
മാതാപിതാക്കൾ എന്ന നിലയിൽ നാം ഏറ്റവും കൂടുതൽ കരുതലോടെ വളർത്തുന്നവരാണ് നമ്മുടെ മക്കൾ. അവരുടെ എല്ലാ കാര്യങ്ങളും നിറവേറ്റി കൊടുക്കാൻ നമ്മൾ കടപ്പെട്ടവരാണ്. എന്നാൽ, കുട്ടികളെ വളർത്തുന്ന കാര്യത്തിൽ പൊതുവേ എല്ലാ മാതാപിതാക്കളും വളരെ അസ്വസ്ഥരാണ്. കാരണം, കുട്ടികൾ അനുഭവിക്കുന്ന എല്ലാതരത്തിലുള്ള പ്രശ്നങ്ങളും പോരായ്മകളും അവരുടെ മാതാപിതാക്കളെയും ഒത്തിരിയേറെ അസ്വസ്ഥപ്പെടുത്താറുണ്ട്. ഇന്നത്തെ കുട്ടികൾ വളരെയേറെ നേരിടുന്ന ഒരു പ്രശ്നമാണ് പഠനകാര്യങ്ങളിൽ കടന്നുവരുന്ന പാളിച്ചകൾ. അതുകൊണ്ടുതന്നെ എല്ലാ മാതാപിതാക്കളും കൂടുതലായി അഭിമുഖീകരിക്കുന്ന ഒരു പ്രശ്നവും കുട്ടികളുടെ പഠനകാര്യങ്ങളുമായി ബന്ധപ്പെട്ടുള്ളതാകാം.
എല്ലാ മാതാപിതാക്കളുടെയും വലിയൊരു ആഗ്രഹവും സ്വപ്നവും ആണ് തങ്ങളുടെ മക്കൾ പഠിച്ച് വലിയൊരു നിലയിൽ എത്തിച്ചേരണമെന്നത്. എന്നാൽ, പഠന കാര്യങ്ങളിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ പലതരത്തിൽ അവരെ ബുദ്ധിമുട്ടിക്കുന്നതിനിടയാകുന്നു. കുട്ടികളിൽ കണ്ടുവരുന്ന അലസത ഒരു പ്രധാന പ്രശ്നമാണ്. അതോടൊപ്പം തന്നെ പഠന വൈകല്യം നേരിടുന്ന ഒത്തിരിയേറെ കുട്ടികളെയും നമുക്ക് കാണാൻ സാധിക്കും. പല കാരണങ്ങൾ കൊണ്ടും ഈ പഠനവൈകല്യം ഉണ്ടാകാം. ബുദ്ധിമാന്മാരായ കുട്ടികളിലും ഇങ്ങനെയുള്ള വൈകല്യങ്ങൾ കണ്ടെന്ന് വരാം. ഒരു കുട്ടി നേരിടേണ്ടിവരുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് ഈ പഠന വൈകല്യം എന്ന് പറയുന്നത്. ഈ പഠന വൈകല്യം എങ്ങനെ നിയന്ത്രിക്കും എന്നുള്ളത് മാതാപിതാക്കൾ നേരിടുന്ന ഒരു പ്രശ്നമാണ്. ഈ പ്രശ്നങ്ങളെല്ലാം കണ്ടുപിടിച്ചു മാറ്റിയെടുക്കാൻ മാതാപിതാക്കൾ തങ്ങളുടെ ഭാഗത്തുനിന്നും പരമാവധി പരിശ്രമിക്കണം. എല്ലാ കുട്ടികളും വ്യത്യസ്തരാണ്. അതുകൊണ്ടുതന്നെ അവരുടെ കൂടെ ഇരുന്നുകൊണ്ട് അവരുടെ കഴിവുകളും കുറവുകളും മാതാപിതാക്കൾ മനസ്സിലാക്കണം. സാധാരണയിലും കൂടുതലായി മാതാപിതാക്കൾ ക്ഷമയോടെ കൈകാര്യം ചെയ്യേണ്ടതും പ്രയാസവുമുള്ള ഒരു മേഖലയാണ് കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളത്. മാതാപിതാക്കളായ നമ്മൾ കുട്ടികളുടെ ഭാവി വിജയത്തിനുള്ള വലിയ പങ്കു വഹിക്കുന്നത് അവരുടെ നല്ല പഠനശീലങ്ങൾ രൂപപ്പെടുത്തുന്നതിലൂടെയാണ്. ഇന്നത്തെ സാങ്കേതികവിദ്യയും തെറ്റായിട്ടുള്ള ജീവിത രീതികളും മറ്റു വെല്ലുവിളികളും കുട്ടികളുടെ പഠന മേഖലയെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കുട്ടികളുടെ പഠന കാര്യങ്ങൾ മെച്ചപ്പെടുത്താൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സാധ്യമായ എല്ലാ തരത്തിലുള്ള ടെക്നിക്കുകളും മെത്തേഡുകളും ഉപയോഗിക്കുന്നത് കുട്ടികളുടെ പഠനം കൂടുതൽ കാര്യക്ഷമമാകാൻ സഹായകരമാകുന്നു. അങ്ങനെ അവർ കുറേശ്ശെ പഠനകാര്യങ്ങളിൽ മെച്ചപ്പെടാൻ മാതാപിതാക്കൾ പരിശ്രമിക്കണം. ചിട്ടയോടെയുള്ള പഠനം കുട്ടികളുടെ ഉത്കണ്ഠ മാറാനും പഠന മേഖലയിൽ കൂടുതൽ മെച്ചപ്പെടാനും വളരെ സഹായകരമാണ്. കൃത്യമായ ഒരു ടൈംടേബിൾ അനുസരിച്ചുള്ള പഠനം മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് ഉണ്ടാക്കി കൊടുക്കുകയും അത് പരിശീലിപ്പിക്കുകയും വേണം. അതുവഴി കൂടുതൽ ആത്മവിശ്വാസം കുട്ടികൾക്ക് കിട്ടുകയും നമ്മൾ എടുക്കുന്നതിനേക്കാൾ കൂടുതൽ പ്രയത്നം പഠനകാര്യങ്ങളിൽ അവർ എടുക്കാൻ തുടങ്ങുകയും ചെയ്യും. കുട്ടികളുടെ പഠന കാര്യങ്ങൾ മെച്ചപ്പെടുത്താൻ മാതാപിതാക്കൾ നിരവധി കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്., അവരുടെ വളർച്ചയ്ക്കും വിദ്യാഭ്യാസത്തിനും ആവശ്യമായ പിന്തുണ നൽകേണ്ടതുണ്ട്. വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ പറയുന്നു: ‘മനുഷ്യതയുടെ ഭാവി കുടുംബത്തിലൂടെയാണ് കടന്നുപോകുന്നത്, വിദ്യാഭ്യാസം കുടുംബജീവിതത്തിന്റെ അടിസ്ഥാന ഘടകമാണ്’. കുട്ടികൾക്കുവേണ്ടി സ്ഥിരമായ ഒരു പഠന പരിസരവും പഠനത്തിന് അനുയോജ്യമായ ഒരു സാഹചര്യവും മാതാപിതാക്കൾ ഒരുക്കേണ്ടതുണ്ട്. പഠനകാര്യങ്ങളിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുന്ന എല്ലാ തരത്തിലുള്ള സാഹചര്യങ്ങളും ചുറ്റുപാടുകളും ഒഴിവാക്കി മാതാപിതാക്കൾ അവർക്കൊരു റോൾ മോഡൽ ആകേണ്ടതുണ്ട്. കുട്ടികളുടെ പഠനകാര്യങ്ങളിൽ പങ്കാളികളാകാനും അവരുടെ പഠന കാര്യങ്ങളെക്കുറിച്ച് അവരോട് തുറന്ന് സംസാരിക്കാനും അവരുടെ പഠന രീതികളെക്കുറിച്ച് മനസ്സിലാക്കാനും മാതാപിതാക്കൾ താല്പര്യവും സമയവും കണ്ടെത്തണം. അങ്ങനെ പഠന കാര്യങ്ങൾ കൃത്യമായ രീതിയിൽ വിശകലനം ചെയ്യാനും കുട്ടികളുടെ സംശയങ്ങൾ തീർക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണം. തെളിവുകൾ നിരത്തുന്നതിലൂടെയും ചിത്രങ്ങളും വീഡിയോകളും ഗെയിമുകളും മുഖേനയും പഠനം കൂടുതൽ രസകരമാക്കാവുന്നതാണ്. കുട്ടികൾ പഠനത്തിൽ മെച്ചപ്പെടാൻ ആരോഗ്യകരമായ ഒരു ജീവിതശൈലി മാതാപിതാക്കൾ ഉറപ്പുവരുത്തണം. ആരോഗ്യകരമായ ഭക്ഷണവും ശരിയായ വ്യായാമവും