
മൊബൈൽ ഫോൺ സർവ്വവ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണല്ലൊ നമ്മളെല്ലാവരും ജീവിക്കുന്നത്. അതോടൊപ്പം തന്നെ ഈ കാലഘട്ടത്തിൽ വളരെ വ്യാപകമായി കാണപ്പെടുന്ന ഒരു പ്രശ്നമാണ് കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം. പല മാതാപിതാക്കളും അവരുടെ തിരക്കിന്റെ സമയത്തോ അല്ലെങ്കിൽ തങ്ങളുടെ മക്കൾ ഒന്ന് അടങ്ങിയിരിക്കട്ടെ എന്നൊക്കെ വിചാരിച്ച് മുഴുവൻ സമയവും മൊബൈൽ ഫോൺ കുട്ടികൾക്ക് കൊടുക്കാറുണ്ട്. ഇങ്ങനെ കൊടുക്കുന്ന സമയത്ത് പ്രശ്നത്തിന് താൽക്കാലികമായ ഒരു പരിഹാരം ഉണ്ടാകുന്നുണ്ടെങ്കിലും അത് ആ കുട്ടികളെ മൊബൈൽ അഡിക്ഷനിലേക്ക് നയിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ മാതാപിതാക്കന്മാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളിലെ മൊബൈൽ അഡിക്ഷൻ മാറ്റണമെന്ന് അവരുടെ മാതാപിതാക്കന്മാർ വിചാരിച്ചാൽ അതവർക്ക് എളുപ്പത്തിൽ സാധിക്കും. അതിന് മാതാപിതാക്കന്മാർക്ക് ആദ്യം വേണ്ടത് ഒരു നിശ്ചയദാർഢ്യമാണ്, ഒരു ആത്മവിശ്വാസമാണ്. കുട്ടികളിലെ മൊബൈൽ അഡിക്ഷൻ മാറ്റാൻ ആദ്യം വിചാരിക്കേണ്ടത് മാതാപിതാക്കന്മാരായ നമ്മൾ ഓരോരുത്തരും ആണ്. കാരണം, ഈയൊരു അഡിക്ഷനിൽ നിന്നും മാറണമെന്നോ, ഇതൊരു മോശം സ്വഭാവം ആണെന്നോ ചിന്തിക്കാനുള്ള പ്രായം കുട്ടികൾക്ക് ആയിട്ടില്ല. അതുകൊണ്ട്, തങ്ങളുടെ മക്കളെ മാറ്റിയെടുക്കാനുള്ള ആ ഒരു തീരുമാനമെടുക്കേണ്ടത് മാതാപിതാക്കന്മാരാണ്. മാതാപിതാക്കന്മാർ അങ്ങനെയൊരു തീരുമാനമെടുത്തുകഴിഞ്ഞാൽ എന്തൊക്കെ സംഭവിച്ചാലും ആ ഒരു തീരുമാനത്തിൽ നിന്നും പുറകോട്ടു പോകാൻ പാടില്ല. അങ്ങനെയൊരു തീരുമാനം എടുത്തു കഴിഞ്ഞാൽ അത് പ്രാവർത്തികമാക്കാൻ ആയിട്ട് വളരെ ബുദ്ധിമുട്ടേണ്ടി വരും., അതത്ര എളുപ്പമായിരിക്കുകയില്ല. ഓരോ കുട്ടിയുടെയും സ്വഭാവവും പ്രായവും അനുസരിച്ച് ഒരാഴ്ചയോ അതിൽ കൂടുതൽ ദിവസങ്ങളോ ഇതിനു വേണ്ടി തന്നെ മാതാപിതാക്കന്മാർ മാറ്റിവയ്ക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഇങ്ങനെ ചെയ്യുന്ന പരിശ്രമങ്ങൾക്ക് ഫലം കാണുകയുള്ളൂ. അല്ലാത്തപക്ഷം കുട്ടികൾ വീണ്ടും പഴയ മൊബൈൽ അഡിക്ഷനിലേക്ക് പോകുന്നതിന് കാരണമാകുന്നു.
