
നമ്മുടെ അടിസ്ഥാന ആവശ്യങ്ങളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് ഭക്ഷണം. അത് നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിനും വളർച്ചയ്ക്കും അത്യന്താപേക്ഷിതമായിട്ടുള്ള ഒന്നാണ്. എന്നാൽ, നമ്മൾ കഴിക്കുന്ന ഭക്ഷണം അമിതമാണെങ്കിലോ അല്ലെങ്കിൽ അനാരോഗ്യകരം ആണെങ്കിലോ, അത് നമ്മുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നതിന് കാരണമാകുന്നു. ഇന്നത്തെ കാലത്ത് കൂടുതലായി കുട്ടികളിൽ കാണുന്ന ഒരു പ്രവണതയാണ് തെറ്റായിട്ടുള്ള ഭക്ഷണരീതി. യാതൊരു നിയന്ത്രണവും ഇല്ലാതെ കയ്യിൽ കിട്ടുന്നതൊക്കെ വാരിവലിച്ച് തിന്നുന്ന ഈ പ്രവണത ഒത്തിരിയേറെ രോഗങ്ങൾക്കും ആരോഗ്യ തകർച്ചയ്ക്കും കാരണമാകാറുണ്ട്. അതുകൊണ്ട്, കുട്ടികളുടെ ഭക്ഷണരീതികൾ നിയന്ത്രിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഇന്ന് ഏറ്റവും അധികം പറഞ്ഞ കേൾക്കുന്ന ഒരു വാക്കാണ് ജംഗ് ഫുഡ് അല്ലെങ്കിൽ ഫാസ്റ്റ് ഫുഡ്. പണ്ടു കാലങ്ങളിൽ ഇതിനെപ്പറ്റി നാം അധികം കേട്ടിട്ടില്ല. ഇതു കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ നമ്മുടെ കുട്ടികളെയും വളർന്നുവരുന്ന തലമുറയെയും വളരെയധികം ദോഷകരമായി ബാധിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ബർഗറും സാൻവിച്ചും പോലുള്ള ഫാസ്റ്റ് ഫുഡ് അല്ലെങ്കിൽ ജംഗ് ഫുഡ് ദിവസവും നാം കഴിച്ചാൽ അത് നമ്മെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നതിന് കാരണമാകുന്നു. ഇങ്ങനെയുള്ള ഭക്ഷണ കാര്യങ്ങൾ നമ്മുടെ ശരീരത്തിൽ ഒരുപാട് കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. അതുവഴി നമ്മുടെ ശരീരത്തിന് ആവശ്യമുള്ള കുടൽ ബാക്ടീരിയകൾ നഷ്ടമാകുന്നു. അമിതമായ ജംഗ് ഫുഡിന്റെ ഉപയോഗം കുട്ടികളിൽ പൊണ്ണത്തടി ഉണ്ടാകാൻ കാരണമാകുന്നു. ഇത് ഭാവിയിൽ കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇതിനെക്കുറിച്ചുള്ള ശരിയായ ഒരു തിരിച്ചറിവ് മാതാപിതാക്കൾക്ക് ഉണ്ടാകേണ്ടതുണ്ട്. ഫാസ്റ്റ് ഫുഡിന്റെ ഉപയോഗം നമ്മളെ കൂടുതൽ വിഷാദത്തിൽ ആക്കുന്നു. ഇത് നമ്മെ ഡിപ്രഷനിലേക്ക് നയിക്കുന്നു. ചില പഠനങ്ങൾ വെളിപ്പെടുത്തുന്നത് ഫാസ്റ്റ് ഫുഡ് വഴി ആസ്ത്മയുടെ സാധ്യത വർദ്ധിപ്പിക്കും എന്നാണ്. ചർമ്മ സംബന്ധമായ പല അസുഖങ്ങൾക്ക് കാരണവും