
ഗുരുകുല പഠനം കഴിഞ്ഞ് തിരിച്ചു പോകുന്നതിന്റെ തലേദിവസം രാത്രി ഗുരുവും ശിഷ്യനും രണ്ട് വിളക്കുകളുമായി പുഴയരികിലെ ഒരു ഗുഹയിലേക്ക് പോയി. അവിടെയെത്തിയപ്പോള്‍ ഗുരു ശിഷ്യനോട് പറഞ്ഞു; ‘ മകനെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം പറഞ്ഞു തരുന്നതിനാണ് ഞാന്‍ നിന്നെ കൂട്ടിക്കൊണ്ടുവന്നത്. എന്നാല്‍ അത് എഴുതിവെച്ച താളിയോല ഞാന്‍ എടുക്കാന്‍ മറന്നു. ആശ്രമത്തില്‍ പോയി നീയത് എന്റെ മുറിയില്‍ നിന്നും എടുത്തു കൊണ്ടു വരിക. ‘ വിളക്കെടുത്ത് പോകാന്‍ തുടങ്ങിയ ശിഷ്യന്റെ കയ്യിലെ വിളക്ക്ഊതിക്കെടുത്തിയശേഷം ഗുരു പറഞ്ഞു. ‘വെളിച്ചമില്ലാത്ത ഈ വിളക്കുമായി പോയി അത് എടുത്തു കൊണ്ടുവരിക.’ എന്നാല്‍ ഒരുപാട് പ്രയാസപ്പെട്ട് തപ്പി തടഞ്ഞു വളരെ കുറച്ചു മുന്നോട്ടു മാത്രമേ ആ ശിഷ്യന് പോകാന്‍ സാധിച്ചുള്ളൂ. അവന് ഗുരുവിന്റെ അടുക്കലേക്ക് നിസ്സഹായനായി മടങ്ങിയെത്തി. ഗുരു അവനോട് ചോദിച്ചു ‘ എന്തു പറ്റി മകനെ ‘ അവന് പറഞ്ഞു. ‘ വെളിച്ചമില്ലാത്ത ഈ വിളക്കുമായി മുന്നോട്ടു പോകാന്‍ എനിക്ക് സാധിക്കുന്നില്ല ‘ ഗുരു ശാന്തതയോടെ ഇപ്രകാരം മറുപടി പറഞ്ഞു. ‘ വിളക്ക് കയ്യില്‍ ഉണ്ടായിരുന്നു എങ്കിലും അതില്‍ വെളിച്ചമില്ലാത്തതിനാല്‍ നിനക്ക് കാലിടറി , എത്ര അറിവും പാണ്ഡിത്യവും നേടിയാലും സകലതും ഗ്രഹിക്കാന്‍ കഴിയുന്ന ജ്ഞാനി ആയാലും ദൈവം നിന്റെ ഹൃദയത്തില്‍ ഇല്ലെങ്കില്‍ നീ അന്ധകാരത്തില്‍ ആയിപ്പോകും അവിടെ നിന്റെ അറിവിനും പാണ്ഡിത്യത്തിനും നിന്നെ രക്ഷിക്കാന്‍ കഴിയില്ല ഇതാണ് നീ പഠിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട പാഠം. ഇത് പഠിപ്പിക്കാനാണ് ഞാന്‍ നിന്നെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നത്. ‘ അഹം വെടിഞ്ഞ് എളിമയോടെ ശിഷ്യന് ഗുരുസന്നിധിയില്‍ നിന്നും പ്രകാശത്തിന്റെ പാതയിലൂടെ പതുക്കെ നടന്നു നീങ്ങി.
ഞാന്‍ നേടിയെടുത്തവ എന്റെ കഴിവ് ആണെന്ന് കരുതി അഹങ്കരിക്കുന്ന നാം നമ്മുടെ കഴിവിലും അറിവിലും ആണ് ആശ്രയിക്കുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന ജീവിത തകര്ച്ചകള് നമ്മെ നിരാശയിലേക്കും ഭയത്തിലേക്കും കൊണ്ടെത്തിക്കുകയും നാം അസ്വസ്ഥപ്പെടുകയും ചെയ്യുന്നത് നമ്മുടെ ഹൃദയത്തില്‍ ദൈവം ഇല്ലാത്തതുകൊണ്ടാണ് , നമ്മുടെ ഹൃദയത്തില്‍ ദൈവസ്നേഹം വറ്റിപ്പോയത് കൊണ്ടാണ്. സകലതും നന്മയ്ക്കായി പരിണമിപ്പിക്കുന്ന ദൈവസ്നേഹം നാം തിരിച്ചറിഞ്ഞാല്‍ മാത്രമേ ; ആ സ്നേഹത്തില്‍ പൂര്‍ണ്ണത പ്രാപിച്ചാല്‍ മാത്രമേ ലോകത്തിന്റെ പ്രകാശമായി മാറുവാന്‍ നമുക്ക് സാധിക്കുകയുള്ളൂ ആ തിരിച്ചറിവ് സ്വീകരിച്ച് എളിമയുള്ള വ്യക്തിയായി പരിശുദ്ധാത്മാവ് നമ്മെ രൂപാന്തരപ്പെടുത്തട്ടെ ആമ്മേന്‍