ഫ്രാൻസിസ് മാർപാപ്പ ഇപ്രകാരം പറയുന്നുണ്ട്: ‘സാങ്കേതികവിദ്യ നമ്മുടെ ജീവിതം മെച്ചപ്പെടുത്തണം., നമ്മുടെ ബന്ധങ്ങളെ നശിപ്പിക്കരുത്.’ മൊബൈൽ ഫോണിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് മാതാപിതാക്കന്മാർ തങ്ങളുടെ മക്കളെ പറഞ്ഞ മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതം ആയിട്ടുള്ള ഒരു കാര്യമാണ്. മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം കണ്ണിനെയും തലച്ചോറിനെയും ദേഷകരമായി ബാധിക്കും എന്ന് മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് അവർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞ് കൊടുക്കണം. മൊബൈൽ ഫോണിന്റെ ഉപയോഗത്തിന് പകരം മറ്റു കാര്യങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. കുട്ടികളുടെ പ്രായത്തിനനുസരിച്ച് എങ്ങനെയൊക്കെയാണോ നമുക്ക് അവരെ പറഞ്ഞു മനസ്സിലാക്കാൻ പറ്റുന്നത്, ആ രീതികളിലൊക്കെ നമ്മൾ നമ്മുടെ മക്കളെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കണം. ഇത് മാതാപിതാക്കളുടെ ഭാഗത്തുനിന്നും ഒത്തിരി ക്ഷമ ആവശ്യപ്പെടുന്ന ഒരു കാര്യമാണ്. കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം കുറച്ചു വരുന്നതോടൊപ്പം തന്നെ അവരുടെ പ്രായത്തിനും താല്പര്യത്തിനും അനുസരിച്ചുള്ള കാര്യങ്ങൾ കണ്ടുപിടിക്കാനും അതിലേക്ക് അവരെ ആകർഷിക്കാനും അങ്ങനെയുള്ള കാര്യങ്ങൾ അവരെക്കൊണ്ട് ചെയ്യിപ്പിക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി മാതാപിതാക്കൾ തങ്ങളുടെ സമയം മാറ്റിവയ്ക്കേണ്ടതുണ്ട്. കുട്ടികളോട് വർത്തമാനം പറയാനും അവരോടൊപ്പം വിനോദങ്ങളിൽ ഏർപ്പെടാനും മാതാപിതാക്കൾ സമയം കണ്ടെത്തണം. അങ്ങനെ അവരുടെ ശ്രദ്ധ മറ്റു കാര്യങ്ങളിലേക്ക് തിരിച്ചു വിടുകയാണെങ്കിൽ മൊബൈൽ ഫോണിനോടുള്ള അവരുടെ താല്പര്യം നമുക്ക് കുറച്ചു കുറച്ച് കൊണ്ടുവരാനും പൂർണ്ണമായും അവരെ ആ ദുശീലത്തിൽ നിന്നും ഒഴിവാക്കാനും സാധിക്കും. അങ്ങനെ പുതിയ കാര്യങ്ങളിൽ താല്പര്യമുള്ളവരായി നല്ലൊരു സ്വഭാവം അവരിൽ വളർത്തിക്കൊണ്ടു വരാൻ നമുക്ക് സാധിക്കും. അവരുടെ നല്ല നല്ല കഴിവുകൾ പുറത്തുകൊണ്ടുവരാൻ പറ്റും. അവർ ജീവിതത്തിൽ തോൽവികളെ അതിജീവിക്കുന്നവരാകും. ചെറിയ പരാജയങ്ങൾ കാരണം ആത്മഹത്യ ചെയ്യുന്ന കുട്ടികളെ കുറിച്ചൊക്കെ ഇന്നത്തെ കാലഘട്ടത്തിൽ ഒരുപാട് നമ്മൾ കേൾക്കാറുണ്ട്. അതുകൊണ്ട് ചെറിയ പരാജയങ്ങൾ അറിയാനും അതിൽനിന്നും ഉയർത്തെഴുന്നേൽക്കാനും അവരെ നാം പഠിപ്പിക്കേണ്ടതുണ്ട്. നമ്മൾ അവർക്ക് കൊടുക്കുന്ന ചെറിയ തരത്തിലുള്ള പ്രവർത്തനങ്ങളും കളികളും അവരുടെ ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള ചെറിയൊരു വഴികാട്ടിയാണെന്ന് പറയാം. അതുവഴി ഒരുപാട് കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കാനും നമുക്ക് സാധിക്കും. പത്തു വയസ്സിൽ താഴെയുള്ള കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം പൂർണ്ണമായും ഒഴിവാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ, പത്തു വയസ്സിന് മുകളിലുള്ള കുട്ടികളാണെങ്കിൽ സമയക്രമം വെച്ച് മൊബൈൽ ഫോൺ അവർക്ക് കൊടുക്കാവുന്നതാണ്. അതുകൊണ്ടുതന്നെ, മൊബൈൽ ഫോണിന്റെ ഉപയോഗത്തിൽ മാതാപിതാക്കൾ തങ്ങളുടെ മക്കൾക്കൊരു സമയപരിധി വയ്ക്കണം. അത് അത്യാവശ്യം ഉപയോഗിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവർ പഠിച്ചിരിക്കേണ്ടതുണ്ട്. കാരണം, മൊബൈൽ ഫോൺ ഇല്ലാതെ ജീവിക്കാൻ പറ്റാത്ത ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.