ഫാസ്റ്റ് ഫുഡ് ആണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഫാസ്റ്റ് ഫുഡിന്റെ ഉപയോഗം വഴി സ്വയം നിയന്ത്രിക്കുവാനുള്ള ശരീരത്തിന്റെ കഴിവ് നഷ്ടപ്പെട്ടു പോകുന്നു., മാത്രമല്ല അലർജി പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ത്വക്ക് സംബന്ധമായ പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു. ഫാസ്റ്റ് ഫുഡ് നമ്മുടെ കരളിനെയും നശിപ്പിക്കുന്നു. കരൾക്ഷതം എന്ന് കേൾക്കുമ്പോൾ നമ്മൾ ആദ്യം ചിന്തിക്കുന്നത് മദ്യത്തെക്കുറിച്ച് ആയിരിക്കും. ഒരാഴ്ചയ്ക്കുള്ളിൽ നിങ്ങളുടെ കരൾ തകരാറിലാകും എന്ന് പറഞ്ഞാൽ ഒട്ടും ആശ്ചര്യപ്പെടേണ്ടതില്ല. കാരണം, കരളിന് അവിശ്വസനീയമായ വിധം പ്രതിരോധശേഷിയുണ്ടെങ്കിലും ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗം ക്രമേണയുള്ള കരൾ തകർച്ചയ്ക്ക് കാരണമാകുന്നു., കൂടാതെ നമ്മുടെ മസ്തിഷ്കം മന്ദഗതിയിൽ ആകുന്നതിനും കുട്ടികളിലെ പെരുമാറ്റ പ്രശ്നങ്ങൾ വർദ്ധിക്കുന്നതിനും ഹൃദ്രോഗത്തിനും ദന്തസംബന്ധമായ പ്രശ്നങ്ങൾക്കും ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗം കാരണമാകുന്നു. കുട്ടികൾക്ക് ആവശ്യമായ വിറ്റാമിനുകളും പോഷകങ്ങളും ലഭിക്കാതെ കൊഴുപ്പ്, പഞ്ചസാര, കലോറി എന്നിവ വൻതോതിൽ കഴിക്കുമ്പോഴാണ് ഇങ്ങനെയുള്ള വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സംഭവിക്കുന്നത്. ഫാസ്റ്റ് ഫുഡിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയും ശൂന്യമായ കലോറികളും മനുഷ്യ ശരീരത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ഗുരുതരമായ നാശം വരുത്തുന്നു എന്നതിന് വളരെ ദൃശ്യമായ തെളിവുകളാണ് ഇങ്ങനെയുള്ള ആരോഗ്യപ്രശ്നങ്ങൾ എല്ലാം തന്നെ. എല്ലാ ദിവസവും ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് കൊണ്ട് മനുഷ്യശരീരത്തിന് നല്ലതായ ഒന്നും തന്നെ ലഭിക്കുന്നില്ലെന്ന് അതുകൊണ്ട് നാം മനസ്സിലാക്കണം. അത് മനസ്സിലാക്കി ഫാസ്റ്റ് ഫുഡിന്റെ ഉപയോഗം പരമാവധി നാം കുറയ്ക്കണം.
കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ആവശ്യമായിട്ടുള്ളത് സമീകൃത ആഹാരമാണ് അല്ലെങ്കിൽ പോഷകാഹാരമാണ്. ഒരു കുട്ടിയുടെ ഏറ്റവും നല്ല സമീകൃത ആഹാരം എന്ന് പറയുന്നത് ആ കുട്ടിയുടെ ആദ്യ ഭക്ഷണമായ അമ്മയുടെ മുലപ്പാൽ ആണ്., അതിലും നല്ലൊരു സമീകൃത ആഹാരം ആ കുട്ടിക്ക് വേറെ കിട്ടാനില്ല. അതിനുശേഷം അമ്മ നൽകുന്ന ആഹാരമാണ് ആ കുട്ടിയുടെ ജീവന്റെ ആധാരം എന്നത്. അതുകൊണ്ട്, ഒരു കുട്ടിയുടെ ഭക്ഷണവും ഭക്ഷണക്രമീകരണങ്ങളും ആ കുട്ടിയുടെ സ്വഭാവരൂപീകരണത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട് എന്നുള്ളതാണ് പഠനങ്ങൾ കാണിക്കുന്നത്. സമീകൃത ആഹാരം എന്നു പറയുന്നത് ഒരൊറ്റ ഭക്ഷണത്തിൽ മാത്രം അടങ്ങിയിരിക്കുന്നതല്ല.,പച്ചക്കറികളും മാംസാദികളും പഴങ്ങളും ധാന്യങ്ങളും എല്ലാം കൂടി അടങ്ങിയ ഒരു ഭക്ഷണരീതിയാണത്. ഇങ്ങനെയുള്ള ഒരു ഭക്ഷണരീതി നമ്മൾ ശരിയായ രീതിയിൽ പ്രാവർത്തികമാക്കിയാൽ മാത്രമേ നമ്മുടെ ശരീരത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ, നമുക്ക് പ്രതിരോധ ശക്തി നൽകുന്ന ഒന്നായി അത് മാറുകയുള്ളൂ. കുട്ടികൾ നിശ്ചിത സമയങ്ങളിൽ ഭക്ഷണം കഴിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ കുട്ടികളുടെ ശരിയായുള്ള വെള്ളം കുടിയും പ്രധാനപ്പെട്ട ഒരു കാര്യമാണ്. നമ്മുടെ ശരീരത്തിന്റെ മുക്കാൽ ഭാഗവും വെള്ളമാണ്. അതുകൊണ്ട് വെള്ളം കുടിക്കുന്നതിന്റെ പ്രാധാന്യം നാം മനസ്സിലാക്കണം. തെറ്റായ ഭക്ഷണരീതികൾ വഴിയായുള്ള ഒത്തിരിയേറെ അസുഖങ്ങൾ ഇന്നത്തെ സമൂഹത്തിലെ കുട്ടികളിൽ പ്രകടമാണ്. ഇതിനെതിരെ ഒരു മാറ്റം വരേണ്ടത് വളരെ അനിവാര്യമാണ്. ആ മാറ്റത്തിന്റെ തുടക്കം നമ്മുടെ വീടുകളിൽ നിന്നാവണം.
ഫ്രാൻസിസ് മാർപാപ്പ പറയുന്നു:’ ഭക്ഷണം ഒരു ദാനമാണ്, അത് നാം നന്ദിയോടെ സ്വീകരിക്കണം’. ഒരു നേരത്തെ ഭക്ഷണം കിട്ടാതെ വിഷമിക്കുന്ന ഒത്തിരി ഏറെ ആളുകൾ ഇന്നത്തെ കാലഘട്ടത്തിൽ ഉണ്ട്. എന്നാൽ ഒരു കുറവും ഇല്ലാതെ ദൈവം നമ്മെ തീറ്റിപ്പോറ്റുന്നതിന്നെ ഓർത്തുകൊണ്ട് നാം അവിടുത്തോട് നന്ദിയുള്ളവരാകണം. ഭക്ഷണത്തിന്റെ വിലയെക്കുറിച്ച് മാതാപിതാക്കൾ തങ്ങളുടെ മക്കളെ പറഞ്ഞു മനസ്സിലാക്കണം. പൗലോസ് ശ്ലീഹ 1 കോറി:10:31 ൽ പറയുന്നു:” അതിനാൽ നിങ്ങൾ ഭക്ഷിക്കുകയോ പാനം ചെയ്യുകയോ മറ്റെന്തെങ്കിലും പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ അവയെല്ലാം ദൈവ മഹത്വത്തിനായി ചെയ്യുവിൻ”. നാം കഴിക്കുന്ന ഭക്ഷണം ദൈവത്തിന്റെ വലിയൊരു ദാനമാണ്. ഈ ദാനത്തെ ഓർത്ത് ദൈവത്തെ മഹത്വപ്പെടുത്തുവാൻ മാതാപിതാക്കൾ തങ്ങളുടെ മക്കളെ പ്രോത്സാഹിപ്പിക്കണം.
കുട്ടികളുടെ ആരോഗ്യകരമായ ഭക്ഷണകാര്യത്തിൽ നമ്മൾ രക്ഷിതാക്കൾ ആണ് അവർക്ക് റോൾ മോഡൽ ആകേണ്ടത്. ഇതിനുവേണ്ടി എല്ലാ മാതാപിതാക്കളും തങ്ങളുടെ മക്കളുടെ ഭക്ഷണകാര്യങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. ഒരു വീട്ടിലെ കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഉചിതമായ ഭക്ഷണ തെരഞ്ഞെടുപ്പിൽ തങ്ങളുടെ മക്കളെ പങ്കാളികളാക്കാൻ മാതാപിതാക്കൾ തയ്യാറാകണം. പുറത്തുള്ള കടകളിൽ നിന്നും മറ്റിടങ്ങളിൽ നിന്നും കുടുംബം മുഴുവനൊ അല്ലെങ്കിൽ കുട്ടികൾ തന്നെയൊ വിഷാംശങ്ങൾ കലർന്ന ഭക്ഷണം കഴിക്കുന്ന ശീലം നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. കുട്ടികളോ വീട്ടിലുള്ളവരോ പുറത്തുപോയി ഭക്ഷണം കഴിക്കുന്ന സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കപ്പെടേണ്ടതുണ്ട്. അതിനു പകരമായി വീട്ടിലുള്ള എല്ലാവരും സമീകൃത ആഹാരം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പോഷകാഹാരത്തിന്റെ ഗുണങ്ങളെക്കുറിച്ചും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളുടെ ദോഷങ്ങളെക്കുറിച്ചും മാതാപിതാക്കൾ തങ്ങളുടെ മക്കളെ പറഞ്ഞു മനസ്സിലാക്കണം.,അല്ലാതെ നിർബന്ധിച്ചു കൊണ്ട് അങ്ങനെയുള്ള ദുശീലങ്ങളിൽ നിന്നും അവരെ ഒഴിവാക്കാൻ നാം ശ്രമിക്കരുത്. അങ്ങനെ നാം നമ്മുടെ മക്കളെ നിർബന്ധിക്കുന്ന പക്ഷം കൂടുതൽ ദുശ്ശീലങ്ങളിലേക്ക് അവർ പോകുന്നതിന് ഇടയാകാൻ സാധ്യതയുണ്ട്. അതുകൊണ്ട്, സ്നേഹത്തോടെ നാം അവരെ തിരുത്തുകയാണ് ചെയ്യേണ്ടത്.
പൗലോസ് ശ്ലീഹാ റോമാ:14:17 ൽ ഇപ്രകാരം പറയുന്നു: ” ദൈവരാജ്യം എന്നാൽ ഭക്ഷണവും പാനീയവും അല്ല., പ്രത്യുത, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവും ആണ്”. കുട്ടികളുടെ ശാരീരിക ആരോഗ്യം പോലെ തന്നെ ആത്മീയമായും അവർ വളർന്നു വരാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷിക്കാൻ വേണ്ടി ജീവിക്കുന്നവരാകാതെ ജീവിക്കാൻ വേണ്ടി ഭക്ഷിക്കുന്നവരാകാൻ അവരെ നാം പിന്തുണയ്ക്കണം. ശാരീരിക പോഷണത്തേക്കാൾ ഉപരിയായി ആത്മീയ മൂല്യങ്ങൾക്ക് വിലകൊടുത്ത് ജീവിക്കാൻ മാതാപിതാക്കൾ തങ്ങളുടെ മക്കളെ പ്രചോദിപ്പിക്കേണ്ടതുണ്ട്., വിശ്വാസത്തിലും ക്രൈസ്തവ ചൈതന്യത്തിനും വളർന്നു വരാൻ അവരെ സഹായിക്കേണ്ടതുണ്ട്. മത്താ:4:4 ൽ ഈശോ പറയുന്നു: “മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല, ദൈവത്തിന്റെ നാവിൽ നിന്ന് പുറപ്പെടുന്ന ഓരോ വാക്കു കൊണ്ടുമാണ് ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു”.
ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ. അതുകൊണ്ട്, ആരോഗ്യമുള്ള കുട്ടികളാണ് ആരോഗ്യമുള്ള ഒരു ഭാവിതലമുറയ്ക്ക് അടിസ്ഥാനം ഇടുന്നത്. അതിനുവേണ്ടി നമ്മുടെ കുട്ടികളുടെ ഭക്ഷണരീതികൾ ശരിയായ രീതിയിൽ ക്രമീകരിക്കപ്പെടേണ്ടതുണ്ട്. അല്ലെങ്കിൽ നമ്മൾ കാണേണ്ടി വരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കടിപ്പെട്ട ഒരു തലമുറയെ ആയിരിക്കും. അതിനാൽ, ആരോഗ്യമുള്ള ഒരു ഭാവി തലമുറയെ പടുത്തുയർത്താൻ നമുക്ക് കൈകോർക്കാം. കുട്ടികളിൽ ആരോഗ്യകരമായ വളർച്ചയ്ക്ക് അനുയോജ്യമായ ഒരു പോഷണ സംസ്കാരവും ഭക്ഷണത്തോടുള്ള നല്ല സമീപനങ്ങളും നല്ല ഭക്ഷണ ശീലങ്ങളും നമുക്ക് വളർത്തിക്കൊണ്ടു വരാം. അങ്ങനെ ആരോഗ്യമുള്ള ഒരു ഭാവി തലമുറയെ വാർത്തെടുക്കാൻ നമുക്കേവർക്കും സാധിക്കട്ടെ.