
എന്റെ ദൈവവിളി സ്നേഹമാണെന്ന് വിശുദ്ധ കൊച്ചുത്രേസ്യയുടെ വാക്കുകൾ മനസ്സിനെ വല്ലാതെ സ്വാധീനിച്ചിരുന്നു. ഈശോയുടെ പീഡ സഹനത്തിലും ദിവ്യകാരുണ്യത്തിലും നമ്മോട് കാണിച്ച സ്നേഹത്തെപ്പറ്റി ചിന്തിച്ച് കൃതജ്ഞത നിർഭരമായ സ്നേഹത്തോടെ അവിടത്തെ നിർമ്മലമായി സ്നേഹിച്ച എത്രയെത്ര വിശുദ്ധരാണുള്ളത്. സ്നേഹം വിശുദ്ധങ്ങളായവ അനുഷ്ഠിക്കുന്നതിനും ആത്മാർത്ഥമായി ചെയ്യുന്നതിനുള്ള കഴിവ് നമുക്ക് നൽകുന്നു. പൂർണ്ണതയെ ലക്ഷ്യമാക്കിയുള്ള നമ്മുടെ ജീവിതയാത്രയിൽ സ്നേഹത്തിന്റെ പ്രാധാന്യം നമ്മുടെ നാഥനും രക്ഷകനുമായവന് എന്നും അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവൻ എന്നും നമ്മളെ പഠിപ്പിച്ചിരുന്നതും സ്നേഹത്തിന്റെ ഭാഷയായിരുന്നു. സ്നേഹം ബലിയായി മാറാനുള്ളതാണെന്ന സ്നേഹത്തിന്റെ കൽപ്പനകൾ ആയിരുന്നു അവന്റെ യാത്രയിലുടനീളം കണ്ടുമുട്ടിയവർക്കെല്ലാം പകർന്നു നൽകിയത്. എന്നിട്ടും നമ്മുടെയൊക്കെ ഹൃദയ താളം അവനുവേണ്ടി മീട്ടാൻ കഴിയാത്തതെന്തേ?. ജീവിതത്തിന്റെ സഹനങ്ങൾ വിങ്ങലായി തീരുമ്പോൾ ഓടിയൊളിക്കാൻ നോക്കുന്നതെന്തേ? സ്നേഹത്തിന്റെ അതേ ഭാഷയിൽ പ്രത്യർപ്പണം ചെയ്യാൻ കഴിയാതെ പോകുമ്പോഴല്ലേ സഹനം വിങ്ങലായി തീരുന്നത്. സ്നേഹത്തേക്കാൾ മധുരമായി മറ്റൊന്നുമില്ല അതിനേക്കാൾ പൂർണ്ണവും ഉത്തമവുമായി സ്വർഗ്ഗത്തിലും ഭൂമിയിലും ഒന്നുമില്ല എന്നത്രേ ക്രിസ്താനുകരണത്തില് കർത്താവ് പറയുന്നത്. “നിത്യമായ സ്നേഹത്താൽ നമ്മെ സ്നേഹിച്ച ദൈവത്തെ നിത്യത്വത്തിൽ നിന്നുതന്നെ സ്നേഹിക്കുവാൻ ശക്തിയോ അവിടുന്ന് അർഹിക്കുന്നതുപോലെ സ്നേഹിക്കുവാൻ കഴിവോ നമുക്കില്ല. എങ്കിലും സ്നേഹം പ്രതിസ്നേഹത്താൽ മാത്രമേ വീടുകയുള്ളൂ” എന്ന് കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ വാക്കുകളെ നാം മറന്നു പോകരുത് അതുകൊണ്ടുതന്നെ സ്നേഹം തന്നെയായ ദൈവത്തിന്റെ ചായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യാത്മാവിന്റെ സത്തയും സ്നേഹമാണ്. അഗാധമായ സ്നേഹത്താൽ കുരിശാകുന്ന വലിയൊരു അടയാളം നൽകിയിട്ട് അവൻ നമ്മളോട് പറഞ്ഞതും പിതാവായ ദൈവം നമ്മെ ഓരോരുത്തരെയും സ്നേഹിക്കുന്നുണ്ട് എന്നാണ്…
ജീന അന്ന