നമ്മുടെ മക്കളുടെ അമിതമായ ഭയം എങ്ങനെയൊക്കെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും?

നമ്മുടെയൊക്കെ സ്വാഭാവികമായൊരു  വികാരമാണ് ഭയം എന്നത്. ഈ ഭയം നമുക്ക് ആവശ്യമായിട്ടുള്ള ഒരു കാര്യമാണ്. ഓരോ സന്ദർഭങ്ങളിലും നിയമം ലംഘിക്കാതിരിക്കാൻ നാം ശ്രദ്ധിക്കുന്നത് അത് ലംഘിക്കുമ്പോൾ ഉണ്ടാകാവുന്ന അപകടത്തെയോ ശിക്ഷയെ ഓർത്തുകൊണ്ടുള്ള ഭയം കൊണ്ടാവാം. എന്നാൽ, ആ ഭയം അതിര് കടക്കാൻ പാടില്ല. പലതരത്തിലുള്ള ഭയങ്ങൾ നമ്മെ ഭരിക്കാറുണ്ട്. എന്നാൽ, ഈ ഭയങ്ങൾ  അതിരുവിട്ടാൽ, അവ നമ്മുടെ ജീവിതാവസ്ഥകളെ പ്രതികൂലമായി ബാധിക്കുന്നതിന് ഇടയാകുന്നു. അതിനാൽ, അമിതവും അനാവശ്യവുമായ നമ്മുടെ ഭയങ്ങളെ നിയന്ത്രിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്.

