
ആധുനിക കാലത്തിൽ Chat Gpt യും AI സാങ്കേതികവിദ്യയും മനുഷ്യരുടെ ആശയ വിനിമയ സംവിധാനത്തെ വളരെ ശക്തിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ മാനുഷിക ബന്ധങ്ങളുടെ വൈകാരികമായ കൈമാറ്റത്തെ ഇത് വല്ലാതെ തളർത്തുകയും ചെയ്തു എന്നതാണ് യാഥാർത്ഥ്യം. മനുഷ്യർ തമ്മിൽ ചോദിച്ചു പറഞ്ഞു കൈമാറ്റം ചെയ്യേണ്ട അറിവുകൾ, വൈകാരികമായ സംഭാഷണങ്ങൾ ഇതിനെല്ലാം പകരം വെക്കാൻ കഴിയുന്ന തരത്തിലേക്ക് ഇവ വളർന്നിരിക്കുന്നു എന്ന വസ്തുത നിലനിൽക്കുകയാണ്. അതുകൊണ്ട് ഇവിടെ മാനുഷികമായ ബന്ധങ്ങൾക്ക് വിലയില്ലാത്ത അപകടകരമായ സാഹചര്യത്തിലേക്ക് എത്തുമോ എന്ന് ആശങ്ക ഉടലെടുക്കുന്നുണ്ട്.
വിശുദ്ധ ഗ്രന്ഥത്തിൽ ഈശോ പറയുന്നുണ്ട്, നീ ബലിയർപ്പിക്കുന്നതിനു മുൻപ് നീ ഏതെങ്കിലും തരത്തിൽ രമ്യതപ്പെടേണ്ടതുണ്ടെങ്കിൽ ബലിവസ്തു അവിടെ വെച്ചതിനുശേഷം നീ രമ്യതപ്പെടണം. പ്രിയമുള്ള സഹോദരീ സഹോദരന്മാരെ, ഈ വചനം മനുഷ്യരോട് വിദ്വേഷം വച്ചുപുലർത്തരുത് എന്നതിനപ്പുറത്തേക്ക് മാനുഷികപരമായി സഹോദരങ്ങളോടും മനുഷ്യകുലത്തോടും വൈകാരികമായ ബന്ധം സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കൂടി ഇന്നത്തെ ഈ കാലഘട്ടത്തിൽ അനുസൃതമായി ചിന്തിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ആധുനിക സാങ്കേതിക വിദ്യയുടെ സർവോന്മുകമായ വികസനങ്ങൾ പ്രാപ്യമാകുമ്പോഴും നാം മനുഷ്യ ബന്ധങ്ങളെ അകറ്റി നിർത്താൻ പാടില്ല എന്ന വലിയ വസ്തുത മനസ്സിലാക്കണം. നിർമ്മിത ബുദ്ധി മനുഷ്യന്റെ വികാരങ്ങളെയും വിചാരങ്ങളെയും യാഥാർത്ഥ്യബോധത്തോടെ കൂടി അഭിമുഖീകരിക്കുന്നില്ല എന്നും അത് യാന്ത്രികമായ ഒരു പ്രക്രിയയാണ് എന്നും നാം മനസ്സിലാക്കുകയും ഓർമ്മയിൽ സൂക്ഷിക്കുകയും വേണം. നിൻ്റെ ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും കടന്നുവരുമ്പോൾ നിർമ്മിത ബുദ്ധിയുടെ തലോടലുകളോടു കൂടിയ വാക്കുകളിൽ അഭിനയിക്കാതെ മനുഷ്യൻ്റെ ക്രിയാത്മകവും ജീവാത്മകവുമായ പ്രക്രിയകൾക്കും പ്രവർത്തനങ്ങൾക്കും വിട്ടുകൊടുക്കുകയാണ് വേണ്ടത്. അവിടെ നിന്റെ ജീവിത പ്രശ്നങ്ങളും നിന്റെ പ്രതിസന്ധികളും ക്രിസ്തു നൽകിയ ജീവൻ്റെ കൃപയാൽ പരിഹരിക്കപ്പെടും.
പ്രിയമുള്ള സഹോദരങ്ങളെ, നിങ്ങൾ ഈ ലേഖനം വായിക്കുമ്പോൾ ആധുനിക സാങ്കേതിക വിദ്യയുടെ തികവിൽ രൂപീകരിക്കുന്ന സംവിധാനത്തിലൂടെ ആണെങ്കിലും എനിക്ക് നിങ്ങളോടുള്ള സഹോദര ബന്ധത്തിന്റെ അടിസ്ഥാനത്തിലും സ്നേഹത്തിലുമാണ് ഞാൻ നിങ്ങളോട് ഇത് സംസാരിക്കുക. അറിവുകൾ നേടാൻ ഉപയോഗിക്കുക എന്നത് അനിവാര്യമാണെങ്കിലും സാങ്കേതികവിദ്യയെ നിങ്ങളുടെ പ്രശ്നപരിഹാരത്തിനുള്ള ഒന്നായി ആത്യന്തികമായി കണക്കാക്കരുത്.