കുട്ടികളിലെ അക്രമസ്വഭാവം നിയന്ത്രിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അക്രമ സ്വഭാവം എന്നത് ഒരു വ്യക്തി മറ്റൊരാളോട് കാണിക്കുന്ന ദോഷകരമായ അല്ലെങ്കിൽ ആക്രമണകരമായ രീതിയിലുള്ള ഒരു പ്രതികരണമാണ്. ഇത് പലതരത്തിൽ പ്രകടമാകാം. ഒരു വ്യക്തിയുടെ ശാരീരിക അക്രമങ്ങളിലൂടെയോ മോശമായ സംസാരങ്ങളിലൂടെയോ മാനസിക സംഘർഷങ്ങളിലൂടെയോ ഒക്കെ ഇതിനെ നമുക്ക് തിരിച്ചറിയാൻ സാധിക്കും. അക്രമസ്വഭാവം ഉള്ള വ്യക്തികളെ വിലയിരുത്തുമ്പോൾ നമ്മൾ പല ഘടകങ്ങളും വിലയിരുത്തേണ്ടതുണ്ട്. സാധാരണയായി അക്രമസ്വഭാവം ഉള്ള വ്യക്തികൾ മറ്റുള്ളവരോട് ദേഷ്യപ്പെടുകയോ അവരെ ഭയപ്പെടുത്തുകയോ, ശാരീരികമായോ മാനസികമായോ അവരെ ഉപദ്രവിക്കുകയോ ചെയ്തേക്കാം. ഇത് പലവിധ കാരണങ്ങൾ കൊണ്ടാകാം. ഇത് ബന്ധങ്ങളിൽ ദോഷം വരുത്തുകയും മാനസിക സമ്മർദ്ദങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. ഇത് വ്യക്തിയുടെ ശാരീരിക മാനസിക ആരോഗ്യങ്ങളിലും സാമൂഹ്യ ബന്ധങ്ങളിലും പ്രശ്നങ്ങൾ ഉളവാക്കുകയും വ്യക്തി ജീവിതത്തിൽ പല നഷ്ടങ്ങൾക്ക് ഇടയാകുകയും ചെയ്യുന്നു. അതുകൊണ്ട്, ഇങ്ങനെയുള്ള പ്രശ്നങ്ങൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യാൻ നാം പരിശ്രമിക്കേണ്ടതുണ്ട്. അക്രമ സ്വഭാവത്തെ തിരിച്ചറിഞ്ഞുകൊണ്ട് അതിനെ പരിഹരിക്കാൻ ശരിയായ മാർഗ്ഗങ്ങൾ നമ്മൾ അവലംബിക്കേണ്ടത് അനിവാര്യമായിട്ടുള്ള ഒരു കാര്യമാണ്.

ഇന്നത്തെ കാലത്ത് കുട്ടികളിൽ അക്രമസ്വഭാവം ആശങ്കാജനമായി വർദ്ധിച്ചു വരുന്നതായി നമുക്ക് കാണാൻ സാധിക്കും. കുട്ടികളിൽ അക്രമ സ്വഭാവം കണ്ടുവരുന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വളരെ ആശങ്കയുണ്ടാക്കുന്ന ഒരു കാര്യമാണ്. ഇത് കുട്ടികളുടെ ഭാവിയെയും ചുറ്റുമുള്ളവരുമായുള്ള ബന്ധങ്ങളെയും ദോഷകരമായി ബാധിച്ചേക്കാം. ശരിയായ ശ്രദ്ധയും ഇടപെടലുകളും വഴി ഈ സ്വഭാവത്തെ ഒരു പരിധി വരെ നിയന്ത്രിക്കാനും കുട്ടികളെ നല്ല രീതിയിൽ വളർത്താനും നമുക്ക് സാധിക്കും. സ്കൂൾ വിദ്യാർത്ഥികളിൽ പോലും ആത്മഹത്യ, ലഹരി ഉപയോഗം, ക്രിമിനൽ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ പതിവായി വർദ്ധിച്ചു വരുന്നതായി നമുക്ക് കാണാൻ സാധിക്കും. ഈ അക്രമസ്വഭാവത്തിന് പിന്നിൽ സങ്കീർണവും സാമൂഹികവും മനഃശാസ്ത്രപരവുമായ പല വിധ കാരണങ്ങളുണ്ട്. അതിൽ മാതാപിതാക്കളുടെ പങ്ക് ഏറെ പ്രാധാന്യമർഹിക്കുന്നു.

