
‘നീതിമാന്മാർ നിത്യം ജീവിക്കും മനോഹരമായ ഒരു രാജ്യവും സുന്ദരമായ ഒരു കിരീടവും അവർക്ക് ലഭിക്കും’ (ജ്ഞാനം. 5:16-17). അവസരങ്ങളിൽ ഏറ്റവും വലുത് ഏതാണെന്ന ചോദ്യത്തിന് ഒരു ഒറ്റ ഉത്തരം മാത്രമേയുള്ളൂ, ജീവിതം. ജീവിതം ഒരു അവസരമാണ്. നമുക്ക് ചുറ്റുമുള്ള അത്ഭുതാവഹമായ സൗന്ദര്യവും മഹത്വവും നിറഞ്ഞ പ്രപഞ്ചത്തിന്റെ ഒരു ഭാഗമാകുന്നതിനും ദൈവത്തിന് നമ്മോടുള്ള സ്നേഹം അറിഞ്ഞ് അവിടുത്തേക്ക് നന്ദി പറയുന്നതിനും, നമുക്ക് ലഭിച്ചിരിക്കുന്ന ഒരു വലിയ അവസരം തന്നെയാണ് നമ്മുടെയൊക്കെ ജീവിതം. വിചാരം, വചനം, പ്രവർത്തി എന്നിവ കൂട്ടിച്ചേർത്ത് സൃഷ്ടാവ് തന്റെ സൃഷ്ടിയെ ഭൂമിയിലേക്കയക്കുന്നു. അതുകൊണ്ടുതന്നെ മനുഷ്യനും മനുഷ്യജീവിതവും വളരെ വിലയുള്ളതാണെന്ന് ചിന്ത നമ്മുടെ ഓരോ ശ്വാസത്തിലും ഉണ്ടാകേണ്ടതുണ്ട്. ഓരോ മനുഷ്യനും തന്റെ അസ്ഥിത്വത്തിന് കാരണമായ ദൈവസന്നിധിയിലേക്ക് മടങ്ങി പോകേണ്ടവർ തന്നെയാണ്. ദൈവത്തിൽ നിന്ന് ആരംഭിച്ച ദൈവത്തിലേക്ക് തന്നെ ലയിക്കുന്നതിന് ഇടയിലുള്ള ഈ അവസരത്തിൽ, വിശ്വസ്തതയോടെ ദൈവത്തെ സേവിക്കാൻ, സ്നേഹിക്കാൻ നമുക്കാകുന്നുണ്ടോ ?. ‘എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം അനുസരിക്കും, അപ്പോൾ എന്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ വന്ന് അവനോടുകൂടെ താമസം ഉറപ്പിക്കുകയും ചെയ്യും’ യോഹന്നാൻ ( 14 -23). ഓരോ മനുഷ്യമക്കളും ദൈവത്തിൽ നിന്നും വരുന്നതിനാൽ തനിക്ക് അസ്ഥിത്വം നൽകി ഈ ഭൂമിയിലേക്ക് അയച്ച ആ പരമസത്തയെ ഓരോ മക്കളും അറിയണം, സ്നേഹിക്കണം. അതുകൊണ്ടുതന്നെ നമ്മുടെ ആത്മാവിനെയും ചിന്തകളെയും സുകൃതങ്ങൾ കൊണ്ട് അലങ്കരിച്ച്, വചനങ്ങൾ കൊണ്ട് നിറച്ച് സ്നേഹത്തിന്റെ തിരിതെളിച്ച് നമുക്ക് ജീവിതയാത്ര തുടരാം.
ജീന