കുട്ടികളിലും വളരെ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ഭയം. ഈ ഭയം ശരിയായ അളവിലും ശരിയായ കാര്യങ്ങൾക്കും ആവശ്യമായിട്ടുള്ള ഒന്നാണ്. അത് അവരുടെ വളർച്ചയുടെ ഒരു പ്രധാന ഭാഗവും ആണ്. എന്നാൽ, അത് അമിതമാകുമ്പോൾ, അത് കുട്ടികളുടെ വ്യക്തിത്വത്തെയും  ജീവിതാവസ്ഥകളെയും ദോഷകരമായി ബാധിക്കുന്നതിന് ഇടയാകുന്നു. അറിഞ്ഞോ അറിയാതെയോ കുട്ടികളിൽ നാം ഭയം ചെലുത്താറുണ്ട്. അത് കുട്ടികളിൽ ഭയം വളരുന്നതിന് ഇടയാക്കുന്നു. അങ്ങനെ നാം ചെയ്യരുത്.സത്യമായിട്ടുള്ള കാര്യങ്ങളേ കുട്ടികൾക്ക് നാം പറഞ്ഞു കൊടുക്കാൻ പാടുള്ളൂ. കുട്ടികൾക്ക് എപ്പോഴും നാം കൊടുക്കേണ്ടത് ധൈര്യമാണ്. എന്നാൽ, പോസിറ്റീവായ നിലയ്ക്ക്  അവരിൽ ഉണ്ടായിരിക്കേണ്ട ഒരു ഭയത്തെക്കുറിച്ച് അവരെ പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത് മാതാപിതാക്കളായ നമ്മുടെ ഒരു ബാധ്യതയാണ്. പേടിയുള്ള കുട്ടികൾ ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായിട്ട് വരും. ഈ ഒരു  ഭയത്തെ ചെറുപ്പത്തിൽ തന്നെ നാം ശരിയായ വിധത്തിൽ നിയന്ത്രിച്ചില്ലായെങ്കിൽ പലതരത്തിലുള്ള ആകുലതകളിലേക്ക് അത് അവരെ നയിച്ചേക്കാം. അമ്മയുടെ ഗർഭകാലത്തും, അതിനുശേഷം ഉള്ള പ്രശ്നങ്ങളും, പാരമ്പര്യം ആയിട്ടുള്ള ഘടകങ്ങളും കുട്ടികളിൽ ഭയത്തിന് കാരണമായേക്കാം. ഗർഭാവസ്ഥയിൽ അമ്മ അനുഭവിക്കുന്ന ഉൽക്കണ്ട, ഡിപ്രഷൻ തുടങ്ങിയ പ്രശ്നങ്ങൾ ഒരു കുട്ടിയുടെ വ്യക്തിത്വത്തെ സ്വാധീനിക്കും എന്നാണ് മനശാസ്ത്ര പഠനങ്ങൾ പറയുന്നത്. പരിചയമില്ലാത്തവരോടുള്ള ഭയം, ഒറ്റയ്ക്കാവുന്നത് കൊണ്ടുള്ള ഭയം, ഇരുട്ടിനോടുള്ള ഭയം, പരീക്ഷാഭയം, തോൽവിയെ കുറിച്ചുള്ള ഭയം തുടങ്ങിയ പല രൂപങ്ങളിൽ ഭയങ്ങൾ പ്രകടമാകാം. എന്നാൽ, ഇത് അമിതമാവുകയോ കുട്ടികളുടെ ദൈനംദിന ജീവിതങ്ങളെ ദോഷകരമായി ബാധിക്കുകയോ ചെയ്യാതിരിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഭയം കുട്ടികളെ ദോഷകരമായി ബാധിക്കാൻ ആരംഭിക്കുന്ന പക്ഷം ശരിയായിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കാൻ മാതാപിതാക്കൾ തയ്യാറാകേണ്ടതുണ്ട്. അമിതമായ ഭയം ഉള്ള കുട്ടികളിൽ സ്വാഭാവികമായി ധൈര്യം കുറയാനും, ധൈര്യം കുറയുന്നത് അനുസരിച്ച് ആത്മവിശ്വാസം കുറയാനും, അങ്ങനെ ആത്മവിശ്വാസം കുറയുമ്പോൾ സ്വാഭാവികമായിട്ടും എത്രയൊക്കെ കഴിവുണ്ടെങ്കിലും സ്വന്തം കഴിവ് തിരിച്ചറിയാനോ, തിരിച്ചറിഞ്ഞാൽ പോലും കൃത്യമായ രീതിയിൽ അത് ഉപയോഗിച്ച് ജീവിതത്തിൽ മികച്ച വിജയം കൈവരിക്കാനോ സാധിക്കാതെ പോകാം. കുട്ടികൾ ചെറുപ്പത്തിൽ അനുഭവിക്കുന്ന സുരക്ഷിതമല്ലാത്ത അവസ്ഥയും ഭയത്തിന് കാരണമാകാം. പേടിയുടെ പ്രധാനപ്പെട്ട ഒരു ലക്ഷണമാണ് മുഖത്ത് നോക്കാനുള്ള ബുദ്ധിമുട്ട്. സാധാരണ പേടിയുള്ള കുട്ടികൾ മറ്റുള്ളവരുടെ മുഖത്ത് നോക്കി സംസാരിക്കാറില്ല. അവരുടെ നോട്ടം പല വശങ്ങളിലേക്കും മാറിപ്പോകുന്നു. അവർ ആളുകളോട് അധികം സംസാരിക്കാതെയും, ആളുകൾ പോയി കഴിഞ്ഞ് നല്ല രീതിയിൽ സംസാരിക്കുകയും ചെയ്യുന്നു. സാമൂഹിക മായിട്ടുള്ള കാര്യങ്ങളിൽ നിന്നൊക്കെ അവർ അകന്നു നിന്നെന്നു വരാം. അതിനാൽ, കുട്ടികളിലെ അമിത ഭയം നിയന്ത്രിക്കേണ്ടതിനെക്കുറിച്ചും അവർക്ക് ആത്മവിശ്വാസം നൽകി വളർത്തേണ്ടതിനെക്കുറിച്ചും മാതാപിതാക്കൾ അവബോധമുള്ളവരാകേണ്ടതുണ്ട്. കുട്ടികളിലെ ഭയത്തിന്റെ കാരണങ്ങൾ മനസ്സിലാക്കി അതനുസരിച്ച് പ്രവർത്തിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. പുതിയ സ്കൂളും വീടും എന്നിങ്ങനെയുള്ള പരിചയമില്ലാത്ത സാഹചര്യങ്ങൾ കുട്ടികളിൽ ഉത്കണ്ഠയ്ക്കും ഭയത്തിനും കാരണമാകാം. മാതാപിതാക്കളുടെ ഭയം കുട്ടികളിലേക്കും പകരാനും സാധ്യതയുണ്ട്. പേടിപ്പെടുത്തുന്ന കഥകളും സിനിമകളും ചില കുട്ടികളെ ഭയപ്പെടുത്തിയേക്കാം. അതുകൊണ്ട്, പേടിപ്പെടുത്തുന്ന കാര്യങ്ങൾ കാണുന്നതിനും കേൾക്കുന്നതിനും മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് പരിധി നിശ്ചയിക്കണം. അപകടങ്ങൾ,പ്രകൃതി ദുരന്തങ്ങൾ,മാതാപിതാക്കളുടെ വേർപാട്‌ തുടങ്ങിയ ആഘാതകരമായ അനുഭവങ്ങളും കുട്ടികളിൽ ഭയം വർധിപ്പിക്കുന്നതിന് കാരണമാകുന്നു. കൂട്ടുകാരുടെ കളിയാക്കലുകളും സ്കൂളിലെ പ്രശ്നങ്ങളും ചിലപ്പോൾ കുട്ടികളെ ഭയപ്പെടുത്തിയേക്കാം. വി. പാദ്രെ പിയോ പറയുന്നു: “ഭയപ്പെടേണ്ട., പ്രാർത്ഥിക്കുകയും വിശ്വസിക്കുകയും ചെയ്യൂ. ദൈവം എല്ലാം നിയന്ത്രിക്കുന്നു”.

