾ വീണ്ടും പ്രഭയോടെ ആളിക്കത്തുവാൻ….