
ഇരുളുവീണ താഴ് വരകളിലൂടെയും കാറ്റും കോളും നിറഞ്ഞ തീരങ്ങളിലൂടെയും അന്ധകാര നിബിഢമായ ചിന്തധാരകളും വിശ്വാസങ്ങളുമുള്ള കലുഷിതമായ ഭൂമികയിലൂടെ ക്രൈസ്തവ വിശ്വാസത്തിന്റെ ദീപവുമായി കേരളത്തിന്റെ മണ്ണിലൂടെ സഞ്ചരിച്ച ക്രിസ്തു ശിഷ്യനായ വി. തോമാശ്ലീഹ സ്മരിക്കപ്പെടുന്ന, വണങ്ങപ്പെടുന്ന ദിവസങ്ങളാണല്ലോ ഈ മാസം. ക്രിസ്തു ശിഷ്യന്റെ പിന്‍ഗാമികളായ നമുക്കോരോരുത്തര്‍ക്കും ആത്മാവിന് വീണ്ടും വീണ്ടും പ്രചോദനം നല്‍കുന്ന ഈ തിരുനാള്‍ ദിനത്തിന്റെ ആശംസകള്‍ ആദ്യമെ തന്നെ നേരട്ടെ.
വിശ്വാസത്തെ തെറ്റാതെ കാത്തുപാലിക്കേണ്ട ഒന്നാണെന്ന വലിയ ബോധ്യം നല്‍കുന്ന വിശുദ്ധനാണ് തോമാശ്ലീഹ. തന്റെ ഗുരുവും നാഥനുമായ ക്രിസ്തുവിന്റെ തിരുമുറിവുകളില്‍ തൊട്ടു നോക്കാനുള്ള അവന്റെ ആഗ്രഹത്തിന് ക്രിസ്തു സമ്മതം കൊടുക്കുന്ന രംഗം നമുക്ക് വിശുദ്ധ ഗ്രന്ഥത്തില്‍ കാണാം. വിശ്വാസത്തെ തെറ്റിദ്ധരിപ്പിക്കുന്ന നിരവധി മിത്തുകളും വ്യക്തികളും ഒക്കെ കടന്നുവന്ന കാലഘട്ടമായിരുന്നു അത് . അതുകൊണ്ടാണ് തന്റെ മുന്നിലുള്ള ക്രിസ്തുവിനെ ശ്ലീഹ വിശ്വസിക്കുന്നുണ്ടെങ്കിലും, ആ വിശ്വാസത്തെ ആരും കബളിപ്പിക്കരുതെന്ന ഉറച്ച നിശ്ചയവും തോമസ്സിനുണ്ടായിരുന്നു. തോമാശ്ലീഹ നമുക്ക് നല്‍കുന്ന ചിന്തയും ഇതുതന്നെ, വിശ്വാസത്തിന്റെ വഴിത്താരകളിലൂടെ സഞ്ചരിക്കുമ്പോള്‍ തെറ്റിദ്ധാരണാത്മകമായ സംഭവങ്ങളും സന്ദര്‍ഭങ്ങളും ചിന്തകളും ആശയധാരകളും നമ്മളെ തേടിയെത്തും. ഇവിടെയൊക്കെ തികഞ്ഞ ജാഗ്രതയോടെ വിശുദ്ധ തോമായെപ്പോലെ വിശ്വാസത്തെ നോക്കിക്കാണണമെന്ന സന്ദേശമാണ് തോമാശ്ലീഹ നമുക്ക് നല്‍കുന്നത്.
സഭാധികാരികളും വിശ്വാസസമൂഹവുമൊക്കെ പ്രതിസന്ധിയിലാകുമ്പോള്‍ വിശ്വാസത്തിന്റെ നൗകയെ ഉലയാതെ കാക്കാന്‍ നമുക്ക് കഴിയണം. മലങ്കരയുടെയും മലബാറിന്റെയും തിരുവിതാംകൂറിന്റെയുമൊക്കെ മണ്ണിലൂടെ യാത്ര ചെയ്യുമ്പോള്‍ അവന്‍ ഈ സമൂഹത്തോട് സംസാരിച്ചതും പ്രവര്‍ത്തിച്ചതും വിഘടിതമോ തീവ്ര ചിന്താഗതികളോടെയുള്ളതോ ആയ വിശ്വാസമല്ല, മറിച്ച് ഒരു സമൂഹത്തെ മുഖ്യധാരയിലേക്കും വളര്‍ച്ചയിലേക്കും രക്ഷയിലേക്കും കൊണ്ടുവരുന്ന സ്‌നേഹത്തിന്റെ സുവിശേഷമാണ്. അതുകൊണ്ട്, വിശുദ്ധ തോമയുടെ പിന്‍ഗാമികളായ നമുക്കും ഈ മനോഭാവത്തോടെയുള്ള വിശ്വാസ പ്രഘോഷണ ജീവിതം നയിക്കാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു, അതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.