
“അവൻ അവരോട് പറഞ്ഞു എന്നെ അനുഗമിക്കുക ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” (മത്താ 4:19)
ഇത് തെരഞ്ഞെടുപ്പുകളുടെ കാലം. ഏതു വസ്തുവിനും വിലയും മൂല്യവും നോക്കുന്നതിലുപരി AI പറയുന്നത് ചെയ്യുന്നതും വിശ്വസിക്കുന്നതുമായ കാലം. ഏതു മേഖലയിലും തന്റെ സ്ഥാനം ഉന്നതിയിൽ ഉറപ്പിക്കാൻ മനുഷ്യൻ കുതിക്കുകയാണ്. എവിടെയും സ്വാർത്ഥ മനുഷ്യന്റെ മത്സരങ്ങളും വേർതിരിവും കാപട്യവുമാണ്. അവന്റെ നിലനിൽപ്പിനായി അവൻ എന്തും ചെയ്യും. എന്നാൽ 2000 വർഷങ്ങൾക്കു മുമ്പ് കപടതയുടെ നനവറിയാതെ ഇൻസ്റ്റഗ്രാം റീൽസും ഫേസ്ബുക്ക് ഷോർട്ട്സും വാട്സപ്പ് സ്റ്റാറ്റസും ഇല്ലാതെ വഴിക്കവലകളിലൂടെ നടന്ന് ‘എന്റെ പിന്നാലെ വന്നോളൂ ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം’ എന്ന് പറഞ്ഞുകൊണ്ട് താടിയും മുടിയും നീട്ടിയും ഒരു ചെറുപ്പക്കാരൻ നടന്നിരുന്നു. അവന്റെ നടപ്പിലും ഇരിപ്പിലും സംസാരത്തിലും സ്നേഹവും, പ്രവർത്തിയിൽ കാരുണ്യവും മാത്രം. വ്യർത്ഥമായി ഒരു വാക്കുപോലും പറയാതെ സ്നേഹത്തെപ്പറ്റിയും സ്നേഹിക്കുന്ന പിതാവിനെപ്പറ്റിയും മാത്രം സംസാരിച്ച ഒരു ചെറുപ്പക്കാരൻ.
ഒരു പുതിയ കാഴ്ചപ്പാടും വ്യത്യസ്തമായ അന്തരീക്ഷവും തുറക്കപ്പെടുകയാണ്. അവൻ ശാന്തമായി വെല്ലുവിളിക്കുകയാണ് ആത്മാക്കളെ നേടാൻ, ബന്ദിതരെ സ്വതന്ത്രമാക്കാൻ, തിന്മയെ നശിപ്പിക്കാൻ, നന്മയെ പണിതുയർത്താൻ, നട്ടുവളർത്താൻ ആഗ്രഹമുള്ളവർക്ക് എന്റെ പിന്നാലെ വരാം. പക്ഷേ വരുന്നവർക്ക് കാറും AC റൂമും സുഖസൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നില്ല മറിച്ച് പീഡനവും സഹനവും മാത്രം വലിച്ചെറിയപ്പെടാനും ചവിട്ടി മെതിക്കപ്പെടാനും തയ്യാറുള്ളവർ മാത്രം എന്നെ അനുഗമിക്കുക.