നല്ല വിശ്രമവും കുട്ടികളുടെ പഠനശേഷിയെ വളർത്താൻ സഹായിക്കുന്നു. അതോടൊപ്പം തന്നെ കുട്ടികളുടെ മാനസിക ആരോഗ്യവും ഉറപ്പുവരുത്തേണ്ടതുണ്ട്. നന്നായി പഠിക്കാൻ മനസ്സിന്റെ സന്തോഷം അത്യന്താപേക്ഷിതമായിട്ടുള്ള ഒരു കാര്യമാണ്. കുട്ടികൾ എന്താണ് പഠിക്കുന്നത്, എങ്ങനെ പഠിക്കുന്നു, എന്താണ് അവരുടെ ബുദ്ധിമുട്ടുകൾ., ഇവയെക്കുറിച്ച് തുറന്നു സംസാരിക്കാൻ മാതാപിതാക്കൾ അവസരം ഒരുക്കണം. അവരുടെ ഭയവും സംശയങ്ങളും ശ്രവിക്കാൻ മാതാപിതാക്കൾ തയ്യാറാകണം. അനാവശ്യമായ ഭയം,ആകുലത, ഉൽക്കണ്ഠ എന്നിവ കുട്ടികളുടെ പഠന മേഖലയെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് തുടങ്ങിയ കാര്യങ്ങൾ ഒഴിവാക്കപ്പെടേണ്ടതുണ്ട് ., ആവശ്യമെങ്കിൽ കുട്ടികൾക്ക് കൗൺസിലിങ്ങ് സഹായം കൊടുക്കേണ്ടതുണ്ട്.
ഇന്നത്തെ കുട്ടികൾ വളരെയധികം അക്കാദമി കേന്ദ്രീകൃതമായ ഒരു വിദ്യാഭ്യാസ പരിസരത്തിലാണ് വളരുന്നത്. അതുകൊണ്ടുതന്നെ മക്കളുടെ പഠനകാര്യങ്ങളെ കുറിച്ച് കൂടുതലായി ഉത്കണ്ഠപ്പെടുന്ന മാതാപിതാക്കളെ നമുക്ക് കാണാൻ സാധിക്കും. അങ്ങനെയുള്ള മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾ എപ്പോഴും പഠിക്കണം എന്ന് പറഞ്ഞുകൊണ്ട് അവർക്ക് കൂടുതൽ ഭാരവും സമ്മർദ്ദവും കൊടുക്കുന്നതിന് ഇടയാകുന്നു. എന്നാൽ, അത് കുട്ടികളെ വളർത്തുന്നതിന് പകരം തളർത്തുന്നതിനും അവരുടെ പഠന മേഖലയെ ദോഷകരമായി ബാധിക്കുന്നതിനും കാരണമാകുന്നു. ഉയർന്ന മാർക്ക് വിജയം മാത്രമായി കാണിക്കുന്ന സമൂഹത്തിൽ കുട്ടികൾക്ക് വല്ലാത്ത മാനസിക സമ്മർദ്ദം അനുഭവപ്പെടുന്നു. അതുകൊണ്ട് പഠന കാര്യങ്ങളിൽ കൂടുതൽ സമ്മർദം കുട്ടികൾക്ക് കൊടുക്കാതിരിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. മാതാപിതാക്കളുടെ മാനസിക സമ്മർദ്ദം കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കരുത്. പഠന കാര്യങ്ങളിൽ മാത്രം കുട്ടികളെ പ്രോത്സാഹിപ്പിക്കാതെ അവരുടെ താല്പര്യങ്ങളും മനോഭാവങ്ങളും തിരിച്ചറിഞ്ഞ് അങ്ങനെയുള്ള കാര്യങ്ങളിലേക്കും അവരുടെ ശ്രദ്ധ തിരിച്ചുവിടാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. കുട്ടികളിൽ അതിരുകൾക്കപ്പുറമുള്ള മാതാപിതാക്കളുടെ പ്രതീക്ഷകൾ കഴിവതും ഒഴിവാക്കപ്പെടേണ്ടതുണ്ട്. കൂടുതൽ പ്രതീക്ഷകൾ കൊടുത്തു മാതാപിതാക്കൾ മക്കളെ സമ്മർദ്ദത്തിൽ ആക്കരുത്. മാർക്കും മത്സര വിജയങ്ങളും മാത്രമല്ല കുട്ടികളുടെ വളർച്ചയുടെ സൂചന എന്ന് നമ്മൾ തിരിച്ചറിയണം. കുട്ടികളുടെ പഠനത്തോടൊപ്പം തന്നെ അവരുടെ കഴിവുകൾ തിരിച്ചറിയാനും അവരെ വളർത്തിക്കൊണ്ടു വരാനും അവരെ മുൻനിരയിൽ എത്തിക്കാനും അവർക്കു വേണ്ട എല്ലാവിധ പ്രോത്സാഹനങ്ങളും പ്രചോദനങ്ങളും കൊടുക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണം. മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് എപ്പോഴും പോസിറ്റീവായ മോട്ടിവേഷൻ കൊടുത്തു കൊണ്ടേയിരിക്കണം. പരീക്ഷാഫലങ്ങളിൽ മാത്രം അഭിനന്ദിക്കാതെ അവരുടെ പരിശ്രമങ്ങളെയും വിലമതിക്കാനായിട്ട് മാതാപിതാക്കൾക്ക് സാധിക്കണം. നിരന്തരമായി കുട്ടികളെ പഠിപ്പിക്കുന്നതിന് പകരം ആവശ്യമായ വിശ്രമം കൊടുത്ത് അവരെ പഠിപ്പിക്കുമ്പോൾ അത് പഠന മേഖലയിൽ അവർ കൂടുതൽ മെച്ചപ്പെടുന്നതിന് കാരണമാകുന്നു. മാതാപിതാക്കളുടെ മാതൃകാ സ്വഭാവം എല്ലാ കാര്യങ്ങളിലും കുട്ടികൾക്ക് ഒരു വഴികാട്ടിയാണ്. പൊതുവെ കുട്ടികൾ എല്ലാ കാര്യങ്ങളും മാതാപിതാക്കളിൽ നിന്നാണ് പഠിക്കാറുള്ളത്. പഠന കാര്യത്തിലും അത് സുപ്രധാനമായ ഒരു കാര്യമാണ്. മാതാപിതാക്കൾ വായനയും ആസ്വാദന പൂർണ്ണമായ പഠന രീതികളും പിന്തുടരുന്നത് കുട്ടികളിലും അങ്ങനെയുള്ള നല്ല ശീലങ്ങൾ വളർത്തിക്കൊണ്ടു വരുവാൻ സഹായകമാകുന്നു. കുട്ടികളുടെ വളർച്ചയെ അടിസ്ഥാനമാക്കി പ്രശംസിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. മാർക്ക് കിട്ടിയതുകൊണ്ടൊ, വിജയിച്ചതുകൊണ്ടോ മാത്രം പ്രശംസിക്കാതെ, അവരുടെ പ്രയത്നം, മെച്ചപ്പെട്ട സമീപനം, പഠനത്തിൽ കാണിച്ച താൽപ്പര്യം തുടങ്ങിയ കാര്യങ്ങളും അംഗീകരിച്ച് അഭിനന്ദിക്കണം. ഇതുവഴി കുട്ടികൾക്ക് വളർച്ചയെക്കുറിച്ചുള്ള അവ ബോധം ഉണ്ടാകാൻ ഇടയാകുന്നു. പഠനകാര്യങ്ങളിൽ മാത്രം പ്രോത്സാഹിപ്പിക്കാതെ പുറം ലോകവും ആയിട്ടുള്ള ബന്ധത്തിൽ വളരാൻ മാതാപിതാക്കൾ തങ്ങളുടെ മക്കളെ സഹായിക്കണം. പഠനത്തിന് പുറമേ ചിത്രകല, സംഗീതം, കായിക വിനോദങ്ങൾ തുടങ്ങിയ ആസ്വാദന പരമായ പ്രവർത്തനങ്ങളിൽ കൂടി പങ്കെടുപ്പിക്കാൻ മാതാപിതാക്കൾ തങ്ങളുടെ മക്കളെ പ്രോത്സാഹിപ്പിക്കണം. മറ്റു കുട്ടികളുമായോ സഹോദരങ്ങളുമായോ താരതമ്യം ചെയ്ത് മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തി കളയരുത്. അങ്ങനെ വിദ്യാഭ്യാസം തങ്ങളുടെ മക്കൾക്ക് ഒരു സമ്മർദ്ദമായി മാറാതിരിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളുടെ സംവേദനങ്ങൾ മനസ്സിലാക്കിയും സ്നേഹത്തോടെ അവരെ പിന്തുണച്ചും വളർച്ചയുടെ പാതയിൽ മാതാപിതാക്കൾ അവരെ നയിക്കണം.