സുഭാ :22:6 പറയുന്നു:” ശൈശവത്തിൽ തന്നെ നടക്കേണ്ട വഴി പരിശീലിപ്പിക്കുക., വാർദ്ധക്യത്തിലും അതിൽ നിന്ന് വ്യതിചലിക്കുകയില്ല”. ഏതൊരു കാര്യത്തിലും കുട്ടികളുടെ റോൾ മോഡൽ അവരുടെ മാതാപിതാക്കൾ ആയിരിക്കണം. അവരുടെ മുമ്പിൽ ഒരു നല്ല മാതൃകയായിരിക്കാൻ മാതാപിതാക്കൾ തയ്യാറാകേണ്ടതുണ്ട്. മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കാര്യത്തിൽ ആയാലും കുട്ടികൾക്ക് നല്ല മാതൃക പകർന്നു കൊടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ കുട്ടികളുടെ മുമ്പിൽ അനാവശ്യമായ മൊബൈൽ ഉപയോഗം മാതാപിതാക്കൾ ഒഴിവാക്കേണ്ടതുണ്ട്. തെറ്റായിട്ടുള്ള കാര്യങ്ങൾ കുട്ടികൾ മൊബൈൽ ഫോണിൽ കാണുന്നത് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലായിപ്പോഴും മാതാപിതാക്കളുടെ നിയന്ത്രണത്തിൽ ആയിരിക്കണം കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കേണ്ടത്. അങ്ങനെ മക്കളെ സംരക്ഷിക്കുന്നവരായി മാതാപിതാക്കൾ മാറണം.
അതുകൊണ്ട്, മൊബൈൽ ഫോണിന്റെ ഉപയോഗത്തിൽ മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് ഉത്തമ വഴികാട്ടികളായി മാറേണ്ടതുണ്ട്. നല്ല കാര്യങ്ങൾ കാണാനും കേൾക്കാനും ആത്മീയമായി വളരാനും മാതാപിതാക്കൾ തങ്ങളുടെ മക്കളെ പരിശീലിപ്പിക്കേണ്ടതുണ്ട്. ലോകത്തിന്റെതായ അശുദ്ധിയിലേക്കും ആകർഷണങ്ങളിലേക്കും പോകാതെ നല്ല ബന്ധങ്ങൾ ഉള്ളവരായി മാറാനും വിശുദ്ധിയുള്ളവരായി ജീവിക്കാനും മാതാപിതാക്കൾ തങ്ങളുടെ മക്കളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. മാതാപിതാക്കളെ നോക്കിയാണ് മക്കൾ വളർന്നുവരുന്നത്. അവരുടെ തെറ്റുകൾ തിരുത്താനും ക്രിസ്തീയ ചൈതന്യത്തിലും സന്മാർഗത്തിലും മക്കളെ വളർത്തിക്കൊണ്ടു വരാനും എല്ലാ മാതാപിതാക്കളും തയ്യാറാകണം. അങ്ങനെ നല്ല ഒരു ഭാവി നമ്മുടെ മക്കളിൽ പടുത്തുയർത്താൻ നമുക്ക് കഴിയട്ടെ.