ഒരു വലിയ ജനതയുടെ സ്വരം കാതുകളിൽ വന്നടിക്കുന്നു. അതേ വിളിയുടെ ആനന്ദം അനുഭവിച്ച് അനുഗമിച്ചപ്പോൾ സഹനത്തിൻ്റെയും സ്നേഹത്തിൻ്റെയും സുഖമനുഭവിച്ച വലിയൊരു ജനത ഗലീലിയൻ കടൽത്തീരങ്ങളേയും പലസ്തീനായുടെ തെരുവോരങ്ങളെയും പുളകമണിയിച്ചുകൊണ്ട് ആയിരങ്ങൾക്ക് അത്താണിയും, ആശയും വിതറിയവൻ. പ്രതീക്ഷ വറ്റിയ ഹൃദയങ്ങളിൽ സ്വാന്തനത്തിൻ്റെ കുളിർമഴ പെയ്യിച്ച്, സ്നേഹം വറ്റിയ നിലങ്ങളിൽ പ്രതീക്ഷയും സ്നേഹവും നിറച്ച്, വേദനയുടെ നെരിപ്പോടുകളിൽ ജീവിതം ഹോമിച്ചവർക്ക്, നവ്യാനുഭൂതിയുടെ തൂവൽ സ്പർശം നല്കി, എല്ലാവരെയും സ്നേഹിച്ച് അവിടുന്ന് കടന്നുപോവുകയാണ്. അവന്റെ വചനം ജീവദായകവും സ്പർശനം സൗഖ്യദായകവുമായിരുന്നു. അവൻ്റെ സാന്നിദ്ധ്യത്തിൻ്റെ ഊഷ്മളത നിരാശരായവർക്ക് പ്രതീക്ഷ പകർന്നു. അവൻ്റെ സാമിപ്യത്തിൽ അന്ധർ കണ്ടു, ചെകിടർ കേട്ടു, മുടന്തർ നടന്നു. അവൻ സ്വതന്ത്രനായിരുന്നു. ഓരോ വ്യക്തിയേയും വ്യക്തമായി അറിഞ്ഞ് അവനെ തൻ്റെ മാറോട് ചേർത്തുപിടിച്ച് നിന്നെ ഞാൻ പ്രത്യേകം സ്നേഹിക്കുന്നു, നിൻ്റെ പെററമ്മ നിന്നെ മറന്നാലും ഞാൻ നിൻ്റെ കൂടെയില്ലേ! നിനക്ക് താങ്ങും തണലു മായി നിന്നോടൊപ്പം എന്നു പറഞ്ഞ് അവൻ നമ്മെ സമാശ്വസിപ്പിക്കുകയാണ്.
തൻ്റെ മാതൃകയും സ്നേഹവും വരണ്ട ഹൃദയങ്ങളിൽ വിതറാൻ പങ്കുവയ്ക്കാൻ അവിടുന്ന് നമ്മെയും ക്ഷണിക്കുകയാണ്. ദൈവരാജ്യത്തിന്റെ വളർച്ചയും, ഉയർച്ചയും, കായ്ക്കലും, വിളവെടുപ്പുമെല്ലാം ഇന്നു നമ്മിലൂടെയാണ് പുലരേണ്ടത്. വർത്തമാന കാലത്തിൽ ദൈവരാജ്യത്തിൻ്റെ വിളവെടുക്കാൻ ആവശ്യമുളളവരെ യേശു നാഥൻ ഇന്ന് എന്നിലൂടെയും, നിന്നിലൂടെയും തിരയുകയാണ്. “അവിടുന്ന് മലമുകളിലേയ്ക്കുകയറി തനിക്ക് ഇഷ്ട്ടമുളളവരെ തൻ്റെ അടുക്കലേയ്ക്ക് വിളിച്ചു.” ഇന്നിൻ്റെ പ്രേഷിതനായി ഞാനും, നീയും വിളിക്കപ്പെടുന്നുണ്ട്. വിളിയുടെ ഉൾനൊമ്പരം നാം തിരിച്ചറിയണം എന്നുമാത്രം.
എനിക്ക് അൽപം സമാധാനം തരുമോ…, എന്നെയൊന്നു സമാധാനത്തിൽ വിട്ടുകൂടെ…, അച്ചോ എനിക്കൊട്ടും സമാധാനമില്ല…., അനുദിന ജീവിതത്തിന്റെ പുസ്തകതാളുകളിൽ നാമൊക്കെ എഴുതി ചേർക്കുന്നതും ഉച്ചരിക്കുന്നതുമായ വാക്കുകളാണിവ. ജീവിതത്തിൽ അൽപം സമാധാനം ഏതൊരു മനുഷ്യന്റെയും പൂർത്തികരിക്കപ്പെടാത്ത ആഗ്രഹമാണ്. സമാധാനം തേടിയുളള മനുഷ്യന്റെ പരക്കം പാച്ചിൽ ഏദനിൽനിന്ന് പുറത്തായപ്പോൾ തുടങ്ങിയതാണ്. ഇന്നും അത് തുടർന്നു കൊണ്ടിരിക്കുന്നു. അനുദിനം സങ്കീർണമായികൊണ്ടിരിക്കുന്ന ജീവിതസാഹചര്യങ്ങളും ചതച്ചരക്കപെടുന്ന മൂല്യങ്ങളും സമാധാനത്തിനു വേണ്ടിയുള്ള മുറവിളിക്ക് ആക്കം കൂട്ടുന്നു. ഈ പ്രതിഭാസം ഇന്ന് വ്യക്തികളിൽ മാത്രമല്ല കുടുംബങ്ങളിലും സമൂഹങ്ങളിലും പ്രതിഫലിച്ചു കാണുന്നു.