കുട്ടികളിലെ അമിത ഭയം നിയന്ത്രിക്കാൻ മാതാപിതാക്കൾ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. നമ്മുടെ കുട്ടികളെ മുഖത്തു നോക്കി സംസാരിക്കാൻ പഠിപ്പിക്കണം. അങ്ങനെ അവർ സംസാരിക്കുന്നതനുസരിച്ച് സ്വാഭാവികമായിട്ടും അവരിൽ ആത്മവിശ്വാസവും ധൈര്യവും വർദ്ധിക്കുന്നതിനും പേടി കുറയുന്നതിനും ഇടയാകുന്നു. നമ്മുടെ മക്കളെ ഒരിക്കലും പേടിപ്പിച്ചു വളർത്തരുത്., നല്ല അനുസരണയിലും പ്രോത്സാഹനത്തിലും അവരെ നാം വളർത്തണം. ഭയത്തെ തരണം ചെയ്തു അതിജീവിക്കാൻ നാം അവരെ പരിശീലിപ്പിക്കണം. അവരുടെ ഭയം മാറ്റിയെടുക്കുന്നതിനുവേണ്ടി നമ്മുടെ ജീവിത സാഹചര്യങ്ങളിൽ മാറ്റം വരുത്തി അതിനുള്ള അവസരങ്ങളെ നാം പ്രയോജനപ്പെടുത്തണം. ഭയത്തെക്കുറിച്ച് കുട്ടികളോട്  തുറന്നു സംസാരിച്ചുകൊണ്ട്  അവരെ പരിഹസിക്കാതിരിക്കുകയും അവരുടെ വികാരങ്ങളെ അംഗീകരിക്കുകയും ചെയ്യണം. മാതാപിതാക്കൾ തങ്ങളുടെ മക്കൾക്കായി  സുരക്ഷിതമായ ഒരു അന്തരീക്ഷം വീട്ടിൽ ഒരുക്കണം. ജീവിത സാഹചര്യങ്ങളിൽ ഭയപ്പെടാതെ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും നാം കാര്യങ്ങളെ നേരിടുമ്പോൾ അതു നമ്മുടെ മക്കൾക്കും ഒരു നല്ല മാതൃകയാകുന്നു. ഭയത്തെക്കുറിച്ച് ശരിയായ വിവരങ്ങൾ നൽകാനും തെറ്റായിട്ടുള്ള വിവരങ്ങളും തെറ്റിദ്ധാരണകളും മാറ്റിയെടുക്കാനും യുക്തിപരമായി ചിന്തിക്കാനും നാം നമ്മുടെ മക്കളെ സഹായിക്കണം. കുട്ടികൾക്ക് ഭയമുള്ള കാര്യങ്ങൾ ചെയ്യാൻ അവരെ നാം ഒരിക്കലും നിർബന്ധിക്കരുത്. ഇത് ഭയം വർദ്ധിക്കാൻ കാരണമാകുന്നു. കുട്ടികളുടെ ഭയം അവരുടെ ദൈനംദിന ജീവിതത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെങ്കിൽ ഒരു ചൈൽഡ് സൈക്കോളജിസ്റ്റിന്റേയൊ കൗൺസിലറുടെയോ സഹായം നാം തേടേണ്ടതുണ്ട്. അവർക്ക് ശരിയായ മാർഗനിർദേശങ്ങൾ കൊടുക്കാനും ഭയത്തെ ഫലപ്രദമായി കൈകാര്യം ചെയ്യാനും അവർക്ക് സാധിക്കും. ഏശ:41:10 ൽ ദൈവം പറയുന്നു: “ഭയപ്പെടേണ്ട, ഞാൻ നിന്നോട് കൂടെയുണ്ട്. സംഭ്രമിക്കേണ്ട, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തു ഞാൻ നിന്നെ താങ്ങി നിർത്തും”.

