
ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ അമ്മ വാതിൽ തുറന്നപ്പോൾ കണ്ടത് ഇരുകൈയിലും ആപ്പിളുമായി നിൽക്കുന്ന തന്റെ മൂന്നു വയസ്സുള്ള മകനെയാണ്. “അമ്മയ്ക്കൊരെണ്ണം താടാ” അവൾ കുഞ്ഞിനോട് ആപ്പിൾ ചോദിച്ചു; ഉടനെ അവൻ തന്റെ വലതു കൈയിലുള്ള ആപ്പിളിൽ നിന്ന് ഒരു കഷണം കടിച്ചു തിന്നു, പിന്നെ ഇടതു കൈയിലുള്ള ആപ്പിളിന്റെ ഒരു കഷ്ണവും കടിച്ചു തിന്നു . എന്നിട്ട് തന്റെ വലതു കൈയിലുള്ള ആപ്പിൾ അമ്മയ്ക്ക് നേരെ നീട്ടി. ഇത് കണ്ട ദേഷ്യപ്പെട്ട് അമ്മ അവനോട് ചോദിച്ചു; “ഇങ്ങനെയാണോ നല്ല കുട്ടികൾ , ഒരാൾ ഒരു സാധനം ചോദിക്കുമ്പോൾ ഇങ്ങനെയാണോ കാണിക്കുന്നത് ” എന്നാൽ അവൻ പറഞ്ഞു. ” അമ്മേ ഈ ആപ്പിളിനാണ് മധുരം കൂടുതൽ ഇത് അമ്മ തിന്നോ “. നിഷ്കളങ്കമായ ആ കുഞ്ഞ് സ്നേഹത്തിൻറെ മുമ്പിൽ അമ്മയുടെ കണ്ണ് നിറഞ്ഞു തുളുമ്പി.
അല്പം വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്ന അനുഭവങ്ങൾ ദൈവം ജീവിതത്തിൽ അനുവദിക്കുന്നത് അവിടത്തെ യഥാർത്ഥ സ്നേഹം നമുക്ക് വെളിപ്പെടുത്തി തരാൻ വേണ്ടിയാണ് . സഹനത്തിന്റെ കൈപ്പുനീർ സ്വർണ കപ്പിലാണ് ദൈവം തരുന്നത്. നാമത് കുടിച്ചു കഴിയുമ്പോൾ ആ സ്വർണക്കപ്പ് നമുക്ക് ലഭിക്കുകയും ചെയ്യും. ദൈവത്തിൻറെ അമൂല്യ ദാനങ്ങളെ തിരിച്ചറിയാൻ പലപ്പോഴും നമുക്ക് സാധിക്കാറില്ല . അനുദിന അനുഭവങ്ങളെ ദൈവഹിതമായി കണ്ടു, ക്ഷമയോടെ സഹിക്കുന്നവർക്ക് ദൈവം കൊടുക്കുന്ന പ്രതിഫലം വളരെ വലുതാണ്. ആ സമ്മാനം അവനെ ആനന്ദിപ്പിക്കുന്നതും അവന് സൗഖ്യം കൊടുക്കുന്നത് ആണ്. ക്ഷമയോടെ കാത്തിരിക്കാൻ കഴിയാത്തതാണ് നമ്മുടെ ദുഃഖത്തിന്റെയും നിരാശയുടെയും വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ച് പോകുന്നതിന്റെയും കാരണം എന്ന തിരിച്ചറിവ് പരിശുദ്ധാത്മാവ് നമുക്ക് നൽകട്ടെ ! ആമ്മേൻ
ബസാലേൽ