വിഭാഗീയചിന്തകൾ ഉപേക്ഷിച്ച് ഐക്യത്തിൽ ജീവിക്കാൻ ആഹ്വാനം ചെയ്യുന്ന പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ

ഒരു ദൈവത്തിൽ മൂന്നുപേർ എന്ന് പറഞ്ഞു കൊണ്ടാണ് ത്രീത്വത്തിന്റെ അർത്ഥം വ്യാഖ്യാനിക്കപ്പെടുന്നത്. മനുഷ്യ മനസ്സിനെയും ബുദ്ധിയെയും കൂടുതൽ പ്രഹേളികയിലേക്ക് നയിക്കുന്ന,  ചിന്തിക്കുന്തോറും ആന്തരിക സംഘർഷത്തിനും സംശയത്തിനും ഇടവരുത്തുന്ന ഒരു വലിയ യാഥാർത്ഥ്യത്തിന് മുന്നിലാണ്  തിരുസഭ ഈ തിരുനാൾ ആഘോഷിക്കുന്നത്.

ദൈവം അപരിമേയനാണെന്നും അവന്റെ വാസം ഭൂമിയിൽനിന്നകന്ന്,  മനുഷ്യരിൽ നിന്ന് വിദൂരത്തായി ആകാശങ്ങളിലാണെന്ന ദൈവ സങ്കല്പമാണ് പരിശുദ്ധ ത്രിത്വത്തിലൂടെ പൊളിച്ചെഴുതപ്പെടുന്നത്. ദൈവം ഒത്തിരി വിദൂരത്തല്ല മറിച്ച് മൂന്നാളുകളായി നമുക്കിടയിൽ ദൈവം വസിക്കുന്നുവെന്ന തിരിച്ചറിവ് ഈ തിരുനാൾ പ്രദാനം ചെയ്യുന്നുണ്ട്.

ദൈവത്തിലെ മൂന്നാളുകൾ ഒരുപക്ഷേ മനുഷ്യബുദ്ധിക്ക് ഗ്രഹിക്കാവുന്നതിനും അതീതമായ ഒരു ദൈവ യാഥാർത്ഥ്യമാണ്. എങ്ങനെയാണ് മൂന്നാളുകൾക്ക് സത്താപരമായി ദൈവമാകാൻ സാധിക്കുക എന്ന താത്വിക ചോദ്യത്തിൽ ഉത്തരങ്ങളില്ല എന്നുള്ളതാണ് മനുഷ്യ വിവക്ഷ.

കാരണം മൂന്നാളുകളുടെ വ്യക്തിത്വവും,  മൂന്നാളുകളുടെ വ്യത്യസ്തതയും എങ്ങനെയാണ് ഒരു യാഥാർത്ഥ്യത്തിൽ നിലനിൽക്കുന്നതും,  പാകപ്പെടുന്നതും? മനുഷ്യമനസ്സിന് അഗ്രഹീയമായ കാര്യം തന്നെയാണ് ത്രീത്വം എന്ന സത്യം മുന്നോട്ടുവയ്ക്കുന്നത്.

പക്ഷേ തിരുനാളിൽ ഒരു വിശ്വാസി ത്രീത്വത്തിലേക്ക് നോക്കേണ്ടത് തന്റെ ബുദ്ധിക്ക് ഗ്രഹിക്കാവുന്ന ഒരു ദൈവ സത്യമായിട്ടല്ല മറിച്ച്  തനിക്ക് ഏൽപ്പിക്കപ്പെടുന്ന ബന്ധത്തിന്റെയും അനുപൂരണത്തിന്റെയും യാഥാർത്ഥ്യമായിട്ട്,  സ്വന്തം ദൈവവിളിയായിട്ടാണ്.

പരിശുദ്ധ ത്രീത്വം താത്വികമായി വിശകലനം ചെയ്യപ്പെടേണ്ടതും,  പഠിക്കേണ്ടതും,  ഗ്രഹിക്കേണ്ടതുമായ യാഥാർത്ഥ്യമല്ല മറിച്ച് വിശ്വസിക്കപ്പെടേണ്ടതും ഉൾക്കൊള്ളേണ്ടതും ഒടുവിലായി അനുരൂപരാകേണ്ടതുമായ ദൈവവിളിയാണ്.

ത്രീത്വം മുന്നോട്ടുവയ്ക്കുന്ന പരസ്പര ബന്ധത്തിന്റെ അഭേദ്യമായ ആഴങ്ങൾ തിരിച്ചറിയുവാൻ, അതുപോലൊരു ബന്ധത്തിലേക്ക് ദൈവം നമ്മളെ ഓരോരുത്തരെയും ക്ഷണിക്കുന്നുണ്ടെന്നും ആ വിളിയിൽ ദൈവവുമായും,  മനുഷ്യരുമായും നമ്മൾ അനുരഞ്ജനപ്പെടേണ്ടവരാണന്നും,  സഹവർത്തിത്വത്തിന്റെ വഴികളിലൂടെ നടക്കേണ്ടവരാണെന്നുമുള്ള ബോധം രൂപപ്പെടുമ്പോൾ നമുക്ക് മുമ്പിൽ ദൈവം ദൈവവിളിയായി മാറുകയാണ്.

ഒന്നുമില്ലായ്മയിൽ നിന്ന് ലോകത്തെ സൃഷ്ടിച്ചത് മുതൽ പുത്രനിലൂടെ രക്ഷാകര കർമ്മം പൂർത്തിയാക്കുകയും പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട് തിരുസഭയുടെ ക്രിസ്തു അനുയാത്രയിൽ സഹയാത്രികനായി കൂടെ നടക്കുന്ന ദൈവം ത്രിത്വത്തിന്റെ മനോഹരമായ വെളിപാടാണ്.  പിതാവിന്റെ സ്നേഹത്തിൽ കരുണയിൽ ലോകം സൃഷ്ടിക്കപ്പെടുകയും,  പുത്രന്റെ അനുസരണം നിറഞ്ഞ ബലിയിൽ ലോകം രക്ഷിക്കപ്പെടുകയും,  പരിശുദ്ധാത്മാവിന്റെ കൃപകളിൽ ലോകം വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുമ്പോൾ നമ്മുടെ വഴികളിലെ സഹയാത്രികനായി ത്രീത്വം മാറുകയാണ്.

ദൈവസാന്നിധ്യം വിളിച്ചോതുന്ന,  ദൈവ രക്ഷ പ്രഖ്യാപിക്കുന്ന,  ദൈവത്തിന്റെ കരുണ ഉറപ്പാക്കുന്ന പരിശുദ്ധ ത്രീത്വമാണ് നമുക്ക് മുന്നിലെ വഴികാട്ടി. ക്രിസ്തീയ സഭ സമൂഹമായും വ്യക്തികളായും വളരേണ്ടത് ഈ പരസ്പര ബന്ധത്തിലേക്കും സഹവർത്തിതത്തിന്റെ ജീവിതത്തിലേക്കുമാണ്. അല്ലാത്തപക്ഷം വിഭജനത്തിന്റെയും വൈരാഗ്യത്തിന്റെയും വിദ്വേഷത്തിന്റെയും അതിർവരമ്പുകൾ നിർമ്മിക്കുകയും,  പരസ്പര ബന്ധത്തിന്റെ ഭംഗി കളഞ്ഞ് മനുഷ്യർ ഒറ്റപ്പെട്ട തുരുത്തായി മാറുകയും,  ആ തുരുത്തുകളിൽ വെറുപ്പിന്റെ നിഴലിൽ ജീവിക്കുകയും ചെയ്യും.

ഇന്ന് ലോകം ആ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്നുണ്ട്. വിഭജനത്തിന്റെയും,  വിഭാഗീയതയുടെയും അതിർവരമ്പുകൾ നിർമ്മിച്ചുകൊണ്ട് ഞങ്ങളും നിങ്ങളും എന്ന പ്രതിസന്ധി സൃഷ്ടിച്ച്,  വ്യത്യസ്തതകളെ ഭയമായും ഭീഷണിയായും കരുതി ലോകം മുന്നേറാൻ ശ്രമിക്കുമ്പോൾ അറിയണം ക്രിസ്തുശിഷ്യരായ നമ്മൾ പരിശുദ്ധദൈവത്തിൽ നിന്ന് വളരെ അകലെയാണ് എന്ന സത്യം.

വിഭാഗീയതയുടെ ഒരു വലിയ സംസ്കാരം നമ്മുടെ ഇടയിൽ രൂപപ്പെടുന്നുണ്ട്. നിർഭാഗ്യവശാൽ വിഭാഗീയത മതങ്ങൾക്കുള്ളിലേക്കും പ്രവേശിക്കുന്നു എന്നതാണ്. വേർതിരിവുകളും അതിർത്തികളും വ്യത്യാസങ്ങളും പെരുപ്പിച്ച് കാണിച്ച് സഹവർത്തിതത്തിന്റെയും,  ഐക്യത്തിന്റെയും നന്മയുടെയും പാഠങ്ങൾ നമ്മൾ സാവധാനം മറന്നു പോവുകയാണ്. അവിടങ്ങളിലൊക്കെ ഓർക്കണം പരിശുദ്ധത്രീത്വത്തിന്, അതിന്റെ ആരൂപിക്കെതിരെ  നമ്മൾ ഒരു ജീവിതശൈലി രൂപപ്പെടുത്തുന്നുണ്ടെന്ന്.

