സത്യവിശ്വാസവും വിശുദ്ധ ജീവിതവും
വിശുദ്ധി കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. അതുപോലെതന്നെ സത്യവിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല എന്ന് മാത്രമല്ല നിത്യജീവൻ പ്രാപിക്കാനും സാധ്യമല്ല. സീറോ മലബാർ പരിശുദ്ധ കുർബാനയിൽ വിശുദ്ധ കൂദാശ ക്രമം അനുസരിച്ച് വിശ്വാസപ്രമാണം കഴിഞ്ഞുള്ള ശുശ്രൂഷയുടെ പ്രാർത്ഥനയിൽ ഇപ്രകാരം പ്രാർത്ഥിക്കുന്നു; “മിശിഹായുടെ സ്നേഹിതരും വിശ്വാസികളുമായ എല്ലാ ഭരണകർത്താക്കളും സത്യവിശ്വാസത്തോടെ മരിച്ചു ഈ ലോകത്തിൽ നിന്ന് വേർപെട്ടു പോയ എല്ലാവരെയും അനുസ്മരിക്കുവിൻ.” വീണ്ടും നാലാം പ്രണാമജപത്തിൽ കാർമ്മികൻ ഇപ്രകാരം പ്രാർത്ഥിക്കുന്നു; “കർത്താവേ ഇവിടെയും മറ്റെല്ലാ സ്ഥലങ്ങളിലുമുള്ള പരിശുദ്ധ കത്തോലിക്കാ സഭയുടെ മക്കളെല്ലാവരും ജീവന്റെ രക്ഷയ്ക്ക് വേണ്ടി സത്യവിശ്വാസത്തോടും സത്പ്രവർത്തികളോടും കൂടെ തിരുമുമ്പാകെയുള്ള ആരാധനയിൽ വളരാൻ ഇടയാക്കണമേ.”
പരിശുദ്ധ കുർബാനയിൽതന്നെ വേറെ ഭാഗങ്ങളിലും സത്യവിശ്വാസത്തെ പരാമർശിക്കുന്ന പ്രാർത്ഥനകൾ ഉണ്ട്. എന്നാൽ ആരും സത്യവിശ്വാസത്തിന് കാര്യമായ പ്രാധാന്യം നൽകുന്നില്ല. കാരണം അതേപ്പറ്റി അറിവില്ല. അപ്പോൾ എന്താണ് സത്യവിശ്വാസം എന്ന് നമ്മൾ അറിഞ്ഞിരിക്കണം. സത്യ ദൈവത്തിലും യേശുക്രിസ്തുവിലും, അവിടുന്ന് പ്രവർത്തിച്ചിട്ടുള്ളതും പഠിപ്പിച്ചിട്ടുള്ളതുമായ എല്ലാ കാര്യങ്ങളിലും, അവിടുത്തെ തുടർച്ചയായ തിരുസഭ നിർദേശിക്കുന്ന രീതിയിൽ തെറ്റ് കൂടാതെയും കുറവ് കൂടാതെയും വിശ്വാസം അർപ്പിക്കുന്നതാണ് സത്യവിശ്വാസം. അതുകൊണ്ട് സത്യവിശ്വാസത്തിൽ താഴെപ്പറയുന്ന കാര്യങ്ങൾ അടങ്ങിയിരിക്കുന്നു
1. വിശുദ്ധ ഗ്രന്ഥം
2.വിശുദ്ധ പാരമ്പര്യം
3.സഭയുടെ പ്രബോധനങ്ങൾ (സഭയുടെ പ്രബോധന അധികാരം വഴി നിർദേശിച്ചിരിക്കുന്നത്)
ദൈവം വെളിപ്പെടുത്തിയതും സഭ അനുസരിക്കാൻ പഠിപ്പിക്കുന്നതും ആയ കാര്യങ്ങൾ വിശ്വസിക്കാതിരിക്കുന്നത് ഒന്നാംപ്രമാണ് ലംഘനമാണ് ( CCC 2088-89).
ഉദാഹരണത്തിന് എല്ലാ വിശ്വാസികളും വിശുദ്ധരാകാൻ വിളിക്കപ്പെട്ടവരാണെന്ന് സഭ പഠിപ്പിക്കുമ്പോൾ അത് വിശ്വസിക്കാതിരിക്കുന്നതും വിശുദ്ധിക്ക് വേണ്ടി ആഗ്രഹിക്കാതിരിക്കുന്നതും അതിനുവേണ്ടി അദ്ധ്വാനിക്കാതെ ഇരിക്കുന്നതും സത്യവിശ്വാസ ലംഘനമാണ്. പലരും ഇങ്ങനെ ചിന്തിക്കുന്നു; വിശുദ്ധി പ്രാപിക്കുക എന്നുള്ളത് വൈദികർക്കും സന്ന്യസ്തർക്കും മാത്രം ഉള്ളതാണ്; അത് നമ്മൾ സാധാരണക്കാർക്ക് സാധ്യമല്ല. അതുകൊണ്ട് കുറച്ചുനാൾ ശുദ്ധീകരണ സ്ഥലത്ത് കിടന്നിട്ട് സാവധാനം സ്വർഗ്ഗത്തിൽ പോകാം എന്ന് ചിന്ത തെറ്റാണ്. സത്യവിശ്വാസത്തെക്കുറിച്ചുള്ള അജ്ഞത മൂലമാണ് ഇത് സംഭവിക്കുന്നത്. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം (CCC-826) ഇപ്രകാരം പറയുന്നു.
” എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത് വിശുദ്ധിയിലേക്കാണ്, അതിന്റെ ആത്മാവ് സ്നേഹമാണ്, അത് വിശുദ്ധീകരണത്തിന്റെ എല്ലാ മാർഗ്ഗങ്ങളെയും ഭരിക്കുകയും രൂപപ്പെടുത്തുകയും പൂർത്തീകരിക്കുകയും ചെയ്യുന്നു.” രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ തിരുസഭയെ കുറിച്ചുള്ള പ്രബോധന രേഖയിൽ അഞ്ചാം അധ്യായം 39 ഉം 40 ഉം ഖണ്ഡികകൾ സഭയിൽ വിശുദ്ധിയിലേക്കുള്ള സാർവത്രിക വിളിയെപ്പറ്റി വിവരിക്കുന്നു. സഭയിൽ എല്ലാവരും, ഹയരാർക്കിയിൽപ്പെട്ടവരും അവരാൽ നയിക്കപ്പെടുന്നവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു.
കര്‍ത്താവിന്റെ ദാസരേ, അവിടുത്തെ സ്തുതിക്കുവിന്‍; രാത്രിയില്‍ കര്‍ത്താവിന്റെ ആലയത്തില്‍ ശുശ്രൂഷ ചെയ്യുന്നവരേ, അവിടുത്തെ വാഴ്ത്തുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 134 : 1
Facebook Share on X LinkedIn WhatsApp Email Copy Link
Read more