കുടുംബ അന്തരീക്ഷത്തിലെ പിഴവുകളാണ് കുട്ടികളിലെ അക്രമ സ്വഭാവത്തിന് പിന്നിലെ പ്രധാനപ്പെട്ട ഒരു കാരണമെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. സ്നേഹവും സുരക്ഷിതത്വവും വാത്സല്യവും ലഭിക്കാത്ത കുട്ടികളിലാണ് ദേഷ്യവും അക്രമവാസനയും കൂടുതലായി കാണപ്പെടുന്നത്. ശിക്ഷാരീതികളിലെ തീവ്രതയും ഒരു കാരണമാണ്. അമിതമായ ശാരീരികവും മാനസികവുമായ ശിക്ഷ കുട്ടികളിൽ വിദ്വേഷവും പ്രതികാര ഭാവവും വളർന്നുവരുന്നതിന് ഇടയാക്കുന്നു. കുട്ടികൾ അനുഭവിക്കുന്ന അമിത സംരക്ഷണവും അവഗണനയും നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യവും ക്ഷമയില്ലായ്മയും ആക്രമണ സ്വഭാവം വളർന്നുവരുന്നതിന്  കാരണമാകുന്നു. മൊബൈൽ ഗെയിമിങ്ങ് പോലെയുള്ള ഡിജിറ്റൽ അടിമത്തവും കുട്ടികളിലെ അക്രമണ സ്വഭാവത്തിന് ഒരു കാരണമാണ്. കുട്ടികളിലെ ജനിതകവും വൈദ്യശാസ്ത്രപരമായ പ്രശ്നങ്ങളും അക്രമ സ്വഭാവത്തിന് കാരണമായേക്കാം. കൊളോ 3:20 ൽ പൗലോശ്ലീഹാ പറയുന്നു; “കുട്ടികളേ, എല്ലാ കാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കന്മാരെ അനുസരിക്കുവിൻ. ഇത് കർത്താവിന് പ്രീതികരമത്രേ”.

കുട്ടികളിലെ അക്രമസ്വഭാവം നിയന്ത്രിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ട്. കുട്ടികൾ അക്രമസ്വഭാവം കാണിക്കുന്നതിന് പല കാരണങ്ങൾ ഉണ്ടാകാം. നിരാശ, ഭയം, ദേഷ്യം, മാനസികമായ അസ്വസ്ഥതകൾ എന്നിവ ചില കാരണങ്ങളാണ്. വീട്ടിലെയും സ്കൂളിലെയും പ്രശ്നങ്ങളും കൂട്ടുകാരുമായുള്ള ബന്ധങ്ങളിലെ പ്രശ്നങ്ങളും ചിലപ്പോൾ കുട്ടികളുടെ അക്രമസ്വഭാവത്തിന് കാരണമായേക്കാം. അതുകൊണ്ട്, കുട്ടികളുടെ അക്രമസ്വഭാവത്തിന്റെ സമയ സാഹചര്യങ്ങളും കാരണവും മനസ്സിലാക്കി അത് പരിഹരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികൾ പൊതുവേ തങ്ങളുടെ മാതാപിതാക്കളെ അനുകരിക്കുന്നവരാകയാൽ വീട്ടിലെ ബഹളങ്ങളും വഴക്കുകളും പരമാവധി ഒഴിവാക്കി ശാന്തതയോടെയും  ക്ഷമയോടെയും കാര്യങ്ങൾ നേരിടാനും അങ്ങനെ പെരുമാറാൻ മക്കളെ പഠിപ്പിക്കാനും നമ്മൾ തയ്യാറാകണം. കുട്ടികൾക്ക് ആവശ്യമായ സ്നേഹവും പരിഗണനയും സുരക്ഷിതത്വവും നൽകാനും നമ്മൾ ശ്രദ്ധിക്കണം. ഇത് കുട്ടികളിൽ ആത്മവിശ്വാസം വളർത്താനും അക്രമസ്വഭാവം കുറയ്ക്കാനും ഇടയാക്കുന്നു. കുട്ടികളുടെ അക്രമസ്വഭാവം ഒരിക്കലും അംഗീകരിച്ചുകൊടുക്കില്ലെന്ന് മാതാപിതാക്കൾ തങ്ങളുടെ മക്കളെ ബോധ്യപ്പെടുത്തിക്കൊടുക്കണം. വികാരങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് വികാരങ്ങളെ നിയന്ത്രിക്കാൻ മാതാപിതാക്കൾ തങ്ങളുടെ മക്കളെ പഠിപ്പിക്കണം. കുട്ടികളുടെ നല്ല സ്വഭാവങ്ങളെ മാതാപിതാക്കൾ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. ഈ രീതിയിലൊക്കെ പരിശ്രമിച്ചിട്ടും കുട്ടികളുടെ അക്രമ സ്വഭാവത്തെ മാറ്റാൻ സാധിക്കുന്നില്ലെങ്കിൽ, ഒരു ശിശുരോഗ വിദഗ്ധന്റെയൊ കുട്ടികളുടെ മനശാസ്ത്രജ്ഞന്റെയോ സഹായം തേടാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. എന്തെന്നാൽ, അവർക്ക് കുട്ടികളുടെ അക്രമസ്വഭാവത്തിന്റെ ശരിയായ കാരണം കണ്ടെത്താനും ഉചിതമായ ചികിത്സ നിർദ്ദേശിക്കാനും സാധിക്കും. ഫ്രാൻസിസ് മാർപാപ്പ പറയുന്നു; “കുട്ടികളെ അഹിംസാപൂർണ്ണമായി വളർത്തുക. അവർ നമ്മുടെ ഭാവിയാണ്., അവർ സ്നേഹം, കരുണ, അഹിംസ എന്നിവയെ അഭ്യസിക്കേണ്ടവരാണ്”.