രണ്ടാമതായി  ഒരുമയുടെ,  ആരോഗ്യപരമായ ഒരു സംവാദത്തിന്റെ തുറവി കൂടി പരിശുദ്ധ ത്രിത്വം നമുക്ക് പറഞ്ഞു തരുന്നുണ്ട്. പിതാവും പുത്രനും പരിശുദ്ധാത്മാവും ഏക മനസ്സോടെ മനുഷ്യരുടെ രക്ഷാകര കർമ്മം നടത്തുമ്പോൾ അവർ തമ്മിലുള്ള ഐക്യം ഒരുമയുടെ സംഭാഷണമായി നമ്മൾ മനസ്സിലാക്കി എടുക്കണം.

ഈയൊരു ആരോഗ്യപരമായ സംവാദം,  സംഭാഷണങ്ങൾ,  തുറവിയോടുകൂടിയുള്ള നിലനിൽപ്പ് ഈ ലോകത്തിനാവശ്യമാണെന്ന് നമ്മൾ അറിയണം. മനസ്സിലാക്കാനും മനസ്സിലാക്കപ്പെടാനും കഴിയാതെ പോകുന്നിടങ്ങളിലാണ് കലഹങ്ങളും ലഹളകളും വിലാപങ്ങളും പല്ലുകടിയും രൂപപ്പെടുന്നത്. അതൊരു കുടുംബത്തിലായാലും ഇടവക, സമൂഹ, രൂപതകളിലായാലും,  ഒടുവിലായി രാജ്യങ്ങൾ തമ്മിലും പരസ്പരം തുറവിയോടുകൂടി സംഭാഷണം ആരംഭിക്കാൻ കഴിയാത്ത, നമ്മൾ അറിയാത്ത ശത്രുത നമ്മളിൽ വളർന്നുവരുന്നുണ്ട്  അത് വെറുപ്പിന്റെ വിത്തുകൾ പാകിക്കൊണ്ട് ഒരുപക്ഷേ ലോകത്തിന്റെ തന്നെ നാശത്തിലേക്ക് തിന്മയിലേക്കും ചെന്നെത്തിച്ചേക്കാം.

വലിപ്പച്ചെറുപ്പം ഇല്ലാതെ മൂന്ന് പേരും ഒരേസത്തയിൽ ഐക്യത്തിൽ നിലനിന്നു എന്ന പാഠം ത്രീത്വം നമുക്ക് പറഞ്ഞു തരട്ടെ.

ഫാ. പീറ്റർ ടാജീഷ് O de M.

  • Renewal Voice

    Renewal Voice serves as the voice of RRC. The magazine provides spiritual food for the faithful with reflections and spiritual articles. It strengthens the effort of RRC in leading millions to experience the power and salvation of Christ.

    Related Posts

    ഒന്നും ചെയ്യാത്ത മടിയന്മാരാകരുത്‌

    വിജയത്തിലേക്കുള്ള പടവുകള്‍ – 1 ജീവിതത്തില്‍ പരാജയം സംഭവിക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒരു കാര്യത്തെക്കുറിച്ചാണ് ഇന്ന് നാം ചിന്തിക്കുക. ജീവിതത്തില്‍ ചെയ്യാന്‍ ഒരുപാട് സമയം ഉണ്ടായിരിക്കെ ഒന്നും ചെയ്യാതെ പോകുന്ന ഉദാസീനമായ നിലപാടുകളും സ്വഭാവ രീതികളും വെച്ചുപുലര്‍ത്തുന്നവര്‍. വിശുദ്ധ…

    Read more

    Continue reading
    കൊഴിഞ്ഞുപ്പോകുന്ന സന്തോഷങ്ങള്‍

    ഏറെ സന്തോഷത്തോടെ പറന്നുയരുന്ന ഈയമ്പാറ്റകള്‍ ഏതാനും നിമിഷങ്ങള്‍ക്കപ്പുറം ചിറകുകള്‍ അറ്റ് നിലത്തുവീഴുകയും ജീവിതം തന്നെ പരിങ്ങലിലാവുകയും ചെയ്യുന്നത് നമുക്കറിയാം. ഈ ഈയമ്പാറ്റകള്‍ ജീവിതം നമുക്ക് ചിലതൊക്കെ പഠിപ്പിച്ചു തരുന്നുണ്ട്. ദൈവം ആഗ്രഹിക്കാത്ത കാര്യങ്ങളിലൂടെ ചില സന്തോഷങ്ങളൊക്കെ അനുഭവിക്കുന്നവരും അനുഭവിച്ചവരുമായവരാണ് എങ്കില്‍ നിമിഷ…

    Read more

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *