
പണ്ട് കേട്ട ഒരു കഥ ഇങ്ങനെയാണ്; ഒരു കൃഷിക്കാരന് ഒരിക്കൽ ഒരു കീരിയുടെ കുഞ്ഞിനെ കിട്ടി.അതിനെ അയാൾ വീട്ടിൽ കൊണ്ടുപോയി വളർത്തി. ആ കൃഷിക്കാരന്റെ കുഞ്ഞിനോടൊപ്പം ആ കീരിയും വളർന്നു. എന്നാൽ കൃഷിക്കാരന്റെ ഭാര്യക്ക് ആ കീരിയെ അത്ര പിടിച്ചില്ല. തൻ്റെ കുഞ്ഞിനെ ആ കീരി ഉപദ്രവിക്കുമെന്ന പേടി അവൾ ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ആ കൃഷിക്കാരൻ തൻ്റെ തോട്ടത്തിലേക്ക് ജോലിക്കായി പോയി. അയാളുടെ ഭാര്യ വീടിൻ്റെ തൊട്ടടുത്തുള്ള കിണറ്റിൽ നിന്നും വെള്ളമെടുക്കാനും പോയി. ഈ സമയം വീടിനകത്ത് അവരുടെ കുഞ്ഞ് കീരിയുമൊത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വെള്ളമെടുത്ത് കുഞ്ഞിൻ്റെ അമ്മ തിരിച്ച് വീട്ടിലേക്ക് നടന്നു വരുന്ന സമയത്ത് വീട്ടിൽ നിന്നും കീരി ഓടി പുറത്തേക്ക് വരുന്നത് കണ്ടു. ആ കീരിയുടെ മുഖത്തും ശരീരത്തിലും നിറയെ ചോര ഉണ്ടായിരുന്നു; തൻ്റെ കുഞ്ഞിനെ കീരി കടിച്ചു കീറി എന്ന് കരുതി ആ അവൾ കയ്യിലുണ്ടായിരുന്ന കുടവും വെള്ളവും കീരിയുടെ ശരീരത്തിലേക്ക് വലിച്ചെറിഞ്ഞു. തൽക്ഷണം ആ കീരി അവിടെ ചത്തുവീണു. അവൾ ഓടി വീടിനകത്തേക്ക് ചെന്നു. എന്നാൽ അകത്തു കണ്ട കാഴ്ച മറ്റൊന്നായിരുന്നു. തൻ്റെ കുഞ്ഞിന്റെ അരികിൽ വിഷമുള്ള ഒരു മൂർഖൻ പാമ്പ് ചത്തുകിടക്കുന്നതാണ് ആ സ്ത്രീ കണ്ടത്. തന്റെ കുഞ്ഞിനെ കടിക്കാൻ വന്ന പാമ്പിനെ കടിച്ച് കൊന്ന ശേഷം കീരി തന്റെ അടുത്തേക്ക് ഓടി വരുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞ അവൾക്ക് താൻ ചെയ്ത പ്രവർത്തി ഓർത്ത് നെഞ്ചു പൊട്ടി കരയാനല്ലാതെ അപ്പോൾ മറ്റൊന്നും സാധിച്ചില്ല.
തന്നെ തള്ളി പറഞ്ഞിട്ടും എന്തുകൊണ്ട് ഈശോ പത്രോസിനെ ശകാരിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യാത്തത് എന്ന് നമുക്ക് തോന്നും. അതിനുള്ള ഉത്തരമാണ് ബൈബിൾ നമുക്ക് തരുന്നത്, ദൈവം സ്നേഹമാണ് എന്ന്. മുൻവിധിയോടും വെറുപ്പോടും മറ്റുള്ളവരുടെ ജീവിതാവസ്ഥ മനസ്സിലാക്കാതെയും അവരെ വേദനിപ്പിച്ചുകൊണ്ട് നാം ചെയ്യുന്ന പല പ്രവർത്തികളുടെയും അനന്തരഫലം വളരെയേറെ വേദന ഉളവാക്കുന്നത് ആണ്. വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത് എന്ന വചനം അറിഞ്ഞിട്ടും നാം മറ്റുള്ളവരെ വിധിക്കുകയും കുറ്റപ്പെടുത്തുകയും വിമർശിക്കുകയും ചെയ്യുന്നു. സഹോദരനെ വെറുക്കുന്നവൻ കൊലപാതകിയാണ് എന്ന് യോഹന്നാൻ ശ്ലീഹാ നമ്മെ പഠിപ്പിക്കുന്നത് സ്നേഹത്തിൻറെ വില എത്രയാണെന്ന് വ്യക്തമായി കാണിച്ചു തരാനാണ്. ഞാൻ ശ്രേഷ്ഠനും യോഗ്യനും ആണെന്ന് കരുതാതെ അപരനെ ശ്രേഷ്ഠനായി കാണാൻ, സ്നേഹത്തോടെ അവരോട് പെരുമാറാൻ, ബോധപൂർവ്വം ആരെയും വേദനിപ്പിക്കാതിരിക്കാൻ, അഥവാ വേദനിപ്പിച്ചു പോയാൽ അവരോട് ക്ഷമ ചോദിക്കാൻ, അവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ, മറ്റുള്ളവരോട് പുഞ്ചിരി കൊണ്ട് സംസാരിക്കാൻ, അതുവഴി ഈശോ നമുക്ക് നൽകിയ സ്നേഹിക്കുക എന്ന കൽപന ജീവിതത്തിൽ പ്രാവർത്തികമാക്കി മറ്റൊരു ക്രിസ്തുവായി ജീവിക്കുവാൻ പരിശുദ്ധാത്മാവ് നമ്മെയെല്ലാവരെയും അനുഗ്രഹിക്കട്ടെ. ആമ്മേൻ
Excellent article about god grace