കുട്ടികളിലെ അക്രമസ്വഭാവം അടിച്ചു പരിഹരിക്കേണ്ട ഒരു പ്രശ്നമല്ല., മറിച്ച്, സ്നേഹത്തിലൂടെയും സ്ഥിരതയുള്ള മാതൃകകളിലൂടെയും ശാസ്ത്രീയമായ ഇടപെടലുകളിലൂടെയുമാണ് അത് പരിഹരിക്കപ്പെടേണ്ടത്. കുട്ടികളുടെ ഹൃദയങ്ങളിൽ സമാധാനത്തിന്റെ വിത്തുകൾ വിതയ്ക്കാൻ നമ്മൾ മാതാപിതാക്കൾ ശ്രദ്ധിക്കണം., അങ്ങനെയെങ്കിൽ മാത്രമേ നമ്മുടെ ഭാവി തലമുറയെ ക്രൂരതയുടെ വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്താൻ നമുക്ക് സാധിക്കുകയുള്ളൂ. കുട്ടികളിലെ അക്രമസ്വഭാവം കണ്ടാൽ ഭയപ്പെടേണ്ടതില്ല, അവരെ കുറ്റപ്പെടുത്തേണ്ടതുമില്ല., പകരം അതിന്റെ വേരുകൾ മനസ്സിലാക്കി സ്നേഹവും ശാസനയും ചേർന്നൊരു വഴിത്തിരിവ് അവർക്ക് നൽകുകയെന്നതാണ് മാതാപിതാക്കളായ നമ്മുടെ പ്രധാന പങ്ക്. കുട്ടികളിലെ അക്രമസ്വഭാവം ഒരു വെല്ലുവിളിയാണെങ്കിലും, ശരിയായ സമീപനങ്ങളിലൂടെയും സ്നേഹത്തിലൂടെയും നല്ല വ്യക്തികളായി അവരെ വളർത്താൻ നമുക്ക് സാധിക്കും. അതിനായി നമുക്ക് പ്രയത്നിക്കാം.


ഫാ ജോസഫ് മുണ്ടുപറമ്പിൽ സി എസ് ടി 

  • Renewal Voice

    Renewal Voice serves as the voice of RRC. The magazine provides spiritual food for the faithful with reflections and spiritual articles. It strengthens the effort of RRC in leading millions to experience the power and salvation of Christ.

    Related Posts

    ഒന്നും ചെയ്യാത്ത മടിയന്മാരാകരുത്‌

    വിജയത്തിലേക്കുള്ള പടവുകള്‍ – 1 ജീവിതത്തില്‍ പരാജയം സംഭവിക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒരു കാര്യത്തെക്കുറിച്ചാണ് ഇന്ന് നാം ചിന്തിക്കുക. ജീവിതത്തില്‍ ചെയ്യാന്‍ ഒരുപാട് സമയം ഉണ്ടായിരിക്കെ ഒന്നും ചെയ്യാതെ പോകുന്ന ഉദാസീനമായ നിലപാടുകളും സ്വഭാവ രീതികളും വെച്ചുപുലര്‍ത്തുന്നവര്‍. വിശുദ്ധ…

    Read more

    Continue reading
    കൊഴിഞ്ഞുപ്പോകുന്ന സന്തോഷങ്ങള്‍

    ഏറെ സന്തോഷത്തോടെ പറന്നുയരുന്ന ഈയമ്പാറ്റകള്‍ ഏതാനും നിമിഷങ്ങള്‍ക്കപ്പുറം ചിറകുകള്‍ അറ്റ് നിലത്തുവീഴുകയും ജീവിതം തന്നെ പരിങ്ങലിലാവുകയും ചെയ്യുന്നത് നമുക്കറിയാം. ഈ ഈയമ്പാറ്റകള്‍ ജീവിതം നമുക്ക് ചിലതൊക്കെ പഠിപ്പിച്ചു തരുന്നുണ്ട്. ദൈവം ആഗ്രഹിക്കാത്ത കാര്യങ്ങളിലൂടെ ചില സന്തോഷങ്ങളൊക്കെ അനുഭവിക്കുന്നവരും അനുഭവിച്ചവരുമായവരാണ് എങ്കില്‍ നിമിഷ…

    Read more

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *