
ജീവിതത്തിൽ ശാരീരികവും മാനസികവുമായ ആരോഗ്യവും സുഖവും സന്തോഷവും ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും തന്നെ. വിജയകരമായ ഒരു ജീവിതത്തിന് പ്രധാനമായി വേണ്ടതും അതു തന്നെയാണ്. ആരോഗ്യമുള്ള ഒരു ശരീരത്തിലാണ് ആരോഗ്യമുള്ള ഒരു മനസ്സുള്ളത് എന്ന് നാം പറയാറുണ്ട്. ഈ ആരോഗ്യത്തിന്റെ അടിസ്ഥാനം എന്നത് ശുചിത്വമാണ്. മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ശുചിത്വമെല്ലായ്പ്പോഴും അത്യന്താപേക്ഷിതമായിട്ടുള്ള ഒരു കാര്യമാണ്. ശുചിത്വം പാലിക്കാത്തത് പലതരത്തിലുള്ള രോഗങ്ങൾക്ക് കാരണമാകുന്നു. അതുകൊണ്ടുതന്നെ, ഈ ശുചിത്വ കാര്യങ്ങൾ ശരിയായ വിധത്തിൽ പ്രാവർത്തികമാക്കാൻ നാമെല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
കുട്ടികൾക്ക് ചെറുപ്പത്തിൽ തന്നെ ശുചിത്വ ശീലങ്ങൾ ഉറപ്പാക്കേണ്ടത് അവരുടെ മാതാപിതാക്കളുടെ പ്രധാനപ്പെട്ട ഒരു കടമയാണ്. അവരുടെ ശുചിത്വ ശീലങ്ങളിൽ മാതാപിതാക്കളുടെ പങ്ക് വളരെ പ്രസക്തമാണ്. കുട്ടികളെ ശുചിത്വ ശീലങ്ങൾ പഠിപ്പിക്കാനും പ്രായോഗികമായി അത് നടപ്പിലാക്കാനും മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികൾ ശരിയായ വിധത്തിൽ ശുചിത്വം പാലിക്കാതെ വരുമ്പോൾ അത് മാതാപിതാക്കളുടെ ഉത്തരവാദിത്വങ്ങളിൽ ഉണ്ടാകുന്ന വീഴ്ചയെയാണ് കാണിക്കുന്നത്. അതിനാൽ ഉത്തരവാദിത്വബോധ്യത്തോടെ കുട്ടികളുടെ ശുചിത്വ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികൾ മുതിർന്നവരെ അനുകരിക്കുന്നവരാകയാൽ മാതാപിതാക്കൾ സ്വന്തം ശുചിത്വ കാര്യങ്ങൾ കൃത്യമായി പാലിച്ച് കുട്ടികൾക്ക് നല്ല മാതൃകയാകണം. കുട്ടികളെ ദൈനംദിന ശുചിത്വ ശീലങ്ങൾ പഠിപ്പിക്കാനും അവരുടെ ശുചിത്വം ഒരു ശീലമാക്കാനും മാതാപിതാക്കൾ സ്ഥിരമായി ശ്രദ്ധിക്കണം. പരിസര ശുചിത്വത്തെക്കുറിച്ചുള്ള ഒരു ബോധവൽക്കരണം മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് നൽകണം. ശുചിത്വ കാര്യങ്ങളിലുള്ള ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും രോഗങ്ങൾ തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മാതാപിതാക്കൾ തങ്ങളുടെ മക്കളെ ബോധ്യപ്പെടുത്തി കൊടുക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും വീട്ടുജോലികളിൽ പങ്കെടുപ്പിക്കാനും, അങ്ങനെ ചെറിയ രീതിയിലുള്ള ഉത്തരവാദിത്വങ്ങൾ നൽകി അവരിൽ ഉത്തരവാദിത്വബോധം വളർത്താനും മാതാപിതാക്കൾ തങ്ങളുടെ മക്കളെ അനുവദിക്കണം. അതിനുവേണ്ടി തുടർച്ചയായ നിരീക്ഷണവും പ്രോത്സാഹനവും സഹായകരമാണ്. ശുചിത്വകാര്യങ്ങളിൽ മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് നൽകേണ്ട നിർദ്ദേശങ്ങൾ സ്നേഹപൂർവ്വം ആയിരിക്കണം. കുട്ടികൾ ശുചിത്വം പാലിക്കാത്തപ്പോൾ അവരെ ശിക്ഷിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യാതെ സ്നേഹപൂർവ്വം അവരെ തിരുത്താൻ മാതാപിതാക്കൾക്ക് സാധിക്കണം. ശുചിത്വ കാര്യങ്ങളെക്കുറിച്ചുള്ള പ്രാധാന്യം മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് മനസ്സിലാക്കി കൊടുക്കണം. മാതാപിതാക്കളുടെ നിരന്തരമായ ശ്രദ്ധയും പിന്തുണയും മാതൃകയും കുട്ടികളിൽ നല്ല ശുചിത്വ ശീലങ്ങൾ വളർത്തിക്കൊണ്ടുവരുന്നതിൽ നിർണായകമാണ്. ‘ചുട്ടയിലെ ശീലം ചുടല വരെ’ എന്നൊരു ചൊല്ലുണ്ട്. അത് സത്യമാണ്. കാരണം, കുട്ടികൾക്ക് നാം ചെറുപ്പത്തിലെ കൊടുക്കേണ്ട ശീലങ്ങൾ ചെറുപ്പത്തിലെ തന്നെ കൊടുക്കണം. മാതാപിതാക്കൾ തങ്ങളുടെ മക്കളിൽ ശുചിത്വ ശീലങ്ങൾ ചെറുപ്പം മുതൽ തന്നെ വളർത്തിക്കൊണ്ടു വരണം. ഇതിലൂടെ കുട്ടികൾക്ക് ആരോഗ്യകരമായ ഒരു ജീവിതം ഉറപ്പാക്കാനും, രോഗങ്ങൾ തടയാനും, നല്ല വ്യക്തിത്വം വളർത്താനും ഇടയാകുന്നു. അങ്ങനെ, മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് ഒരു നല്ല മാതൃകയാകുകയും, ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ നിരന്തരം ബോധ്യപ്പെടുത്തുകയും വേണം. അങ്ങനെ വന്നാൽ ജീവിതകാലം മുഴുവൻ ആ ശീലം അവരുടെ കൂടെ ഉണ്ടായിരിക്കും. അങ്ങനെയുള്ള കാര്യങ്ങൾ നമ്മുടെ കുട്ടികളിൽ പകർന്നു കൊടുക്കാൻ മാതാപിതാക്കളായ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെയുള്ള കാര്യങ്ങൾ നമ്മുടെ കുട്ടികൾക്ക് പറഞ്ഞുകൊടുക്കാൻ നാം മടി കാണിക്കരുത്. അങ്ങനെ നല്ല ശീലങ്ങളിലേക്ക് നമ്മുടെ മക്കളെ കൊണ്ടുവരാൻ നാം ശ്രദ്ധിക്കണം. ശുചിത്വ ശീലങ്ങൾ എന്തുകൊണ്ട് ആവശ്യമാണെന്ന് കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തുകൊണ്ടും, അവർ ശുചിത്വം പാലിക്കുമ്പോൾ അവരെ പ്രശംസിച്ചും, അവർക്ക് സമ്മാനങ്ങൾ നൽകിയും, ശുചിത്വം പാലിച്ചപ്പോൾ ഉണ്ടായ നേട്ടങ്ങളെക്കുറിച്ച് മാതാപിതാക്കൾ സ്വന്തം അനുഭവങ്ങൾ പങ്കിട്ടും, വീട്ടിലും സ്കൂളിലും ഒരേ രീതിയിൽ ശുചിത്വ ശീലങ്ങൾ പ്രോത്സാഹിപ്പിച്ചും ശുചിത്വ കാര്യങ്ങളിൽ മാതാപിതാക്കൾ തങ്ങളുടെ മക്കളെ സഹായിക്കേണ്ടതുണ്ട്.
അന്തരികവും ഭാഗ്യവുമായ വിശുദ്ധി പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നമ്മെ ഓർമ്മപ്പെടുത്തുന്ന പല ദൈവവചനങ്ങളും ബൈബിളിൽ നമുക്ക് കാണാൻ സാധിക്കും. മർക്കോ 7:15 ൽ ഈശോ പറയുന്നു: “പുറമേ നിന്ന് ഉള്ളിലേക്ക് കടന്ന് ഒരുവനെ അശുദ്ധൻ ആക്കാൻ ഒന്നിനും കഴിയുകയില്ല. എന്നാൽ, ഉള്ളിൽ നിന്ന് പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്”. ആന്തരികവും ബാഹ്യവുമായ വിശുദ്ധി പാലിക്കേണ്ടതിനെക്കുറിച്ച് മാതാപിതാക്കൾ തങ്ങളുടെ മക്കളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ശാരീരിക ശുദ്ധി പോലെ തന്നെ ആത്മാവിലും മനസ്സിലും ഹൃദയത്തിലും വിശുദ്ധി പാലിക്കാൻ മാതാപിതാക്കൾ തങ്ങളുടെ മക്കളെ പഠിപ്പിക്കേണ്ടതുണ്ട്. പൗലോസ് ശ്ലീഹ 1കോറി 6:19-20 ൽ പറയുന്നു: “നിങ്ങളിൽ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടെ? നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല. നിങ്ങൾ വിലയ്ക്ക് വാങ്ങപ്പെട്ടവരാണ്. ആകയാൽ, നിങ്ങളുടെ ശരീരത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുവിൻ”.
കുട്ടികളുടെ ശുചിത്വ ശീലങ്ങൾ വളർത്തുന്നതിൽ മാതാപിതാക്കളുടെ പങ്ക് അത്യന്തം നിർണ്ണായകമാണ്. കുട്ടികളുടെ ജീവിതത്തിന്റെ അടിത്തറ എന്നത് അവരുടെ ശുചിത്വ ശീലങ്ങൾ ആണ്. ശുചിത്വം ഒരു സംസ്കാരമായി കുട്ടികൾക്ക് നാം മനസ്സിലാക്കി കൊടുക്കുകയാണെങ്കിൽ ആരോഗ്യമുള്ള ഒരു നല്ല സമൂഹത്തെ അതുവഴി നമുക്ക് വാർത്തെടുക്കാൻ സാധിക്കും. മാതാപിതാക്കളുടെ ശരിയായ ഇടപെടലും പ്രോത്സാഹനവും പരിശ്രമവും ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തിക്കൊണ്ടുവരുന്നതിന് ഇടയാക്കുന്നു. അങ്ങനെ ആരോഗ്യമുള്ള, വളരെ ശുചിത്വ ശീലം ഉള്ള ഒരു തലമുറയെ വളർത്തിക്കൊണ്ടു വരാൻ നമുക്ക് സാധിക്കട്ടെ.
ഫാ. ജോസഫ് മുണ്ടുപറമ്പിൽ സി. എസ്. ടി