
വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാൻ ആർക്കും സാധിക്കുകയില്ല (ഹെബ്രാ 11: 6 ) എന്ന് വി. പൗലോസും, വിശ്വാസമാണ് ആത്മാവിനെ ദൈവത്തിന് അധീനമാക്കുന്നതെന്ന് വിശുദ്ധ അഗസ്തീനോസും പറയുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവീക ബന്ധത്തിൽ ആദ്യമായി വേണ്ടത് വിശ്വാസം തന്നെയാണ്. വിശ്വാസം എത്രത്തോളം ആഴവും പൂർണവും തീക്ഷണവും സുസ്ഥിരവും ആയിരിക്കുന്നവോ അത്രയധികം ദൈവികമായ ജീവിതാനുഭവത്തിന് നമുക്ക് അവകാശമുണ്ട്. തന്നെ സ്വീകരിക്കുന്ന എല്ലാവർക്കും തന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവീക മക്കളാകാനുള്ള അവകാശം അവിടുന്ന് നൽകി (യോഹ 1: 12 ) വിശ്വാസത്തിന്റെ വിശുദ്ധീകരണ ശക്തി വളരെ വലുതാണ്. സജീവ വിശ്വാസത്തിന് നമ്മുടെ വിശുദ്ധിയിൽ സുപ്രധാനമായ ഒരു പങ്കുണ്ട്. ദൈവേഷ്ടമെന്താണോ ആ തിരുമനസ്സിനോട് വിശ്വാസത്തോടെ നമ്മുടെ മനസ്സിനെ സംയോജിപ്പിക്കുന്നത് വഴി, അത് നമ്മുടെ പ്രകൃത്യാതീത ജീവിതത്തിന്റെ അടിസ്ഥാനമായി തീരുകയും നമ്മളെ ഓരോരുത്തരെയും ദൈവത്തോട് ആഴത്തിൽ ഒന്നിപ്പിക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ വിശ്വാസം സകല പുണ്യങ്ങളുടെയും അടിസ്ഥാനമാകുന്നു. ട്രെന്റ് സൂനഹദോസിൽ പറയുന്നതുപോലെ വിശ്വാസം സകല നീതീകരണത്തിന്റെയും ആരംഭവും അടിസ്ഥാനവും മൂലവും ആകുന്നു (sess6 c. 8). നമ്മുടെയൊക്കെ ആത്മീയ ജീവിതത്തിൽ വിശുദ്ധിയെന്ന മന്ദിരം പണിതു ഉയർത്തുന്നതിന് വേണ്ട ഉറപ്പേറിയ അടിസ്ഥാനം തന്നെയാണ് വിശ്വാസം. പതറുന്ന വിശ്വാസമാണ് നമുക്കുള്ളതെങ്കിൽ വിശുദ്ധി പടുത്തുയർത്താൻ നമുക്ക് ഒരിക്കലും സാധിക്കുകയില്ല. അതുകൊണ്ട് ദൈവത്തോട് നമ്മെ സംയോജിപ്പിക്കുന്ന വിശ്വാസത്തിലൂടെ അവിടുത്തെ ജീവിതത്തിലും സ്നേഹത്തിലും വിചാരത്തിലും പങ്കുചേരാൻ നമുക്ക് സാധിക്കുന്നു. അതുവഴി ദൈവത്തിന്റെ പ്രകാശവും ജ്ഞാനവും അറിവും ചൈതന്യവും ജീവിതവും നമ്മുടേതായി തീരുന്നു. നീതിമാൻ വിശ്വാസം മൂലം ജീവിക്കും (റോമ 1:17 )
ജീന അന്ന