സുഭാ:16:16 പറയുന്നു: ‘ജ്ഞാനം ലഭിക്കുന്നത് സ്വർണ്ണം കിട്ടുന്നതിനേക്കാൾ ശ്രേഷ്ഠമാണ്., വിജ്ഞാനം വെള്ളി യെക്കാൾ അഭികാമ്യവും’. കുട്ടികൾ ഭൗതികമായ അറിവ് സമ്പാദിക്കുന്നതോടൊപ്പം തന്നെ ആത്മീയ അറിവിലും വളരാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. അതിന് നമ്മൾ പ്രത്യേകമായ ഉത്സാഹവും ജാഗ്രതയും കാണിക്കേണ്ടതുണ്ട്. കുട്ടികൾക്ക് ലോക കാര്യങ്ങളെക്കുറിച്ചുള്ള അറിവ് മാത്രം പോരാ, ദൈവികമായ കാര്യങ്ങളെക്കുറിച്ച് കൂടി മാതാപിതാക്കൾ അവരെ പഠിപ്പിക്കണം. അതിനുവേണ്ടി തങ്ങളുടെ മക്കളെ പ്രാർത്ഥനയിലും വചന വായനയിലും ആത്മീയ ഭക്താഭ്യാസങ്ങളിലും കൂടി വളർത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ദയയും ക്ഷമയും സത്യസന്ധതയും പ്രകടിപ്പിക്കുന്ന മാതാപിതാക്കൾ ആത്മീയതയുടെ മികച്ച പാഠമാണ് തങ്ങളുടെ മക്കൾക്ക് നൽകുന്നത്. ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ വളരാനും പ്രവർത്തിയിലൂടെ ആത്മീയത പ്രകടമാക്കാനും മാതാപിതാക്കൾ തങ്ങളുടെ മക്കളെ പഠിപ്പിക്കേണ്ടത് അനിവാര്യമാണ്. വിശുദ്ധ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പറയുന്നു: ‘സുവിശേഷം പ്രഖ്യാപിക്കുന്ന സഭയുടെ ദൗത്യത്തിൽ വിദ്യാഭ്യാസം പ്രധാന ഘടകമാണ്. അത് പ്രതീക്ഷയുടെ പ്രവർത്തിയാണ്’.
അതിനാൽ, കുട്ടികളുടെ ഭാവി ഉറപ്പാക്കാൻ നമുക്ക് ശ്രദ്ധയും കരുതലും ഉള്ളവരാകാം. കുട്ടികളുടെ വിജയത്തിനും സമഗ്ര വികസനത്തിനും വേണ്ടി നമുക്ക് സജീവമായി പ്രവർത്തിക്കാം. കുട്ടികളുടെ പഠന വിജയത്തിനുള്ള യഥാർത്ഥമായ അടിസ്ഥാനം എന്നത് മാതാപിതാക്കൾ അവർക്ക് കൊടുക്കുന്ന വിശ്വാസവും പിന്തുണയും പദ്ധതിപൂർണ്ണമായ സമീപനവും ആണ്. കുട്ടികളിൽ ആത്മവിശ്വാസം വളർത്തുകയും പഠനത്തിൽ ആസ്വാദന ബോധം സൃഷ്ടിക്കുകയും ആണ് മാതാപിതാക്കളുടെ മുഖ്യ പങ്ക്. ഇത്തരത്തിലുള്ള പൂർണ്ണമായ പിന്തുണ ലഭിക്കുന്ന കുട്ടികൾ പഠനത്തിൽ മാത്രമല്ല, ജീവിതത്തിൽ തന്നെ വിജയിക്കും. അതുവഴി ജീവിത മൂല്യങ്ങൾക്ക് വില കൊടുക്കുന്നവരായി, വ്യക്തിത്വ വളർച്ചയുള്ളവരായി നമ്മുടെ മക്കളെ രൂപപ്പെടുത്താൻ നമുക്ക് സാധിക്കും. അങ്ങനെ സംസ്കാര സമ്പന്നമായ ഒരു ഭാവി തലമുറയെ വാർത്തെടുക്കാൻ നമുക്ക് സാധിക്കട്ടെ.