അതിനാൽ, കുട്ടികളുടെ ഭയത്തെ ശരിയായ രീതിയിൽ മനസ്സിലാക്കാനും, അവർക്ക് വേണ്ട പിന്തുണ കൊടുക്കാനും, അങ്ങനെ ധൈര്യശാലികളായി അവരെ വളർത്താനും മാതാപിതാക്കളായ നമുക്ക് പരിശ്രമിക്കാം. നമ്മുടെ സ്നേഹവും പിന്തുണയും വഴിയായി കുട്ടികൾക്ക് അവരുടെ ഭയത്തെ ആരോഗ്യകരമായി  അതിജീവിക്കാനും ആത്മാവിശ്വാസത്തോടെ പ്രതിസന്ധികളെ  നേരിടാനും സാധിക്കുന്നു. അതിനുവേണ്ടി ക്ഷമയോടെയും സ്ഥിരതയോടെയും നമുക്ക് പരിശ്രമിക്കാം. അങ്ങനെ ആത്മവിശ്വാസവും കരുത്തുമുള്ള നല്ലൊരു തലമുറയെ നമുക്ക് വാർത്തെടുക്കാം.

  • Renewal Voice

    Renewal Voice serves as the voice of RRC. The magazine provides spiritual food for the faithful with reflections and spiritual articles. It strengthens the effort of RRC in leading millions to experience the power and salvation of Christ.

    Related Posts

    ഒന്നും ചെയ്യാത്ത മടിയന്മാരാകരുത്‌

    വിജയത്തിലേക്കുള്ള പടവുകള്‍ – 1 ജീവിതത്തില്‍ പരാജയം സംഭവിക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒരു കാര്യത്തെക്കുറിച്ചാണ് ഇന്ന് നാം ചിന്തിക്കുക. ജീവിതത്തില്‍ ചെയ്യാന്‍ ഒരുപാട് സമയം ഉണ്ടായിരിക്കെ ഒന്നും ചെയ്യാതെ പോകുന്ന ഉദാസീനമായ നിലപാടുകളും സ്വഭാവ രീതികളും വെച്ചുപുലര്‍ത്തുന്നവര്‍. വിശുദ്ധ…

    Read more

    Continue reading
    കൊഴിഞ്ഞുപ്പോകുന്ന സന്തോഷങ്ങള്‍

    ഏറെ സന്തോഷത്തോടെ പറന്നുയരുന്ന ഈയമ്പാറ്റകള്‍ ഏതാനും നിമിഷങ്ങള്‍ക്കപ്പുറം ചിറകുകള്‍ അറ്റ് നിലത്തുവീഴുകയും ജീവിതം തന്നെ പരിങ്ങലിലാവുകയും ചെയ്യുന്നത് നമുക്കറിയാം. ഈ ഈയമ്പാറ്റകള്‍ ജീവിതം നമുക്ക് ചിലതൊക്കെ പഠിപ്പിച്ചു തരുന്നുണ്ട്. ദൈവം ആഗ്രഹിക്കാത്ത കാര്യങ്ങളിലൂടെ ചില സന്തോഷങ്ങളൊക്കെ അനുഭവിക്കുന്നവരും അനുഭവിച്ചവരുമായവരാണ് എങ്കില്‍ നിമിഷ…

    Read more

    Continue reading

    One thought on “നമ്മുടെ മക്കളുടെ അമിതമായ ഭയം എങ്ങനെയൊക്കെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും?

    Leave a Reply

    Your email address will not be published. Required fields are marked *