
ക്യാൻസർ രോഗിയായ ആ സ്ത്രീ നീണ്ട ഇരുപത്തിയാറ് വർഷമായി ആ വീട്ടിലെ ജോലിക്കാരിയായിരുന്നു. സ്വന്തമെന്ന് പറയാൻ ആരുമില്ലാത്ത ഒരു സാധു സ്ത്രീ. കടുത്ത വേദനയിൽ മരണത്തോട് മല്ലിടുമ്പോഴും അവർ സന്തോഷവതിയായിരുന്നു. എപ്പോഴും ഒരു പുഞ്ചിരി അവരുടെ മുഖത്ത് പ്രകടമായിരുന്നു. അവർ ജോലി ചെയ്തിരുന്ന ആ വീട്ടുകാർ തന്നെയാണ് അവരെ പരിചരിച്ചിരുന്നത്. ഒരു ദിവസം അവരെ കാണാനെത്തിയ ഒരു വൈദികൻ അവരോട് ചോദിച്ചു.” ചേച്ചി എന്താണ് എപ്പോഴും സന്തോഷവതിയായിരിക്കുന്നത്; എന്താണതിൻ്റെ രഹസ്യം”. അവർ പറഞ്ഞു;” ഈ വീട്ടുകാരുടെ സ്നേഹമാണ് ഇതിന് കാരണം. ഈ വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് ഇവർ എന്നെ കാണുന്നത്. എന്നെ കുളിപ്പിക്കുന്നതും ഭക്ഷണം തരുന്നതും എല്ലാം ഇവരാണ്. സമൂഹത്തിൽ ഉയർന്ന സ്ഥാനവും പണവും മറ്റുമുണ്ടായിരുന്നിട്ടും ഇവർ എന്നോട് ഒരു വേർതിരിവ് കാണിച്ചിട്ടില്ല. ഈ വീട്ടിൽ ഞാനൊരു അന്യയാണെന്ന ചിന്ത ഒരിക്കലും എനിക്കുണ്ടായിട്ടുമില്ല. പക്ഷപാതം കാട്ടി അവഗണിക്കുകയും ബോധപൂർവ്വം നമ്മെ മാറ്റി നിർത്തിക്കുകയും ചെയ്താൽ നമ്മുടെ പ്രതീക്ഷ അറ്റുപോകും, വിശ്വാസം ഇല്ലാതായി നിരാശപ്പെട്ട് ജീവിക്കേണ്ടി വരും. അങ്ങനെയൊരു അവസ്ഥയിലേക്ക് ഞാൻ വീണുപോയില്ല. അതിന് കാരണം ഈ വീട്ടുകാർക്ക് സ്നേഹമാണ്”. ആ സ്ത്രീ പറഞ്ഞ ഈ വാക്കുകൾ എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു.
ദാസൻ എപ്പോഴും യജമാനനെ സേവിക്കാൻ നിയോഗിക്കപ്പെട്ടവനാണ്. യജമാനൻ ഒരിക്കലും തൻ്റെ ദാസനെ പരിചരിക്കുകയോ, സേവിക്കുകയോ ചെയ്യാറില്ല. യജമാനന്മാരെ സംബന്ധിച്ചു അത് തരം താഴ്ന്ന പ്രവർത്തിയാണ്. എന്നാൽ ക്രിസ്‌തു തന്നെത്തന്നെ ശൂന്യനാക്കി കൊണ്ട് ദാസൻ്റെ രൂപം സ്വീകരിച്ച് ശിഷ്യരുടെ പാദങ്ങളോളം താണു. ആ ക്രിസ്‌തു ചൈതന്യം ജീവിതത്തിൽ പ്രാവർത്തികമാക്കിയവർ ഇന്ന് ക്രിസ്‌തുവായി നമുക്കു ചുറ്റി ലുമുണ്ട്. അവർക്കു വിശുദ്ധരെന്ന വിളിപ്പേരുകളോ, സ്‌ഥാനങ്ങളോ, അധി കാരങ്ങളോ, പ്രശസ്‌തികളോ ഒന്നുമില്ല; മറിച്ച് നൻമ ചെയ്യുന്നതിൽ അതീവ താല്‌പര്യരും അതിൽ സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നവരാണവർ. അവരെ അംഗീകരിക്കുന്ന ഒരു ദൈവം സ്വർഗത്തിൽ അവരെ കാത്തിരിക്കുന്നു എന്നതാണ് അവരുടെ പ്രതിഫലം. ആ പ്രതിഫലം എനിക്കും വേണം എന്ന് വാശി പിടിക്കുന്ന ബലവാന്മാരാണ് സ്വർഗം കീഴടക്കുന്നത്. എന്നെ ഇഷ്ടപ്പെടുന്നവരെ ചേർത്ത് പിടിക്കുകയും എന്നെ അവഗണിക്കുകയും മാറ്റിനിർത്തുകയും ചെയ്യുന്നവരോട് വെറുപ്പ് കാണിക്കുകയും ചെയ്യുന്നത് നന്മയല്ല, തിൻമയാണ്. എല്ലാവരും എന്നെ ബഹുമാനിക്കണം, ആദരിക്കണം എന്ന അഹത്തെ ദൂരെ എറിഞ്ഞ് എളിമയുടെ സ്നേഹത്തിൻ്റെ അരൂപിയിൽ ജീവിക്കാൻ നമുക്ക് ആഗ്രഹിക്കാം, പ്രയത്നിക്കാം അതിനായി പ്രാർത്ഥിക്കുകയും ചെയ്യാം.
ആമ്മേൻ
“ജ്‌ഞാനം സിദ്‌ധിച്ചവർ ദൈവത്തിൻറ സൗഹൃദം നേടുന്നു; അവളുടെ പ്രബോധനം അവരെ അതിനു യോഗ്യരാക്കുന്നു”. (ജ്‌ഞാനം 7 : 14 )
ബസാലേൽ