ശാന്തതയ്ക്കു വേണ്ടിയുളള മനുഷ്യന്റെ പാച്ചിൽ അവസാനിക്കുന്നത് , ഭീകരതയുടെയും അക്രമണങ്ങളുടെയും വക്കിലാണെന്ന് മാത്രം. അസമാധാനം വിതച്ച് സമാധാനം കൊയ്യുവാൻ വെമ്പുന്ന ആധുനിക മനുഷ്യന്റെ പ്രവണതയ്ക്കു മുന്നിൽ ധാർമ്മികതയുടെ അതിർവരമ്പുകൾ ഭേദിക്കപ്പെടുന്നു. അവിടെ യഥാർത്ഥ സമാധാനം എന്തെന്ന് തിരിച്ചറിയാനാവാതെ ലോകത്തിനു മുൻപിൽ ഒരു ചോദ്യചിഹ്നമെന്നപലെ നിൽക്കുന്ന അവസ്ഥയാണ് ദൃശ്യമാവുക.
അഹങ്കാരത്തിൽ നിന്ന് എളിമയുടെ തലത്തിലേക്കും ഇരുളിൻ്റെ താഴ്വരയിൽ നിന്ന് പുതുവെളിച്ചത്തിലേയ്ക്കും അനേകരെ കൈ പിടിച്ചുയർത്താൻ അവിടുന്ന് എന്നെയും ക്ഷണിക്കുകയാണ്.
സമൂഹത്തിൽ ദൈവത്തെ പ്രതിഫലിപ്പിക്കുന്നനാകാൻ വിളിക്കപ്പെട്ടവനാണ് ക്രൈസ്തവൻ. മറ്റുള്ളവരുടെ പ്രശ്നങ്ങളെ സംബന്ധിച്ച് ഓരോരു ത്തരും കൂടുതൽ ബോധവാന്മാരാകേണ്ടിയിരിക്കുന്നു. ദൈവത്തോടൊത്ത് ജീവിക്കുന്നവനേ സഹോദരനോടൊത്തും കഴിയാൻ സാധിക്കു. “ദൈവത്തിൽ അന്ധകാരമില്ല. അവിടത്തോട് കൂട്ടായ്മയുണ്ടെന്ന് പറയുകയും, അന്ധകാരത്തിൽ നടക്കുകയും ചെയ്താൽ അത് വ്യാജമാണ്. (1യോഹ. 1:6) ദൈവത്തെ കാണാനും, അനുഭവിക്കാനും ഒരേയൊരു മാർഗ്ഗമേയുളളു; പരസ്പര സ്നേഹം. ക്രിസ്തുവിൽ ആയിരിക്കുന്നവൻ പുതിയ സൃഷ്ടിയാണ്” (2കൊറി. 5:17)
മാനവികതയുടെ മഹാപ്രവാചകന്റെ ജീവൻ തുടിക്കുന്ന വാക്കുകൾ എന്നെയും നിന്നെയും ഉണർത്തട്ടെ ക്രിസ്തുവിന്റെ രക്ഷാകര ദൗത്യത്തിൽ പങ്കുചേർന്ന് കാരുണ്യത്തിന്റെ വക്താക്കളായി മാറാൻ നമുക്ക് പരിശ്രമിക്കാം എന്നിലെ പ്രവാചകൻ ഉണരാൻ പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാം.
ഫാ ജോസ് കുരിശുങ്കൽ സി.എസ്.ടി